Image

താരങ്ങളിൽ ആരെയൊക്കെ തോൽപിക്കണം? (ആരെയെങ്കിലും ജയിപ്പിക്കണോ?) സൂരജ് കെ.ആർ. 

Published on 30 March, 2021
താരങ്ങളിൽ ആരെയൊക്കെ തോൽപിക്കണം? (ആരെയെങ്കിലും ജയിപ്പിക്കണോ?) സൂരജ് കെ.ആർ. 

തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും, നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയും പോലെ സിനിമയും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്ന രീതി ഈയടുത്ത കാലം വരെ കേരളത്തിന് അന്യമായിരുന്നു. രാഷ്ട്രീയത്തില്‍ അഭിപ്രായം പറയാറുണ്ടെങ്കിലും, സ്ഥാനാര്‍ത്ഥിത്വത്തിലേയ്‌ക്കോ, ജനപ്രതിനിധിയായോ പൊതുവെ കേരളത്തില്‍ ചലച്ചിത്ര താരങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. അഥവാ രാഷ്ട്രീയത്തില്‍ എത്തിയാല്‍ തന്നെ കെ.ബി ഗണേഷ്‌കുമാറിനെ പോലെ കുടുംബപരമായി രാഷ്ട്രീയം രക്തത്തിലുള്ള താരങ്ങളെയായിരുന്നു കേരളം ജനപ്രതിനിധികളാക്കിയിരുന്നതും. 

എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി തമിഴ്‌നാട്ടിലെ 'താരബാധ' കേരളത്തിലും നല്ല രീതിയില്‍ കണ്ടുവരുന്നുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസെന്നോ, കമ്യൂണിസ്‌റ്റെന്നോ, ബിജെപിയെന്നോ മുന്നണിവ്യത്യാസങ്ങളില്ല. പയറ്റിയ പല അടവുകളും പിഴച്ചപ്പോഴാണ് പല പാര്‍ട്ടികളും അവസാന അടവെന്ന നിലയ്ക്ക് താരസ്ഥാനാര്‍ത്ഥികളെ പരിഗണിക്കാനാരംഭിച്ചത് എന്നു വേണം കരുതാന്‍. എന്നാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ കൂടുതല്‍ താരങ്ങള്‍ താല്‍പര്യം പ്രകിപ്പിക്കുകയും, സ്ഥാനാര്‍ത്ഥികളായ പല താരങ്ങളും ജയിച്ചുകയറുകയും ചെയ്തതോടെ താരസ്ഥാനാര്‍ത്ഥികള്‍ എല്ലാ ഇലക്ഷന്റെയും ഭാഗമാകാനാരംഭിച്ചു. ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനും ഒരുപിടി താര സ്ഥാനാര്‍ത്ഥികളാണ് അണിനിരക്കുന്നത്. പലരും സ്വന്തം തട്ടകത്തില്‍ നിന്നും ഒരു മാറ്റം എന്ന നിലയില്‍ ലാഘവത്തോടെ രാഷ്ട്രീയത്തെ കാണുമ്പോള്‍, തങ്ങളെ താരങ്ങളാക്കി വളര്‍ത്തിയ ജനങ്ങളെ ആത്മാര്‍ത്ഥമായി സേവിക്കണമെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയത്തിലിറങ്ങുന്ന താരങ്ങളും കുറവല്ല. 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ താരസ്ഥാനാര്‍ത്ഥികളെ പരിചയപ്പെടാം. 

സുരേഷ് ഗോപി 

കേരളത്തില്‍ വര്‍ഷങ്ങളായി വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം കൂടുതല്‍ ദ്രുതഗതിയിലായത് കേന്ദ്രത്തില്‍ മോദിയുടെ വരവോടെയാണ്. പൊതു സമൂഹത്തില്‍ ബിജെപി സ്വീകരിക്കപ്പെടാനുള്ള എളുപ്പവഴിയായി, സമൂഹത്തിലെ ജനപ്രിയരായവരെ ബിജെപിയുടെ ഭാഗമാക്കുക എന്ന തന്ത്രമാണ് നേതാക്കള്‍ കേരളത്തില്‍ പരീക്ഷിച്ചത്. മലയാളത്തിന്റെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറായ സുരേഷ് ഗോപിയെ ബിജെപി അംഗമാക്കുകയും, കഴിഞ്ഞ ലോക്‌സഭ ഇലക്ഷന് തൃശ്ശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തത് ഈ അജണ്ടയുടെ ഭാഗമായാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കി ബിജെപി കൂടെ നിര്‍ത്തി. ഇത്തവണ നിയമഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്നു തന്നെ ജനവിധി തേടുമ്പോള്‍ വലിയ വിജയപ്രതീക്ഷയാണ് താരത്തിനും, അണികള്‍ക്കുമുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ 'ഈ തൃശ്ശൂര്‍ എനിക്ക് വേണം' എന്ന ഡയലോഗ് വലിയ ട്രോളുകള്‍ക്ക് കാരണമായെങ്കില്‍ ഇത്തവണ 'തൃശ്ശൂര്‍ എനിക്ക് തരണം' എന്നാണ് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത്. ഇത്തവണ മത്സരിക്കാന്‍ താല്‍പര്യമില്ലാഞ്ഞിട്ടും, നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സുരേഷ് ഗോപി ജനവിധി തേടുന്നത്. 

മുകേഷ് 

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്ന് സിപിഎം-എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച് എംഎല്‍എ ആയ താരമാണ് മുകേഷ്. ഇത്തവണയും അതേ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മുകേഷ് എല്‍ഡിഎഫിനെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. മൂന്ന് പതിറ്റാണോളമായുള്ള സിനിമയിലെ ഹാസ്യാവതരണം, ജനപ്രിയനാകാന്‍ മുകേഷിനെ ഏറെ സഹായിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ടാകാം. അതോടൊപ്പം നര്‍മ്മം നിറഞ്ഞ വാക്ചാതുരി വിമര്‍ശനങ്ങളെ നേരിടാന്‍ മുകേഷിന് കരുത്താകുന്നു. 

ധര്‍മ്മജന്‍ ബോള്‍ഗാട്ടി 

മുമ്പു തന്നെ കോണ്‍ഗ്രസ് അനുഭാവിയായി സിനിമാ രംഗത്ത് അറിയപ്പെട്ട താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കൊച്ചിയിലെ ബോള്‍ഗാട്ടി സ്വദേശിയാണെങ്കിലും, ധര്‍മ്മജന്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അങ്ങകലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ്. തുടക്കത്തില്‍ ധര്‍മ്മജനെ ബാലുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന സമയത്ത്, ബാലുശ്ശേരിയിലെ തന്നെ ചില കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബാലുശ്ശേരിക്കാര്‍ക്ക് സുപരിചിതനായ ഒരാളെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ അവസാനം ധര്‍മ്മജന് തന്നെ നറുക്ക് വീണതോടെ, മണ്ഡലത്തില്‍ പ്രചാരണവുമായി തിരക്കിലാണ് താരം. 'ധര്‍മ്മം കാക്കാന്‍ ധര്‍മ്മജനൊപ്പം' എന്നാണ് അദ്ദേഹത്തിന്റെ പ്രചരണ വാക്യം. ധര്‍മ്മജനൊപ്പം കോണ്‍ഗ്രസിനായി ധര്‍മ്മജന്റെ സുഹൃത്തും മറ്റൊരു താരവുമായ രമേഷ് പിഷാരടിയും രംഗത്തെത്തിയിട്ടുണ്ട്. 

കെ.ബി ഗണേഷ്‌കുമാര്‍ 

2001 മുതല്‍ പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചുവരുന്ന സ്ഥാനാര്‍ത്ഥിയായ ഗണേഷ് കുമാറിനെ ഒരു ചലച്ചിത്രതാരമായി മാത്രമോ, ഒരു രാഷ്ട്രീയക്കാരനായി മാത്രമോ കാണാന്‍ സാധിക്കില്ല. ഇക്കാലമത്രയും രണ്ട് കര്‍മ്മമേഖലകളെയും കൃത്യമായി ചേര്‍ത്തുപിടിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് (ബി)ക്കായി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ഇത്തവണയും മത്സരരംഗത്തുണ്ട് ഗണേഷ് കുമാര്‍. 

മാണി സി കാപ്പന്‍ 

കെ.എം മാണി അന്തരിച്ച ശേഷം പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി വിജയിച്ച് വാര്‍ത്ത സൃഷ്ടിച്ചയാളാണ് മുന്‍ എന്‍സിപി നേതാവായ മാണി സി കാപ്പന്‍. അഭിനേതാവായും, നിര്‍മ്മാതാവായും, സംവിധായകനായും മലയാളത്തില്‍ അറിയപ്പെടുന്ന കാപ്പന്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതോടെ, എന്‍സിപിയില്‍ നിന്ന് വിട്ട്, സ്വന്തമായി എന്‍സികെ എന്ന പാര്‍ട്ടിയുണ്ടാക്കി പാലായില്‍ മത്സരിക്കുകയാണ് ഇത്തവണ. 

വിവേക് ഗോപന്‍ 

മിനി സ്‌ക്രീന്‍ സീരിയലുകളിലൂടെ ജനങ്ങള്‍ക്ക് സുപരിചിതനായ വിവേക് ഗോപന്‍ ചവറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. 'പരസ്പരം' എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. 

പ്രിയങ്ക അനൂപ് 

വര്‍ഷങ്ങളായി വലുതും ചെറുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സാന്നിദ്ധ്യമറിയിക്കുന്ന താരമാണ് പ്രിയങ്ക അനൂപ്. ഇത്തവണ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ അരൂര്‍ നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് പ്രിയങ്ക. ഏറെക്കാലമായി പാര്‍ട്ടി അംഗവുമാണ് അവര്‍. 

കൃഷ്ണകുമാര്‍ 

സഹനടനായും വില്ലനായും മലയാളത്തിലും തമിഴിലുമെല്ലാം തിളങ്ങിയ കൃഷ്ണകുമാര്‍ എന്‍ഡിഎയ്ക്കായി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ബിജെപി രാഷ്ട്രീയത്തില്‍ സജീവമായ നടന്‍, പല പൊതുവേദികളിലും ബിജെപിയെ പിന്തുണച്ചും, എതിരാളികളെ വിമര്‍ശിച്ചും ശ്രദ്ധനേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക