-->

kazhchapadu

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

Published

on

''ഉടനെ പുറപ്പെടണം. അച്ഛന് വയ്യ ഒരു ഓപ്പറേഷന്‍ വേണ്ടിവരും. നീ വന്നിട്ട് തീരുമാനിക്കാം.... നീയുണ്ടെങ്കിലേ സമാധാനമുള്ളൂ. അതുകൊണ്ട് വേഗം എത്തണം.... '' അമ്മയുടെ ഫോണിലൂടെയുള്ള ഇടറിയ സ്വരം ഉണ്ണിയെ വേദനിപ്പിച്ചു .
 
കുറച്ചു ദിവസം ലീവിനു എഴുതി കൊടുത്തശേഷം ഉണ്ണി പെട്ടെന്നു തന്നെ നാട്ടിലേയ്ക്ക് പുറപ്പെട്ടു.   എടപ്പുറത്തെ ശങ്കുണ്ണിനായര്‍ റിട്ടയേര്‍ഡ്  പോസ്റ്റ്മാഷാണ്. ശകുന്തള എല്‍ .പി.സ്ക്കൂളിലെ പ്രധാന അധ്യാപികയും. രണ്ടുകൊല്ലം കൂടിയേയുള്ളൂ  വിരമിക്കാന്‍. രണ്ടുമക്കളാണവര്‍ക്ക്. ഉണ്ണിയും ഉമയും. ഉണ്ണി ബിടെക് കഴിഞ്ഞതും ഒരു ഐ.ടി. കമ്പനിയില്‍ ഉദ്യോഗത്തിനു കയറി. ഉമ പ്ളസ് ടുവിനു പഠിക്കുകയാണ്.
 
നാട്ടില്‍ നിന്നും നഗരത്തിലേയ്ക്ക് പറിച്ചു നട്ട ജീവിതത്തിനിടയില്‍ സുമുഖനായ ഉണ്ണിയുടെ പിറകെ പല പെണ്‍കുട്ടികളും പ്രേമാഭ്യര്‍ത്ഥനയുമായി കൂടിയെങ്കിലും അതിലൊന്നും അയാള്‍ വീണില്ല. എന്നാല്‍  ജലജയെ പരിചയപ്പെട്ടതു മുതല്‍ അവളോട് സ്‌നേഹം തോന്നി. ജാതിയില്‍ അയാളേക്കാള്‍ താഴ്ന്നതുകൊണ്ട് വീട്ടുകാരോട് ഇതുവരെ അതൊന്നും  പറഞ്ഞിട്ടില്ല . . എതിര്‍പ്പുകളുണ്ടാകുമെന്നു അയാള്‍ക്കറിയാം .
ഉണ്ണി റെയില്‍വേസ്റ്റേഷനിലേയ്ക്ക് നടക്കുമ്പോള്‍ ജലജ ഒപ്പം ഉണ്ടായിരുന്നു .
 
''വേഗം വരാന്‍ നോക്കണേ ...ഉണ്ണ്യേട്ടാ ...''
അവള്‍ക്ക് വല്ലാത്തൊരു വിഷമം തോന്നി . ചെറിയൊരു തലവേദനയുടെ കാര്യം അവളോടു പറഞ്ഞതാണ് പ്രശ്നമായത്. ''സൂക്ഷിക്കണേ...ഉണ്ണ്യേട്ടാ....പറ്റുമെങ്കിലവിടെ ഒരു  ഡോക്ടറെ കാണിക്കണംട്ടോ.....''
 
''ഏയ് സാരംല്യ  ജലജേ.....''
 
അവള്‍ അയാളുടെ നെറ്റിയില്‍ തലോടി ... 
''ഒരുമാസം ...ഇയ്ക്കറീല്ല ....'' അവളുടെ കണ്ണുകളില്‍ നീര്‍പൊടിഞ്ഞു.
 
''ദേ നോക്ക്യേ ...നീയിങ്ങനേ വിഷമിച്ചിരുന്നാല്‍  എനിക്കെങ്ങനെ സമാധാനമുണ്ടാകും..ഒരു  മാസം അതിപ്പോ കഴിയും ജലജേ ....പോകാതെ പറ്റില്ല്യ ...ഞാനുണ്ടായേ പറ്റൂ...അച്ഛന്  ....   ... എന്തായാലും  ഞാന്‍ പോകാതെ പറ്റില്ല  നിന്നോടു പറഞ്ഞുവല്ലോ ....''
 
അവള്‍ വിഷമത്തോടെയാണെങ്കിലും പുഞ്ചിരിച്ചു. ''അറിയാഞ്ഞിട്ടല്ല..ഉണ്ണ്യേട്ടാ.....എന്തോ .....ഉള്ളിലൊരു...ആധി.....''
 
''ഏയ്....വെഷമിക്കണ്ട.....പറ്റുമെങ്കി...വേഗം....വരാംനോക്കാം....ട്ടോ ...''അയാള്‍  അവളുടെ കൈവിരലില്‍  തഴുകി ..
 
''എടയ്ക്ക് ..വിളിക്കണേ .....'' അവള്‍ ഓര്‍മ്മപ്പെടുത്തി
 
ട്രെയിന്‍ അരമണിക്കൂര്‍ ലേറ്റായിട്ടാണ് എത്തിയത് . ലഗ്ഗേജുമായി ഉണ്ണി ട്രെയിനില്‍ കയറി . അവള്‍ കൈവീശി കൊണ്ടിരുന്നു. അയാള്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ അവളവിടെതന്നെ നിന്നു. അയാള്‍ക്കു അസ്വസ്ഥത തോന്നി. 
 
ജലജ അങ്ങിനെയാണ് . അവളെത്ര മാത്രം തന്നെ സ്നേഹിക്കുന്നു. ഒരു ദിവസം പോലും പിരിഞ്ഞു നില്‍ക്കാനാവള്‍ക്കാവുന്നില്ല .  കല്യാണം കഴിഞ്ഞിട്ടുപോലുമില്ല എന്നിട്ടു പോലും ഇങ്ങനെ .
 
നേരം പുലരാറായപ്പോഴാണ് വണ്ടി നാട്ടിൻപുറത്തെ സ്റ്റേഷനിലെത്തിയത് .സമയം മൂന്നേമുക്കാലേ ആയിട്ടുളളൂ. തിരുപ്പുരയിലേയ്ക്കു അവിടെ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരമുണ്ട് . 
പുറപ്പെടും മുന്‍പേ തന്നെ ഉണ്ണി  ഫോണ്‍വിളിച്ചിരുന്നപ്പോള്‍ അമ്മ പറഞ്ഞതാണ്. 
 
''ഭാസ്ക്കരന്‍ നായരുടെ കാറേല്‍പ്പിക്കാം മോനെ ...നീ പുലര്‍ച്ചെയ്ക്കെത്തും മുന്‍പേ ഒന്നു മിസ്ഡ്കോള്‍ അടിച്ചാമതി ...
 
 
വേണ്ടമ്മേ ഞാനെത്തിക്കോളാം ....ഒറക്കം കളയണ്ട ... ഉണ്ണി അറിയിച്ചു.
സ്റ്റേഷനിലെ വിശ്രമമുറിയില്‍ തിരക്കുതന്നെ . 
മുഖം കഴുകി ഒരു ചായയും കുടിച്ച് അയാള്‍ സിമന്‍റു ബെഞ്ചില്‍ പോയി ഇരുന്നു. അച്ഛനെകുറിച്ചോര്‍ക്കുമ്പോഴൊക്കെയും നെഞ്ചിനുള്ളില്‍ വല്ലാത്തൊരു വിഷമം.
 
തല വല്ലാതെ വേദനിയ്ക്കുന്നുണ്ട്. ബാഗ് തലയിണയാക്കി ബെഞ്ചില്‍ ചാരികിടന്ന് അങ്ങിനെ അല്പം മയങ്ങിപോയി . കണ്ണുതുറന്നപ്പോള്‍ നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. സമയം ആറ് പത്തായി . വല്ലാത്തൊരു വിങ്ങലുണ്ട് തലയ്ക്കുള്ളില്‍. രണ്ടുദിവസം മുമ്പേ തുടങ്ങിയതാണ്. തല പെരുക്കുന്നു. 
ഉണ്ണി പുറത്തുകടന്നു .ഓട്ടോറിക്ഷാ വരിവരിയായി കിടക്കുന്നതില്‍ ഒന്നില്‍ ചെന്നു കയറി 
ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോള്‍ ചോദിച്ചു 
 
''എവിടെയ്ക്കാ ....''
 
''തിരുപ്പുരയിലേയ്ക്ക് .....''
 
''ങ്ങേ ....''ഡ്രൈവര്‍ സംശയത്തോടെ അയാളെ നോക്കി .''തിരുപ്പുരയോ ....അതെവിടെയാണ് ....
''കവലയില്‍നിന്ന് തെക്കോട്ടുള്ള വഴി ....'' അയാള്‍ വഴി പറഞ്ഞു കൊടുത്തു 
 
തിരുപ്പുര എന്ന പേര് ഡ്രൈവര്‍ അതിനുമുന്‍പേ കേട്ടിട്ടേയുണ്ടായിരുന്നില്ല. ഉണ്ണി പറഞ്ഞ വഴി തിരുപ്പുരയിലേയ്ക്കുള്ളതുമല്ലായിരുന്നു ..വണ്ടിയിലിരിക്കുന്ന ആള്‍ക്കു തെറ്റിയതാകുമോ എന്നു കരുതി കുറച്ചുദൂരം ഓടികഴിഞ്ഞതും ഡ്രൈവര്‍ ചോദിച്ചു 
''സാര്‍ ..വഴി ഇതു തന്നെയാണോ ... തെറ്റിയിട്ടില്ലല്ലോ ''
 
ഇല്ല ..ഇതുതന്നെ ....''ഉണ്ണി തീര്‍ച്ച പറഞ്ഞൂ 
 
വണ്ടി കുറെദൂരം ഓടി ഒരുപാടവും അതിന്‍റെ ഓരത്തുള്ള അമ്പലവും എത്തിയപ്പോള്‍ ഉണ്ണി പറഞ്ഞു .
''സ്ഥലമെത്തി ...ഇബടെ ..നിറുത്താം ...''
 
ഡ്രൈവര്‍ ആലോചിച്ചു .പലപ്രാവശ്യം ഈ വഴി വന്നിട്ടുള്ളതാണ് .തിരുപ്പുര എന്ന സ്ഥലം ഇതാണോ ...വന്ന ആള്‍ക്കു എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു സൂക്ഷിച്ചു നോക്കി . ''സാര്‍ ....ഇവിടെ ആദ്യായിട്ടാണോ  വരണത് ''
 
''ഇവിടെയാണ് എന്‍റെ വീട് ...ആ പാടം കയറിയാല്‍ ''
''സാര്‍ ..ഈ സ്ഥലം തിരുപ്പുരയല്ലല്ലോ ....''
 
''എനിക്ക് അറിയാവുന്നതില്‍ കൂടുതല്‍ തനിക്കാണോ നിശ്ചയം ....'' ഉണ്ണി ലേശം ഗൗരവത്തോടെ പറഞ്ഞു
 
വന്ന ആള്‍ സ്ഥിരബുദ്ധിയില്ലാത്തവനാണോയെന്ന് ഡ്രൈവര്‍ സംശയിച്ചു  . ഇനി കൂലി കിട്ടിയില്ലെങ്കിലോ എന്ന വിചാരത്തോടെ ഡ്രൈവര്‍ പറഞ്ഞു 
 
''നൂറ്റിഇരുപത് രൂപ ...''
'ങ്ങേ ...നൂറ്റി ഇരുപതോ ....എണ്‍പത് രൂപയാണ് ഞാന്‍ കൊടുക്കാറുളളതല്ലോ ..''
 
രാവിലെ തന്നെ ഒരു തര്‍ക്കം വരുമല്ലോ എന്നുള്ള  വിചാരം ഡ്രൈവര്‍ക്ക് ദേഷ്യം വരുത്തി .അയാള്‍  പിറുപിറുത്തു . ഓരോരോ മാരണങ്ങള്‍ കേറും ...
 
''ങ്ങേ ..എന്താ....ഉണ്ണി ..''.തിരിഞ്ഞു 
 
''പൈസയെടുക്ക് ....നൂറ്റി ഇരുപത് ''
 
അയാള്‍ പേഴ്സ് തുറന്ന് നോട്ടെടുത്ത് കൊടുത്തു .
ഓട്ടോകാരന്‍ പിറുപിറുത്തു ..രാവിലെതന്നെ എവിടെനിന്നു വരണൂ ഇവറ്റകളൊക്കെ ....
 
ഉണ്ണി അമ്പലപറമ്പിന്‍റെ മൂലയില്‍ കൂടി നടന്നു . അന്നേരം തൊഴുത് പ്രദക്ഷിണവും വച്ച് കല്ലേറ്റിലെ  ചന്ദ്രന്‍ നായര്‍ വരുന്നതു  കണ്ടു  . കുറെകാലമായി ചന്ദ്രന്‍ നായരെ കണ്ടിട്ട് .വരുമ്പോളൊന്നും കാണാറില്ലായിരുന്നു.
 
ഉണ്ണി വെറുതെ ചിരിച്ചു . ചന്ദ്രന്‍ നായര്‍ ഉണ്ണിയെ സൂക്ഷിച്ചു നോക്കി . 
എന്താ ചന്ദ്രേട്ടാ.......സുഖല്ലേ ...
 
''ങ്ങാ ....ആരാ .....,'
''എന്നെ അപ്പളയ്ക്കും മറന്നോ ....',
 
ചന്ദ്രന്‍ നായര്‍ വീണ്ടും ശ്രദ്ധിച്ചു നോക്കി ഒരു പരിചയവും തോന്നുന്നില്ലല്ലോ  ഈ ചെറുപ്പക്കാരനെ ആദ്യമായിട്ടാണ് കാണുന്നതു തന്നെ എന്നാല്‍  അയാള്‍ക്ക്  നല്ലപരിചയവും. ചന്ദ്രന്‍നായര്‍ അങ്ങനെ തന്നെ സ്തംഭിച്ചു നിന്നു 
 
''എബടെത്ത്യാ....''
''എടപ്പുറത്തെ ശങ്കുണ്ണിനായരുടെ മോന്‍ ..ഉണ്ണിയാണ് ചന്ദ്രേട്ടാ....''
 
ചന്ദ്രന്‍ നായര്‍ വീണ്ടും പകച്ചു നിന്നു. ''ഏത് എടപ്പുറത്തെ ... അയാള്‍ക്കൊരു പിടിയും കിട്ടിയില്ല . 
 
ഉണ്ണി ബാഗും തൂക്കി അമ്പലകുളത്തിന്‍റെ വശത്തെ പാടവരമ്പിലൂടെ നടന്നു . എതിരെ പാല്‍ക്കാരി ശിവകാമി രണ്ടുകൈയ്യിലും പാല്‍ക്കുപ്പികളും സഞ്ചിയില്‍ തൂക്കി വരുന്നു . ചെറുപ്പത്തില്‍ അസുഖം വരുമ്പോള്‍ കഷായം കുടിക്കാതെയിരിക്കുമ്പോള്‍ ശിവകാമിയുടെ പേരു പറഞ്ഞാണ് ഭയപ്പെടുത്തിയിരുന്നത് . വളര്‍ന്നപ്പോള്‍ അറിഞ്ഞു .അവരൊരു സാധുസ്ത്രീയായിരുന്നെന്ന്.
 
 
''എന്താ ശിവകാമി ..വിശേഷം ....''അയാള്‍ ലോഹ്യം ചോദിച്ചു .
ശിവകാമി അപരിചിതനായ ചെറുപ്പക്കാരനെ നോക്കി. ഇതിനുമുന്‍പ് കണ്ടിട്ടേയില്ലല്ലോ  .ആരായിരിക്കും 
...ഉണ്ണി വീണ്ടും ചോദിച്ചു ..'' ''.മോളുടെ പഠിപ്പൊക്കെ നിറുത്തീന്നു കേട്ടല്ലോ ....''
 
''പഠിപ്പിക്കാനൊക്കെ പറ്റണ്ടേ മോനെ .....''അവള്‍ പരിഭ്രമം മുഖത്തു കാണിക്കാതെ പറഞ്ഞു ..
 
''നല്ലവണ്ണം പഠിച്ച കുട്ട്യല്ലേ ...
 
''മോനെ ..ഇയ്ക്ക് മനസ്സിലായില്ല ...ചോയിക്കട്ടെ ...എബടത്ത്യാ ....''
 
''എന്താ ശിവകാമീ ഇത്....ഒന്നും ഓര്‍മ്മേല്യാത്തപോലെ...ഞാന്‍ എടപ്പുറത്തെ ...ശങ്കുണ്ണ്യേട്ടന്‍റെ ..മോന്‍ ഉണ്ണ്യാ ....''
 
''എടപ്പുറത്തെ ......ഉണ്ണ്യോ ....
 
 ഈ നാട്ടില്‍ ഏതാണ് എടപ്പുറത്തെ വീട്....താനറിയാതെ ഏതുവീടാണത് .... ശിവകാമി  അയാളെ സംശയത്തോടെ  വീക്ഷിച്ചു നിന്നു .
 
പാടത്തിന്‍റെ തെക്കേമൂലയില്‍  വെളളം നിറഞ്ഞുകിടക്കുന്ന കോക്കരയിലെ കുളക്കടവില്‍ നല്ല തിരക്കുണ്ട്. രാവിലെതന്നെ പെണ്ണുങ്ങളും ആണുങ്ങളും കുളിക്കുന്നതും അലക്കുന്നതും അവിടെതന്നെ. ഉണ്ണി അവിടെയെത്തിയതും കുളികഴിഞ്ഞ്  കല്‍പ്പടവുകള്‍ കയറി ശ്യാമള വഴിയില്‍  തൊട്ടടുത്തെത്തി. നനഞ്ഞു പിഴിഞ്ഞുടുത്ത വസ്ത്രത്തില്‍ തെളിയുന്ന യൗവ്വനത്തെ അയാള്‍ കണ്ണെടുക്കാതെ നോക്കി .
 
ശ്യാമളയ്ക്ക് വഴിയില്‍ നില്‍ക്കുന്ന ആളാരെന്ന് പിടികിട്ടിയില്ല .എന്തൊരു നോട്ടമാണ് .അവള്‍ ധൃതി പിടിച്ച് നടന്നു . ''ശ്യാമളേ ....ഞാനും ആവഴി തന്നെയാ ...നില്‍ക്ക് ...''
 
അവള്‍ക്കതു കേട്ട് പരിഭ്രമമായി .തന്‍റെ പേരെങ്ങനെ ഇയാള്‍ മനസ്സിലാക്കി. അവള്‍ വേഗം നടന്നു .
എടപ്പുറത്തെ ശങ്കുണ്ണ്യേട്ടന്‍റെ വീടിന്‍റെ മുന്നില്‍ തന്നെയാണ് ശ്യാമളയുടെയും  വീട് .കൊരട്ടിശ്ശേരി  കമലാനന്ദന്‍റെ ഒരേയൊരു മോള് . ശ്യാമളയും ഉണ്ണിയും കുട്ടികാലം മുതലേ ഒരുമിച്ചാണ് പഠിച്ചതും കളിച്ചതും . ഉണ്ണിയോട് അവള്‍ക്ക് വല്ലാത്ത  പ്രേമമായിരുന്നു. ശ്യാമള അല്‍പ്പം കറുത്തിട്ടായിരുന്നു. എങ്കിലും മുഖശ്രീയുണ്ടായിരുന്നു. നീണ്ട പനങ്കുലപോലുള്ള മുടിയും. ഉണ്ണിയ്ക്കാണെങ്കില്‍ ക്ളാസിലെ ലതയോടായിരുന്നു പ്രേമം .ശ്യാമളയ്ക്ക്  അത് നിരാശയും വിഷമവും ഉണ്ടാക്കി.
 
ഒരു ദിവസം വൈകുന്നേരത്ത് ശ്യാമള കേറിവന്നു. ''ഉണ്ണീല്ല്യേ....ശകുന്തളേടത്തി...''
 
''ഉവ്വല്ലോ.....''
 
''ഉണ്ണി....ദേ ശ്യാമ വന്നിരിക്കണൂ....''അമ്മവിളിച്ചു...
 
ശ്യാമള മുറിയില്‍ കയറി മേശയുടെ അരികിലായി നിന്നു... 
ശ്യാമള വന്നതും ഉണ്ണി പുസ്തകം അടച്ചുപിടിച്ചു .എന്തോ ഒളിക്കുകയാണെന്ന് ശ്യാമളമനസ്സിലാക്കി 
 
''ആ പുസ്തകം ഒന്നു തര്യോ....''
''ഏത് ....''ഉണ്ണി കള്ളനെപോലെ പരുങ്ങി 
 
പുസ്തകത്തിനുള്ളില്‍ ലതയുടെ ചിത്രമാണ് ശ്യാമള കണ്ടുപിടിച്ചാല്‍ ...ഈ നേരത്ത് അവള്‍ വന്നു കേറുമെന്ന് വിചാരിച്ചേയില്ല. 
 
ഉണ്ണി മേശവലിപ്പില്‍ പുസ്തകം പൂഴ്ത്താന്‍ നോക്കി 
''എനിക്കറിയാം ...പുസ്തകത്തിനുള്ളില് ...എന്താന്ന് ..''
ഉണ്ണി ..പരിഭ്രമത്തോടെ അവളെ നോക്കി 
ഞാന്‍ ശകുന്തളേട്ടത്തിയോട് .. പറയാന്‍ ...പൂവ്വാ ...അവള്‍ ഭീഷണിപ്പെടുത്തി.
 
അയാള്‍ക്കു ശ്യാമളേ കൊല്ലാനുള്ള ദേഷ്യം വന്നു.
''നീയെന്തിനാ ..ഇങ്കട് വന്നേ ...ശല്ല്യം ...''
അതു കേട്ടതും അവള്‍ക്ക് വല്ലാതെ വേദനതോന്നി 
 
''ഉണ്ണിയ്ക്കെന്നെ തീരെയിഷ്ടല്ല്യാലേ.....''''ഞാന്‍ ഇനി വരേ ഇല്ല്യ ....''അവള്‍ ഏങ്ങലടിച്ചു 
 
ഉണ്ണിയ്ക്കു അങ്ങനെ പറയേണ്ടിയിരുന്നില്ലാന്നു തോന്നി.
 
ശ്യാമള കരയുന്നത് എന്തിനെന്നു ചോദിച്ചാല്‍ ...അവള്‍ ലതയുടെ കാര്യം പറഞ്ഞാല്‍ ....ഉണ്ണി അവളെ സമാധാനിപ്പിക്കാന്‍ നോക്കി 
''ശ്യാമളേ കരയല്ലേ ....''
 
''ഇല്ല്യ ..ഞാന്‍ പൂവ്വാ ...ലതേടെ കാര്യോം എല്ലാരൂം അറിയട്ടേ ...''
 
ഉണ്ണി പെട്ടെന്ന് അവളുടെ കൈയ്യില്‍ പിടിച്ച് ഞെരിച്ചു . കുപ്പിവളകള്‍  പൊട്ടി താഴെവീണു..അവള്‍ അയ്യോ എന്ന് നിലവിളിയ്ക്കാനാഞ്ഞതും ഉണ്ണി അവളുടെ വായ പൊത്തി പിടിച്ചു  .ഒരു നിമിഷം ...ശ്യാമളയുടെ കൈകള്‍  ഉണ്ണിയെ വരിഞ്ഞു മുറുക്കി .. ചുണ്ടുകള്‍ ഉണ്ണിയുടെ കവിളില്‍ അടയാളം പതിപ്പിച്ചു .ഉണ്ണി വല്ലാതായി .
''ഉണ്ണിനേ ....എനിക്ക് ..ഭയങ്കര ഇഷ്ടാ ...''അവളുടെ കൈകള്‍ ഉണ്ണിയെ വീണ്ടും പൊതിഞ്ഞു ...
 
ശ്യാമള പലവട്ടം പിന്നേയും വന്നു ...നിലാവത്ത് കയ്യാല പുറത്തും, കോണിച്ചുവട്ടിലെ ഇരുട്ടിലും ചെമ്പകപൂവിന്‍റെ മണം ശ്വസിച്ചു കിടന്നു  . 
 
ജോലി കിട്ടി പോകുമ്പോള്‍ ശ്യാമള  ചോദിച്ചു .''ഉണ്ണി ....നിന്നെയോര്‍ത്താണ് ... ഇനിയുള്ള ജീവിതം ..വേറൊരാളെ.... ഇല്ല .....നിന്‍റെ ഓര്‍മ്മയുമായി .....''ശ്യാമളയുടെ വേദന നിറഞ്ഞ നോട്ടം പിടിച്ചുലച്ചു .. ജോലിയിടങ്ങളില്‍ തന്നോടു അടുത്തുകുടി വന്നവരെ ശ്രദ്ധിക്കാതെ കുറെകാലം .ഒടുവില്‍ ജലജയുടെ സൗന്ദര്യത്തെയും സ്നേഹത്തേയും തള്ളികളയാന്‍ കഴിഞ്ഞില്ല .
 
''ശ്യാമളേ .....''ഉണ്ണി പിന്നാലെ നടന്നു ...ശ്യാമളയ്ക്കു പേടിതോന്നി.  ആരാണിയാള്‍ ..ശ്യാമള ഓടി വീട്ടിലെത്തി ....പിന്തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ ഇങ്ങോട്ടേയ്ക്ക് തന്നെ വരുന്നു .അവള്‍ വാതില്‍ അടച്ച് കിതച്ചു നിന്നു.
 
ഉണ്ണി  തന്‍റെ വീട്ടുപടിക്കലെത്തി .പടിപ്പുരയില്‍ ഫലകത്തില്‍ എടപ്പുറത്ത് എന്ന് കൊത്തിവച്ചിട്ടുണ്ട്. തല വീണ്ടും പെരുക്കുന്നു. അയാള്‍ നെറ്റിയില്‍ അമര്‍ത്തി തടവി. പടിപ്പുര കടന്ന് അയാള്‍ മുറ്റത്തെത്തി. പുറത്ത് ആരേയൂം കാണുന്നില്ല .അമ്മേ ....അയാള്‍ വിളിച്ചു കൂവി 
 
പുറത്തു ശബ്ദം കേട്ടതും അകത്തുനിന്നും ഒരു നിഴല്‍ വന്നു .അത് ഉമയായിരുന്നു ....
അവള്‍ അപ്പോള്‍ എഴുന്നേറ്റു വന്നതുപോലേ തോന്നി.
''എന്താടി ..മിഴിച്ച് ..നിക്കണേ ...നീ ഇപ്പോ എണീറ്റേള്ളൂ.......മടിച്ചി ....''അയാള്‍ ചിരിച്ച് മുന്നോട്ടു നടന്നു.
ഉമ ഞെട്ടി ...ആരാണിയാള്‍ ...ഒരു പരിചയവുമില്ലാതേ തന്നോടിങ്ങനെയൊക്കെ പറയണത് 
''ആരാ ...എന്താ ..വേണ്ടേ .....''
 
''ഡീ ..ഉമേ ...നീയെന്താ ..ഉറക്കം വിട്ടില്ലേ ...ഉണ്ണ്യേട്ടനെത്തിന്ന് ..പറയെടീ .....അമ്മ എവടെ ....''അയാള്‍ അകത്തേയ്ക്കു നടക്കാന്‍ ഭാവിച്ചു
''അവടെ ..നിക്ക് ...ആരാ ...നിങ്ങള് ...അമ്മേ ..ദേ....ഇബടെ ഒരാള് .....''അവള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും ഒരേസമയം കണ്ണയച്ച് ശ്രദ്ധിച്ചുകൊണ്ട് വിളിച്ചു .
 
''എന്താടീ .....വിളിച്ചുകൂവണേ ....ങ്ങേ ....''അകത്തുനിന്നും ശകുന്തള ധൃതി പിടിച്ച് വന്നു .
അയാള്‍ അമ്മയെ കണ്ടതും സന്തോഷത്തോടും അതോടൊപ്പം അനുജത്തി കാട്ടികൂട്ടിയ വികൃതിയും പറയാന്‍ തുടങ്ങി .
 
''അമ്മേ ...ഇവള് ഉറക്കപിച്ചില് ചോയിക്കാ എന്നോട് ആരാന്ന് ...അമ്മ തന്നെ പറഞ്ഞു കൊടുക്ക് ....''അയാള്‍ ശകുന്തളയുടേ അരികിലെത്തി ....അതു കണ്ടതും അവര്‍ രണ്ടടി പിന്നോട്ട് മാറി 
 
''അതന്ന്യേ .ഞാന്‍ ചോയിക്കണേ ....നീയേതാ ..കൊച്ചെ ....''
 
''അമ്മേ ....''അയാള്‍ സ്തബ്ധനായി 
''എന്താ പറ്റ്യേ ...എല്ലാര്‍ക്കും ...അമ്മേ '' അയാള്‍ ഉറക്കെ വിളിച്ചു 
 
''അമ്മയോ ...നീയേതാ ....''
 
''അമ്മേ ...ഞാന്‍ ...ഉണ്ണി .....''
 
ഉമ പെട്ടെന്ന് ചിരിച്ചു ....
 
അതു കണ്ട് ശകുന്തളയും ചിരിച്ചു 
 
''നിങ്ങളെന്തിന് ഇങ്ങനെ ചിരിക്കണേ ''
 
''മോനെത് ഉണ്ണീടേ കാര്യാ പറയണത് .....''
''ഇബടത്തേ ....അമ്മേടെ മകന്‍റെ ....''
വീണ്ടും ചിരി .....
ചിരി കേട്ടാണ് ...അപ്പുറത്തുനിന്നും ശങ്കുണ്ണ്യേട്ടന്‍റെ വരവ് 
 
''എന്താ രാവിലേ തന്നെ ഒരു ചിരി ''
 
''അല്ലാപിന്നെ...ഇതൊക്കെ കേട്ടാ...എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും ''
അപ്പോഴാണ് ശങ്കുണ്ണിനായര് അത് കണ്ടത് . ബാഗും തൂക്കി ഒരു ചെറുപ്പക്കാരന്‍ .
 
''ഇതാരാ ....''
 
''അച്ഛാ  ഉണ്ണിയാണത്രെ ....''
''ഏത് ...''
 
''ഇബടത്തേ ഉണ്ണീയാണെന്നും പറഞ്ഞ്  വന്നേക്കണു ..അതാ ചിരിച്ചത് ''
അച്ഛനൂം ചിരിച്ചു 
''അച്ഛാ.....അമ്മേ ..നിങ്ങക്കൊക്കെ എന്താ പറ്റീത് ...ഓര്‍മ്മ നശിച്ചോ ...ഞാനിബടത്തെ ഉണ്ണ്യാ അച്ഛാ .....അച്ഛന്....എന്താ കുഴപ്പം ....ഇപ്പോ വല്ല വിഷമോം ....''
 
''നീയേതാ ..കുട്ടീ ......''അച്ഛന്‍ ചോദിക്കുന്നു ...
''എനിക്കെന്തു കൊഴപ്പം ...നല്ല കാര്യം ....''
''വീടുതെറ്റീതാവും ...എന്തോ അസുഖംള്ള പോലേ  തോന്നണുണ്ട് എനിക്ക് .....''അമ്മ പറയുകയാണ് 
അയാള്‍ക്ക് കരച്ചില്‍ വന്നു ...തലയില്‍ വല്ലാതെന്തോ കിടന്നു പെരുകുന്നുമുണ്ട് 
 
''അച്ഛാ.....വല്ലതും കൊടുത്തുവിടൂന്നേ ..പാവം ..സ്ഥിരബുദ്ധീല്ലാന്നു തോന്നുണൂ ....''ഉമ സഹതപിച്ചു
 
''മോളേ ...എന്തെങ്കിലും എടുത്ത് കൊടുക്ക് എന്‍റെ ബാഗിലുണ്ട് ...''
 
''അമ്മേ ....എന്താത്...ഞാന്‍.....ഇബടത്തെ..ഉണ്ണി.... ഞാനിവിടെ ....എന്‍റെ വീടാ ഇത് ..ഉണ്ണ്യാ ഞാന്‍ ...''
 
''ഇബടത്തേ ഉണ്ണ്യോ ...അതുനന്നായി ...മോളേ അവനെ വിളിക്ക് ''
 
 ''ഉറക്കച്ചടവുണ്ടാവും കുട്ടിയ്ക്ക് ....ഇന്നു പുലര്‍ച്ചയ്ക്കല്ലേ  വന്നു കിടന്നത് ..എന്നാലും വിളിയ്ക്ക് ....''
''അങ്ങനെങ്കിലും ഇതൊന്നു പോട്ടേ ...''
 
അമ്മ പറയുന്നൂ 
 
''എന്താ ..അമ്മേ ..ഇബടെ ....അകത്തു നിന്നും ഒരാള്‍ പുറത്തേയ്ക്ക് വന്നു ...''
 
''മോനെ ..നീയാണെന്ന് പറഞ്ഞ് ഒരാള് ..ദേ ..വന്ന് കൊറെനേരായി .....''
 
അയാള്‍ ഉറക്കച്ചടവോടുള്ള മുഖവുമായി ഉണ്ണിയുടെ നേരെ മുന്നിലെത്തി .
 
''ഒന്നേ നോക്കിയുള്ളൂ ...''
 
തന്‍റെ ഛായ .മുന്നില്‍ കണ്ണാടിയില്‍ നോക്കുന്ന പ്രതീതിയായിരുന്നു .
 
''നീയാരാണ് .....''
 
അയാള്‍ ചോദിച്ചു 
 
''ഞാന്‍ ഉണ്ണി ....''
 
''ഏത് ഉണ്ണി ...''
 
''എടപ്പുറത്തെ ശങ്കുണ്ണിനായരുടെ ...മകന്‍ ''
 
''എടപ്പുറത്തെ .....''
 
അയാള്‍ വല്ലാതെ ചിരിച്ചു .അതുകേട്ട് എല്ലാവരും ചിരിച്ചു കുഴഞ്ഞു .
 
''ഞാനാണ് ഇബടത്തെ ഉണ്ണി ...''
 
''അപ്പോള്‍ ഞാന്‍......'' അയാളുടെ കണ്ണുനിറഞ്ഞു
 
''അത് ഞങ്ങള്‍ക്കും അറീല്ല .....എടപ്പുറം...നാശം രാവിലെ തന്നെ ...ഓരോരുത്തര്‍ വലിഞ്ഞു കേറിവരും .....''അയാള്‍ അമറി ...
 
''അമ്മേ ......അച്ഛാ ......''അയാളുടെ തൊണ്ടയടഞ്ഞൂ 
 
 ''പൊക്കോ..വേഗം....അമ്മ പറയുകയാണ്‌....''
 
അയാള്‍ വേച്ചുവേച്ച് വേദനകടിച്ചമര്‍ത്തി പതുക്കെ തിരിഞ്ഞു. പടിപുരകടന്ന് ഒന്നുകൂടി പിന്തിരിഞ്ഞു നോക്കി . അയാള്‍ക്കപ്പോള്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല.
 
റെയില്‍വേസ്റ്റേഷനിലേയ്ക്ക് തിരിച്ചുപോകുമ്പോള്‍ പല പരിചിതമുഖങ്ങളും അയാള്‍ക്കെതിരെ നടന്നൂ പോന്നെങ്കിലും അവര്‍ക്കെല്ലാം അയാള്‍ അപരിചിതനായിരുന്നു.
 
ഉണ്ണി തിരിച്ച് ജോലിസ്ഥലത്ത് വന്നിറങ്ങിയത് വല്ലാത്തൊരു അവസ്ഥയിലായിരുന്നു . അയാള്‍ ജലജയെ അന്വഷിച്ച്  അവളുടെ ഫ്ളാറ്റിലെത്തി. കാവല്‍ക്കാരന്‍ അയാളെ കടത്തിവിട്ടില്ല .ഇതിനുമുന്‍പേ അയാള്‍ എത്രയോ തവണ വന്നിട്ടുള്ളതാണ് ...അയാള്‍ ദേഷ്യത്തോടെ ജലജയുടെ ഫോണിലേയ്ക്കൂ വിളിച്ചു .പക്ഷേ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.  അയാള്‍ക്കു ഭ്രാന്തെടുക്കുകയായിരുന്നു .
 
അയാള്‍ തട്ടുകടയില്‍ നിന്നും ഒരു ചായ കഴിച്ച്  ജലജയേയും കാത്ത് ഫ്ളാറ്റിനു മുന്നില്‍ പുറത്തുനിന്നു .കുറെ കഴിഞ്ഞപ്പോള്‍ ജലജ ഇറങ്ങിവരുന്നത് കണ്ടതും അയാള്‍ അവളുടെ അരികിലേയ്ക്ക് ഓടി ...ജലജ അയാളെ കണ്ടെങ്കിലും ഒന്നുനോക്കുകപോലും ചെയ്യാതെ നടന്നു . അതയാള്‍ക്ക് വീണ്ടും ഷോക്കായി.
 
''ജലജേ ....''
 
ഉണ്ണിയുടെ  ശബ്ദം തൊണ്ടയില്‍ കുരുങ്ങികിടന്നു  ജലജ അയാളുടെ മുന്നിലൂടെ അയാളെ ശ്രദ്ധിക്കാതെ നടന്നുപോയി .അയാളുടെ മനസ്സിനകത്തു ഒരു തിരയിളക്കം നടന്നു .ആരും തിരിച്ചറിയാത്ത താനിനി എവിടേയ്ക്കാണ് പോകേണ്ടത് .
 
ഉണ്ണി  ഇടറിയ കാലടികളോടെ നടന്നു .
 
നടന്നു നടന്ന് റെയില്‍വേ സ്റ്റേഷനരികിലെത്തി.
 
''തെക്കോട്ടുള്ള വണ്ടി എപ്പഴാ ....''അയാള്‍  സ്റ്റേഷനിലുണ്ടായിരുന്ന ഒരാളോടു ചോദിച്ചു 
 
''എബടെ പോവാനാ .....''
 
''ഒരിടം .....''
 
''ഇപ്പോ ഒരു വണ്ടീണ്ട് ന്ന് തോന്നണൂ ...ഉവ്വ് ..ഇണ്ട് ..''അയാള്‍ ഉറപ്പിച്ചു പറഞ്ഞു .
 
ഉണ്ണി കുറച്ചു ദൂരം മുന്നോട്ടുപോയശേഷം നേരെ പാളത്തിലൂടെ ഇറങ്ങി നടന്നൂ 
 
അപ്പോള്‍ ഉണ്ണിയ്ക്കെതിരെ   ഒരു  തീവണ്ടി ചൂളം കുത്തി വരുന്നുണ്ടായിരുന്നു. അത്  അയാളെ മുറിച്ച് വളരെ വേഗം കടന്നുപോയി .
------------------------------------------------------------------------------------------------------------------
 
കൃഷ്ണകുമാര്‍ മാപ്രാണം 
 
തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത്  മാടായിക്കോണം ദേശത്ത്  ജനനം.  ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു.
 
1986ല്‍ മുറിവുകള്‍ എന്ന  കഥ  സഖി വാരികയില്‍ പ്രസിദ്ധീകരിച്ചു.   
 
1986ല്‍  കഥാമത്സരത്തില്‍ കാത്തിരിപ്പിന്‍റെ അവസാനം എന്ന കഥയ്ക്ക് സമ്മാനം ലഭിച്ചു .
 
2017ല്‍ വളഞ്ഞരേഖകള്‍ എന്ന കൃതിയ്ക്ക്  സര്‍ഗ്ഗസ്വരം സാഹിത്യ പുരസ്ക്കാരം ലഭിച്ചു.
 
വാരിയര്‍ സമാജം ജില്ലാതലത്തില്‍ ആദരവ് (2018)
 
വിഷന്‍ ഇരിങ്ങാലക്കുട 
ഞാറ്റുവേലമഹോത്സവത്തിന്‍റെ ആദരവ്( 2019)
 
ശ്രീമുരുക കലാക്ഷേത്രയുടെ ആദരവ് (2019)
 
നവോത്ഥാനസംസ്കൃതി കവിതാപുരസ്ക്കാരം (2021)
 
എന്നിവ ലഭിച്ചിട്ടുണ്ട് .
 
വിവിധ ആനുകാലികങ്ങളിലും സമാന്തര  പ്രസിദ്ധീകരണങ്ങളിലും പത്രത്തിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് .
 
പോത്തിക്കരമ്മ  (ഭക്തിഗാനങ്ങള്‍ ),
യക്ഷിയമ്മ (കവിതകൾ) തുടങ്ങി സിഡികൾ   പുറത്തിറക്കിയിട്ടുണ്ട് .
 
FATE (വിധി) ഷോര്‍ട്ട് ഫിലിമിനു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി.
 
പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍
-----------------------------------------
 
കവിതാസമാഹാരങ്ങള്‍
 
1.യാത്രാമൊഴി (2011) 
2.മഴനൂല്‍ക്കനവുകള്‍ (2012) 
3.സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍ (2013)
4.ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍ (2018)
 
കഥാസമാഹാരം 
 
5. വളഞ്ഞരേഖകള്‍ (2013)
 

Facebook Comments

Comments

  1. Sreekumar K

    2021-04-27 03:08:14

    എം മുകുന്ദന്റെ രാധ രാധ മാത്രം എന്ന കഥയല്ലേ ഇത്

  2. Ganesh Raj

    2021-04-04 23:11:20

    ഇയ്യിടെ കൊലപാതകങ്ങൾ, ബലാൽസംഗങ്ങൾ എന്നിവ നടന്നാൽ ചെയ്തവൻ മെന്റൽ ആണെന്ന് പറയും. എഴുത്തുകാരും മെന്റൽ ആകുമോ?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

View More