Image

കൊവിഡില്‍ വിറങ്ങലിച്ച്‌ രാജ്യ തലസ്ഥാനം; പ്രതിദിന കേസുകള്‍ 24,000; സ്ഥിതി അതീവ ഗുരുതരം

Published on 17 April, 2021
കൊവിഡില്‍ വിറങ്ങലിച്ച്‌ രാജ്യ തലസ്ഥാനം; പ്രതിദിന കേസുകള്‍ 24,000; സ്ഥിതി അതീവ ഗുരുതരം
ന്യൂഡല്‍ഹി ; കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച്‌ രാജ്യ തലസ്ഥാനം. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 24000 പേര്‍ക്ക്. 24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് പരിശോധിക്കുന്നവരില്‍ നാലില്‍ ഒരാള്‍ കൊവിഡ് പോസിറ്റീവ് എന്നര്‍ഥം.

കേസുകള്‍ കുതിച്ചുയരുന്നതോടെ ആശുപത്രികള്‍ വീര്‍പ്പുമുട്ടുകയാണ്. ആശുപത്രികളില്‍ രോഗികളെ കിടത്താന്‍ ബെഡുകള്‍ തികയുന്നില്ലെന്നും ഓക്‌സിജനും ജീവന്‍ രക്ഷാ മരുന്നായ റെംഡിസിവിറിനും ക്ഷാമം നേരിടുന്നതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

സ്ഥിതി വളരെ ഗുരുതരവും ആശങ്കാജനകവുമാണ്. കൊറോണയുടെ വേഗത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, അതിന്റെ കൊടുമുടി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അതുകൊണ്ടാണ് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് വരെ എല്ലാം നിയന്ത്രണത്തിലായിരുന്നിട്ടും ഞങ്ങള്‍ക്ക് ക്ഷാമം നേരിടുന്നത് - കെജരിവാള്‍ പറഞ്ഞു.

ഏതൊരു ആരോഗ്യ സംവിധാനത്തിനും പരിമിതികളുണ്ട്. കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നു. അടുത്ത രണ്ട് - നാല് ദിവസത്തിനുള്ളില്‍ 6,000 കിടക്കകള്‍ കൂടി കൂട്ടിചേര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജരിവാള്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക