Image

പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

Published on 07 April, 2021
പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

ഞങ്ങൾ ചെന്ന് നാലാം ദിവസം ഒരു സംഭവം ഉണ്ടായി .
എന്താണെന്നോ ? അവിടെ അസ്സൽ മഴ പെയ്തു .ആലിപ്പഴം പൊഴിച്ചുള്ള മഴ .

"ഓ .. ഇതാണോ ഈ മഴയാണോ ഇത്ര വലിയ സംഭവം എന്ന് നിങ്ങൾ ചിന്തിച്ചില്ലേ "? ഉണ്ടാവും .ഇടവപ്പാതിയും , തുലാവർഷവും പിന്നെ ഇടക്കിടയ്ക്ക് വന്നു പോവുന്ന ഇടമഴകളുമുള്ള നമുക്ക് ഈ മഴ ഒരു സംഭവമൊന്നുമല്ല . ഏറിയാൽ മൊബൈലിൽ, വാട്ട്സ് ആപ്പിൽ, സ്റ്റാറ്റസിൽ , ഫേസ്ബുക്കിൽ, ഒന്ന് ഷെയറും.
"ഇവിടെ നല്ല മഴ"
"ഇവിടേം" ...
"ഇവിടേം "...
പക്ഷേ.. ഗാബറോണിൽ / ബോട്സ്വാനയിൽ മഴ ഒരു സംഭവമായത് ഇങ്ങനെ ..

മഴ വളരെ കുറഞ്ഞ  വരണ്ട കാലാവസ്ഥയാണിവിടെ. മാത്രമല്ല, മഴയും ബോട്സ്വാനയും തമ്മിൽ ഒരു  'പുലബന്ധം' ഉണ്ട് .അതിങ്ങനെ ..

ബോട്സ്വാനയിലെ നാണയം  'പുല 'ആണ്. ഈ വാക്കിനർത്ഥം 'മഴ' എന്നാണ് . മഴ ഇവിടത്തുകാർക്ക് അപൂർവമായി കിട്ടുന്ന ഒന്നാണത്രെ .ഒരു അനുഗ്രഹം. അവർ മഴയോടുള്ള സ്നേഹം കാരണമാണത്രേ നാണയത്തിന് മഴ  എന്ന (പുല) പേര് നൽകിയത് .

ഇപ്പോൾ മനസ്സിലായില്ലേ മഴ അവർക്ക് ഒരു സംഭവം തന്നെയാണ് എന്ന്. മഴയുടെ അഭാവം അവിടെയെത്തിയുള്ള   യാത്രകളിൽ നിന്ന് ശരിക്കും കാണാൻ കഴിഞ്ഞു .ഓരോ പാലം പിന്നിടുമ്പോഴും താഴെ വെറും ഉരുളൻ കല്ലുകളും മണലും " ഇവിടെ ഒരു പുഴ ഒഴുകിയിരുന്നു "എന്ന് പറയും പോലെ തോന്നി .
ഈ ഓരോ ഉരുളൻ കല്ലുകൾക്കും ഒരു പാട് പറയാനുണ്ടാവും . അവയുടെ നഷ്ടങ്ങളും ,നേട്ടങ്ങളുമായി ..
ഇടയിൽ ഒരിടത്തു നിന്നും ഞാൻ പെറുക്കിയെടുത്ത കല്ലുകൾ എന്നെ ചീത്തവിളിക്കുന്നുണ്ടോ അറിയില്ല .അവരുടെ ഭൂഖണ്ഡം വിട്ട് ഏറെ അകലെ എൻ്റെ ശേഖരത്തിൽ തളച്ചിട്ടതിന്..

മഴ ഒരു അനുഗ്രഹമായിക്കണ്ട് മഴക്കായി അവർ പ്രാർത്ഥിക്കുന്നു .ഏതൊരു   പരിപാടി അവസാനിക്കുമ്പോഴും അവർ, മുകളിലേക്ക് കൈകൾ ഉയർത്തി 'പുല '... 'പുല' .. എന്ന് ഉറക്കെ സംഘമായി വിളിച്ചു പ്രാർത്ഥിക്കുന്നതും കണ്ടു. ഞങ്ങൾ അവിടെ ഒന്നു രണ്ട് പാർട്ടികളിൽ പങ്കെടുത്തിരുന്നു . അപ്പോഴാണ് ഈ പ്രത്യേക പ്രാർത്ഥന ശ്രദ്ധയിൽപ്പെട്ടത് .ആദ്യം കാര്യമറിയാതെ,  ഞങ്ങളും അവരുടെ കൂടെ അങ്ങനെ ചെയ്തിരുന്നു
പിന്നീടാണ് അവരുടെ പ്രാർത്ഥന എത്രത്തോളം ആത്മാർത്ഥമാണെന്ന് തിരിച്ചറിഞ്ഞത്

ഇന്ത്യൻ റുപ്പി 6 നും 7 നും ഇടയിൽ ആണ് ഇപ്പോൾ ഒരു പുലയുടെ മൂല്യം. നമ്മുടെ പൈസയുടെ സ്ഥാനത്ത് ഇവിടെ 'തെബെ' (Thebe) ആണ് .എഴുതുന്നത് t എന്ന ചെറിയ അക്ഷരം ഉപയോഗിച്ചാണ് .
ഉദാഹരണമായി 5 തെബെ 5t എന്നാണ് സൂചിപ്പിക്കുക
5t,10t,25t,50t ഇവയാണ് സാധാരണഉപയോഗത്തിൽ ഉള്ളത്.
100 t =1 P (100 തെബെ= 1 പുല)
 1,2,5,10 ,20,50,100,200 എന്നീ മൂല്യങ്ങളിൽ പുല ഉണ്ടത്രെ

നമ്മുടെ ചില്ലറ പൈസകളുടേതിനേക്കാൾ ഇത്തിരി ചെറിയ നാണയങ്ങൾ ആണ് ഈ തെബെകൾ. 

ഇനി വീണ്ടും യാത്രയിലേക്ക്. പുഴകളോ ,അരുവികളോ വളരെ വിരളമായിക്കണ്ട   ഇവിടങ്ങളിൽ കിണറുകളും കാണാൻ കഴിഞ്ഞില്ല .

വെള്ളത്തിന് പ്രധാനമായി ഡാമുകളെയാണത്രെ ഇവിടത്തുകാർ ആശ്രയിക്കുന്നത്
നേരിട്ട് ടാപ്പിൽ നിന്ന് എടുത്തു കുടിക്കാവുന്നത്ര ശുദ്ധമായ വെള്ളമാണ് (തിളപ്പിച്ചോ ,പ്യൂരിഫയർ വഴിയോ അല്ലാതെ) ഇവിടെ എന്ന് അനിയത്തി പറയാറുണ്ട് .

ഏതാനും വർഷം മുൻപു വരെ ധൈര്യമായി എടുത്ത് ഉപയോഗിച്ചിരുന്നുവത്രെ .പക്ഷേ ... കഴിഞ്ഞ രണ്ടു മൂന്നുവർഷങ്ങളിൽ സ്ഥിതി ഇത്തിരി മാറി എന്നും അവർ പറയുന്നു .
എന്തായാലും വെള്ളത്തിൽ ഡാമുകളെത്തന്നെയാണ്  കൂ ടുതൽപ്പേരും ആശ്രയിക്കുന്നത് .

കൃഷി ആവശ്യങ്ങൾക്കും മറ്റും കുഴൽക്കിണറുകളും ഉപയോഗിക്കുന്നുണ്ട് .കന്നുകാലികൾക്ക് കുളിക്കാനും കുടിക്കാനും ഫാമുകളിൽ കുഴൽക്കിണറുകളും, ചെറിയ കുളങ്ങൾ പോലെ ആഴം കുറഞ്ഞ സംവിധാനങ്ങളും  കണ്ടു. മഴയും പുഴയും   ധാരാളമുള്ള മലയാളിയായ  എനിക്ക് ശരിക്കും ഇവിടത്തുകാരോട് ഇത്തിരി സഹതാപം തോന്നി. കൂടെ വിദൂരമല്ലാത്ത ഒരു യാഥാർത്ഥ്യവും ചിന്തയിലെത്തി .


മഴക്കു വേണ്ടി അപേക്ഷിക്കുന്ന ഒരു കാലം .
എന്തായാലും മഴയുടെ പേരിൽ പേരിൽ ഒരു രാജ്യത്തിൻ്റെനാണയം, കൗതുകമായി തോന്നി .

ഇനിയും കൂടുതൽ വിശേഷങ്ങളുമായി അടുത്ത അധ്യായത്തിൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക