Image

ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)

Published on 14 April, 2021
ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)
ഓരോ വിഷുക്കാലവും മലയാളിക്ക് സമ്മാനിക്കുന്നത് ഒരു പുതിയ പ്രതീക്ഷയുടെ ലോകമാണ്. അതിന് ചുറ്റും സമ്പന്നതയുടെയും സ്നേഹത്തിന്റെയും നിറങ്ങളും കൂടിക്കലർന്നിരിക്കുന്നു. എത്ര മനോഹരമായിട്ടാണ് മനുഷ്യൻ അതിജീവിക്കുന്നത്. അവന്റെ സ്വത്വത്തെയും സംസ്കാരത്തെയും എത്ര ആത്മാർത്ഥമായിട്ടാണ് അവൻ തിരിച്ചു പിടിക്കുന്നത്. കോവിഡ് 19 ഭീതി ലോകം മുഴുവൻ നിലനിൽക്കുമ്പോഴും അതിന്റെ എല്ലാ ചട്ടങ്ങളിലും നിലനിന്നുകൊണ്ട് തന്നെ മലയാളവർഷത്തിന്റെ തുടക്കം ആഘോഷിക്കുകയാണ് മലയാളികൾ . ഒരു പുതിയ തുടക്കത്തിൽ പ്രതീക്ഷയുടെ, സ്നേഹത്തിന്റെ എത്രയെത്ര മുഖങ്ങളാണിപ്പോൾ നമുക്ക് ചുറ്റുമുള്ളത്.ജീവിതം തന്നെ ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുമ്പോഴും നമ്മളെല്ലാം ഒരാഘോഷവും അതിന്റെതായ അർത്ഥത്തിൽ ആഘോഷിക്കുന്നു .എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് .ലോകത്തെവിടെ ആയാലും .

കേരളത്തിന്റെ കടകമ്പോളങ്ങൾ എല്ലാം കണിവെള്ളരികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു കാലത്തെ ഞാൻ ഓർത്തെടുക്കുമ്പോൾ ഇപ്പോഴും അതിനു യാതൊരു മാറ്റവുമില്ല എന്നതാണ് സത്യം . .പാതയോരങ്ങളിലെല്ലാം കണിക്കൊന്നവീണുകിടക്കുന്ന ചിത്രങ്ങൾ . പണ്ടൊക്കെ കണിക്കൊന്ന പൂക്കാൻ ഏപ്രിൽ വരെ കാത്തു നിൽക്കെടി വന്നു എങ്കിൽ കേരളത്തിലിപ്പോൾ മാർച്ച് മാസം മുതൽക്കേ കണിക്കൊന്ന പൂവിടാൻ തുടങ്ങുന്നു .ഇവിടെ അമേരിക്കയിലിരിക്കുമ്പോഴും  കുറച്ചു നിമിഷത്തേക്ക് എല്ലാ ഭീതികളും മാഞ്ഞുപോയി ഓർമ്മകളുടെ ഒരു തുരുത്ത്  രൂപപ്പെടുന്നുണ്ട്. വിഷു മലയാളിയുടെ ഓർമ്മകളിലെ സമ്പന്നതയാണ്. തൊടിയിലെ കണിക്കൊന്നകൾ പറിച്ചു കൊണ്ടുവന്നു കണിവെള്ളരിയും മറ്റുമായി കണിക്കാണുന്ന കുഞ്ഞ് കുട്ടികൾ മുതൽക്ക് പ്രായമായവർ വരെക്ക് നീളുന്നു ഈ സംസ്കാരത്തിന്റെ പിന്മുറക്കാർ. പടക്കം പൊട്ടിച്ചും പരിപാടികൾ സംഘടിപ്പിച്ചും ഒരുപാട് സന്തോഷത്തിലാണ് ലോക മലയാളികൾ. പൂക്കളെത്താത്ത നാടുണ്ടോ. അസോസിയേഷനുകളും മറ്റും ചേർന്ന് ലോകത്തിന്റെ പലകോണിൽ വിഷു ആഘോഷങ്ങൾ നടത്തുമ്പോൾ ഈ ദുരിതകാലത്ത് അതൊരു വലിയ സന്തോഷമായി തോന്നുന്നു.

ഓർമ്മകളിലേക്ക് വിഷുവിന്റെ പല പകിട്ടുകളും മാഞ്ഞുപോയെങ്കിലും ഇപ്പോഴും മലയാളിയ്ക്ക് അതൊരു പുതിയ തുടക്കവും പ്രതീക്ഷയും തന്നെയാണ്. വളരെ ആഘോഷമായി തൂശനിലയിൽ തന്നെ  ഓണങ്ങൾ ഉണ്ണാൻ നമ്മൾ ഇവിടെയും  സമയം കണ്ടെത്തുന്നു .ഇതെല്ലം ജീവിതത്തിൽ നൽകുന്നത് വളരെ വലിയ  സന്തോഷമാണ്. ഇലയടയുടെ മധുരം ഉള്ളിലിങ്ങനെ തിളച്ചുമറിയുകയാണ്.. സ്വപ്നങ്ങളിൽ ആരൊക്കെയോ ചേർന്ന് കണ്ണുപൊത്തി പിടിച്ചുകൊണ്ടു പോകുന്നു. മുൻപിൽ പ്രതീക്ഷകളുടെ വെളിച്ചം മലയാളികൾ കാണുന്നു.

എല്ലാവരും ഉണർന്നു കഴിഞ്ഞിരിക്കുന്നു. കെട്ട കാലം കഴിഞ്ഞൊരു പുതിയ പ്രതീക്ഷയുടെ കാലമാണ് വരാനിരിക്കുന്നതെന്ന് പ്രതീക്ഷിച്ചാണ് ഓരോ മലയാളിയും കണികാണാനിരിക്കുന്നത്. കുന്നോളമൊന്നുമില്ലെങ്കിലും അപ്പച്ചനും അമ്മച്ചിയും ,ചാച്ചനും അമ്മയും ,ബന്ധുക്കളും   അടങ്ങുന്നവർ തരാനിരിക്കുന്ന കൈനീട്ടങ്ങളെ സ്നേഹത്തോടെ സന്തോഷത്തോടെ സ്വീകരിക്കുന്ന, ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് സംസ്കാരവും ജീവിത സത്യവും കൈമാറുന്ന മനുഷ്യർ, ഭൂമിയിൽ നമ്മൾ മലയാളികൾ മാത്രമാണെന്നതിൽ അഭിമാനം കൊള്ളാം. 
ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക