Image

രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍; കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ

Published on 18 April, 2021
രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍; കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ
മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി ട്രെയിനുകളില്‍ കോവിഡ് രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍ റെയില്‍വേ തയ്യാറാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഇടപെടല്‍.

നന്ദുര്‍ബാറില്‍ കോവിഡ് ഐസൊലേഷന്‍ കോച്ചുകള്‍ തയ്യാറാക്കിയതിന്റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു. ജനറല്‍ കംപാര്‍ട്‌മെന്റുകളിലെ ലോവര്‍ ബെര്‍ത്തുകളാണ് രോഗികള്‍ക്കായി കിടക്കകളുടെ രൂപത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ കിടക്കകള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങിയിരുന്നു. പ്രതികൂല സാഹചര്യം മുന്നില്‍ കണ്ടാണ് റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

വേനല്‍ ചൂടിനെ അതിജീവിക്കാനായി ബോഗികള്‍ക്ക് മുകളില്‍ ചാക്കുകള്‍ നിരത്തിയിട്ടിട്ടുണ്ട്. ഇതിന് പുറമെ എല്ലാ ബോഗികളിലും കോവിഡ് രോഗികള്‍ക്കായി കൂളറും സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും റെയില്‍വേ സഹായവുമായി എത്തിയിരുന്നു. ഓക്‌സിജനുമായി പോകുന്ന ട്രക്കുകള്‍ ചരക്ക് ട്രെയിനുകളില്‍ കയറ്റിയാണ് മുടങ്ങാത്ത ഓക്‌സിജന്‍ വിതരണം റെയില്‍വേ ഉറപ്പുവരുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക