Image

കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ (സിൽജി ജെ ടോം)

സിൽജി ജെ ടോം Published on 06 April, 2021
 കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ  (സിൽജി ജെ ടോം)

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളെയും  ഇളക്കിമറിച്ച  ഒ​രു മാ​സ​ത്തെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, കേരള ജ​ന​ത  ഇന്ന് വി​ധി​യെ​ഴു​തുക​യാ​ണ്. അടുത്ത അഞ്ചുവർഷം കേരളീയരെ  ആര്  ഭരിക്കണമെന്ന് തീരുമാനിക്കുന്ന വോട്ടെടുപ്പിന് രണ്ടേമുക്കാൽ കോടിയോളം വോട്ടർമാർ  പോളിങ്‌ ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. 140 മണ്ഡലങ്ങളിലെയും  വോട്ടർമാർ തങ്ങളുടെ പ്രതിനിധികളെ  തിരഞ്ഞെടുക്കുന്നതിലൂടെ സംസ്ഥാന സർക്കാരിനെയുമാണ് തിരഞ്ഞെടുക്കുന്നത്.  മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലാകട്ടെ ഉപതിരഞ്ഞെടുപ്പും നടക്കുന്നു.  

 957 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ  ജനവിധിതേടുന്നത്. തലശ്ശേരി, ദേവികുളം, ഗുരുവായൂർ ഒഴികെ  137 മണ്ഡലത്തിലും മൂന്നു മുന്നണികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ളി​ങ് ശ​ത​മാ​നം കണക്കിലെടുക്കുമ്പോ​ൾ, ര​ണ്ടു കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​രെ​ങ്കി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം ഉ​പ​യോ​ഗി​ക്കു​മെന്നാ​ണ് കരുതുന്ന​ത്. 
ഈ ബാലറ്റ് യുദ്ധത്തിലെ ജ​ന​വിധിയറി​യാ​ൻ മേയ് രണ്ടുവരെ കാത്തിരിക്കേണ്ടിവ​രുമെന്നതാണ് മടുപ്പിക്കുന്ന ഒരേയൊരു കാര്യം.  

 മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന ചരിത്രമുള്ള  കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നാണ് ആദ്യഘട്ടത്തിലെ പ്രവചനങ്ങൾ . അതേസമയം, ഇത്തവണയും  ഭരണം കൈവിട്ടാല്‍ അത് നിലനില്പിനെ തന്നെ ബാധിക്കുമെന്ന ആശങ്കയിൽ അവസാന ലാപ്പിൽ കളം  നിറഞ്ഞു രംഗത്തുണ്ട് കോൺഗ്രസ് .

ദേശീയനേതാക്കളെല്ലാം രണ്ടും മൂന്നും വട്ടമായി കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിന് ആവേശം പകരാനെത്തി. അവസാനദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സിപിഎം. നേതാവ് വൃന്ദാ കാരാട്ട് തുടങ്ങിയവരാണ് പ്രചാരണരംഗത്ത് നിറഞ്ഞുനിന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിയത് കോണ്‍ഗ്രസിനെ ആദ്യഘട്ടത്തിൽ പിന്നിലാക്കിയിരുന്നു .എന്നാല്‍ വോട്ടെടുപ്പ് ദിനമെത്തിയപ്പോഴേക്കും  ചിത്രം മാറി, മികച്ച  സ്ഥാനാര്‍ത്ഥികളുമായി  പ്രചരണത്തില്‍ സിപിഎമ്മിനൊപ്പം കോൺഗ്രസും  യുഡിഎഫും മികച്ച മുന്നേറ്റം നടത്തി. 

 ഭരണ തുടർച്ച സംബന്ധിച്ച പ്രവചനങ്ങൾ തുടരെ എത്തിയെങ്കിലും അവയിൽ അമിത ആത്മവിശ്വാസം കാട്ടാതെ പഴുതടച്ച പ്രവര്‍ത്തനമാണ്  സി.പി.എം. നടത്തിയത്.ബിജെപിയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ അസ്വസ്ഥതകളുണ്ടായിരുന്നു.

ദേശീയ നേതാക്കളെ ഇറക്കിയാണ് കോണ്‍ഗ്രസും ബിജെപിയും പ്രചരണത്തിന്റെ അവസാന നാളുകളിൽ കളം നിറഞ്ഞത്.

അടിയൊഴുക്കുകൾ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിധി നിർണയിക്കുന്ന  തിരഞ്ഞെടുപ്പാകും ഇത് എന്നാണ് വിലയിരുത്തൽ . പലയിടത്തും ശക്തമായ ത്രികോണ മത്സരം പതിവിലുമേറെ ആവേശം പകർന്നു .  

സർക്കാരിന്റെ ജനക്ഷേമപദ്ധതികളും ഒപ്പം വിവാദങ്ങളും  സാമുദായിക സമവാക്യങ്ങളും ട്വന്റി ട്വന്റിയും കര്‍ഷകസമരവും ഈ തിരഞ്ഞെടുപ്പിനെ  സ്വാധീനിക്കും.  സഭാ തര്‍ക്കവും ശബരിമല വിവാദവും ആഴക്കടല്‍ മത്സ്യബന്ധന വിവാദവും ഇരട്ട വോട്ടുമടക്കം  അടിയൊഴുക്കുകളാകും. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ച്ച പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും നിപ്പ , കോവിഡ് തുടങ്ങിയ ആരോഗ്യ  പ്ര​തി​സ​ന്ധി​ക​ളെ  ശക്തമായി  പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നാ​യതും  ഭരണപക്ഷത്തിന് നേട്ടമാകും.

  എന്നാൽ  പി​ണ​റാ​യി ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യ സ്വർണ്ണക്കടത്ത് ,സ്പ്രി​ൻ​ക്ല​ർ, ആ​ഴ​ക്ക​ട​ൽ ക​രാ​ർ തു​ട​ങ്ങി പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച പ​ല ആ​രോ​പ​ണ​ങ്ങ​ളും ശ​രി​യാ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണ് എന്നതും ഇതിനോട് ചേർത്തുവായിക്കണം. 

ഇടതുപക്ഷം മലബാറിൽ പതിവ് മേധാവിത്വം നിലനിര്‍ത്തുമെന്ന്  വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ    യു.ഡി.എഫും  സീറ്റ് നില ഉയര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷ . 2016 ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറം ഒഴികെ  മലബാറിൽ  വലിയ മുന്നേറ്റമായിരുന്നു എല്‍ഡിഎഫ്  കാഴ്ചവെച്ചത്. ഇത്തവണ മലപ്പുറത്തും  കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന്  എൽ ഡി എഫ്  അവകാശപ്പെടുന്നു . 2016 ല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു വടക്കന്‍ കേരളത്തിൽ .  കാസര്‍കോട് മുതല്‍ മലപ്പുറം വരെ  അഞ്ച് ജില്ലകളിൽ   48 സീറ്റുകളാണ് ഉള്ളത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇതിലെ  28 സീറ്റും  ഇടതുമുന്നണിക്കൊപ്പമായിരുന്നു . യുഡിഎഫിന് ലഭിച്ച 20 സീറ്റുകളില്‍ ഏറെയും മുസ്ലീം ലീഗിന്‍റേതായിരുന്നു. രാഹുൽ ഒപ്പമുള്ളത്  വടക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം കൊണ്ടുവരുമെന്നാണ്  ഇത്തവണ യു ഡി എഫ് പ്രതീക്ഷ.  സീറ്റുകളുടെ എണ്ണം ഏറ്റവും കുറഞ്ഞ് 12 എങ്കിലും ആയി ഉയര്‍ത്താനാവുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെയാണ് ലീഗ് സീറ്റുകള്‍. 

മഞ്ചേശ്വരത്തുൾപ്പെടെ  മണ്ഡലങ്ങളില്‍   ബിജെപിയും വിജയപ്രതീക്ഷ പുലർത്തുമ്പോൾ  മലബാര്‍ മേഖലയിലെ   മണ്ഡലങ്ങളിൽ പലയിടത്തും  മത്സരം  പ്രവചനാതീതമാണ്. 
 തിരുവനന്തപുരത്തും പാലക്കാടും തൃശൂരിലും പത്തനംതിട്ടയിലും കാസര്‍ഗോട്ടും ബി.ജെ.പിയുടെ സാന്നിധ്യം നിര്‍ണായകമാകുന്ന   തിരഞ്ഞെടുപ്പാണിത്‌ . 

 കേരളാ കോണ്‍ഗ്രസ്‌  ജോസ് വിഭാഗത്തിന്റെയും പി.ജെ ജോസഫിന്റെയും  രാഷ്ട്രീയ ഭാവിക്കും ഈ തിരഞ്ഞെടുപ്പ്  നിര്‍ണായകമാണ് .  ജോസ് പക്ഷത്തിന്റെ മുന്നണി മാറ്റത്തിന്റെ ബാക്കിപത്രമെന്നോണം പാലായിലെ   മത്സരം ഏറെ ശ്രദ്ധിക്കപ്പെടുന്നു . പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ത്രികോണ മത്സരമാണ് . കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും കേരള കോണ്‍ഗ്രസുകള്‍ നേര്‍ക്കുനേര്‍ മത്സരത്തിലുണ്ട്  .ഇടുക്കി, പീരുമേട്, ദേവികുളം മണ്ഡലങ്ങളില്‍ മത്സരം പ്രവചനാതീതം. 


ആഴക്കടല്‍ മത്സ്യബന്ധന കരാര്‍   ഇടതുപക്ഷത്തെ  ഉലച്ചിട്ടുണ്ട്  . ഒടുവിൽ അദാനിയുമായി പിണറായിസര്‍ക്കാര്‍ വൈദ്യുതിക്കരാറിലേര്‍പ്പെട്ടതിലെ വിശദീകരണം തേടിയാണ് പ്രതിപക്ഷനേതാവ് ശനിയാഴ്ച രംഗത്തിറങ്ങിയത്. 

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് അണികള്‍ ആവേശത്തോടെ ചാര്‍ത്തിനല്‍കിയ 'ക്യാപ്റ്റന്‍'  വിശേഷണത്തെ എതിർത്തും അനുകൂലിച്ചും ചില കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രതികരിച്ചത് സാമൂഹികമാധ്യമങ്ങളില്‍ പല വ്യാഖ്യാനങ്ങള്‍ക്കും കാരണമായതും അടുത്ത ദിവസമാണ് .പ്രതികരണങ്ങൾ കൂടുതൽ വിവാദങ്ങളിലേക്ക് എത്തിക്കാതെ  പാർട്ടി തന്നെയാണ് 'ക്യാപ്റ്റന്‍'  എന്ന നിലപാടിനെ പിന്തുണച്ച്  ഒടുവിൽ നേതാക്കൾ പ്രശ്നം  പരിഹരിച്ചത്  ഉചിതമായി .

ജനപ്രീതിയുടെ കാര്യത്തില്‍ മാധ്യമങ്ങൾ പലവട്ടം നിഷേധിച്ചുപറഞ്ഞ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് 39% ജനപിന്തുണ പ്രവചിച്ച്‌ രണ്ട് കേന്ദ്ര ഏജന്‍സികളുടെ രഹസ്യ റിപ്പോര്‍ട്ട് പുറത്തുവന്നതും പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് . മുൻ തിരഞ്ഞെടുപ്പ് സർവേകളിൽ നിന്ന് വ്യത്യസ്തമായി  യു.ഡി.എഫിന്  നേരിയ ഭൂരിപക്ഷം  പ്രവചിക്കുന്നുമുണ്ട്  ഈ   റിപ്പോര്‍ട്ട് . പ്രീപോൾ  സർവേകളിൽ ചെന്നിത്തലക്കും  യു ഡി എഫിനും എതിരെ വന്ന പ്രവചനങ്ങൾ തള്ളുന്ന വിലയിരുത്തലുകളാണ് കേന്ദ്ര ഏജൻസികളുടേതെന്നത് ശ്രദ്ധേയമാണ്. 

എൽ ഡി എഫ്  സര്‍ക്കാര്‍ അധികാരമേറ്റ് നാളുകൾക്കുള്ളിൽ മന്ത്രി ഇ.പി. ജയരാജന്‍ രാജിവയ്‌ക്കേണ്ടി വന്ന ബന്ധു നിയമന വിവാദം മുതല്‍ അദാനിക്ക് വൈദ്യുതി കരാര്‍ നല്‍കിയതിലെ ദുരൂഹതയടക്കം  ഭരണ പക്ഷത്തിന്റെ തെറ്റായ എല്ലാ ഇടപെടലുകളും വെളിച്ചത്തു കൊണ്ടുവന്നത്  രമേശ് ചെന്നിത്തല ആയിരുന്നു.  പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന ഇരട്ട വോട്ട് ആരോപണം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ അവസാന ഘട്ടത്തില്‍ യുഡിഎഫിന് മുന്നേറാന്‍ അവസരം ഒരുക്കിയെന്നാണ്  കോണ്‍ഗ്രസ് വിലയിരുത്തൽ. 

 കേരളത്തില്‍ രണ്ടിടത്ത്,  കൊല്ലത്ത് ചാത്തന്നൂരിലും കാസര്‍കോഡ് മഞ്ചേശ്വരത്തും താമര വിരിയാൻ  സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികളുടെ  റിപ്പോർട്ട് പറയുന്നു. 
 
തലസ്ഥാന ജില്ലയിലെ  ഭൂരിപക്ഷം ആര്‍ക്കാണോ അവര്‍ക്കാകും സംസ്ഥാന ഭരണമെന്നാണ്  നാളിതു വരെയുള്ള രീതി . എന്നാൽ ഇക്കുറി ഭൂരിപക്ഷം മണ്ഡലങ്ങളിലും ശക്തമായ  എൻ .ഡി.എയുടെ സാന്നിധ്യം  ഈ വിശ്വാസങ്ങളെ സ്വാധീനിക്കുമോ എന്ന്  കാത്തിരുന്ന് കാണാം. 
തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ 2016ലെ  തിരഞ്ഞെടുപ്പിനുശേഷം 10 എണ്ണം എല്‍ഡിഎഫിനൊപ്പവും മൂന്നെണ്ണം യുഡിഎഫിനൊപ്പവുമാണുള്ളത്,  ഒരു മണ്ഡ‍ലം എന്‍ഡിഎ പിടിച്ചു. 2011 ല്‍ യുഡിഎഫ് 9, എല്‍ഡിഎഫ് 5 എന്നിങ്ങനെയായിരുന്നു കക്ഷിനില.

1987, 1996, 2006 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫ്  തിരുവനന്തപുരത്തെ  മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നിലനിർത്തിയപ്പോൾ  സംസ്ഥാനഭരണവും പിടിച്ചിരുന്നു.  യുഡിഎഫ് എട്ട് മുതല്‍ 10 സീറ്റ് വരെ ജില്ലയില്‍ നേടിയ  1991, 2001, 2011 വര്‍ഷങ്ങളില്‍  സംസ്ഥാനഭരണവും  യുഡിഎഫ് നേടിയിരുന്നു.

പ്രചാരണ കാലത്ത് ജനങ്ങളിൽ പ്രകടമായ ആവേശവും വീറും ഇന്ന് വോട്ടെടുപ്പിലും അതേ നിലയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് ഉയരുന്ന പോളിംഗ് ശതമാനത്തിലെ  സൂചനകൾ പറയുന്നത്  . 

രാഷ്ട്രീയ പ്രബുദ്ധതയിൽ മുന്നിലുള്ള കേരളത്തിലെ വോട്ടർമാരിൽ നല്ലൊരു പങ്കും ഏതെങ്കിലും മുന്നണിയോട്  അനുഭാവം പുലർത്തുന്നവരാണ് . ബാക്കിയുള്ള നിഷ്പക്ഷ വോട്ടർമാരുടെ തീരുമാനത്തെ തിരഞ്ഞെടുപ്പ് വിഷയങ്ങൾ സ്വാധീനിക്കാറുണ്ട്.  

വോട്ടവകാശം പൗരന്റെ കടമയാണ് . ഓരോ വോട്ടറും സമ്മതിദാനാവകാശം  വിവേകത്തോടെ ശരിയാം വിധം പ്രയോജനപ്പെടുത്തിയാൽ  ജനാധിപത്യവും മതേതരത്വവും സാമുദായിക സൗഹാർദവും ഇവിടെ സമൃദ്ധമാകും  .ജനാധിപത്യകേരളത്തിന്റെ വളർച്ചയെ അത് സ്വാധീനിക്കും, അടുത്ത അഞ്ചു വർഷത്തേക്ക്  വികസന അജണ്ടകൾ കേരളത്തെ സ്വാധീനിക്കട്ടെ , വർഗീയതയും വിഭാഗീയതയും അക്രമവും തൂത്തെറിഞ്ഞു സമാധാനത്തിലേക്ക്  ചുവട് വെക്കാൻ ഈ തിരഞ്ഞെടുപ്പിലൂടെ മികച്ച ഭരണം കേരളത്തിന് സ്വന്തമാകട്ടെ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക