Image

ന്യു യോർക്കിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം ഭീതിജനകം

Published on 20 April, 2021
ന്യു യോർക്കിൽ യുവതിക്ക് നേരെ  ആസിഡ് ആക്രമണം ഭീതിജനകം
ന്യു യോർക്ക്: എൽമോണ്ടിൽ താമസിക്കുന്ന   ഹോഫ്സ്ട്ര  യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനി നാഫിയ ഫാത്തിമക്ക്, 21,  നേരെ ഉണ്ടായ ആസിഡ് ആക്രമണം ഭീതി ഉണർത്തുന്നു. മാഫിയയുടെ  കഥ അവളുടെ അയൽക്കാരി കൂടിയായ സുഹൃത്ത് ഷാസിയ അൻജൂം ആണ് 'ഗോഫണ്ട് മി' പേജിൽ പങ്കുവച്ചത്.  മാർച്ച് 17 രാത്രി 8.15 നാണ്  അവളുടെ ജീവിതം മാറിമറിഞ്ഞത്. 

വീട്ടിലേക്ക്  കാറിൽ  നിന്നിറങ്ങി ‌ അമ്മയ്‌ക്കൊപ്പം നടന്നുവരികയായിരുന്ന  നാഫിയയുടെ മുഖത്ത് ആസിഡ് ഒഴിച്ച്  അപരിചിതനായ അക്രമി ഓടി രക്ഷപ്പെട്ടു. ആസിഡ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപവാസിയുടെ സിസിടിവി യിൽ പതിഞ്ഞിരുന്നതിൽ 6 അടി 2 ഇഞ്ച് ഉയരമുള്ള മെലിഞ്ഞയാളാണ് അക്രമിയെന്ന് മനസ്സിലാക്കാം.  മുഖം മറയ്ക്കുകയും കയ്യുറ ധരിക്കുകയും ചെയ്ത അയാൾ,  വെള്ള ക്യാനിൽ ബ്രൗൺ ആസിഡ്  കരുതിയിരുന്നതായും 42 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ വ്യക്തമാണ്. ആളെ പിടികൂടാൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല.

പൊള്ളലേറ്റ് നിലവിളിച്ച നാഫിയയുടെ  വായിലേക്കും, നാവിലേക്കും, തൊണ്ടയിലേക്കും ആസിഡ് വ്യാപിച്ചു. ശ്വാസം പോലും കിട്ടാതെ അവൾ വീട്ടിനുള്ളിലേക്ക് ഓടി. സഹായിക്കാൻ ശ്രമിക്കുമ്പോൾ മാതാപിതാക്കൾക്കും പൊള്ളലേറ്റു. അത്രയ്ക്കും വീര്യം കൂടിയ ആസിഡാണ് അക്രമി പ്രയോഗിച്ചത്. 911 ൽ വിളിച്ച് ഉടനടി സഹായം തേടിയതുകൊണ്ടാണ്, കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതും നാഫിയ ഇന്നും ജീവിച്ചിരിക്കുന്നതും.

മുഖത്തും  നെഞ്ചിലും കൈകളിലുമാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവസമയം, കണ്ണിൽ വച്ചിരുന്ന കോൺടാക്ട് ലെൻസ് ഉരുകിയത് കാഴ്ചയെ സാരമായി ബാധിച്ചു. ഇനിയവൾക്ക് കാഴ്ച്ചതിരിച്ചുകിട്ടുമോ എന്ന് പോലും അറിയാത്ത അവസ്ഥയാണ്.

ഇൻഷുറൻസ് തുക കഴിഞ്ഞും ഭാരിച്ച തുക ചികിത്സയ്ക്ക് വേണ്ടി വരുന്നത് കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മകൾക്കൊപ്പം സഹായത്തിന് നിൽക്കേണ്ടതുകൊണ്ട് അമ്മയുടെ വരുമാനവും ഇല്ലാതായി.

യൗവ്വനാരംഭത്തിൽ ജീവിതത്തിൽ ഉണ്ടായ ദുരനുഭവത്തെ ധീരമായ മനസ്സോടെ നേരിടുന്ന നാഫിയ ഏവർക്കും മാതൃകയാണ്. ആ അക്രമിക്ക് ശിക്ഷ ലഭിക്കണമെന്നും, തനിക്കും മറ്റുള്ളവർക്കും അവരവരുടെ വീടുകളിൽ സുരക്ഷിതരായി കഴിയാൻ സാധിക്കണമെന്നതും മാത്രമാണ് അവൾ ആഗ്രഹിക്കുന്നത്.

അതിജീവനത്തിന്റെ പ്രതീകമായ നാഫിയയ്ക്ക് കരുത്ത് പകരാൻ, നിരവധി സുമനസ്സുകൾ ഗോഫണ്ട് വഴി ചികിത്സയ്ക്കുള്ള പണം നൽകുന്നത് പ്രതീക്ഷാവഹമാണ്. 10 ഡോളർ മുതൽ  തുക എത്ര തന്നെ ആയാലും ,  അവൾക്ക് നമ്മൾ കൊടുക്കുന്ന പിന്തുണ എന്ന അർത്ഥത്തിൽ അത് അമൂല്യമാണ്. 

നടിയും ടിവി അവതാരകയും കുക്ക് ബുക്ക് രചയിത്താവുമായ പദ്മ ലക്ഷ്മി 5000 ഡോളറാണ് നൽകിയത്. ഇതുവരെ 1,90,000 ത്തിലധികം ഡോളർ സമാഹരിക്കാൻ സാധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക