-->

kazhchapadu

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

Published

on

പുതിയ വീടിന്റെ പണി എല്ലാം  കഴിഞ്ഞു കേറി താമസവും കഴിഞ്ഞു. എല്ലാ ക്രമീകരണങ്ങളും കഴിഞ്ഞു.
ഫർണിച്ചർ ഒക്കെ യഥാസ്ഥാനത്തു ഇട്ടു കഴിഞ്ഞു. ഇന്റീരിയർ പണികൾ ഒക്കെയും കഴിഞ്ഞു. പക്ഷെ  ഡൈനിങ്ങ് റൂമിൽ ഉള്ള ഷോവാളിൽ  ഒരു അറ മാത്രം ഒഴിച്ചിട്ടിട്ടുണ്ട്‌. അതിനു മാത്രം സ്പെഷ്യൽ ലോക്ക് വച്ചിരിക്കുന്നു. അതിൽ എന്താണാവോ അമ്മ വയ്ക്കാൻ പോകുന്നത്.
സാധാരണ ലോക്കർ ഒക്കെ വയ്ക്കുന്നത് ഗോൾഡും കാശും ഒക്കെ വയ്ക്കുന്ന ബ്യുറോ ക്ക്‌ അല്ലെ... മാളവികയ്ക്ക് സംശയം ആയി...

"അല്ല അമ്മാ എന്തുവാ ഇവിടെ എന്തേലും നിധി വയ്ക്കാൻ ആണോ ഈ അറ മാറ്റി വച്ചേക്കുന്നേ.. "

പാർവതി തല ചെരിച്ചു അവളെ നോക്കി എന്നിട്ട് മുഖം ഒന്ന് വക്രിച്ചു...
 "ആന്ന് ഒത്തിരി ഒത്തിരി വിലപ്പെട്ട നിധി ആണ് അവിടെ ഞാൻ വയ്ക്കാൻ പോണത് .. ഒരിക്കലും ഇനി അത്‌ പോലെ കിട്ടാത്ത വസ്തുക്കൾ... എത്ര രൂപ കൊടുത്താലും അതൊന്നും ഇനി കിട്ടത്തില്ല ...."

മാളു  അമ്മയുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ സ്വതവേ വിടർന്ന ആ കണ്ണുകളിൽ അസാധാരണമായ ഒരു തിളക്കം...

"അമ്മ പ്ലീസ് എനിക്ക് കൂടി  അതൊക്കെ ഒന്ന് കാണിച്ചു താ ..."

"നീ ഒക്കെ കണ്ടിട്ടുണ്ട്... ആ പൂക്കളുടെ പെയിന്റിംഗ് ഉള്ള ടീ പോട്ട്,അതിന്റെ നാല് കപ്പ്‌..., ങാ പിന്നെ മാളു നീ കാണാത്ത ഒന്നുണ്ട്   വെള്ളിയിൽ തീർത്ത ഒരു കുഞ്ഞ് മണി..."

"അയ്യേ ഇതാണോ ഇത്ര വലിയ നിധി പാറൂ...!?"

 മാളൂട്ടി അമ്മയെ മിക്കവാറും പാറു ന്നാണ് വിളിക്കുക. വല്ലാതെ സീരിയസ് ആവുമ്പോൾ ആണ് അമ്മ എന്ന് വിളിക്കാറ്.

"മാളൂന് അതിന്റെ വില അറിയത്തില്ല......100 വർഷത്തോളം പഴക്കം ഉണ്ട്  ആ മണിക്ക്... പിന്നെ ആ  ടീപോട്ടിന്  150/ 160 വർഷത്തെ പഴക്കമുണ്ട് അറിയാമോ നിനക്ക് ...
ആ ടീ പോട്ട് ഇംഗ്ലണ്ടിൽ നിന്ന് കൊണ്ട് വന്നതാ... വെള്ളി മണി അന്ന് നമ്മുടെ ഏതോ തട്ടാനെ കൊണ്ട് ഉണ്ടാക്കിച്ചതും...
 ങാ അതെങ്ങനെ ഇവിടെ വന്നൂന്നു  അറിയാവോ ...? "

"ആഹാ പാറൂന്റെ  പറച്ചില് കേട്ടാ പാറു  ആ കാലത്തു ജീവിച്ചിരുന്ന പോലെ ആണല്ലോ.. എല്ലാം നേരിട്ടു  അറിയാവുന്ന പോലെ...? "

"ആം  എനിക്കും അങ്ങനെ തോന്നും ചിലപ്പോ അന്ന് ഞാനുണ്ടായിരുന്നു എന്ന പോലെ.... "

"പാറു  അത്‌ വിട് ഇതാര് തന്നതാ..., എങ്ങനെ ഇവിടെ വന്നു..."?

"പറയാം.. പഴയ കാലത്തേയ്ക്ക് ഒന്ന് പോകേണ്ടി വരും... വരുന്നോ..? "

"ആഹാ എന്താ ടൈം മെഷീൻൽ ആണോ... ഹ ഹ..
പോകാലോ ഞാൻ റെഡി "

"മാളു  നീ കേട്ടിട്ടുണ്ടോ.,  പണ്ട് എന്റെ അച്ഛന്റെ അപ്പൂപ്പനെ പറ്റി...,  കേശവൻ എന്നാണ് ആളിന്റെ പേര്.,  ആ കാലത്തു ഈ കുടുംമ്പം വല്യ കച്ചവടക്കാർ ആയിരുന്നു സമ്പൽ സമൃദ്ധിയിൽ ജീവിച്ചിരുന്ന കുടുംബം... നല്ല യോദ്ധാവിനെ പോലെ ആയിരുന്നു അച്ഛന്റെ അപ്പൂപ്പൻ അതായത് നിന്റെ അപ്പൂപ്പന്റെ അപ്പൂപ്പൻ..."

 ആഹാ എന്നിട്ട്...? "

"ആ കാലം ഇന്ത്യ ബ്രിട്ടീഷ് കോളനി ആയിരുന്ന സമയം ..... കൊല്ലത്തെ പ്രധാന കമ്പനി കളുടെ  ചുമതല.,  പ്രധാന കമ്പനികൾ  എന്ന് പറയുമ്പോൾ എച്ച് & സി ഹാരിസൺ ആൻഡ് കമ്പനി.,  സ്‌പെൻസർ...
അതിന്റെ ക്യാപ്റ്റൻ ആയി ഒരു വെള്ളക്കാരൻ ഉണ്ട്, ആ  സായിപ്പിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ആയിരുന്നു അച്ഛന്റെ അപ്പൂപ്പൻ...പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യവർഷങ്ങൾ മുതൽ....

അന്ന് ഉപ്പു തൊട്ട് കർപ്പൂരം വരെ അതായത് റൊട്ടി മുതൽ മദ്യം വരെ അവരുടെ ആളുകൾക്ക് വിതരണം ചെയ്യുന്ന കമ്പനി ആയിരുന്നു സ്‌പെൻസർ.
എച്ച് & സി
 ചെയ്തിരുന്നത് നമ്മുടെ വിലമതിക്കാൻ ആവാത്ത സുഗന്ധ വ്യഞ്ജനങ്ങൾ, തടികൾ അതായത് കപ്പൽ നിർമ്മാണത്തിന് ഉപയോഗിച്ച് വന്ന തടികൾ ഉൾപ്പടെ.,
 തേക്ക്, ഈട്ടി....എന്തിനു ചന്ദന മരത്തിന്റെ തടി  വരെ ഇംഗ്ലണ്ടിലേക്കു കയറ്റി അയക്കുന്ന ജോലി ആണ് ഈ കമ്പനി ക്ക്‌... അതിന്റെ ചുമതല ഉണ്ടായിരുന്ന സായിപ്പ്, അതായത് ഇന്നത്തെ കളക്ടർ ന്റെ പദവി ഉണ്ടാവും ആ സായിപ്പിന്. ആളിന്റെ  അധികാര പരിധി എന്ന് പറയുമ്പോൾ കൊല്ലം ജില്ല പോലെ എന്ന് പറയാം... അതാണ് ക്യാപ്റ്റൻ.. ആ ക്യാപ്റ്റൻ ന്റെ സെക്യൂരിറ്റി  ചുമതല ആയിരുന്നു അച്ഛന്റെ അപ്പൂപ്പന്...
അവർ നല്ല സുഹൃത്തുക്കളും ആയിരുന്നു... അപ്പൂപ്പന്
എല്ലാ സ്വാതന്ത്ര്യവും സായിപ്പിന്റെ ബംഗ്ലാവിൽ  ഉണ്ടായിരുന്നു.
അന്ന്  സായിപ്പ് എവിടെ പോയാലും.....,ഉദ്യോഗ ആവശ്യത്തിന്, അധികാര പരിധിയിൽ ഉള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ ഒക്കെ അപ്പൂപ്പൻ കൂടെ പോണം. സവാരി ഒക്കെ കുതിരപുറത്താണ്. സായിപ്പിന് ഒരു കുതിര, അപ്പൂപ്പൻ മറ്റൊരു കുതിരയിൽ. കൂടെ പോകും."

ഒന്ന് നിർത്തിയിട്ട് പാർവതി മോളെ നോക്കി അവൾ വിടർന്ന കണ്ണുകളോടെ അവൾ പറയുന്നത് ശ്രദ്ധിച്ചു സാകൂതം നോക്കിയിരിക്കുന്നുണ്ട്... അവർ തുടർന്നു..

"ഇടയ്ക് അവർ അവധിക്കാലം ആഘോഷിക്കാൻ ചില സ്ഥലങ്ങളിൽ പോകാറുണ്ട്. മിക്കവാറും  അവർ രണ്ടും മാത്രമായി.
എന്നാൽ ചിലപ്പോൾ കുടുംബ സഹിതം പോകാറുണ്ട്.
അപ്പൊ അവർ കുതിര വണ്ടിയിൽ ആണ് പോവുക. അന്ന് നമ്മുടെ കുടുംബത്തിൽ കുതിര വണ്ടി ഉണ്ടായിരുന്നു. കൂടാതെ വില്ല് വണ്ടിയും.
സാമ്പത്തിക സ്ഥിതി ഉള്ളവർ ആണ് വില്ല് വണ്ടിയും കുതിര വണ്ടിയും ഒക്കെ ഉപയോഗിക്കുക. "

"വില്ല് വണ്ടി എന്നാൽ എന്താ അമ്മേ...? അതും കുതിര വണ്ടിയുമായി വ്യത്യാസം ഉണ്ടോ...? "

"വില്ല് വണ്ടി ഒറ്റ കാള വലിക്കുന്ന സവാരിക്ക് ഉപയോഗിക്കുന്ന വണ്ടി ആണ്. "

ആ മനസ്സിലായി "
ബാക്കി പറ.... "

"ആ ആ കാലത്തു വല്യ പണക്കാർ സവാരിക്കും, കല്യാണആവശ്യങ്ങൾ, ദീർഘ ദൂര യാത്രയ്ക്ക് ഒക്കെ നമ്മുടെ കുതിര വണ്ടി വാടകയ്ക്കു എടുക്കുമായിരുന്നു."

 എന്നിട്ട്...? "

മാളൂന് വല്ലാത്ത ആകാംഷ ആയി.

 "അന്ന് എന്റെ അച്ഛന്റെ അമ്മ കാർത്ത്യായനി  ..,  കൗമാരപ്രായത്തിൽ നിന്നു യൗവനത്തിലേയ്ക്ക് കടക്കുന്ന പ്രായത്തിൽ ഉള്ള ഒരു സുന്ദരിക്കുട്ടി ആയിരുന്നു.
നല്ല തേനിന്റെ നിറം, മുട്ടോളം ചുരുണ്ട മുടി.. ആ നിനക്ക് ഈ മുടി കിട്ടിയത് എന്റെ അച്ഛമ്മേടെ മുടിയുടെ പാരമ്പര്യം ആണ് കേട്ടോ.."

ഇടയ്ക്ക് പാർവതി മാളൂട്ടി യെ ഓർമ്മിപ്പിച്ചു.
 
 "വിടർന്ന കണ്ണുകൾ ആയിരുന്നു അച്ഛമ്മയ്ക്. .."

 ഇത് വിവരിക്കുമ്പോൾ അമ്മയുടെ മുഖത്ത് വല്ലാത്ത ഒരു തിളക്കം മാളൂന്  കാണാമായിരിന്നു..

" അന്ന് പെൺകുട്ടികൾ സ്കൂളിൽ പഠിക്കാൻ പോകില്ല.സ്ഥിതി ഉള്ളവർ പെൺകുട്ടികൾക്ക് വീട്ടിൽ ഇരുത്തി വിദ്യാഭ്യാസം കൊടുത്തിരുന്നു. അങ്ങനെ വീട്ടിൽ ഇരുന്നാണ് അച്ഛമ്മ യുടെ ഒക്കെ വിദ്യാഭ്യാസം.. ഇടയ്ക്കൊക്കെ, അച്ഛമ്മ യുടെ അച്ഛൻ, കേശവൻ അപ്പൂപ്പൻ ഭാര്യയെയും മക്കളെയും സായിപ്പിന്റെ കുടുംബത്തിന് ഒപ്പം വിനോദയാത്രയ്ക്ക് കൊണ്ട് പോകും. അപ്പൊ നമ്മുടെ കുടുംബം നമ്മുടെ  വില്ല് വണ്ടിയിൽ, സായിപ്പിന്റെ കുടുംബം കുതിര വണ്ടിയിലും സായിപ്പും, അപ്പൂപ്പനും കുതിരപ്പുറത്തും ആണ് പോവുക. കൊല്ലത്ത്  തന്നെ ഉള്ള കായലിന്റെ തീരത്തൊക്കെ ആണ് പോവുക...

സായിപ്പിന് നീല കണ്ണുകൾ ഉള്ള അതീവസുന്ദരനായ ഒരു മകൻ ഉണ്ടായിരുന്നു. സായിപ്പിന് വേറേം കുട്ടികൾ ഒക്കെ ഉണ്ടെങ്കിലും ഈ മകനും, രണ്ടു കൊച്ച് പെൺകുട്ടികളും  ആയിരുന്നു ഒപ്പം കൊല്ലത്തു  ഉണ്ടായിരുന്നത്.
റിച്ചാർഡ് എന്ന ആളിന്റെ പേര്..."

 അത് പറയുമ്പോ പാർവതിയുടെ  മുഖത്ത് നാണം വിരിഞ്ഞു...

മാളൂന്  അത് തന്റെ അമ്മയാണോ അതോ അമ്മയുടെ അച്ഛമ്മ നേരിട്ടു തന്നോട് പറയുകയാണോ എന്ന പോലെ തോന്നി.
അത്ര മാത്രം താദാത്മ്യം തോന്നി ആ കഥ പറച്ചിലിൽ...
അമ്മ മറ്റേതോ ലോകത്ത് എന്ന പോലെ ആണ് കഥ പറയുന്നത്...

 "ആ കുതിര വണ്ടി... അത്ര ഭംഗിയുള്ള കുതിരവണ്ടി ഉണ്ടായിരുന്നില്ല.... അത്ര എടുപ്പുള്ള കുതിരയും... നമ്മുടെ ജോണി ..., അല്ല റിച്ചാർഡിന്റെ ജോണി അവൻ നമ്മുടെ കുതിരയെ അങ്ങനാ വിളിക്കുക. നമ്മൾ അങ്ങനെ  അവന് പേരൊന്നും ഇട്ടിട്ടില്ല... പക്ഷെ കുതിര വണ്ടി ഓടിക്കുന്ന ദാമു അവനെ കണ്ണാ.. എന്നാണ്  വിളിച്ചിരുന്നത്... പക്ഷെ പിന്നെ ദാമുവും അവനെ ജോണി എന്ന് തന്നെ വിളിക്കാൻ തുടങ്ങി. കാരണം അവൻ ജോണി ന്നു വിളിച്ചാലേ പ്രതികരിക്കൂ എന്നായി പിന്നീട്...

നമ്മുടെ കുതിര വണ്ടിയുടെ  ഇരിപ്പിടം... നല്ല പഞ്ഞി നിറച്ച ചെറിയ മെത്തകൾ ആയിരുന്നു. അതിനു മുകളിൽ സൂര്യപടം ഉള്ള പട്ടിന്റെ തുണി കൊണ്ട് ഉറ  ഇട്ടിട്ടുണ്ടു..

ഒരിക്കൽ റിച്ചാർഡ് പറഞ്ഞു അതിൽ റോസ് പൂക്കൾ തുന്നിപിടിപ്പിച്ച തുണി കൊണ്ടുള്ള ഉറ ഇട്ടാൽ കൂടുതൽ ഭംഗി ആവും എന്ന്...

 കാർത്ത്യായനി  എന്ന കാർത്തു അത് കേട്ടതും ഉറക്കമിളച്ചിരുന്ന് പുതിയ തുണിയിൽ ചുവന്ന നൂൽ കൊണ്ട് റോസാ പൂക്കൾ തുന്നി ചേർത്ത് ഉറ ഇട്ടു.
അടുത്ത സവാരിക്ക് പോയപ്പോൾ അത് കണ്ട റിച്ചി കാർത്തൂന് നേരെ തിളക്കമാർന്ന നീല കണ്ണുകൾ കൊണ്ട് പ്രേമപൂർവം ഉമ്മകൾ  കൊടുത്തു...

പിന്നീട് ഇടയ്ക്ക് സായിപ്പും അപ്പൂപ്പനും അവധിക്കാലം ആഘോഷിക്കാൻ ദൂരെ സ്ഥലങ്ങളിൽ കുടുംബത്തെ കൂട്ടാതെ പോകുമ്പോൾ.,കുട്ടികളെ കൂട്ടി റിച്ചാർഡും കാർത്തുവും അഷ്ടമുടി കായലിന്റെ തീരത്തേയ്ക് ദാമുവിനെയും കൂട്ടി, ജോണി നയിക്കുന്ന കുതിര വണ്ടിയിൽ പോകും. ഒരിക്കൽ കാർത്തു റിച്ചി യോട് ഒരാഗ്രഹം പറഞ്ഞു... ജോണി ക്ക്‌ ഒരു മണി കെട്ടണം... ഒരു വെള്ളി മണി... നീ എനിക്ക് വാങ്ങി തരുവോ ..."

കാർത്തു മുറി ഇംഗ്ളഷിലും റിച്ചി മുറി മലയാളത്തിലും ലോകത്തെ സകല കാര്യങ്ങളും സംസാരിക്കും...

റിച്ചാർഡ് ആയിടയ്ക്  കമ്പനികളുടെ ചില വരവ് ചെലവ്  കണക്കുകൾ  ഒക്കെ നോക്കുന്നുണ്ടായിരുന്നു...

പെട്ടെന്നു എന്തോ ഓർത്തത് പോലെ പാർവതി മാളൂനോട് ചോദിച്ചു...

"ആ മാളൂ  ഇടയ്ക്കു ഒരു കാര്യം പറയാൻ
 മറന്നു... "

എന്താ പാറൂ..? "

നമ്മുടെ ഈ സ്ഥലത്തിന് പട്ടത്താനം എന്ന പേര് എങ്ങനെ കിട്ടി എന്നറിയാമോ...?"

 പാർവതി മാളൂട്ടി യോട് ചോദിച്ചു...

"ഇല്ലലോ പാറൂ ... പറഞ്ഞു തായോ..."

"ഈസ്റ്റ്‌ ഇന്ത്യ കമ്പനി യുടെ ഒരു പ്രധാന താവളം ആയിരുന്നല്ലോ കൊല്ലം അന്ന്. അപ്പൊ അവരുടെ കണക്കും കാര്യങ്ങളും നോക്കാൻ കുറെ തമിഴ് ബ്രാഹ്മണരെ ഇങ്ങോട്ട് കൊണ്ട് വന്നു. അവരീ കണക്കിൽ വല്യ മിടുക്കർ ആണെന്നാണലോ വയ്പ്.. ഈ തമിഴ് ബ്രാഹ്മണരെ പട്ടർ എന്നും വിളിക്കാറുണ്ട്.
അങ്ങനെ,  അന്ന് പട്ടന്മാർക് താമസിക്കാൻ സ്ഥലം കൊടുത്ത,, സ്ഥാനം കൊടുത്ത ഇടം പിന്നീട് പട്ടത്താനം ആയി അറിയപ്പെട്ടു എന്നാണ് കഥ...അതോ ഇനി ചരിത്രമോ...? ആർക്കറിയാം... !"

"അമ്മ അതൊക്കെ പോട്ട് ഈ കാര്യങ്ങൾ ഒക്കെ അമ്മയ്ക്ക് ഇത്ര കൃത്യമായി എങ്ങനെ അറിയാം... അച്ഛമ്മ വന്നു പറയുന്ന പോലെ തോന്നി... "

"അതേടി പെണ്ണെ ഞാൻ കാർത്തു ന്റെ പുനർജ്ജന്മം ആണ്.. "

പാർവതി വിടർന്നു ചിരിയോടെ പറഞ്ഞു..

" ഒന്ന് പോ അമ്മാ.. ഒന്ന് പറയന്നെ.." മാളു  സീരിയസ് ആയി.

"അത് അച്ഛമ്മയുടെ പഴയ ഒരു നോട്ടു ബുക്ക് എനിക്ക് കിട്ടി.. അതിൽ ഡയറി കുറിപ്പ് പോലെ അച്ഛമ്മയുടെ ഹൃദയവും മനസ്സും ഉണ്ടായിരുന്നു... കുറെ കഷ്ടപ്പെട്ട് വായിച്ചു..അച്ഛമ്മ വാർധക്യ കാലത്ത് എഴുതിയതാണ്....
പിന്നെ  അച്ഛൻ പറഞ്ഞും കുറെ കാര്യങ്ങൾ അറിഞ്ഞു, ചോദിച്ചു മനസിലാക്കി എന്നതാവും ശരി... പിന്നെ അച്ഛാച്ചൻ നിറയെ കഥ പറഞ്ഞു തരുമായിരുന്നു... അങ്ങനെ ആണ് എല്ലാം ഞാനും മനസ്സിലാക്കിയത്. "

"ആ അത് പോട്ടെ ബാക്കി പറ... ഇത് വരെ ഈ ടീപോട്ടും മണിയും ഇവിടെ എങ്ങനെ എത്തി എന്നറിഞ്ഞില്ല..? "

"ആ അങ്ങനെ അപ്പൊ പട്ടർമാർക്കും, മറ്റു കമ്പനി ജോലിക്കാർക്കും ഉള്ള തുണികൾ, പലചരക്കു, മറ്റു സാധനങ്ങൾ ഒക്കെ നമ്മുടെ കടകളിൽ നിന്നായിരുന്നു കമ്പനി വാങ്ങിയിരുന്നത്. അന്ന് വിരലിൽ എണ്ണാവുന്ന കച്ചവടക്കാരെ കൊല്ലത്തുണ്ടായിരുന്നുള്ളു. നമ്മുടെ കുടുംബത്തിന് എല്ലാ സാധനങ്ങളുടെയും കടകൾ ഉണ്ടായിരുന്നു. അപ്പൊ റിച്ചാർഡ് ആയിരുന്നു ഈ കണക്കുകൾ ഒക്കെ ഇടയ്ക് നോക്കുക. അങ്ങനെ കിട്ടുന്ന വരുമാനത്തിൽ നിന്നു ഇടയ്ക് അച്ഛമ്മയ്ക്കു എംബ്രോയിഡറി ചെയ്യാൻ മുന്തിയ തരം
 നൂല്, അത് ചെയ്യാൻ  ഉള്ള എല്ലാ സാമഗ്രികളും ഒക്കെ സമ്മാനം കൊടുക്കും.. അച്ഛമ്മ അതിൽ മിടുക്കി ആയിരുന്നു...

അപ്പൊ ആണ് അച്ഛമ്മ ജോണിയുടെ കഴുത്തിൽ കെട്ടാൻ മണി വേണം എന്ന് പറഞ്ഞപ്പോൾ റിച്ചി വെള്ളിയിൽ  പണിയിച്ച ഈ മണി സമ്മാനമായി കൊടുത്തത് ...

 അച്ഛമ്മ ആ മണി, റിച്ചാർഡ് സമ്മാനമായി കൊടുത്ത  പട്ടുനൂൽ കൊണ്ട്,  ചരടുണ്ടാക്കി ജോണിയെ അണിയിച്ചു.

അന്ന് കുതിര വണ്ടി ഓടിച്ചിരുന്നത് ദാമു ആയിരുന്നല്ലോ.. . അയാൾ അച്ഛമ്മയുടെയും റിച്ചിയുടെയും പ്രണയത്തിന്റെ മൂകസാക്ഷി ആയിരുന്നു...

 ദാമു ഇടയ്ക് നമ്മുടെ  വില്ല് വണ്ടിയും ഓടിക്കാൻ പോകും എങ്കിലും , കുതിര വണ്ടി മറ്റാരെയും കൊണ്ട് ദാമു തൊടീക്കില്ല. ഇടയ്ക് ദാമു അച്ഛമ്മയോടു പറഞ്ഞു.. "കുഞ്ഞേ നിങ്ങളു തമ്മില് സ്നേഹമാണ് പക്ഷെങ്കി നാളെ ഒരുവസം പിരിയേണ്ടി വരും. നമ്മടെ സാഹചര്യോം അവരടെ സാഹചര്യോം ഒക്കത്തില്ല കുഞ്ഞേ... കുഞ്ഞ് പിന്ന സങ്കടപടേണ്ടി വരൂലേ..... റിച്ചാർഡ് സായിപ്പ് നല്ലനാ എന്നാ നമ്മളു നമ്മടെ സാഹചര്യം നോക്കണ്ടേ കുഞ്ഞേ ..? "

"ഇല്ല ദാമു മാമാ, പിരിഞ്ഞാലും ഞങ്ങടെ സ്നേഹം അവസാനിക്കത്തില്ലല്ലോ... ഒന്നിച്ചു ജീവിച്ചാലേ സ്നേഹം ഒള്ളോ...? "

"എന്റെ പൊന്നു കുഞ്ഞേ എനിക്ക് കുഞ്ഞീ പറയുന്നതൊന്നും  മനസ്സിലാവത്തില്ല .. ഇങ്ങന ഒക്ക പറഞ്ഞാനെ കൊണ്ട്..... പിന്ന  കുഞ്ഞ് കരയരുത്  അത്രേ ഒള്ളൂ .... മുതലാളി അറിഞ്ഞാൽ കുഞ്ഞിനെ വച്ചേക്കുവൊ ... വല്യ സായിപ്പ് അറിഞ്ഞാൽ റിച്ചാർഡ് സായിപ്പിനെ വച്ചേക്കുവൊ ..? "

"അറിയത്തില്ല മാമാ ... എന്തു വന്നാലും മരിക്കുന്ന വരെ റിച്ചിയെ ഞാനും എന്നെ റിച്ചിയും സ്നേഹിക്കും. എനിക്കതെ അറിത്തൊള്ളൂ . എന്റെ ജോണിക്കും അതറിയാം... അല്ലേടാ ജോണി...? "

 അപ്പൊ ജോണി ഒരു തലയാട്ടുണ്ട്... അവനു ഒക്കേം മനസിലായി പോലെ ആണ്... "

ഇടയ്ക് സായിപ്പിന്റെ ബംഗ്ലാവിൽ അപ്പൂപ്പൻ എല്ലാവരെയും  കൂട്ടി ചായ സൽക്കാരത്തിന് പോയിട്ടുണ്ട്... അപ്പൊ പുറത്ത്, മുള കൊണ്ട് മേഞ്ഞ ഒരു കൂരയിൽ ഇരുന്നാണ് ചായയും പലഹാരവും കഴിക്കുക. അന്ന് ചായ വിളമ്പുന്ന കൂജയും, കപ്പിന്റെയും ഭംഗി കണ്ടു അച്ഛമ്മ മതി മറക്കുമായിരുന്നു...

ഒരിക്കൽ അച്ഛമ്മയുടെ അച്ഛനോട് പറഞ്ഞു തനിക്കും അത്തരത്തിൽ ഒന്ന് വേണം എന്ന്. അപ്പൊ കേശവൻ അപ്പൂപ്പൻ പറഞ്ഞത്.,  അത്തരത്തിൽ ഉള്ളത് അവരുടെ കൈയിലെ ഉള്ളൂ നമുക്ക് ഇവിടെ വാങ്ങാൻ കിട്ടില്ല, അത്‌ ഇംഗ്ലണ്ടിൽ നിന്നു അവര് കൊണ്ട് വന്നതാണ്.. അത് കൊണ്ട് മകളുടെ ആ ആഗ്രഹം നിവർത്തിക്കാൻ അപ്പൂപ്പന് മാർഗം ഉണ്ടായില്ല.

അച്ഛമ്മ യ്ക്ക് ആകെ നിരാശ ആയി... റിച്ചി യോട് ഒരിക്കൽ ചോദിക്കുക പോലും ചെയ്തു  അങ്ങനൊന്ന്  ഇംഗ്ലണ്ടിൽ നിന്നും വരുത്തി തരുമോ എന്ന്. റിച്ചി ചുമ്മ ചിരിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
കാർത്തൂന് ദേഷ്യം വന്നു എങ്കിലും ഒന്നും മിണ്ടിയില്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി... ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്നു... നാട്ടിൽ പല മാറ്റങ്ങൾ ഉണ്ടായി, പുതിയ നിയമങ്ങൾ വരുന്നു, പല സംഭവങ്ങൾ നടക്കുന്നു കാർത്തുവും റിച്ചി യും ജോണി യും മാത്രം ഇതൊന്നും അറിയാതെ അവരുടെ ലോകത്തും.... സവാരികളുമായി പ്രണയിച്ചും സ്നേഹിച്ചും ഉല്ലസിച്ചും നടന്നു.
ദാമുവും മൂകസാക്ഷി ആയി ഒപ്പം ചേർന്നു..

അങ്ങനെ പോകവേ  പെട്ടെന്നു ഒരു ദിവസം റിച്ചി പതിവിനു വിരുദ്ധമായി തറവാട്ടിൽ വന്നു.നമ്മുടെ തറവാട്ടിലേയ്ക്  അവരാരും അങ്ങനെ വരാറില്ലാത്തതാണ് ... അന്ന് അച്ഛനും സായിപ്പും എവിടെയോ അത്യാവശ്യമായി പോയിരിക്കുകയായിരുന്നു.

 റിച്ചാർഡ് കണ്ണുകൾ ഒക്കെ കലങ്ങി വല്ലാത്ത മുഖഭാവത്തോടെ ആണ് നിന്നത്...
  അച്ഛമ്മയുടെ അമ്മ ആകത്തെ  മുറിയിൽ ആയിരുന്നു, സഹോദരങ്ങളും അവിടെ ഇല്ലായിരുന്നു...
റിച്ചി തന്റെ പാതി മുറിഞ്ഞ മലയാളത്തിൽ കാർത്തൂനോട് പറഞ്ഞു...

"കാർത്തൂ ഞാൻ ഇംഗ്ലണ്ടിലേയ്ക് പോവുകയാണ്. പപ്പാ മാത്രമേ ഇവിടെ നിൽക്കുന്നുള്ളൂ. മമ്മയും, ഹെലനും, ആനും ഒക്കെ ആയി പോകുന്നു. ഇനി എന്നാണ് തിരികെ വരിക എന്ന് അറിയില്ല. നിന്നെ ഇപ്പൊ കൊണ്ട് പോകാൻ പറ്റില്ലല്ലോ എനിക്ക്... കാത്തിരിക്കാൻ പറയാനും ഉറപ്പിച്ചു പറയാൻ പറ്റുന്നില്ല.... ഒരു ഉറപ്പ് എന്റെ മരണം വരെ നിന്നെ മറക്കില്ല, നിന്നോടുള്ള സ്നേഹം മാറില്ല."

ഒറ്റ ശ്വാസത്തിൽ റിച്ചി തുളുമ്പിയ കണ്ണുകളോടെ കർത്തുവിനോട് പറഞ്ഞു...

" ഇത് എന്റെ വക നിനക്കുള്ള സമ്മാനം ആണ്.. എന്നെ ഓർമ്മിക്കാൻ...എന്റെ ഗ്രാൻഡ്പായുടെ ടീ പോട്ട് ആയിരുന്നു... എനിക്കു സമ്മാനമായി തന്നതാണ് ഈ നാട്ടിലേയ്ക്ക് വന്നപ്പോൾ..."

റിച്ചി കാർത്തൂന് ആ ഭംഗിയുള്ള ടീ പോട്ടും ചായ കപ്പ്‌ കളും കൊടുത്തു.

" ഇത് പോലെ ഒരെണ്ണം വേണമെന്ന് നീ ഒത്തിരി  ആഗ്രഹിച്ചതല്ലെ...
പിന്നെ..... ഇത് കൂടി."

 റിച്ചി വിരലിൽ കിടന്ന രത്നം പതിപ്പിച്ച മോതിരം ഊരി കാർത്തൂന്റെ മോതിരവിരലിൽ അണിയിച്ചു...

അച്ഛമ്മ തുടർന്നെഴുതിയിരിക്കുന്നു

"അന്നാണ് ഞാൻ റിച്ചി യെ അവസാനമായി കണ്ടത്... കണ്ണുകളാൽ... പക്ഷെ ഹൃദയം കൊണ്ടും, ആത്മാവ് കൊണ്ട് ഇപ്പോളും എനിക്ക് കാണാം... അവൻ തന്ന സമ്മാനങ്ങൾ നിധി പോലെ ഞാൻ സൂക്ഷിക്കുന്നു... ജോണി റിച്ചി യെ കാണാതായതോടെ കുറെ മൂശേട്ട ആയി. ദാമു വും പിന്നീട്  കുതിര വണ്ടി ഓടിക്കാൻ വരാതെ ആയതോടെ ജോണി ഭക്ഷണം കഴിക്കാതെ ആയി... അവൻ ഒരു നാൾ ഈ ലോകത്ത് നിന്നു തന്നെ പോയി.. അവന്റെ കഴുത്തിൽ കെട്ടിയിരുന്ന വെള്ളി മണി, റിച്ചി യുടെ സമ്മാനം പിന്നീട് വാങ്ങിയ കുതിരയ്ക്കു കെട്ടാൻ തോന്നിയില്ല അത് അഴിച്ചെടുത്തു പെട്ടിയിൽ വച്ചു. ടീ  പോട്ട്  ആരും തൊടാൻ പോലും ഞാൻ സമ്മതിച്ചിട്ടില്ല... പിന്നെ അധികം വൈകാതെ മുറച്ചെറുക്കനുമായി കല്യാണം ആയപ്പോൾ മോതിരവും ഊരി  പെട്ടിയിൽ സൂക്ഷിച്ചു..

ഭാര്യയും അമ്മയുമായി ആത്മാർഥമായി കടമകൾ നിർവഹിക്കുമ്പോളും, കച്ചവടത്തിൽ ഭർത്താവിന് ഒപ്പം നിന്നപ്പോളും...
പക്ഷെ ഹൃദയത്തിൽ റിച്ചി എപ്പോളും ഉണ്ടായിരുന്നു... ജോണി യും....
പിന്നെ നമ്മുടെ കുതിരവണ്ടിയും, റോസാപ്പൂക്കൾ തുന്നിയ പട്ടു കൊണ്ടുള്ള ഇരിപ്പിടവും, കായൽ തീരത്തേയ്ക്കുള്ള സവാരികളും ഒക്കെ കുളിർ തെന്നൽ പോലെ മനസ്സിൽ വരും.

കുറച്ചു വര്ഷങ്ങള്ക്കു ശേഷം  ഇന്ത്യ സ്വതന്ത്രയായി... ബ്രിട്ടീഷുകാർ ഇംഗ്ലണ്ടിലേയ്ക് തിരികെ പോയി...
റിച്ചി യെ കാണാൻ ഉള്ള ഒരു  വഴികളും ഇല്ലാതായി... ഒരു കത്തു അയക്കാൻ വിലാസവും അറിയില്ല.. പക്ഷെ റിച്ചി എന്നും ഇപ്പോഴും എപ്പോഴും ഒപ്പമുണ്ട്... ഈ വയസ്സ് കാലത്തും റിച്ചി യെ ഓർക്കുമ്പോൾ ഞാൻ ആ കൗമാരക്കാരി ആകും.... "

ഇങ്ങനെ  ആണ് അച്ഛമ്മ യുടെ കുറിപ്പ് അവസാനിക്കുന്നത്... പാർവതി പറഞ്ഞു നിർത്തി.. "

"ഈ കുറിപ്പ് എഴുതിയ നോട്ട് ബുക്ക്
അച്ഛമ്മ യുടെ പെട്ടിയിൽ  നിന്നും അച്ഛമ്മ യുടെ മരണാനന്തര ചടങ്ങുകൾകിടയിലാണ് കിട്ടിയത്. അന്ന് ഞാൻ കൊച്ച് കുട്ടി ആയിരുന്നു. ഇടയ്ക്കൊക്കെ ഈ കുറിപ്പ് വായിക്കുമ്പോൾ അച്ഛമ്മ യുടെ സാന്നിധ്യം ഉള്ള പോലെ... ആ പെട്ടിയിൽ ഈ മണി ഉണ്ടായിരുന്നു, മോതിരം അവസാന നാളുകളിൽ അച്ഛമ്മ ധരിച്ചിരുന്നു മരിച്ചപ്പോൾ അടക്കിയത് ആ മോതിരവും അണിഞ്ഞായിരുന്നു, അച്ഛമ്മയുടെ കൈയിൽ കിടന്നിരുന്ന തിളങ്ങുന്ന മോതിരം ഓർമ്മയുണ്ട് ഇപ്പോളും എനിക്ക്...."

"പിന്നീട് ഈ ടീ  പോട്ട് അച്ഛന്റെ  അടുക്കൽ നിന്നും ആണ്  എനിക്ക് കിട്ടിയത്. അപ്പൊ എനിക്ക് മനസ്സിലായിരുന്നില്ല... ഇത് ആ  ടീ പോട്ട്  ആണെന്ന്. ഒരിക്കൽ, 150 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ളതാണ് എന്ന് അച്ഛൻ പറഞ്ഞപ്പോൾ ആണ് ഇത് അച്ഛമ്മയ്ക് റിച്ചാർഡ് കൊടുത്ത സ്നേഹസമ്മാങ്ങളിൽ ഒന്നാണ് എന്ന് മനസ്സിലായത്. അത് നഷ്ടമായി എന്ന് വിചാരിച്ചു സങ്കട പ്പെട്ടതായിരുന്നു...

ജോണി യുടെ വെള്ളി മണി തൊടുമ്പോൾ എനിക്കും ജോണി യെ കാണാൻ പറ്റുന്ന പോലെ തോന്നും.. ആ കുതിരവണ്ടിയും, റോസാപ്പൂക്കൾ തുന്നിയ ഇരിപ്പിടവും... ദാമുവും... അച്ഛമ്മയും അച്ഛമ്മയുടെ റിച്ചി യും... ഒക്കെ എനിക്ക് കാണാം... "

ഇപ്പൊ പറ
ഈ നിധികൾ വില മതിക്കാൻ പറ്റുമോ....?

 പാർവതിയുടെ കണ്ണുകളിൽ കണ്ണീരിന്റെ തിളക്കം മാളൂന്  ശരിക്കും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല... കാരണം അവളുടെ  കണ്ണുകളിലും കണ്ണുനീരിന്റെ തിളക്കം... "
ഇല്ല പാറു ഇത് വിലമതിക്കാൻ ആവാത്ത നിധി തന്നെ ആണ്... ഇനി ഈ നിധി ക്ക് ഞാനും കാവലാൾ ആകാം....എന്നും... "
---------------------------------------------------------------------------------------
ദീപാ പാർവതി,  കൊല്ലം ‌ സ്വദേശം. ഇപ്പോൾ മാലദ്വീപിൽ അദ്ധ്യാപിക. മലയാളത്തിലും, ഇംഗ്ലീഷിലും എഴുതുന്ന ദീപയുടെ കഥകളും കവിതകളും ലേഖനങ്ങളും നിരവധി പുസ്തകങ്ങളിലും,  ആനുകാലികങ്ങളിലും  പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടാതെ ഓസ്ട്രിയ കേന്ദ്രീകരിച്ചുള്ള രണ്ട് പ്രൊജക്ടുകളിൽ ദീപയുടെ കഥകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും കഥ, കവിത, ലേഖനങ്ങൾ സ്ഥിരമായി എഴുതാറുണ്ട്.  
അറിയപ്പെടുന്ന   സാമൂഹ്യപ്രവർത്തകയും  ആണ്‌.

Facebook Comments

Comments

  1. RAJU THOMAS

    2021-04-03 19:02:52

    വളരെ നന്നായിട്ടുണ്ട്. എന്നാൽ ചില തെറ്റുകളുണ്ട്. എന്റെ പ്രശ്‍നം അതല്ല. ഇവിടെ കഥാമത്സരം നടക്കുമ്പോൾ എഴുത്തുകാരിയുടെ അപദാനങ്ങൾ അരുതായിരുന്നു--അത് വിലയിരുത്തലിനെ ബാധിക്കില്ലേ?

  2. Ninan Mathulla

    2021-04-03 16:55:42

    Very good story!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

View More