Image

ഇടതുസർക്കാർ കേരളത്തിന് നൽകിയത് പുതിയ ദിശാബോധം: ഫാ. ഡോ.മാത്യുസ് വാഴക്കുന്നം

Published on 28 March, 2021
ഇടതുസർക്കാർ കേരളത്തിന് നൽകിയത് പുതിയ ദിശാബോധം: ഫാ. ഡോ.മാത്യുസ് വാഴക്കുന്നം
ദമ്മാം: പിണറായി വിജയന്റെ  നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ കേരളത്തിനു നൽകിയത്, എല്ലാ സങ്കുചിത ജാതിമതവിശ്വാസങ്ങൾക്കുമപ്പുറത്തുള്ള സാമൂഹ്യക്ഷേമത്തിന്റെയും വികസനത്തിന്റെയും ഒരു പുതിയ ദിശാബോധം ആണെന്ന് പുരോഗമന കലാസാഹിതി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ഫാ. ഡോ.മാത്യുസ് വാഴക്കുന്നം പറഞ്ഞു.കിഴക്കൻ പ്രവിശ്യ ഇടതുമുന്നണിയുടെ പത്തനംതിട്ട തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയവും കൊറോണയും അടക്കമുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ട്, കേരളത്തിൽ അസാധാരണമായ  വികസനം സാധ്യമാക്കി എന്നത് മാത്രമല്ല, ഭാവിയിലേക്കുള്ള വ്യക്തമായ കാഴ്ചപ്പാടും അവതരിപ്പിക്കാനും ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞു. ഐ ടി, ടൂറിസം, ആരോഗ്യസംരക്ഷണം മുതലായ സർവ്വീസ് മേഖലകളിലായിരിക്കും കേരളത്തിന്റെ ഭാവി എന്ന തിരിച്ചറിവോടെ കെ ഫോണും, ടെക്‌നോ സിറ്റിയും, വ്യാവസായിക ഇടനാഴികളും, വൈറോളജി ഇൻസ്റ്റിറ്റ്യുട്ടും അടക്കമുള്ള പദ്ധതികളിലൂടെ ഭാവിയിലേക്കുള്ള ധീരമായ ചുവടുവയ്പ്പാണ് സർക്കാർ നടത്തിയത്.

കേരളത്തിന്റെ ഭാവി ഇടതുമുന്നണി സർക്കാരിന്റെ തുടർച്ച ആവശ്യപ്പെടുന്നതായിഫാ. ഡോ.മാത്യുസ് വാഴക്കുന്നം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. സൂം ആപ്ലിക്കേഷനിലും ഫേസ്ബുക്കിലുമായി ഓൺലൈനിൽ നടന്ന ചടങ്ങിൽ, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പ്രവാസി ക്ഷേമബോർഡ് അംഗം ജോർജ്ജ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.  ഇ.എം കബീർ ആശംസ പ്രസംഗം നടത്തി. ജയൻ മെഴുവേലി സ്വാഗതവും, സാജൻ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക