-->

kazhchapadu

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

Published

on

അതിർത്തി കടന്ന് ട്രെയിൻ പായുമ്പോഴും അയാളുടെ അകാരണമായ ആകുലതകൾ അസ്തമിച്ചിരുന്നില്ല. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിൽ അയാൾ മുഴുകിയിരുന്നുമില്ല. പിന്നോക്കം പാഞ്ഞു പോകുന്ന പച്ചപ്പുകളിൽ അലസമായി കണ്ണോടിച്ച്, ശൂന്യമായ മനസ്സുമായി ജയകൃഷ്ണൻ ഇരുന്നു. തമിഴ് മാത്രം പേശുകയും തമിഴിൽ മാത്രം ചിന്തിക്കാനുമറിയാവുന്ന അയാളുടെ പൊണ്ടാട്ടി അഴകിയും, ഏതു ഭാഷയിൽ സംസാരിക്കണമെന്നിതുവരെ സ്വയം തീരുമാനിച്ചിട്ടില്ലാത്ത, അവരുടെ ഒന്നര വയസ്സുള്ള മകൾ മീനുവും കൗതുകപൂർവ്വം പുറംകാഴ്ച്ചകളിൽ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു. ഇളംകൈകളാൽ ജനലഴികളിൽ മുറുക്കെ പിടിച്ച് പുറത്തേക്ക് നോക്കിയിരുന്ന മീനുവിന്റെ, അനുസരണയില്ലാത്ത മുടിയിഴകളെ കാറ്റിന്റെ കൈകൾ താലോലിച്ചു കൊണ്ടിരുന്നു. ട്രെയിൻ ലക്ഷ്യത്തോടടുക്കുമ്പോൾ, അപരിചിത്വവും, അരക്ഷിതത്വവും അനുഭവപ്പെട്ടിട്ടാവണം, അഴകി ജയന്റെ കൈയ്യിൽ മുറുക്കെപ്പിടിച്ചു. അപ്പോഴവളണിഞ്ഞിരുന്ന ചുവന്ന കുപ്പിവളകൾ ഉലഞ്ഞു ശബ്ദമുണ്ടായി.

അന്യദേശത്ത് ആദ്യമായെത്തിയതിന്റെ അങ്കലാപ്പ് അഴകിയിൽ പ്രകടമായിരുന്നു. കേട്ടു പഴകിയതെങ്കിലും തനിക്ക് ചുറ്റും അതിവേഗത്തിൽ വീണു നിറയുന്ന മലയാളം അവൾക്ക് മനസ്സിലാക്കിയെടുക്കാനായില്ല. ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെ അവളുടെ കണ്ണുകളിൽ തെളിഞ്ഞു മറഞ്ഞ ഭയം കണ്ട്, ‘ഒന്നും പേടിക്കണ്ടടൊ, ഇതെന്റെ നാടാ’ എന്നു പറഞ്ഞ് ജയൻ ധൈര്യം പകർന്നു.

ചെന്നൈ നഗരത്തിലാവുമ്പോൾ അഴകി ദിനവും മറക്കാതെ മഞ്ഞളരച്ച് കവിളിൽ പുരട്ടുകയും, പാദത്തിനു ചുറ്റുമൊരതിര്‌ വരയ്ക്കുകയും, മുടിച്ചുരുളിൽ കനകാംബരമോ മല്ലിപ്പൂവോ തിരുകുകയും ചെയ്യുമായിരുന്നു. പക്കത്ത് വീട്ടിൽ വാടകയ്ക്ക് വന്ന മിതഭാഷിയെ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ട നാൾ അവൾ ഇടനേരങ്ങളിലോർക്കും. നഗരമധ്യത്തിലെ ഐടി കമ്പനിയിൽ ജോലിയുള്ള ജയനെ ദിനവും കണ്ട് പരിചിതമായതും, അയാൾ അവളോട്‌ തന്റെ ഇഷ്ടമറിയിച്ചതും, പുരോഗമനമനസ്ക്കരായ അവളുടെ അപ്പാവിന്റേയും അമ്മാവിന്റേയും അനുവാദവും അനുഗ്രഹവും കിട്ടിയതുമൊക്കെ തന്റെ ഭാഗ്യങ്ങളാണെന്ന് അപ്പോഴൊക്കെയുമവൾക്ക് തോന്നും.

എന്നാലത്രയും ഭാഗ്യം അയാൾക്ക് സിദ്ധിച്ചിരുന്നില്ല. സാക്ഷരതയും പുരോഗമനചിന്തയും പുറമെ പ്രകടിപ്പിച്ചിരുന്നെങ്കിലും, മറ്റൊരു നാട്ടിൽ നിന്നും, ഭാഷയറിയാത്ത, തികച്ചും വേറിട്ട ചുറ്റുപാടിൽ ജീവിച്ചു വളർന്ന ഒരാളെ തങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നതിലുള്ള അനിഷ്ടം സൂചിപ്പിക്കാൻ കുടുംബാംഗങ്ങൾ മടി കാണിച്ചില്ല. മുഖങ്ങളിൽ അതൃപ്തിയുടെ ചുളിവുകൾ പ്രത്യക്ഷമാവുകയും, പതിയെ മുനവെച്ച വാക്കുകളിലേക്കത് നീളുകയും ചെയ്തു. ഏത് എതിർപ്പും കാലചക്രങ്ങൾക്കടിയിൽ പെട്ട് വിസ്മൃതിയിലാണ്ട് പോകുമെന്ന ഉത്തമവിശ്വാസമുള്ളത് കൊണ്ട്, സ്വന്തം കുടുംബത്തിൽ നിന്നുമുയർന്ന എതിർപ്പും, ആത്മനാശം നടത്തുമെന്ന പതിവുഭീഷണികളും അയാൾ നിസ്സംഗതയോടെ അവഗണിച്ചു. ആ തീരുമാനം, സ്വാതന്ത്ര്യത്തിന്റെ സുഖമറിയാനൊരു കാരണമായി എന്നയാൾ പിൻകാലത്ത് അഴകിയോട് സ്വകാര്യനിമിഷങ്ങളിൽ പലവട്ടം പറഞ്ഞാസ്വദിച്ചിട്ടുണ്ട്. എങ്കിലുമെവിടെയോ ഉത്തരവാദിത്വങ്ങളുടേയും, കടപ്പാടുകളുടേയും കെട്ടുപാടുകൾ മുറുകി കിടക്കുന്നില്ലേ എന്ന് സംശയം തോന്നുന്ന നിമിഷങ്ങളിൽ ഒരു ഫോൺകോളിലൂടെ വീട്ടുകാരുടെ ആരോഗ്യകാര്യങ്ങൾ അന്വേഷിക്കാൻ മടി കാട്ടിയതുമില്ല. ചെറിയ മൂളലുകളിൽ തുടങ്ങി പരിഭവപറച്ചിലുകളിലൂടെ തെന്നിയും തെറിച്ചും തുടർന്ന ആ ചെറുഭാഷണങ്ങൾ വീട്ടുവിശേഷങ്ങളിൽ ചെന്നു ചേക്കേറുന്നത് പിന്നീട് പതിവായി.

ഏകാന്തനേരങ്ങളിൽ, പഴകിത്തുടങ്ങിയ ചില ഓർമ്മകൾ അയാൾക്ക് തികട്ടി വരും.
വർഷങ്ങൾക്ക് മുൻപ് അവധിക്ക് വീട്ടിൽ ചെന്ന നേരം, അഴകിയുടെ കാര്യം അവതരിപ്പിച്ചപ്പോൾ,
‘നിനക്കീ പാണ്ടി പെണ്ണിനെ തന്നെ കെട്ടണോ?’
പാണ്ടിയല്ലമ്മെ...തമിഴ് പെണ്ണ്‌...
ഫോട്ടോ കാട്ടിക്കൊടുത്തപ്പോൾ,
‘എന്തൊരു കറുപ്പ്...കൊറച്ചൂട വെളുത്ത പെണ്ണിനെ ആയിരുന്നെങ്കിൽ പറയാനെങ്കിലും...’
ആരോട് പറയാൻ?
ചില സുഹൃത്തുക്കളെ കാണിച്ചപ്പോൾ,
‘ശരിക്കും?...കളറുണ്ടായിരുന്നേൽ നിനക്ക് മാച്ചായേനെ...’
എന്തു മാച്ച്?
‘പൊരുത്തോക്കെ നോക്കിയോ?’
എന്തു പൊരുത്തമാണിവർക്ക് വേണ്ടത്? എത്ര പൊരുത്തം? രണ്ടുപേർ തമ്മിൽ പൊരുത്തമുണ്ടോ എന്ന് രണ്ടാളേയും പരിചയമില്ലാത്ത ഒരു മൂന്നാമൻ ചതുരവും ത്രികോണവും വരച്ച് പറഞ്ഞാൽ വിശ്വസിക്കാൻ തക്കവണ്ണം ബുദ്ധിശൂന്യരായോ ഇവരൊക്കെ?!

ഒന്നു വെയിലേറ്റാൽ പോലും കറുത്തിരുണ്ട് പോകാവുന്ന ശരീരത്തിന്റെ നിറമാണോ, അകലെയെവിടെയോ ചുറ്റിത്തിരിയുന്ന, ജീവന്റെ കണിക പോലുമില്ലാത്ത ഗ്രഹങ്ങൾ നിശ്ചയിക്കുന്ന പൊരുത്തമാണോ...എന്താണ്‌ രണ്ടുപേരൊന്നിച്ചു ജീവിക്കുന്നതിൽ മറ്റുള്ളവർക്ക് മനോവിഷമം ഉണ്ടാക്കുന്നതെന്നെത്ര ആലോചിച്ചിട്ടും അയാൾക്ക് പിടികിട്ടിയതേയില്ല.

‘നീയെനിക്ക് തമിഴ് ശൊല്ലി തരണം...ഞാൻ ഉനക്ക് മലയാളം ശൊല്ലി തരാം...ഓക്കേവാ?‘
കല്ല്യാണം കഴിഞ്ഞ ആദ്യനാളുകളിലൊന്നിൽ ജയൻ അഴകിയെ ചേർത്തു പിടിച്ച്, തമിഴും മലയാളവും കലർന്ന സങ്കരഭാഷയിൽ ആ ആവശ്യം വെച്ചു. കയർ ചുരുട്ടിവെച്ചിരിക്കും പോലുള്ള അക്ഷരങ്ങളിൽ കുരുങ്ങി ആദ്യമൊക്കെ തട്ടിത്തടഞ്ഞ് വീണെങ്കിലും ഒടുവിൽ അക്ഷരക്കുരുക്കുകൾ അഴിച്ചെടുക്കാനും മലയാളശബ്ദങ്ങൾ നാവിനും വിരലിലും വഴക്കപ്പെടുത്താനും അവൾക്കൊരുവിധമായി. തന്റെ നാട്ടിലെ മഴയും, പുഴയും, കാവും, കാടും, കായലും, കടലുമൊക്കെ കടലാസ്സിലും കമ്പ്യൂട്ടറിലും അയാൾ കാണിച്ചു കൊടുത്തപ്പോൾ അതൊക്കെയും നേരിട്ട് കാണാനുള്ള കൗതുകം അഴകിയുടെ കണ്ണിൽ നിറയുന്നത് കണ്ട്, ’നിന്നെയൊരിക്കൽ ഞാൻ കൊണ്ടു പോകാം‘ എന്നയാൾ അവൾക്ക് ഈണത്തിൽ വാക്ക് കൊടുത്തു.

മീനാക്ഷി ജനിച്ചപ്പോഴും ’വീട്ടിലേക്ക് വന്നു കൂടെ?‘ എന്ന ചോദ്യം അയാളെ തേടി വന്നില്ല. അതിലുമയാൾക്ക് അല്പവും പരിഭവമുണ്ടായില്ല. സമാധാനവും സന്തോഷവും സഖിയും സന്താനവുമൊപ്പമുണ്ട്. അതിലും വലിയ സൗഭാഗ്യമൊന്നും ആഗ്രഹിച്ചിട്ടില്ല. തന്റെ വിവാഹത്തിനു ചേട്ടൻ വരണമെന്നത് സുധയുടെ നിർബന്ധമായിരുന്നു. വാശിപ്പുറത്തേറി അവൾ അതിനായി ചെറിയൊരു യുദ്ധം നടത്തിയെന്നത് സത്യം. ഒടുവിൽ കൂടിച്ചേരലിനു അതൊരു കാരണമായിക്കോട്ടെ എന്ന മട്ടിൽ ജയനെ വിളിക്കാൻ തീരുമാനമായി. ക്ഷണമറിഞ്ഞപ്പോൾ ആഹ്ലാദമുണ്ടായോ ഇല്ലയോ എന്നയാൾക്ക് ഉറപ്പിച്ചു പറയാൻ കഴിഞ്ഞില്ല. അഴകി അതേക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ എന്തൊക്കെയോ ആലോചിച്ച് ഇരുന്നതേയുള്ളൂ. പോകണമോ വേണ്ടയോ?...തീരുമാനമെടുക്കാനാവാതെ ഇരുന്ന ജയനെ അഴകി ഓരോന്ന്‌ പറഞ്ഞാശ്വസിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു.
‘അപ്പാവും അമ്മാവും ആച്ചേ...അതു മട്ടുമില്ല...തങ്കയോട കല്ല്യാണം...അമ്മാവുക്ക് ബിപി ജാസ്തി...ഒരു ഏഴ്‌ നാള്‌ മട്ടും താനെ?’
അഴകിക്കാണ്‌ തന്നെക്കാൾ താത്പര്യം. എത്ര കഥകൾ പറഞ്ഞു കൊടുത്തിരിക്കുന്നു അവൾക്ക്. കേട്ടു പരിചയിച്ച കഥാപാത്രങ്ങളേയും, കഥാപരിസരവുമൊക്കെ കാണാനവൾക്ക് ആഗ്രഹമുണ്ടാവില്ലെ? സ്വയം ചോദിച്ച കുറെ ചോദ്യങ്ങളുമൊത്ത് അയാൾ രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ദിവസങ്ങൾക്ക് ശേഷം പാതിസമ്മതം മൂളിയപ്പോൾ അവൾ അയാളുടെ കവിളിൽ പലവട്ടം മുത്തമിട്ടു സന്തോഷം പ്രകടിപ്പിച്ചു.

വീട്ടിലെത്തിയ ശേഷം, കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി കൊടുക്കാനും, വീടും പരിസരവും കൈപിടിച്ച് കൂട്ടിക്കൊണ്ട് നടന്ന് കാട്ടിക്കൊടുക്കാനും അയാൾ ഉത്സാഹം കാണിച്ചു. തണുത്ത കിണര്ർവെള്ളം കുടിച്ച് അഴകി ആശ്ചര്യപ്പെട്ടു.
‘കേരളാവിലെ തണ്ണിക്ക് എവ്വളോ ഇനിപ്പു!’
വർഷങ്ങളായി കാണാതിരുന്നതിലുള്ള വിഷമമൊക്കെയും കണ്ണീര്‌ പൊഴിച്ചും, പരിഭവം നിറച്ചുമാണ്‌ വീട്ടിലുള്ളവർ പറഞ്ഞു തീർത്തത്. മീനുവിനെ എല്ലാവർക്കും കണ്ടയുടൻ തന്നെ ഇഷ്ടമായി. അവൾക്കാണേൽ വീടും പരിസരവും ഒത്തിരി പിടിച്ചു. ഓടിച്ചാടി നടക്കാൻ ഇഷ്ടം പോലെ ഇടം! പൂച്ചകൾ, കോഴികൾ...വലിഞ്ഞു കയറാൻ മരങ്ങളും, മണത്തു നോക്കാൻ പൂക്കളും ഇഷ്ടം പോലെ! അഴകി വേഷം മാറാനും, മീനു സുധയ്ക്കൊപ്പം പറമ്പിൽ കറങ്ങാനും പോയപ്പോൾ, അമ്മ അയാളെ മാറ്റി നിർത്തി ആശ്വാസപൂർവ്വം പറഞ്ഞു,
‘ഭാഗ്യം! മീനു മോൾക്ക് നല്ല നെറോണ്ട്...പെങ്കൊച്ചല്ലെ? കെട്ടിച്ചു വിടാനുള്ളതല്ലെ?’
വന്നു കയറിയതേയുള്ളൂ. മറുപടി പറയണമോ വേണ്ടയോ? അടുത്ത വണ്ടിക്ക് തന്നെ തിരികെ പോയാലോ?
‘എന്താ വെളുത്തവര്‌ മാത്രേ ഈ ലോകത്ത് കല്ല്യാണം കഴിക്കുന്നുള്ളൂ?’
അത്രയേ പറഞ്ഞുള്ളൂ. വെറുതെ വന്ന ദിവസം തന്നെ മുഷിയണ്ട എന്നു കരുതി മുകളിലെ മുറിയിലേക്കയാൾ പോയി.

വീട്ടിൽ വന്ന ആദ്യ രണ്ടു നാളുകൾ അഴകിക്കെല്ലാം പുതുമയായിരുന്നു. അയൽപക്കക്കാരുടെ തുറിച്ചുനോട്ടങ്ങൾ, സുധയ്ക്ക് കൊടുക്കുവാനുദ്ദേശിക്കുന്ന സ്വർണ്ണത്തിനെ കുറിച്ചുള്ള കണക്കുകൾ, അവിടെയുമിവിടെയുമായി കേൾക്കുന്ന ചേട്ടാ വിളികൾ...എല്ലാം അവൾക്കുള്ളിൽ അത്ഭുതം നിറച്ചു കൊണ്ടേയിരുന്നു. അതിലുമപ്പുറം അത്ഭുതം തോന്നിയത് സുധയുടെ മുറി ആദ്യമായി അവൾ കൊണ്ട് കാട്ടിയപ്പോഴാണ്‌. വലിയൊരു കണ്ണാടിയും, മുന്നിലെ മേശയിൽ നിരത്തി വെച്ചിരിക്കുന്ന ഒരുകൂട്ടം സാധനങ്ങളും! പലതിന്റേയും പേരുകൾ കേട്ടിട്ട് കൂടിയില്ല. കുപ്പികൾ, ഡപ്പികൾ, ട്യൂബുകൾ, പല രൂപത്തിലും വലിപ്പത്തിലുമുള്ള ചീപ്പുകൾ, പല നിറത്തിലുള്ള നെയിൽ പോളീഷുകൾ. അങ്ങനെ പലതും. പൗഡറുകൾ തന്നെ പലവിധം! മുഖത്ത് തേയ്ക്കാനുള്ളത്, കവിളിൽ പൂശാനുള്ളത്, കണ്ണിനു മുകളിൽ തേയ്ക്കാനുള്ളത്...അതിനൊക്കെയും പ്രത്യേകം പ്രത്യേകം ചെറുതും വലുതുമായ ബ്രഷുകൾ...
സുധ ആവേശപൂർവ്വം മേശപ്പുറത്ത് വെച്ചിരിക്കുന്ന വസ്തുക്കൾ അഴകിക്ക് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു...ക്രീമുകൾ, പൗഡറുകൾ, മേക്കപ്പ് സാധനങ്ങൾ...
ഒരാൾക്കെന്തിനാ ഇത്രയും...അല്ല, ഇത്രയുമധികം ചമയവസ്തുക്കൾ? ഇതൊക്കെയും പ്രയോഗിക്കാൻ എത്ര സമയമാണ്‌... അഴകി അമ്പരന്നു നിന്നു.
‘ചേച്ചിക്ക് ഏട്ടനോട് ക്രീമും മേക്കപ്പ് കിറ്റുമൊക്കെ വാങ്ങി തരാൻ പറഞ്ഞൂടെ?’
‘എതുക്ക്?’
‘വെളുക്കാൻ...അല്ല...കൊറച്ചൂടെ...കൊഞ്ചം കൂടി ഫെയറാവാൻ...’ സുധ തമിഴ് പറയാൻ ശ്രമിച്ചു.
‘എനക്ക് ഇതൊന്നും പിടിക്കാത്...ജയനും അപ്പടിതാൻ...പൗഡർ പോടറുത് കൂട പിടിക്കാത്...കറുപ്പ് താൻ അഴകുന്നു ശൊല്ലും...’ അഴകി ചിരിച്ചു കൊണ്ടു പറഞ്ഞു.
‘ചേട്ടൻ നല്ല അർക്കീസ് പാർട്ടിയാ...കാശെറക്കാൻ മടി...ബെസ്റ്റ്...’
‘അർക്കീസ്’ എന്ന വാക്ക് മനസ്സിലായില്ലെങ്കിലും അഴകി വെറുതെ ചിരിച്ചു നിന്നു.

ഇടതടവില്ലാതെ പലവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഒരു പടുകൂറ്റൻ യന്ത്രം പോലെയാണ്‌ അഴകിയുടെ നഗരമെങ്കിൽ, രാവാകുന്നതോടെ നിശ്ശബ്ദമാവുന്ന ഒരു പക്ഷിക്കൂട് പോലെയായിരുന്നു ജയന്റെ കുടുംബവീട് ഇരുന്നിടം. ആൾക്കൂട്ടകലപിലകളും, അക്ഷമ നിറഞ്ഞ ഹോൺശബ്ദങ്ങളും കാതുകൾക്ക് പിടിച്ചെടുക്കാവുന്നതിലുമകലെ. വീടിനു ചുറ്റും വിശാലമായ പറമ്പാണ്‌. പറമ്പിൽ മൂന്നാല്‌ വാഴകൾ. അമ്മയുടെ ഓമനകളായ ചീരയും, തക്കാളിയും, വെണ്ടയും, അതിരിനോട് ചേർന്നൊരു മുരിങ്ങാമരവും. കുലച്ചു തുടങ്ങുന്ന വാഴയിൽ നിന്നും തേൻ കുടിക്കാൻ ചെറുവണ്ടുകളും കിളികളും വന്നത് മീനുവിനു കൗതുകമായി. എന്നാൽ കിണറിനോട് ചേർന്നുള്ള നനഞ്ഞു കുഴഞ്ഞ മണ്ണിൽ, വഴുക്കൻ ഉടലുമായി കിടന്നു പുളയ്ക്കുന്ന മണ്ണിരകളെ അവൾക്കൊട്ടുമിഷ്ടമായില്ല. അവൾ തനിക്ക് മാത്രം സാധ്യമാവുന്ന ശബ്ദം കേൾപ്പിച്ച്, മുഖം ചുളിച്ച് അനിഷ്ടം പ്രകടിപ്പിച്ചു. ചൂടും തണുപ്പും മെടെഞ്ഞെടുത്ത വെയിൽ അഴകിക്ക് നന്നേ പിടിച്ചു. കണ്ണു തുറന്ന് പിടിച്ച് പടിക്ക് പുറത്തേക്ക് പോയാൽ ഹരിതവർണ്ണം മാത്രം. കണ്ണിലൂടെയാ കുളിർമ്മ ഉള്ളിലേക്കിറങ്ങി നിറയും.

രാത്രി കിടക്കാൻ നേരമായപ്പോൾ, മീനു അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും ഒപ്പം കിടക്കണമെന്ന് പറഞ്ഞു ചെറുതായി വാശി പിടിച്ചു. എത്രപെട്ടെന്നാണ്‌ അവളെ എല്ലാവരും സ്നേഹം കൊണ്ട് പൊതിഞ്ഞെടുത്ത് ചേർത്തത്! അഴകി അത്ഭുതപ്പെട്ടു.
ജയനോട് കിടക്കുമ്പോൾ അഴകി പരിഭവശബ്ദത്തിൽ പറഞ്ഞു,
‘നീങ്ക ശൊന്ന മാതിരി ഒണ്ണുമില്ല...അവ്വളവു കുളിരൊണ്ണും ഇല്ലയെ’
അയാളും അതേക്കുറിച്ചാലോചിക്കുകയായിരുന്നു. ഇവിടുത്തെ പഴയ തണുപ്പും കുളിരുമൊക്കെ എവിടെ പോയി?! ഫാൻ ഇട്ടിട്ടും പ്രയോജനമില്ല. മുറിച്ചിടുന്ന കാറ്റിന്റെ കഷ്ണങ്ങൾക്ക് നല്ല ചൂട്. അമ്മയും അച്ഛനും കിടക്കുന്ന മുറിയിൽ ഏ സി ഫിറ്റ് ചെയ്തിരിക്കുന്നു. മീനു അവിടെ കിടന്നത് നന്നായി. അവളെങ്കിലും നന്നായി ഉറങ്ങട്ടെ.

പകൽ കണ്ടതും കേട്ടതുമൊക്കെ അഴകി ഓർത്തെടുക്കുകയായിരുന്നു. ഒഴുക്കിലൊരു വാക്ക് തടഞ്ഞു. രാവിലെ പറമ്പിലൂടെ വെറുതെ നടക്കുകയായിരുന്നു. വീട്ടിൽ സഹായത്തിനു വന്ന സ്ത്രീ, അടുത്ത വീട്ടുകാരിയോട് എന്തോ പറഞ്ഞ് ചിരിക്കുന്നത്‌ കേട്ടാണ്‌ അങ്ങോട്ടേക്ക് മുഖം തിരിച്ചത്‌. സംസാരത്തിൽ നിന്നും വീണു കിട്ടിയ അപരിചിതമായൊരു വാക്കെടുത്ത് അഴകി സൂക്ഷിച്ചുവെച്ചിരുന്നു. അഴകിയെ കണ്ടതും സംസാരം നിർത്തി, ‘അയ്യോ ഞാനങ്ങോട്ട് ചെല്ലട്ട്’ എന്നും പറഞ്ഞ് പണിക്കാരി വീട്ടിനുള്ളിലേക്കോടിക്കയറി. അഴകി ഓർത്തു, ജയന്റെ മലയാളപാഠങ്ങളിലൊന്നും ആ വാക്ക് കേട്ടതേയില്ലല്ലോ.
അവൾക്ക് സംശയം ദുരീകരിക്കാതിരിക്കാനായില്ല.
‘എന്നാങ്ക...ക..റു..ത്തമ്മ...ഇന്ത വാർത്തയ്ക്ക് എന്ന അർത്തം?’
‘തനിക്കെവിടന്ന്‌ കിട്ടി ഈ വാക്ക്?’ അയാൾ അലസമായി ചോദിച്ചു.
അവളുടെ മറുപടി കേട്ട് കുറച്ച് നേരം നെറ്റി ചുളിച്ച് എന്തോ ആലോചിച്ചിരുന്നു.
‘അത്...ഒരു പഴയ സിനിമേലെ പേരാ...അവരെന്തോ സിനിമാകാര്യം പറഞ്ഞതായിരിക്കും...നീ അതൊന്നും ശ്രദ്ധിക്കേണ്ട’
അല്പനേരം നിശ്ശബ്ദനായി ഇരുന്ന ശേഷം അയാൾ ആരോടെന്നില്ലാതെ പറഞ്ഞു,
‘കല്ല്യാണത്തിന്‌ ഇനി ഏഴ് നാൾ കൂടി...അതിനു ശേഷം നമ്മ ലോകം വേറെ...’

വീട്ടിൽ ധരിക്കാൻ ആവശ്യത്തിനു വസ്ത്രങ്ങളെടുക്കാൻ വിട്ടുപോയെന്ന കാര്യമറിയാൻ അഴകി വൈകി. മാക്സി - അതാണിപ്പോൾ അടുക്കളയിലെ ഔദ്യോഗിക വേഷം. അത് രണ്ടെണ്ണം വാങ്ങണം. അതും സിറ്റിയിലെ വലിയ കടയിൽ നിന്ന്. അമ്മ പറഞ്ഞതാണ്‌ അവിടെ എല്ലാം കിട്ടുമെന്ന്. തുണിയും പാത്രങ്ങളും, പച്ചക്കറിയും, പലഹാരവും ഒക്കെയും ഒറ്റ കെട്ടിടത്തിൽ. കട മാറി കയറേണ്ടതില്ല, നല്ല ഏ സി യിൽ സുഖമായി നിൽക്കുകയും ചെയ്യാം. വീട്ടിലേക്ക് വരും വഴി ജയൻ ശ്രദ്ധിച്ചിരുന്നു, ചെന്നൈ നഗരം പോലെ ആയിരിക്കുന്നു തന്റെ ചെറിയ നഗരവും. തലയുയർത്തി നിൽപ്പുണ്ട് ഒരുപാട് കെട്ടിടങ്ങൾ. ഭൂമി തൊടണമെങ്കിൽ മഴയ്ക്കും വെയിലിനും പോലും ഈ കെട്ടിടങ്ങൾക്കിടയിലൂടെ വേണം നൂണ്ട് വരാൻ!
‘ഇവിടെയടുത്ത് ചെറിയ കടകളുണ്ടല്ലോ...എന്താ അവിടെ ഈ പറഞ്ഞ മാക്സിയൊക്കെ കിട്ടൂല്ലെ?’
‘സിറ്റിയിൽ പോയാൽ ഡിസ്ക്കൗണ്ട് കിട്ടും പിന്നെ ഒരുപാട് നല്ല സെലക്ഷനുമുണ്ട്!’
പെൺപട, അയാളുടെ വാദങ്ങളെ നിഷ്പ്രയാസം മുനയൊടിച്ച് നിലത്തിട്ടു.
പലഭാഗത്തു നിന്നും നിർദ്ദേശങ്ങളും ഉപദേശങ്ങളും പിൻബലമായി പിന്നാലെ എത്തി.
‘നൈറ്റി മാത്രമല്ല, ചുരിദാറോ, സാരിയോ എന്തു വേണേലും വാങ്ങാലോ’
‘നീ മീനൂനേം കൂട്ടിക്കോ, അവൾക്കവിടന്ന് പാവാടയും ബ്ലൗസ്സും വാങ്ങാം’

ആലോചിച്ചപ്പോൾ അയാൾക്ക് തോന്നി ആശയം തീരെ മോശമല്ലെന്ന്. അഴകിക്കും മീനാക്ഷിക്കും സിറ്റിയിലേക്കൊരു ട്രിപ്പ്. കുറെ കാഴ്ച്ചകൾ, നിറങ്ങൾ, ശബ്ദങ്ങൾ, മനുഷ്യർ...നല്ലതു തന്നെ. കാറോടിക്കുമ്പോൾ ജയൻ ശരിക്കും ആകുലപ്പെട്ടു. ഇവിടേയും ഇത്രയും വാഹനങ്ങളോ? മനുഷ്യരേക്കാൾ വാഹനങ്ങൾ. യന്ത്രങ്ങളുടെ ലോകം വരുമെന്ന പ്രവചനം സത്യമാകാൻ മനുഷ്യർ മത്സരിക്കുകയാണെന്നു തോന്നി. ഇപ്പോൾ തന്റെ നഗരവും ഏതൊരു നഗരവുമായി കിടപിടിക്കും വിധമായിരിക്കുന്നു. പൊടിയും, ചൂടും, തിരക്കും, ശബ്ദങ്ങളും... സകല ലക്ഷണങ്ങളും ഒത്തു വന്നിട്ടുണ്ട്.

കരുതിയതിലുമെത്രയോ വലുത്! കടയുടെ പടികൾ കയറുമ്പോൾ അയാളോർത്തു. അഞ്ച് നിലകൾ, നൂറുകണക്കിനു യൂണിഫോം ധരിച്ച ജോലിക്കാർ, ഒരോ നിലയിലും ഒരോ തരം വസ്ത്രങ്ങളുടെ വിപുലശേഖരം. മീനു അവിടമാകെ കൗതുകത്തോടെ ഓടി നടന്നു. അഴകിയുടെ കൂടെ നിന്നും നടന്നും തളർന്ന ജയൻ ഒരിടത്തിരുന്നു. കുടിക്കാൻ ജ്യൂസ് ലഭിച്ചു. ‘കൊള്ളാമല്ലോ’ എന്നു തോന്നി. അഴകി നിലകൾ ഒന്നൊന്നായി കീഴടക്കി മുന്നേറിക്കൊണ്ടിരുന്നു. കൈയ്യിൽ പാക്കറ്റുകളുടെ എണ്ണവും കൂടി വന്നു.
‘ഈ കട ഇവിടെ തന്നെ എപ്പോഴും ഉണ്ടാവും. ആരും കൊത്തിക്കൊണ്ടൊന്നും പോവില്ല. പിന്നേം വരാം’ എന്നൊരു ദുർബ്ബലമായ പ്രതിരോധം തീർക്കാനയാൾ ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല.

ഒരു യുഗത്തിനു ശേഷം ആശ്വാസത്തോടെ പടികളിറങ്ങി നടക്കുമ്പോൾ അയാൾ പാതി തമാശയായി പറഞ്ഞു,
‘എല്ലാ കവറുമെടുത്തോ?...അവസാനം വീട്ടിലെത്തിയിട്ട് എന്തേലും എടുക്കാൻ വിട്ടുപോയെന്ന് പറയരുത്...ഈ തിരക്കിന്റെ എടെ കൂടെ വണ്ടിയോടിക്കാനും ഇക്കണ്ട നിലയൊക്കെ കേറാനുമൊന്നും എന്നെ വിളിക്കരുത്!’
അഴകി കവറുകൾ എണ്ണിയ ശേഷം ബ്രേക്കിട്ട പോലെ നിന്നു.
‘അയ്യയ്യോ...മീനുവോട പാവാട എങ്കെ?’
ഒന്നു കൂടി ഉറപ്പിച്ച ശേഷം അവൾ അയാളെ ദയനീയമായി നോക്കി. ഒരു ദീർഘനിശ്വാസം വിട്ട് ‘ദാ വരാം’ എന്നും പറഞ്ഞ് കടയുടെ നേർക്ക് അയാൾ വേഗത്തിൽ നടന്നു.

മീനു, തന്നെ എടുക്കേണ്ട സമയമായി എന്നറിയിച്ചു. ഓടിയും പടി കയറിയുമൊക്കെ അവൾ നന്നായി തളർന്നിരുന്നു. അഴകി മീനുവിനെ എടുത്ത് തോളിൽ കിടത്തി അല്പം തണൽ വീണു കിടന്നിടത്തേക്ക് നീങ്ങി നിന്നു. അച്ചച്ചോ! ജയനോട് കാറിന്റെ ചാവി ചോദിക്കാമായിരുന്നു. എങ്കിൽ അതിനുള്ളിൽ കയറി സുഖമായി ഇരിക്കാമായിരുന്നു. കാല്‌ കഴയ്ക്കുന്നുണ്ട്. റോഡിന്‌ എതിർവശത്തും വലിയ കടകൾ തന്നെ. കെട്ടിടങ്ങൾക്ക് മുകളിലും റോഡ് സൈഡിലുമായി ധാരാളം പരസ്യബോർഡുകൾ. കഥകളിമുഖത്തിന്റെ ചിത്രമുള്ള വലിയ പരസ്യബോർഡിലൂടെയവൾ കണ്ണോടിച്ചു. മലയാള അക്ഷരങ്ങൾ പഠിച്ചതിന്റെ അഭിമാനത്തിൽ അതിലെഴുതിയത് വായിക്കാനൊരു ശ്രമം നടത്തി.
‘ദൈ..വ..ത്തി..ന്റെ’
മീനു അമ്മയുടെ ശ്രമം ശ്രദ്ധാപൂർവ്വം നോക്കിയിരുന്നു.
അതിനടുത്ത വാക്ക് വായിക്കാൻ അഴകി അല്പം സമയമെടുത്തു. ‘സ്..സ്വ..ന്തം...’
അതുവരെ പെറുക്കിയെടുത്തതെല്ലാം കൂട്ടിവെയ്ക്കാനൊരു ശ്രമം നടത്തി.
‘ദൈവത്തിന്റെ സ്വന്തം...’ ഒരു ചെറിയ ജയം! അഴകി ചെറുതായി ചിരിച്ച് മീനുവിനോട് പറഞ്ഞു,
‘ചെല്ലം...പാത്തിയാ അമ്മാവുക്കു മലയാളം കൂട തെരിയും!’
അപ്പോഴാണ്‌ ചുറ്റിലുമായി നിന്ന് ചിലർ എന്തോ പറയുന്നത് പോലെ അവൾക്ക് തോന്നിയത്. വെറും തോന്നലല്ല, തന്നേയും കുഞ്ഞിനേയും നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. താൻ നിൽക്കുന്നതിനരികെ മറ്റാരുമില്ല. കണ്ണുകൾ തന്റെ നേർക്ക് തന്നെ. അവൾ വസ്ത്രം മാറി കിടക്കുകയാണോയെന്ന് നോക്കി. ഇല്ല. എല്ലാം അതാത് സ്ഥാനത്ത് തന്നെ. പിന്നെന്താണിവർക്കിത്ര നോക്കാൻ?

നിമിഷനേരം കൊണ്ട് ആളുകളുടെ എണ്ണം കൂടി വന്നു. പ്രതിരോധം തീർക്കാനെന്നോണം കൂട്ടം അവൾക്ക് ചുറ്റും പഴുതുകളില്ലാത്തൊരു വൃത്തം ചമച്ചു. ചക്രവ്യൂഹത്തിനകത്തു പെട്ട നിരായുധനായ, നിസ്സഹായനായ പോരാളിയെ പോലെ അഴകി നടുവിൽ നിന്ന് ചുറ്റിലും പകച്ചു നോക്കി. എന്തിനാണിവർ തനിക്ക് ചുറ്റിലുമായി വന്നു നിൽക്കുന്നത്? അപരിചിതരെ ചുറ്റിലും കണ്ട മീനു, ‘അമ്മാ അമ്മാ...അപ്പാ...അപ്പാ...’ എന്നു പറഞ്ഞ്‌ കരയാനാരംഭിച്ചു. കുഞ്ഞിന്റെ കരച്ചിൽ കണ്ടപ്പോൾ ജനക്കൂട്ടത്തിനു തീർച്ചയായി. ഉത്സവനാളിൽ ക്ഷേത്രമതിലിനു മുകളിൽ ഭക്തരുടെ തലകൾ ഉയരുന്നത് പോലെ മനുഷ്യമതിലിൽ നിന്നും സെൽഫോണുകൾ ഉയർന്നു. ഫോട്ടോ പോരെന്ന് തോന്നിയിട്ടോ, ചിലർ വീഡിയോ എടുക്കാനാരംഭിച്ചു. ലോകത്തിന്റെ പല ഭാഗത്തേക്കും നീണ്ടു പോകുന്ന മാധ്യമത്തിന്റെ അദൃശ്യമായ കൈവഴികളിലൂടെ പ്രകാശവേഗത്തിൽ ആ ദൃശ്യങ്ങൾ പാഞ്ഞു.
‘കണ്ടാ...കൊച്ചു കരയണ കണ്ടാ...അവളെ കണ്ടാ തന്നെ അറിഞ്ഞൂടെ?’ അവേശത്തീ പിടിച്ച ഒരുവൻ വാക്കിന്റെ കൊള്ളിയെറിഞ്ഞു.
‘സത്യം പറയെടീ...ഇതാരുടെ കൊച്ചാ?...എവടന്ന് അടിച്ചു മാറ്റിയതാടീ?’ ചിലർ ഒരുനിമിഷം കൊണ്ട് സ്വയം അവരോധിത അധികാരികളായി. അധികാരത്തിന്റെ തനതു ലക്ഷണങ്ങളായ ഗർവ്വും, ധാർഷ്ട്യവും അവരുടെ ശബ്ദത്തിൽ നിറഞ്ഞു. ആൾക്കൂട്ടം എന്താ പറയുന്നതെന്ന് അഴകിക്ക് തീർത്തും വ്യക്തമായില്ലെങ്കിലും മീനുവിനെ അവളിൽ നിന്നും വേർപെടുത്തിയെടുക്കാനാണ്‌ ശ്രമമെന്ന് അവളുടെ അമ്മമനസ്സ് പറഞ്ഞു.
‘ജയാ...ജയാ’ അവൾ ഉറക്കെ വിളിച്ചു.
‘ഓഹോ അപ്പൊ നിനക്ക് ഗാങ്ങുണ്ടല്ലെ?...വിളിക്കെടീ...എല്ലാത്തിനേം വിളി...ഇന്നു നിന്നെ കൊണ്ടെല്ലാം പറയിച്ചിട്ടേ ഒള്ളൂ’ ഒരുത്തൻ ആക്രോശിച്ചു.
‘ഇങ്ങനെ വേഷം കെട്ടിയെറങ്ങിയാ ആരും സംശയിക്കില്ലെന്ന് വിചാരിച്ചോ?’
അഴകി താലിമാല സാരിയുടെ മറവിൽ നിന്നും പുറത്തേക്കിട്ടു. ഇവർക്ക് അത്രയും സംശയം തീർന്നോട്ടെ...
‘തരമാട്ടേൻ...തരമാട്ടേൻ...യാർക്കും തരമാട്ടേൻ...’ അഴകി കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചു. അവൾ പറയുന്നത് ശ്രദ്ധിക്കാതെ കുട്ടിയോട് നേരിട്ട് ചോദിച്ച് സംശയം നിവർത്തിക്കാനായിരുന്നു ചിലരുടെ ശ്രമം.
‘മോളെ...മോളെ...ഇത് നിന്റെ അമ്മയാണോ?’
മീനു തലയുയർത്തിയതേയില്ല. അവൾ അമ്മയുടെ തോളിൽ മുഖം മറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു.
‘കണ്ടാലറിഞ്ഞൂടെ? കൊച്ചിനെ മയക്കി കെടത്തിയിരിക്കാ... ഇതവളുടെ കൊച്ചൊന്നുമല്ല’
ആ ഒരു വാചകത്തിലാണ്‌ അഴകിക്ക് അപകടം ശരിക്കും മനസ്സിലായത്. അവളൊരു പുലിയെ പോലെ ചീറി.
‘ഇതു ഏൻ പൊണ്ണുടാ‍ാ...എന്നോട കൊഴെന്തെ...’
അടുത്ത നിമിഷമവൾ ദുർഗ്ഗയായി...കണ്ണകിയായി...
അവളുടെ ഭാവമാറ്റം കണ്ട് അടുത്തേക്ക് വന്നവർ ഞെട്ടി ഒരു ചുവട് പിന്നോട്ട് വെച്ചു.

കവറും പിടിച്ച് പടികളിറങ്ങി വരികയായിരുന്ന ജയൻ, കാറിനടുത്ത് ആൾക്കൂട്ടം കണ്ട് നടുങ്ങി. എവിടെ തന്റെ അഴകിയും മീനുവും? അയാൾ പരിഭ്രാന്തിയോടെ അങ്ങോട്ടോടി. മനുഷ്യവ്യൂഹത്തിൽ വിടവുണ്ടാക്കി അകത്തേക്ക് കുതിച്ചു. കോപാകുലയായി, ചുവന്ന കണ്ണുമായി നിൽക്കുന്ന അഴകിയേയും, കരഞ്ഞ് തളർന്നു തുടങ്ങിയ മീനുവിനേയും അയാൾ ഇരുകൈകൾ കൊണ്ടും പൊതിഞ്ഞു. മീനു ‘അപ്പാ...അപ്പാ...’ എന്ന്‌ തളർന്ന ശബ്ദത്തിൽ അയാളെ നോക്കി വിതുമ്പി.
‘നിനക്കൊക്കെ എന്താടാ വേണ്ടത്? ഇതെന്റെ ഭാര്യയും കൊച്ചുമാ‍ാ...’ അലറിക്കൊണ്ടയാൾ കൈയ്യിലിരുന്ന കവർ കൂട്ടത്തിനു നേർക്ക് വീശി. ചിലർ അകന്നു മാറി. വൃത്തമൊന്നിളകി.
‘എന്ത് കാഴ്ച്ച കാണാനാടാ നീയൊക്കെ?...’
അയാൾ അഴകിക്കും മീനുവിനും മുന്നിലൊരു കവചമായി നിന്നു.

തലകീഴായി തൂങ്ങിക്കിടന്ന് ലോകം കണ്ടു ശീലിച്ച നരിച്ചീറുകൾ, ആൽമരക്കൊമ്പുകളിൽ നിന്ന് നാലുപാടും പറന്നകലുന്നതു പോലെ ആൾക്കൂട്ടം ചിതറിയകന്നു. അമ്മയുടെ കഴുത്തിൽ ഇറുക്കെ പിടിച്ച് കിടന്ന മീനു മുഖമുയർത്തിയതേയില്ല. അടങ്ങിയ ആക്രോശങ്ങൾക്കും, നിരാശ നിറഞ്ഞ പിറുപിറുക്കലുകൾക്കുമിടയിലൂടെ ഞെരുങ്ങി വന്ന അഴകിയുടേയും മീനുവിന്റേയും തേങ്ങലുകൾ അയാൾ കേട്ടു, കണ്ണീരിൽ കുതിർന്ന അഴകിയുടെ വാക്കുകളും..
‘നമ്മ...തിരുമ്പി പോയിടലാമാ..’
ഉരുകിച്ചേർന്ന ശില പോലെ അവരവിടെ നിന്നു. സർവ്വതിനും സാക്ഷിയായ, പരസ്യബോർഡിലെ കഥകളിമുഖം മാത്രം ചിരിച്ചു കൊണ്ടിരുന്നു, ഒക്കെയും പതിവുകാഴ്ച്ചകളെന്ന മട്ടിൽ

-------------------------------------------------------------------------------------------------------------സാബു ഹരിഹരൻ

ജനനം: 1972 ൽ. സ്വദേശം: തിരുവനന്തപുരം.

കെമിസ്ട്രിയിൽ ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. സോഫ്റ്റ് വെയർ എഞ്ചിനീയർ.
വായന, എഴുത്ത്, യാത്ര, ഭക്ഷണം എന്നിവയിൽ താത്പര്യം.

താഴെ പറയുന്നവയിൽ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.
മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, അകം (ആഴ്ച്ചപ്പതിപ്പ്) മാതൃഭൂമി, ജനയുഗം, കേരള കൗമുദി, ചന്ദ്രിക, കേരളഭൂഷണം (വാരാന്തപ്പതിപ്പ്) അകം, കേരള കൗമുദി (ഓണപ്പതിപ്പ്)

രണ്ട്‌ പുസ്തകങ്ങൾ (കഥാസമാഹാരങ്ങൾ) പ്രസിദ്ധീകരിച്ചു.
1. ‘നിയോഗങ്ങൾ’ (പൂർണ പബ്ലിക്കേഷൻസ്, 2015)
2. ‘ഉടൽദാനം’ (സൈകതം ബുക്സ്, 2017)
കഴിഞ്ഞ പത്തു വർഷങ്ങളായി ന്യൂ സീലാന്റിൽ കുടുംബസമേതം താമസം.

പുരസ്കാരം: നന്മ സി വി ശ്രീരാമൻ സ്മാരക കഥാമത്സരം 2019 ഒന്നാം സമ്മാനം.

Facebook Comments

Comments

 1. Ninan Mathulla

  2021-04-07 16:57:27

  Very good story. The person who gave 3/10 grade must be a racist; suitable to live in the past. Time is running forward fast. To race against time is futile. What the racists doing in India is the same.

 2. നല്ല കഥ . ഒഴുക്കോടെ പോകുന്നുണ്ട് . ക്ലൈമാക്സും നന്നായി

 3. Ram Eswar, Kochi

  2021-04-02 13:43:11

  പത്രാധിപർ സാറേ ഈ കഥക്ക് ഞാൻ പത്തിൽ ഒരു മൂന്ന് മാർക്ക് കൊടുക്കുന്നു.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

View More