Image

വിങ്ങലായി വൈഗയും;നിഷ്‌ക്കളങ്ക ബാല്ല്യങ്ങളോട് എന്തിനീ ക്രൂരത

ജോബിൻസ് തോമസ് Published on 21 April, 2021
വിങ്ങലായി വൈഗയും;നിഷ്‌ക്കളങ്ക ബാല്ല്യങ്ങളോട് എന്തിനീ ക്രൂരത
മകളേ മാപ്പ് ... എന്ന രണ്ടു വാക്ക് കേരളം പല തവണ എഴുതിയും പറഞ്ഞും മടുത്തതാണ്. എന്നാല്‍ ഇന്നതൊരു ഭംഗിവാക്കായി മാറിയിരിക്കുന്നു . അത് പറയാന്‍ അര്‍ഹതയില്ലാത്തവരായി മാറിയിരിക്കുന്നു മലയാളികള്‍. വിടരും മുമ്പേ ഞെട്ടറ്റു വീണ അല്ലെങ്കില്‍ പിഴുതെറിഞ്ഞ നിഷ്്ക്കളങ്ക പൂമൊട്ടുകളില്‍ ഒടുവിലത്തെയാളായി ഇന്നിതാ വൈഗയും. ഇനിയാര്‍ക്കും ഒരു കുഞ്ഞിനും ഈ ഒരു അവസ്ഥയുണ്ടാവരുതേയെന്ന് പ്രാര്‍ത്ഥിക്കാം., വൈഗ ഇവരുടെ പട്ടികയില്‍ അവസാനത്തെയാളാവട്ടെ. ഏറ്റവുമധികം ചേര്‍ത്തുപിടിക്കേണ്ട സംരക്ഷിക്കേണ്ട കരങ്ങള്‍ തന്നെ കൊന്നു തള്ളുമ്പോള്‍ സാക്ഷരകേരളമേ ലജ്ജിക്കുക ഒരായിരം വട്ടം പ്രായശ്ചിത്തം ചെയ്യുക എന്നു മാത്രമേ പറയുവാനുള്ളു.

സനുമോഹന്‍... താങ്കളെ ഇന്ന് നാം എല്ലാവരും മനുഷ്യമൃഗമായി കാണുമ്പോള്‍ താങ്കള്‍ ഒന്നോര്‍ക്കണം താങ്കളെ ദൈവതുല്യം സ്‌നേഹിച്ച ഒരു പിഞ്ചുകഞ്ഞായിരുന്നു വൈഗ. അമ്മയെ മറ്റൊരു വീട്ടിലാക്കിയ ശേഷം നമുക്കു പോവാം മോളെ എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ച് ഇറങ്ങിവന്ന കുഞ്ഞ്. ആ യാത്രയില്‍ പോലും ഒരു അപരിചിത ശബ്ദമോ മറ്റോ കേട്ടാല്‍ സംരക്ഷണമാഗ്രഹിച്ച് താങ്കളുടെ കൈത്തലങ്ങളിലെ പിടി മുറുക്കുന്ന കുഞ്ഞ്. എങ്ങനെ തോന്നി നിന്റെ കടബാധ്യതകളുടെ പേരില്‍ ആ കുഞ്ഞിനെ കൊന്നു തള്ളാന്‍.

നമുക്ക് മരിക്കാം എന്നു താങ്കള്‍ പറഞ്ഞപ്പോള്‍ അമ്മയെക്കുറിച്ചോര്‍ത്ത് കരഞ്ഞ കുഞ്ഞ്. ആ കരച്ചിലില്‍ ആശ്വസിപ്പിക്കാനെന്നോണം താങ്കള്‍ നെഞ്ചോട് ചേര്‍ത്ത് ശ്വാസം മുട്ടിച്ചപ്പോള്‍ ഒരിറ്റു ശ്വാസത്തിനായി പിടഞ്ഞ കുഞ്ഞ് . ഒടുവില്‍ ജീവന്‍ പോകും മുമ്പേ നീ നിലയില്ലാക്കയത്തിലേയ്ക്ക് വലിച്ചെറിഞ്ഞപ്പോള്‍ പ്രണനായുള്ള പിടച്ചിലിനിടെ പുറത്തുവരാനാവാത്ത സ്വരത്തില്‍ ആ പൊന്നുമോള്‍ എത്ര തവണ വിളിച്ചിട്ടുണ്ടാവും അഛാ അഛാ എന്ന്.

ഇനിയും ഈ പ്രകൃതിക്ക് മനേഹാരിത നല്‍കി കളി ചിരിയുമായി നടക്കേണ്ട കുഞ്ഞ്് നാളകളില്‍ അവസരങ്ങളുടെ അനന്തവിഹായസ്സിലേയ്ക്ക് പാറിപ്പറക്കേണ്ട പൊന്നുമോളെയല്ലെ നീ ഇല്ലാതാക്കിയത്. എത്ര വിലകെട്ടതാണ് നിന്റെ ന്യായീകരണം ഞാനില്ലെങ്കില്‍ ആര് കുഞ്ഞിനെ നോക്കും എന്ന ചോദ്യം . ആ കുഞ്ഞിന് അമ്മയുടെ പൊന്നുപോലെ നോക്കാന്‍ നല്ല മനസ്സുള്ളവരുടെ ഒരു സമൂഹമുണ്ട് ഇല്ലെങ്കില്‍ ഇവിടെ നിയമവും അതിനുള്ള സംവിധാനങ്ങളുമുണ്ട്.
നിന്നെപ്പോലുള്ള മനുഷ്യമൃഗങ്ങള്‍ ഈ നാട്ടില്‍ ഇനിയും ഉണ്ടാകാതിരിക്കട്ടെ.

ഓരോ വാര്‍ത്തകളിലും മുഖം കാണുന്ന മലയാളത്തിന്റെ മാതൃമനസ്സിന്റെ തേങ്ങലാണ് ഇന്ന് വൈഗ. ജന്മം കൊടുത്തവര്‍ തന്നെ ജീവനെടുത്ത എത്രയോ കുഞ്ഞുമാലാഖമാരില്‍ ഒരാള്‍.

ഇനിയെങ്കിലും ഇതാവര്‍ത്തിക്കപ്പെടരുത് കുഞ്ഞുങ്ങള്‍ തങ്ങളുടെ സുഖജീവിതത്തിന് ശല്ല്യമായി തോന്നുവരും വളര്‍ത്താന്‍ കഴിയാത്തവരും അല്ലെങ്കില്‍ അവരെ ഉപേക്ഷിച്ച്  മരിക്കാനാണെങ്കില്‍ പോലും പോകുന്നവരും അവരെ കൊല്ലുന്നവരില്‍ നിന്നൊഴിവാക്കുക ഈ സമൂഹത്തിലെ ഏതെങ്കിലും ഒരു സംവിധാനത്തില്‍ അവരെ ഏല്‍പ്പിക്കുക.  ഇനിയും നിഷ്‌ക്കളങ്ക ബാല്യങ്ങള്‍ ഇവിടെ അരും കൊല ചെയ്യപ്പെടരുത്. അവര്‍ നാളെയുടെ പ്രതീക്ഷകളാണ്. അനവധി അവസരങ്ങളുടെ ഒരു പൂക്കാലമാണ് അവരെ കാത്തിരിക്കുന്നത്. മനസ്സില്‍ അല്പമെങ്കിലും മനുഷ്യത്വം ബാക്കി നില്‍ക്കുന്നവര്‍ക്ക് വൈഗ ഒരു വേദനയാണ് , കുറ്റബോധമാണ്........... 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക