Image

പൊളിറ്റിക്കല്‍ ക്രിമിനലുകളെ ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുതെന്ന് സുധാകരന്‍

Published on 18 April, 2021
 പൊളിറ്റിക്കല്‍ ക്രിമിനലുകളെ ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുതെന്ന് സുധാകരന്‍
ആലപ്പുഴ: തന്റെ മുന്‍ പഴ്‌സനല്‍ സ്റ്റാഫിനെയും ഭാര്യയെയും കരുവാക്കി ആലപ്പുഴയിലെ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ പ്രത്യാക്രമണം തുടങ്ങിയതായി മന്ത്രി ജി. സുധാകരന്‍. തനിക്കെതിരെ പരാതി നല്‍കിയതിന്റെ അര്‍ഥമതാണ്. ""എനിക്ക് ആ ദമ്പതികളോട് സഹതാപമുണ്ട്. അവര്‍ പാര്‍ട്ടിയോട് കുറ്റം ഏറ്റുപറഞ്ഞാല്‍ മതി. പാര്‍ട്ടി നടപടിയെടുക്കണമെന്ന് എനിക്ക് അഭിപ്രായമില്ല.  തെറ്റു തിരുത്തുമെന്നാണ്  പ്രതീക്ഷ. പൊളിറ്റിക്കല്‍ ക്രിമിനലുകളെ ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുത്. എനിക്കു വേണമെങ്കില്‍ പരാതിപ്പെടാം.

പക്ഷേ, ഒന്നും ചെയ്യുന്നില്ല. ഞാന്‍ രാഷ്ട്രീയ എതിരാളികളെ ജയിലില്‍ അടച്ചിട്ടില്ല. ഇതിനു പിന്നില്‍  ഒരു സംഘമാണ്. പല പാര്‍ട്ടികളില്‍ പെട്ടവര്‍ അതിലുണ്ട്. അതിലെ സിപിഎമ്മുകാരെ  വച്ചുപൊറുപ്പിക്കില്ലെന്നു ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനാണ് ശ്രമം. ഒരു പണിയും ചെയ്യാതെ പല പാര്‍ട്ടികളിലുള്ള അവര്‍ പരസ്പരം സഹകരിച്ചു പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

""രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍കരണം മുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്നു പാര്‍ട്ടി കോണ്‍ഗ്രസിന്റെയും  സമ്മേളനങ്ങളുടെയും രേഖകളുണ്ട്. ക്രിമിനല്‍വല്‍കരണത്തിനു കമ്യൂണിസ്റ്റുകാര്‍ ഇരയാകരുതെന്ന ജാഗ്രതയാണത്. അതേ ഞാന്‍ പറഞ്ഞുള്ളൂ. ഞാനൊരു യഥാര്‍ഥ കമ്യൂണിസ്റ്റാണ്. മരണം വരെ അതില്‍ വീഴ്ചയുണ്ടാവില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പത്രസമ്മേളനം നടത്താനാണ് പാര്‍ട്ടിയുടെ അനുവാദം വാങ്ങേണ്ടത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ല കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്നതു ശരിയല്ല.

10 വര്‍ഷം ഞാന്‍ മന്ത്രിയായിരുന്നിട്ടും കുടുംബം ഇടപെട്ടതായി ആക്ഷേപമുണ്ടായോ?  ഒരു സാമ്പത്തിക ആരോപണത്തിനും ഞാന്‍ വഴിവച്ചില്ല. ജീവിക്കാനുള്ള പണം ഭാര്യയ്ക്കും എനിക്കും പെന്‍ഷനായി കിട്ടുന്നുണ്ട്. മകനു നല്ല ജോലിയുണ്ട്. പഴ്‌സനല്‍ സ്റ്റാഫ് അംഗത്തെയോ ഭാര്യയെയോ ?ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. 7 മാസത്തിനിടയില്‍ 27 ദിവസം മാത്രം ജോലി ചെയ്തയാളെ ഒഴിവാക്കുന്നത് സ്വാഭാവിക നടപടിയാണ്. നിയമിച്ചതും ഒഴിവാക്കിയതും പാര്‍ട്ടി നടപടിക്രമം അനുസരിച്ചാണ്. എനിക്കെതിരെ ആ ദമ്പതികളെ ചിലര്‍ ഉപയോഗിച്ചെന്നാണു ഞാന്‍ പറഞ്ഞത്. അവരുടെ വിവാഹവുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു.

മറ്റു പദങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. അതൊരു പരാതിയായി കൊടുത്താല്‍ എനിക്കെതിരെ പത്രവാര്‍ത്ത വരുമെന്നു കണ്ട്, ഞാന്‍ സ്ഥിരമായി ഇങ്ങനെയൊക്കെ പറയുന്നു എന്ന് ആരോപിക്കുകയാണ്. ഷാനിമോള്‍ ഉസ്മാനെതിരെ ഞാന്‍ നടത്തിയതായി പറയുന്ന പരാമര്‍ശത്തെക്കുറിച്ചുള്ള പരാതി അവര്‍ തന്നെ പിന്‍വലിച്ചു.  ഞാന്‍ അങ്ങനെ വിളിച്ചിട്ടേയില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ പറഞ്ഞല്ലോ. സഹോദരി എന്നാണു വിളിച്ചതെന്നു  ഉത്തരവിലുണ്ട്. കായംകുളം എംഎല്‍എയെപ്പറ്റി ഒരു കാലത്തും ഒന്നും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക