Image

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 21 April, 2021
 ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് പ്രവശ്യകളില്‍- കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം-ദക്ഷിണേന്ത്യയില്‍ ഭാരതീയ ജനത പാര്‍ട്ടിക്ക് (ബി.ജെ.പി.) കാര്യമായ സ്വാധീനമോ അവകാശവാദമോ ഒന്നും ഇല്ലെങ്കിലും ബംഗാളിലും അസമിലും ദേശീയ ഭരണകക്ഷിക്ക് വളരെ തന്ത്രപ്രധാനവും നിര്‍ണ്ണായകവുമായ യുദ്ധം ആണ് നേരിടുവാനുളളത്. ബംഗാള്‍ മമതബാനര്‍ജിയുടെ ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും(റ്റി.എം.സി.) പിടിച്ചെടുക്കുക അസമില്‍ ഭരണം നിലനിര്‍ത്തുക എന്നിവയാണ് മോദിയുടെയും ഷായുടെയും മിഷന്‍. ഇത് സംഭവിച്ചാല്‍ 2024-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വിജയത്തിലേക്ക് ഒരു പടികൂടെ അടുക്കാം, ദേശീയ രാഷ്ട്രീയത്തില്‍ മറ്റ് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍. ബംഗാളിലും അസമിലും മത-പ്രാദേശിക-സത്വ രാഷ്ട്രീയ ധ്രുവീകരണം ആണ് ബി.ജെ.പി. പരീക്ഷിക്കുന്നത്. വികസനവും ഈ ക്ഷേമവും മേമ്പൊടിക്ക് ഉണ്ട്. മമതയും സ്വന്തം രീതിയില്‍ മതരാഷ്ട്രീയ പയറ്റുന്നുണ്ട്. അസമില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കുവാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ശ്കതനായ ഒരു നേതാവിനെയും പ്രസക്തമായ നയപരിപാടികളുടെയും അഭാവം അതിനെ വലയ്ക്കുന്നു.

ബംഗാള്‍ ദശകങ്ങളോളം ഇടതു രാഷ്ട്രീയത്തിന്റെ കളിയരങ്ങ് ആയിരുന്നു. സി.പി.എം.-ന്റെ ജ്യോതിബാസും മൂന്നര ദശകങ്ങളോളം ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്നു. ഒടുവില്‍  ബംഗാള്‍ ഇടത് രാഷ്ട്രീയത്തെ കൈവെടിഞ്ഞു. 2011-ല്‍ മമതയുടെ റ്റി.എം.സി. അധികാരം പിടിച്ചെടുത്തു. ശക്തവും ചിലപ്പോള്‍ രക്തരൂക്ഷവും ആയ നന്ദിഗ്രാം-സിങ്കൂര്‍ മോഡല്‍ ഭൂസമരങ്ങള്‍ ഇതിന് മമതയെ സഹായിച്ചു. ഇപ്പോള്‍ 10 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിന് ശേഷം മമത മോദി-ഷാമാരില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിടുകയാണ് ഈ തെരഞ്ഞെടുപ്പില്‍. ഒരു അപകടത്തില്‍ കാലിന് പരിക്കേറ്റ മമത വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് പ്രചരണയോഗങ്ങളിലും റോഡ്‌ഷോകളിലും പങ്കെടുക്കുന്നത്. ഈ തെരഞ്ഞെടുപ്പ്് മമതയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകം ആണ്. മോദി-ഷാമാരുടെ കൊടുങ്കാറ്റിനെയും ഭരണവിരിദ്ധ വികാരത്തെയും അതിജീവിച്ച് വിജയിച്ചാല്‍ മമതയെ തടുത്തുനിറുത്തുവാന്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ആരും ഉണ്ടാവുകയില്ല. മറിച്ച് തോറ്റഅ നിലംപരിശാവുകയാണെങ്കില്‍ മമത ചരിത്രത്തിന്റെ താളുകളില്‍ ഒരു അടിക്കുറിപ്പായി അവശേഷിക്കും. ഒരു തിരിച്ചു വരവ് മമതക്ക് വളരെ ക്ലേശകരം ആയിരിക്കും. മറുവശത്ത് ബംഗാള്‍ പിടിച്ചാല്‍ മോദി-ഷാമാരുടെ തെരഞ്ഞെടുപ്പ് മഹായുദ്ധമാമാങ്കത്തില്‍ മറ്റൊരു പൊന്‍തൂവല്‍ ആയിരിക്കും.

കണക്കുകള്‍ പരിശോധിച്ചാല്‍ ബി.ജെ.പി. ബംഗാളില്‍ വലിയ മുന്നേറ്റങ്ങള്‍ ആണ് നടത്തുന്നത്. 2016 വരെ ബി.ജെ.പി. ബംഗാളില്‍ ഒരു ശക്തിയേ ആയിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിതക്ക് ലഭിച്ചത്് 294-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം ആണ്. പക്ഷേ, ഇത് ബി.ജെ.പി.യെ നിരാശപ്പെടുത്തിയില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന് ന്ല്ല വളക്കൂറുള്ള മണ്ണാണ് വംഗദേശം എന്ന് മോദിക്കും ഷാക്കും മനസിലാക്കുവാന്‍ അധികം മെനക്കെടേണ്ടി വന്നില്ല. ഹിന്ദുത്വ രാഷ്ട്രീയം ബി.ജെ.പി. ബംഗാളില്‍ അതിന്റെ ആയുധപ്പുര ആക്കി. ഹിന്ദു-മുസ്ലീം വിഭജനവും ഒപ്പം കുടിയേറ്റ രാഷ്ട്രീയവും ബി.ജെ.പി.ക്ക് തുണയായി. മൂന്നു വര്‍ഷത്തിന് ശേഷം 2019-ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. 42-ല്‍ 18 സീറ്റുകളില്‍ വിജയിച്ചു. ഇതിന്‍ പ്രകാരം 121 നിയമസഭ സീറ്റുകള്‍ ബി.ജെ.പി. കരസ്ഥമാക്കി. ഇത് കേവലഭൂരിപക്ഷമായ 148-ന് 27 സീറ്റുകള്‍ മാത്രം കുറവ് ആണ്. ലോകസഭ സീറ്റുകള്‍ വച്ച് നോക്കുമ്പോള്‍ മമതക്ക് 164 നിയമസഭ സീറ്റുകള്‍ ലഭിച്ചു. ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് ഒമ്പത് സീറ്റുകളും ലഭിച്ചു. ഈ ആത്മവിശ്വാസത്തില്‍ ആണ് ബി.ജെ.പി. ഈ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പി.യുടെ അനിതസാധാരണമായ ഈ കുതിച്ചുകയറ്റം ആണ് മമതക്ക് പ്രശ്‌നം ആകുന്നത്. നിയമസഭ തെരഞ്ഞെടുപ്പും ലോകസഭ തെരഞ്ഞെടുപ്പും വ്യത്യസ്തം ആണ്. 2016-ല്‍ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തൂത്തുവാരിയ  അരവിന്ദ് കേജരിവാളിന്റെ ആം ആദ്മിപാര്‍ട്ടി 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും വിജയിച്ചില്ല. ഏഴില്‍ ഏഴ് സീറ്റും ബി.ജെ.പി. നേടി. 2019-ല്‍ 39-ല്‍ 38 ലോകസഭ സീറ്റുകളും തമിഴ്‌നാട്ടില്‍ നേടിയ ഡി.എം.കെ. ഒരു പക്ഷേ ഇത് ഇക്കുറിയും നിലനിര്‍ത്തിയേക്കാം ഒരു അപവാദം എന്ന നിലയില്‍. എന്നാല്‍ 20-ല്‍ 19 ലോകസഭസീറ്റുകളും 2019-ല്‍ നേടിയ യു.ഡി.എഫിന് അത് നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടാണ് കേരളത്തില്‍. നേരേ തിരിച്ചും സംഭവിച്ചേക്കാം. അതായത് എല്‍.ഡി.എഫിന്റെ വിജയം. പക്ഷേ, ബംഗാളിലെ ബി.ജെ.പി.യുടെ 2019-ലെ കുതിച്ചുകയറ്റത്തിന് തടയിടുവാന്‍ മമതയ്ക്ക് സാധിക്കുമോ? അത് അത്ര എളുപ്പം അല്ല. കാരണം അതിന്റെ അടിത്തറ മത രാഷ്ട്രീയം ആണ്. മമതയും മതവും പ്രാദേശികതയും ഒക്കെ ഉയര്‍ത്തികാണിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ വിജയം കണ്ടറിയണം.
രണ്ട് ഉദാഹരണങ്ങള്‍ നോക്കാം. അമിത്ഷായും മമതയും. ബി.ജെ.പി. ഇരുന്നൂറിലധികം സീറ്റുകള്‍ നേടുമെന്ന് സധൈര്യം പ്രഖ്യാപിച്ചുകൊണ്ട് ഷാ ചോദിച്ചു: ആരാണ് ജയ്ശ്രീരാം വിളിയെ ബഹിഷ്‌ക്കരിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്? ആരാണ് ദുര്‍ഗ്ഗപൂജയും സരസ്വതിപൂജയും നിരോധിച്ചത്? ആരാണ് പരമ്പരാഗതമായ ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്? (ഇതേ ചോദ്യം ബി.ജെ.പി.യും മോദിയും ഷായും കേരളത്തിലും ശബരിമല വിഷയം സംബന്ധിച്ച് ഉയര്‍ത്തുകയുണ്ടായി). ഞങ്ങള്‍ക്ക് (ബി.ജെ.പി.ക്ക്) ഒരു നല്ല സന്ദേശം നല്‍കുവാന്‍ ഉണ്ട്. അതായത് ഞങ്ങള്‍ വിജയിച്ചാല്‍ ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒരു വിലക്കും ഉണ്ടാവുകയില്ല.

ഇനി മമത. പ്രധാനമന്ത്രിയുടെ ചടങ്ങില്‍ ജയ്ശ്രീരാം വിളിയെ സര്‍ക്കാര്‍ ചടങ്ങ് എന്നു പറഞ്ഞ് ന്യായീകരിച്ച മമത സ്വന്തം മതത്തെ ചൊല്ലി ആണയിടുകയുണ്ടായി. മമത പറഞ്ഞു ഞാന്‍ ഒരു ഹിന്ദുവാണ്. ഹിന്ദു കുടുംബത്തില്‍ ജനിച്ചതാണ്. ഹിന്ദു സൂക്തങ്ങള്‍ ഉരുവിടാറുണ്ട്.(ഇതുതന്നെ രാഹുല്‍ ഗാന്ധിയുടെ ഒരു അനുയായിയും ഒരു തെരഞ്ഞെടുപ്പ് വേളയില്‍ അവകാശപ്പെടുകയുണ്ടായി-രാഹുല്‍ പൂണൂല്‍ധാരിയായ വൈശവിഷ്ട് ബ്രാഫിണ്‍ ആണെന്ന്). രാഹുലിന്റെ തന്ത്രം വിജയിച്ചില്ല. മമതയുടെ തന്ത്രം വിജയിക്കുമോ? മമത വിജയശ്രമത്തിന്റെ ഭാഗമായി മറ്റൊരു തന്ത്രം കൂടെ പയറ്റി. 14 പ്രതിപക്ഷ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മതനിരപേക്ഷകക്ഷികള്‍ ബി.ജെ.പി.യെ തോല്‍പിക്കുവാനായി ഒത്തുനില്‍ക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിക്കാട്ടി ഒരു കത്ത് മാര്‍ച്ച് 28-ന് എഴുതി. ഇതില്‍ മതേതരത്വത്തിനും ഫെഡറലിസത്തിനും മറ്റും മോദി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഉദാഹരണസഹിതം വിവരിച്ചിരുന്നു. പക്ഷേ, കാര്യമായ പ്രതികരണങ്ങള്‍ ഒന്നും ഉളവാക്കിയതായി കണ്ടില്ല. കത്തെഴുതിയ പ്രതിപക്ഷകക്ഷികളില്‍ ഇടതും, കോണ്‍ഗ്രസും, നാഷ്ണലിസ്റ്റ് കോണ്‍ഗ്രസും എല്ലാം ഉള്‍പ്പെട്ടിരുന്നു.

ബംഗാളിലെ ബി.ജെ.പി.യുടെ കുതിച്ചുകയറ്റത്തിന്റെ പ്രധാനകാരണം മതാടിസ്ഥാനത്തിലുള്ള, വോട്ട് ധ്രുവീകരണം ആണെന്ന് 'ലോക്‌നീതി' എന്ന തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘടന പറയുന്നു. ബി.ജെ.പി.ക്ക് 57 ശതമാനം ഹിന്ദുവോട്ടുകള്‍ ലഭിച്ചപ്പോള്‍ ത്രിണമൂലിന് ലഭിച്ചത് 32 ശതമാനം മാത്രം ആണ് 2019-ലെ ലോകസഭതെരഞ്ഞെടുപ്പില്‍. എന്നാല്‍ ത്രിണമൂലിന് 70 ശതമാനം മുസ്ലീംവോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി.യുടെ വിഹിതം വെറും നാല് ശതമാനം മാത്രം ആയിരുന്നു. ഇപ്രാവശ്യവും വോട്ടിംങ്ങ് ഈ രീതിയില്‍ ആണെങ്കില്‍ ഫലം ചിന്തനീയം. ബംഗാളിലെ ജനസംഖ്യയില്‍ 30 ശതമാനം മുസ്ലീങ്ങളും ബാക്കി 70 ശതമാനം ഹിന്ദുക്കളും ആണ്. അപ്പോള്‍ മതധ്രൂവീകരണം ആരെ സഹായിക്കുമെന്നത് വ്യക്തം ആണ്.
ബി.ജെ.പി. നേരിയ തോതില്‍ തോല്‍ക്കുകയോ ത്രിണമൂല്‍ ചെറിയ ഭൂരിപക്ഷം നേടുകയോ ഒരു തൂക്ക് നിയമസഭ ഉണ്ടാവുകയോ ചെയ്താല്‍ ബി.ജെ.പി. ആയിരിക്കും ബംഗാളില്‍ ഗവണ്‍മെന്റ് രൂപീകരിക്കുക മിക്കവാറും. തോറ്റിടത്തുപോലും, സര്‍ക്കാര്‍രൂപീകരിച്ച ചരിത്രം ബി.ജെ.പി.ക്ക് ഉണ്ട്. അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, കര്‍ണ്ണാടക, മദ്ധ്യപ്രദേശ് എന്നിവ ചില ഉദാഹരണങ്ങള്‍ ആണ്. ഏറ്റവും ഒടുവില്‍ പുതുചേരിയില്‍ കോണ്‍ഗ്രസ്-ഡി.എം.കെ. ഗവണ്‍മെന്റിനെ വീഴ്ത്തിയെങ്കിലും ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പ് മൂലം ഗവണ്‍മെന്റ് രൂപീകരണം നടന്നില്ല. മമതയുടെ ഒരു പ്രധാന പരാജയം ഒപ്പം നില്‍ക്കുന്നവരെ കൂടെക്കൊണ്ട് പോകുവാന്‍ സാധിക്കാത്ത പ്രകൃതം ആണ്. ഇതിന്റെ ഫലമായി സുവേന്ദു അധികാരി മുതല്‍ എത്രയോ മുതിര്‍ന്ന നേതാക്കന്മാര്‍ മമതയെ വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കുകയില്ല.

അസം കോണ്‍ഗ്രസിന്റെ ഒരു പഴയ കോട്ടയാണ്. ഇന്ന് അത് ബി.ജെ.പി.യും സര്‍ബാനന്ദ് സോനോ വാളും ഭരിക്കുന്നു. 2016-ല്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ബി.ജെ.പി. അസം പിടിക്കുന്നത്. കോണ്‍ഗ്രസ് ഹൈകമാന്റിന്റെ അനാസ്ഥമൂലം ഒട്ടേറെ മുതിര്‍ന്ന നേതാക്കന്മാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നു. ബി.ജെ.പി.യുടെ വടക്ക്-കിഴക്കന്‍ ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് നയരൂപീകരത്തിന്റെ ശില്പിയായ ഹേമന്ത ബിസ്വസര്‍മ്മയും ഇതില്‍ ഉള്‍പ്പെടുന്നു. ബി.ജെ.പി. അസമില്‍ വളരുന്ന ഒരു പാര്‍ട്ടിയാണ്. ധ്രുവീകരണ രാഷ്്ട്രീയം ആണ് ഇവിടെയും ബി.ജെ.പി.യുടെ തുരുപ്പുശീട്ട്. കോണ്‍ഗ്രസ് അസമില്‍ തളരുന്ന ഒരു പാര്‍ട്ടിയാണ്.

ബംഗാളിലെ പോലെ ശക്തനായ ഒരു പ്രാദേശിക നേതാവ് ഇല്ല. ഉണ്ടായിരുന്ന അണികള്‍ ചിതറി പോയിരിക്കുന്നു. പാര്‍ട്ടിയുടെ സംഘടന ശേഷിയും ഷയോന്മുഖം ആണ്. പക്ഷേ, അസമില്‍ ഇന്നും ഉയര്‍ത്തെഴുന്നേല്‍ക്കാവുന്ന ഒരു ശക്തിയാണ് കോണ്‍ഗ്രസ്. അതിന് ഒരു പുതുജീവന്‍ നല്‍കുവാന്‍ ദേശീയ പ്രാദേശീക നേതൃത്വം ഉണരേണ്ടിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ അതിനുള്ള ഒരു ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഫലം കണ്ടറിയണം. അസമില്‍ മണ്ണിന്റെ മക്കളും കുടിയേറ്റക്കാരും അസമിന്റെ തനതായ സംസ്‌ക്കാരവും എല്ലാം വിഷയം ആണ്. ബി.ജെ.പി. വളരെ തന്ത്രപൂര്‍വ്വം പൗരത്വ ഭേദഗതി നിയമം ഇവിടെ അതിന്റെ മാനിഫെസ്റ്റോയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. അസമില്‍ ബി.ജെ.പി. ശക്തമാണ്. കോണ്‍ഗ്രസ് ഒരു ഉയര്‍ത്തെഴുന്നേല്‍പിന് ശ്രമിക്കുകയാണ്. വിജയിച്ചാല്‍ അത് ബി.ജെ.പി.യുടെ വടക്ക്-കിഴക്കന്‍ ഇന്‍ഡ്യയിലെ വിജയഗാഥ തിരുത്തി എഴുതും.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചനാതീതം ആണ്. എങ്കിലും ഒരു ശ്രമം നടത്തിയാല്‍ ബംഗാളില്‍ കടുത്ത മത്സരത്തിനൊടുവില്‍ മമത തന്നെ നേരിയ കേവല ഭൂരിപക്ഷം നേടിയേക്കാം. പക്ഷേ, ഇതില്‍ അപകടവും ഉണ്ട്. ഇപ്പോഴത്തെ നിലവച്ച് നോക്കിയാല്‍ ബി.ജെ.പി. വമ്പന്‍ പ്രകടനം ബംഗാളില്‍ കാഴ്ച വയ്ക്കുവാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇവിടെ ആദ്യം സൂചിപ്പിച്ചതുപോലെ ജയാപജയങ്ങള്‍ അപ്രസക്തം ആണ്. അസമില്‍ ബി.ജെ.പി. അധികാരം നിലനിര്‍ത്തിയേക്കാം. മറിച്ചൊന്ന് സംഭവിച്ചാല്‍ ബി.ജെ.പി.ക്ക് അത് അതിജീവിക്കാനാവാത്ത തിരിച്ചടി ആയിരിക്കും.
മോദിയുടെ വിമര്‍ശകനും സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടുകയും ചെയ്ത ബംഗാളിയായ അമാര്‍ത്യസെന്‍ സമ്മതിദായകരോട് പറഞ്ഞിട്ടുളളത് വികലമായ സാമൂഹ്യനീതിയും സാമ്പത്തീക നയങ്ങളും ഉള്ളവരെ ബംഗാളിലെ ജനങ്ങള്‍ തെരഞ്ഞെടുക്കരുത് എന്നാണ് ഇതിന് എന്ത് പ്രസക്തി ഉണ്ട്.

 ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക