ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോമാ രൂപം നല്കിയ ഫോമാ ഹെല്പിങ് ഹാന്‍ഡ്, ഫീസ് അടക്കാന്‍ ക്ലേശിച്ച കൊല്ലത്തുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ജി.അഭിരാമിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഫോമക്ക് വേണ്ടി ഫോമയുടെ സഹചാരിയായ ഡോക്ടര്‍ ജേക്കബ് തോമസ് മുന്‍കൈയെടുത്താണ് അടിയന്തിരമായി കൊല്ലം ബീച്ച് റിട്രീറ്റില്‍ വെച്ച് ചെക്ക് കൈമാറിയത്. ഫീസ് അടയ്ക്കാനുള്ള അവസാന ദിവസം , കോളേജില്‍ നിന്നും പുറത്താകുമെന്നുള്ള സാഹചര്യത്തിലാണ് ഫോമാ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ സഹായ ധനം എത്തിച്ചത് . മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഭിരാമിക്ക് ഫീസ് അടക്കുന്നതിനുള്ള സല്‍കര്‍മ്മത്തില്‍,ഫോമ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ്.എ യും ഒരുമിച്ചാണ് പങ്കാളികളായത്.
അഭിരാമിക്കായുള്ള സഹായ അഭ്യര്‍ത്ഥന ഫോമാ ഹെല്പിങ് ഹാന്‍ഡ് മുന്നോട്ട് വെച്ചപ്പോള്‍ തന്നെ കുസുമം ടൈറ്റസ്, സ്വപ്ന രാജന്, ജൂലി ബിനോയ് എന്നിവര്‍ സഹായ വാഗ്ദാനവുമായി എത്തി. അവര്‍ മൂന്ന് പേരുടെയും സഹായത്തോടെയാണ് ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എ യും ചേര്‍ന്ന് അഭിരാമിക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായം ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ എത്തിച്ചത്.
സാമ്പത്തിക ക്ലേശമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിന് ഫോമാ രൂപം നല്കിയ ജീവകാരുണ്യ സഹായ പദ്ധതിയാണ് ഹെല്പിങ് ഹാന്‍ഡ്. നൂറ് ഡോളറില്‍ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ ഹെല്പിങ് ഹാന്റ് പദ്ധതിയിലേക്ക് https://fomaahelpinghands.org എന്ന വെബ്സൈറ്റിലൂടെ സംഭാവനയായി നല്കി ഹെല്പിങ് ഹാന്റില്‍ പങ്കാളികളാകാം.അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളില്‍ പെടുന്നവര്‍ക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന വിധമാണ് ഫോമയുടെ ഹെല്പിങ് ഹാന്‍ഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ , വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍, തുടങ്ങിയവരെയാണ് ഹെല്പിങ് ഹാന്റിന്റെ ഗുണഭോക്താക്കള്‍ ആയി കണക്കാക്കുക.
അഭിരാമിയെ സഹായിക്കാന്‍ സന്നദ്ധരായ കുസുമം ടൈറ്റസ്, സ്വപ്ന രാജന്, ജൂലൈ ബിനോയ് എന്നിവരെ ഫോമാ പ്രസിഡന്റ് ശ്രീ അനിയന് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഹെല്പിങ് ഹാന്‍ഡ്സിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഗിരീഷ് പോറ്റി, ചെയര്മാന് സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ എന്നിവര്‍ അഭിനന്ദിച്ചു. ഫോമയുടെ ഹെല്പിങ് ഹാന്‍ഡുമായി സന്മനസുള്ള എല്ലാ മലയാളികളും സഹകരിക്കാന്‍ ഫോമയുടെ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.