-->

EMALAYALEE SPECIAL

ലോകാത്ഭുത കാഴ്ചയുടെ ഓർമ്മകൾ ( സൗമ്യ സാജിദ്)

Published

on

ദേശാന്തരങ്ങൾ കടന്നുള്ള സഞ്ചാരം, അത് വിവിധ സംസ്കാരങ്ങൾ അറിയാൻ, ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാൻ, പുത്തൻ  രുചിക്കൂട്ടുകളുടെ  സ്വാദ്  അനുഭവിക്കാൻ, എന്നതിലെല്ലാം  ഉപരിയായി,  വർത്തമാനലോകം മറന്ന്,  അൽഭുതകാഴ്ചയുടെ ചിറകിലേറി, അപ്പൂപ്പൻ താടിയെ പോലെ പാറിപ്പറന്ന്  മാന്ത്രിക പരവതാനിയിലൂടെയുള്ള  സ്വപ്ന സഞ്ചാരം. അതായിരുന്നു ബാല്യം മുതൽക്കേയുള്ള ജീവിത അഭിലാഷം.

ദുബൈയിൽ ബിസിനസ്സ് സംരംഭമുള്ളത് കൊണ്ട്  ഇടയ്ക്കിടെ അവിടം സന്ദർശിക്കേണ്ടിയിരുന്ന  'സജിത്ത് 'എന്ന എന്റെ ഇക്കയോടൊപ്പം അങ്ങിനെ എനിക്കും മക്കൾക്കും ദുബായിൽ പോയി ആറുമാസം തങ്ങാനുള്ള അനുവാദം ഭർത്താവിന്റെ പിതാവിൽ നിന്ന് ലഭിച്ചു.ഒരുമിച്ച് തറവാട്ടിൽ കഴിഞ്ഞിരുന്ന എന്നിക്ക്  സ്വാതന്ത്ര്യത്തിന് സുഖം അറിഞ്ഞ നല്ല നാളുകളായിരുന്നു അത്.  ഒന്നര വയസ്സായ മകൻ സിദാനും  മൂന്നര വയസ്സായ മകൾ സൗരയും  ഒന്നിച്ച് മണലാരണ്യ കാഴ്ചകളിൽ മുഴുകി ദിവസങ്ങൾ കടന്ന്‌ പോയി. മനുഷ്യനിർമ്മിതമായ കൃത്രിമ സൗന്ദര്യത്തിന്റെ  ആസ്വാദക രസം നൈമിഷികം. അടച്ചിട്ട ഫ്ലാറ്റ് വാസവും ആഡംബര ഷോപ്പിംഗ് മാളുകളും  വിരസമായി തീർന്നു. നാട്ടിലെത്തി വയലിലും പറമ്പിലും ഓടിനടന്നു, കിളിനാദം കേട്ട്ചി, ത്രശലഭത്തിന്റെ നിറക്കാഴ്ച   കണ്ടാനന്ദിച്ചു  പ്രകൃതിയിലേക്ക് മടങ്ങിയാൽ മതിയെന്നായി. പക്ഷേ ഉള്ളിലുള്ള 'സിൻബാദ്',  അവൻ പ്രശ്നക്കാരനായി രുന്നു. അവനെ കടൽ എപ്പോഴും മാടി വിളിച്ചു കൊണ്ടേയിരുന്നു.. ആരോരുമറിയാതെ എല്ലാം രഹസ്യമാക്കി വെച്ചു മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കണ്ണുവെട്ടിച്ച് ദുബൈയിൽ നിന്നും ഒരു സാഹസിക യാത്രക്കു ഒരുക്കുകൂട്ടി.  സ്ഥലം തിരഞ്ഞെടുത്തത് പ്രിയതമനായിരുന്നു. ലോകാത്ഭുതങ്ങളിൽ ഒന്ന്,  ചരിത്ര പ്രാധാന്യം അർഹിക്കുന്നത്,  എല്ലാറ്റിനുമുപരിയായി കയ്യിൽ മിച്ചമുള്ള പോക്കറ്റ് മണിയിൽ ഒതുങ്ങുന്നത്, അങ്ങിനെ, ചിന്തിച്ചപ്പോൾ 'നൈൽ നദിയുടെ റാണിയായ',   ഈജിപ്ത് എന്ന ദേശത്തിന്റെ മായാ കാഴ്ചയിലേക്ക് പറക്കാമെന്നുറച്ചു.
         
എമിറേറ്റ്സ് എയർവെയ്സ്ന്റെ  ഭീമാകാരനായ വിമാനത്തിൽ 'കെയ്റോ' നഗരത്തിൽ എത്തിച്ചേർന്നു. അംബരചുംബികളായ കെട്ടിട സമുച്ചയങ്ങളുടെ ആധുനികത തെലുമില്ലാത്ത  നഗരം.   നേരത്തെ ബുക്ക് ചെയ്തിരുന്ന  ഹോട്ടലും പൗരാണികതയുടെ ബാക്കിപത്രമായി തോന്നി. നിറംമങ്ങിയതാകുമോ ഈ ദേശത്തെ സഞ്ചാരം !എല്ലാം വ്യഥാവിലാകുമോ ! ആദ്യത്തെ മതിപ്പ് നിരാശയായിരുന്നു. പത്താം നിലയിലെ മുറിയിൽ കയറിയശേഷം ജനൽ പാളി നീക്കി ബാൽക്കണിയിലേക്ക് ഇറങ്ങി നോക്കി. ജീവിതത്തിൽ ഇതുവരെ കാണാനാകാത്ത മധുരമനോഹരമായ ദൃശ്യാനുഭവം കണ്ട് സംശയമെല്ലാം ദൂരെ ഓടിയൊളിച്ചു.  സ്വച്ഛവും ശാന്തവുമായി   ഒഴുകുന്ന നൈൽ നദി. അതിൽ വെള്ളത്തുണി കെട്ടിയ പായ്ക്കപ്പൽ രൂപത്തിലുള്ള ചെറു നൗകകളും, വലിയ ഉല്ലാസ നൗകകളും  തത്തികളിക്കുന്നു. . ലോക സുന്ദരിയായ ഈജിപ്ഷ്യൻ റാണി 'ക്‌ളിയോപാട്രയെ' റോമൻ ചക്രവർത്തിയായ 'മാർക്ക് ആന്റണി' ആദ്യമായി കാണുന്ന രംഗം പുസ്തകത്താളിൽ നിന്ന് അടർന്നു വന്നു ഭാവനയിൽ തെളിഞ്ഞു. ഇതേ നൈൽ നദിയിൽ തുടക്കമിട്ട ചരിത്ര പ്രസി ദ്ധിയാർജ്ജിച്ച  തീവ്ര പ്രണയം . ഇതൊരു തുടക്കം മാത്രം.

അന്നത്തെ സന്ധ്യ യാത്രാക്ഷീണം അകറ്റിയും,  ശരീരശുദ്ധിവരുത്തിയും കുഞ്ഞുങ്ങളെ പരിപാലിച്ചും മുറിയിൽ കഴിച്ചുകൂട്ടി. അത്താഴം കഴിക്കാനായി അടുത്തുള്ള തെരുവിലേക്കിറങ്ങി. ആദ്യം കണ്ട താടിവച്ച "കെഎഫ് സി " അപ്പൂപ്പന്റെ കടയിൽ കയറി. ഭക്ഷണം എന്തുവേണമെന്ന് ആംഗ്യഭാഷയിൽ ആരായുന്ന ജീവനക്കാർ! 'ഇതെന്താണ് സംഭവം' എന്ന് സ്തംഭിച്ച് ചുറ്റും നോക്കിയപ്പോഴാണ് അറിയുന്നത് ആ കടയിൽ ബധിരരും മൂകരും മാത്രമേ ജോലിക്കായിട്ടുള്ളൂ എന്ന്. ബർഗർ അകത്താക്കി പുറത്തേക്കിറങ്ങി എടിഎം മെഷീൻ സ്ഥാപിച്ചിരിക്കുന്നത് എവിടെ എന്ന് തദ്ദേശീയൻ എന്ന് തോന്നിപ്പിക്കുന്ന ഒരാളോട് അന്വേഷിച്ചു. അയാൾ കൃത്യമായി കൂടെ വന്ന് സ്ഥലം കാണിച്ചു തരികയും സൗഹൃദഭാവത്തിൽ സംസാരിക്കുകയും ചെയ്തു. പണം കയ്യിലുള്ളത് അറിഞ്ഞു  പിടിച്ച് പറിക്കാനാണോ അയാളുടെ ശ്രമമെന്ന് കരുതി ഞാൻ മോളുടെ കയ്യിൽ ബലമായി പിടിച്ച്, ഒക്കത്തു ഇരുന്ന് ചിരിക്കുന്ന മകനേയും തലോടി ഭീതിയോടെ മിഴിച്ചു നിന്നു.  അയാൾക്ക് സ്വന്തമായി സുഗന്ധദ്രവ്യങ്ങളുടെയും കൗതുക വസ്തുക്കളുടെയും   കട ഉണ്ടെന്നും അവിടം സന്ദർശിക്കണമെന്നും ആണ് ക്ഷണം.
 " എങ്കിൽ ആകട്ടെ"
എന്ന് പറഞ്ഞ്   ഇക്ക  അയാൾക്കൊപ്പം  നടന്നുതുടങ്ങി. അന്യദേശം,  പരിചയം ഇല്ലാത്ത ആൾ, പോരാഞ്ഞ് രഹസ്യ സഞ്ചാരം. എന്തെങ്കിലും സംഭവിച്ചാൽ..... ആകെ പരവശയായി ഞാൻ ഇക്കയുടെ കയ്യിൽ തൊട്ടു പതുക്കെ പറഞ്ഞു 'വേണ്ട  നമുക്ക് പോകാം'
" ഭയപ്പെടാതെ, ഞാനില്ലേ കൂടെ "എന്ന്‌ ധൈര്യം  പകർന്ന്  ആൾ കൂസലില്ലാതെ നടന്നു. ഏകദേശം അര കിലോമീറ്റർ നടന്ന് ഒര് ചെറിയ കടയും  അതിനു ചേർന്ന്  വീടും കണ്ടു. ആദ്യം അയാൾ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു.  ഊദ് പുകച്ചിരുന്ന  സ്വീകരണമുറിയിലെ സോഫയിൽ ഇരുത്തി.പരിമളം പരത്തുന്ന പുക എന്റെ സംശയം വർധിപ്പിച്ചു. അയ്യാൾ  അകത്തു പോയി ആവിപറക്കുന്ന കട്ടൻചായയും ആയി എത്തി. പുതിനയില ചേർത്ത ആ ചായയുടെ ഗന്ധം കൊതിപ്പിക്കുന്നതായിരുന്നു.
 "നമ്മളെ മയക്കികിടത്താനായി  ഇതിൽ എന്തെങ്കിലും ചേർത്തു കാണും. കുടിക്കേണ്ട "
ഞാൻ പുലമ്പിക്കൊണ്ടിരുന്നു.
" നല്ല രുചി "എന്ന് പറഞ്ഞ് ഇക്ക അതുമുഴുവൻ മൊത്തി കുടിച്ചപ്പോൾ എനിക്കും പിടിച്ചുനിൽക്കാനായില്ല. അക്കാലത്ത്  വിശിഷ്ട സുഗന്ധദ്രവ്യങ്ങളോട് എന്നിക്ക്  വല്ലാത്ത ഭ്രമമായിരുന്നു. അയാളുടെ കടയിലെ അപൂർവ സുഗന്ധം നുകർന്ന്,  വിശേഷപ്പെട്ട രണ്ട് അത്തറുകൾ കുറഞ്ഞ വിലക്ക് വാങ്ങി. ഇതുവരെ എല്ലാം ശുഭം. ആതിഥ്യ  മര്യാദയുള്ള നല്ല കച്ചവടക്കാരനായിരുന്നു അയാൾ. ഹോട്ടൽ വരെ ഞങ്ങൾക്ക്  കൂട്ടു വന്നിട്ടാണ് ആ പാവം തിരിച്ചുപോയത്. മുറിയിൽ കയറുന്നതു വരെ എന്റെ പരിഭ്രമം മാറിയിരുന്നില്ല.  ആരെയും വിശ്വസിക്കാത്ത ഞാൻ.  നിഗമനങ്ങൾ എപ്പോഴും ശരിയാവുന്ന  ജീവിതപങ്കാളി. അന്ന് രാത്രി, പിരമിഡുകളെ കിനാവ് കണ്ട്  സുഖമായി ഉറങ്ങി.നാളെ "ഗിസയിലെ പിരമിഡുകളുടെ "അടുത്തേക്കാണ് യാത്ര.  

ഞങ്ങളുടെ സഞ്ചാരം  അംഗങ്ങൾ ഏറെയുള്ള, എല്ലാം മുമ്പേ കൂട്ടീ നിശയിക്കപ്പെട്ടിട്ടുള്ള സംഘ യാത്ര അല്ലാത്തതിനാൽ സ്വന്തം ഇഷ്ടപ്രകാരം സ്ഥലങ്ങൾ കാണാനുള്ള സ്വാതന്ത്ര്യo വേണ്ടുവോളം ഉണ്ട്‌. കാണേണ്ട കാഴ്ചകളെ കുറിച്ച് വ്യക്തമായ മുൻധാരണ വേണമെന്നുമാത്രം. പ്രഭാത ഭക്ഷണം കഴിഞ്ഞ് ഗിസയിലെ പിരമിഡ് സന്ദർശിക്കാനായി ഹോട്ടലിൽ നിന്ന്  വാഹനസൗകര്യം ഏർപ്പെടുത്തി. കെയ്റോ  നഗരാതിർത്തി പിന്നിട്ട്  ഏറെ നീങ്ങിയ വീഥി  ഒരിടത്ത് അവസാനിച്ചു. ഇനിയങ്ങോട്ട് മരുഭൂമിയിലൂടെ ആണ് സവാരിയത്രേ. ഒട്ടകങ്ങളും കുതിരവണ്ടികളും നിരന്നു കിടക്കുന്നു. ഒട്ടകപ്പുറത്ത് കയറാൻ ആശയു ണ്ടെങ്കിലും കുഞ്ഞുങ്ങളെയും എടുത്തു  കൊണ്ട് അത് ദുർഘടം എന്നിരിക്കെ കുതിരവണ്ടിയിൽ കയറി കൂടി. പൊള്ളുന്ന വെയിലിൽ,  പയ്യെ  പയ്യെ കാലുകൾ വേച്ചു വേച്ചു കുതിര  നടന്നു. പൊടി കാറ്റ് വീശിയടിച്ചിരുന്നു.  
അതാ ദൂരെ തലയുയർത്തി നിൽക്കുന്നു മൂന്നു വലിയ പിരമിഡുകളും അവക്ക് അരികിലായി കുറച്ചു ചെറിയ  പിരമിഡുകളും. അതിൽ ഏറ്റവും വലുതും ലോകാത്ഭുതം ആയി പരിഗണിക്കപ്പെട്ടു ഉള്ളതും 'ഖുഫു ' രാജാവിന്റെ പിരമിഡ് ആണ്. നൈൽ നദിയിലൂടെ ഭാരമേറിയ ചുണ്ണാമ്പു കല്ലുകൾ എത്തിച്ചും  അടിമകളെ ഉപയോഗിച്ചും  ആണത്രേ ഫറോവരാജാക്കന്മാർ ഈ ശവകുടീരങ്ങൾ പണികഴിപ്പിച്ചത്. ഒപ്പം കൂട്ടിയ ഗൈഡ് ഇതെല്ലാം വിവരിച്ചു തന്നത് കൗതുകത്തോടെ കേട്ടുനിന്നു. പിരമിഡുകൾക്കുള്ളിൽ കേടു കൂടാതെ സംരക്ഷിച്ചിരുന്ന മമ്മികൾ ഇപ്പോൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരുക്കുന്നതായി വിവരം ലഭിച്ചു. കുതിരക്കാരനും  ഗൈഡും  എല്ലാം വാതോരാതെ വിശേഷങ്ങൾ പറയുകയും ഞങ്ങളുടെ ക്യാമറകളിൽ ഈ അസുലഭ നിമിഷം ഒപ്പിയെടുക്കാൻ സഹായിയ്ക്കുകയും  ചെയ്തു. ഇവരുടെ പല്ലുകൾക്ക് കറുപ്പും കടും മഞ്ഞയും കലർന്ന ഒരു വല്ലാത്ത നിറം....

" ഇവിടെ ആർക്കും പല്ലുതേപ്പ് ഇല്ലെന്നു തോന്നുന്നു"
 ലോക അത്ഭുത കാഴ്ച കണ്ടും, ചരിത്രം കേട്ടും രോമാഞ്ച പുളകിതനായി നിന്നിരുന്ന  ഇക്ക എന്റെ ജൽപനം കേട്ട്  ഇളകി  ചിരിച്ചു. പിരമിഡുകളുടെ പിൻ ഭാഗത്തിലൂടെ യാത്ര ചെയ്തിരുന്ന കുതിരവണ്ടി മുന്നോട്ടു നീങ്ങിത്തുടങ്ങി. അവിടവിടെയായി ഭാരമേറിയ വലിയ ചുണ്ണാമ്പു കല്ലുകൾ ചിതറിക്കിടക്കുന്നു. കുതിരവണ്ടി, മനുഷ്യ മുഖവും സിംഹ ശരീരവുമായ് പണി തീർക്കപ്പെട്ട
' സ്ഫിങ്കിസ് ' എന്ന കൂറ്റൻ ശില്പത്തിന് അരികിലെത്തി. 'ഖുഫു ' രാജാവിന്റെ പുത്രനായിരുന്ന 'കഫറെ 'തന്റെ ശവകുടീരത്തിന് അടുത്ത് കാവൽ ഭടനായി ആണത്രേ 'സ്ഫിങ്കിസ് ' പണിതുയർത്തിയത്. ഏറെ നാളുകൾ മണലാരണ്യത്തിൽ പുതഞ്ഞു കിടന്നതിനാൽ ആണോ അതോ യുദ്ധത്തിൽ വിനാശം സംഭവിച്ചതാണോ എന്ന വ്യക്തതയില്ലാതായിരുന്നു 'സ്ഫിങ്കിസ്ന്റെ ' നഷ്ടപ്പെട്ട 'മൂക്ക്'. ശവ ശരീരത്തോടൊപ്പം പിരമിഡുകളിൽ സൂക്ഷിച്ചുവച്ചിരുന്ന വിശേഷപ്പെട്ട ആഭരണ ശേഖരങ്ങൾ  മോഷണംപോയ കഥ ഇന്നും അജ്ഞാതം. കല്ലറയിൽ നിന്ന് ഉയർന്ന പടിക്കെട്ടുകൾ കയറി പരേതാത്മാവ് ഈശ്വരസന്നിധിയിൽ ലയിച്ചുചേരും എന്ന ഐതിഹ്യം നെഞ്ചിലേറ്റി.  ആദ്യമായി അത്ഭുതം സ്പർശിക്കാനായ,
ചരിത്ര നിഗൂഢത അനുഭവിച്ചറിഞ്ഞ   ആ  ദിനം  ഇന്നും ഉൾപ്പുളകമേകുന്നു.                               
അടുത്ത ദിവസം ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്കാണ്  പോകാൻ ഇറങ്ങിയത്. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ മഹിമ വിളിച്ചോതുന്ന ലക്ഷക്കണക്കിന് ചരിത്രസ്മാരകങ്ങൾ മ്യൂസിയത്തിനകത്ത് കാഴ്ചക്കായി പ്രദർശിപ്പിച്ചിരിക്കുന്നു.  കവാടത്തിനിനുള്ളിലെ വലിയ ഹാളിൽ  'പാപ്പിറസ്,'ഇലകളിൽ പൊതിഞ്ഞ ഒരു പുരുഷ' മമ്മി'  വച്ചിരിക്കുന്നു. അസ്ഥികൂട രൂപത്തിന് മേൽ  ശുഷ്കിച്ച കറുത്ത ഉണക്ക തൊലി മൂടിയതായി കാണപ്പെട്ടു.  മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന പ്രാചീന ഈജിപ്ഷ്യൻ ജനത രാജകുടുംബാംഗങ്ങളുടെ നിത്യോപയോഗ സാമഗ്രികളും ശരീരത്തോടൊപ്പം സൂക്ഷിച്ചിരുന്നു. പിരമിഡുകളിൽ നിന്ന് കണ്ടെടുത്ത ഇത്തരത്തിലുള്ള വൻ ശേഖരമാണ് മ്യൂസിയത്തിൽ ഉള്ളത്. തീർത്താൽ തീരാത്ത കാഴ്ചകൾക്ക് കണ്ണും നട്ട് വിവരണം വായിച്ചു മനസ്സിലാക്കി,  അങ്ങിനെ നടന്നു നീങ്ങവേ ഫറോവ രാജകുടുംബാംഗങ്ങളുടെ ശവശരീരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന പ്രത്യേക മുറി ദൃശ്യമായി. നമ്മുടെ നാട്ടിലെ അപേക്ഷിച്ചു  പൊതുവേ  വില കുറവായിരുന്ന ഈജിപ്തിൽ ഇവിടേക്കുള്ള  പ്രവേശന ഫീസായി നിശ്ചയിച്ചിരുന്നത് 40 ഈജിപ്ഷൻ പൗണ്ട്,  അതായതു ഒരാൾക്ക് ഏകദേശം 500 രൂപയോളം വിലയാണ്.   കുഞ്ഞുങ്ങൾക്ക് പ്രവേശനം ഇല്ലാതിരുന്നതിനാൽ  ഞാനും മക്കളും അകത്തുകയറേണ്ട  എന്ന് തീരുമാനിച്ചു. 'മമ്മികളെ' കാണാൻ പോയ മക്കളുടെ പപ്പയെയും  കാത്തു പുറത്ത് നിന്നു.കുഞ്ഞു  സിദാൻ കരച്ചിൽ തുടങ്ങിയിരിക്കുന്നു.. കുഞ്ഞിനെ എടുത്തുകൊണ്ടു നിൽക്കുന്ന എന്നെ കണ്ട സെക്യൂരിറ്റി ജീവനക്കാരൻ സ്വന്തം ഇരിപ്പിടം ഒഴിഞ്ഞു തന്നു. അവിടെ ജനത്തിരക്ക് കുറവായതിനാൽ മോന് സ്വസ്ഥമായി മുലയൂട്ടാൻ സാധിച്ചു. സ്വകാര്യതയിലേക്ക് തീക്ഷണ നോട്ടം
 എറിയാതിരിക്കാനുള്ള അദ്ദേഹത്തിന്റെ ഔചിത്യ  ബോധത്തെ ഞാനിന്നും നന്ദിയോടെ ഓർക്കുന്നു. പുറത്തിറങ്ങി വന്ന ഇക്കയോട് ജിജ്ഞാസയോടെ "എങ്ങനുണ്ട് മമ്മി"?  എന്ന്  ചോദിച്ചു. ജീവിതത്തിൽ ഇതുപോലെ ഒരു കാഴ്ച ഇനി കാണാൻ സാധിക്കില്ലെന്നും തീർച്ചയായും "നീ ഇത് കാണണം" എന്നും അദ്ദേഹം പറഞ്ഞു. മ്യൂസിയത്തിനകത്ത് ഒരു 'മമ്മിയെ 'കണ്ടതിനാൽ വെറുതെ പൈസ ചെലവാക്കേണ്ട എന്ന് കരുതിയിരുന്ന  ഞാൻ ഈ വാക്കുകൾക്ക് ചെവി കൊണ്ട് അകത്തേക്ക് പ്രവേശിച്ചു.

 അരണ്ട വെളിച്ചം... സന്ദർശകർ തീരെ കുറവ്... ദൂരെ നടന്നിരുന്ന സായിപ്പന്മാരുടെ അടുത്ത് കൂടാൻ ധൃതിയിൽ നടന്നു. നേരത്തെ കണ്ടതിൽ നിന്നും വിഭിന്നമായി വളരെ നീളമുള്ളതും കുറച്ചുകൂടി മാംസളവും ആയിരുന്നു രാജാക്കന്മാരുടെ ശരീരങ്ങൾ. അവർക്ക് അരികിലായി ഏതാനും സ്ത്രീ ശരീരങ്ങളും സൂക്ഷിച്ചിരിക്കുന്നു..
ചുരുണ്ട മുടിയിഴകൾ.. കൂർത്ത നഖം.
.ഉഗ്രരൂപിണികൾക്കിടയിൽ ഏകയായി പാവം ഈ ഞാൻ. സത്യം പറഞ്ഞാൽ പേടിച്ചു വിറച്ചു. പിന്നീട് വർഷങ്ങളോളം ഈ പ്രേത രൂപം എന്റെ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. സുഗന്ധ തൈലം പുരട്ടി, ഈറ  ചെടിയുടെ ഇലകളിൽ പൊതിഞ്ഞ മൃതശരീരം ജീർണ്ണിക്കാതെ  സൂക്ഷിക്കുന്ന പാടവം.ഇത്  വിലമതിക്കാനാവാത്ത കാഴ്ച തന്നെ. മ്യൂസിയത്തിന് വെളിയിൽ ഉണ്ടായിരുന്ന  കച്ചവടക്കാരിൽ നിന്ന് 'പാപ്പിറസ് 'പെയിന്റിങ്  വാങ്ങി. ഓർമ്മകൾ മരിക്കാതിരിക്കണമല്ലോ..  
             
 നൈൽ നദിയിലൂടെയുള്ള ഉല്ലാസ നൗകയിലെ സഫാരിയാണ്  മധുരം പകരുന്ന മറ്റൊരു അനുഭവം.. സഞ്ചാരികളെ സ്വീകരിക്കാനായി മധുര പഴച്ചാറും പരമ്പരാഗത മധുരപലഹാരവും ഏന്തി രാജ്ഞിയുടെ വേഷത്തിൽ നിൽക്കുന്ന അതിസുന്ദരിയായ ഈജിപ്ഷ്യൻ യുവതി. മധുര വിഭവങ്ങൾ കണ്ട് സൗര മോളുടെ മുഖം സന്തോഷത്താൽ തുടുത്തു. സഞ്ചാരികളുടെ വിനോദത്തിനായി പേർഷ്യൻ സംഗീതവിരുന്ന്. നൈൽ നദിയിലൂടെ,  ഓളങ്ങൾ അലയടിക്കുന്ന,   ഭംഗിയുള്ള നൗകയിൽ ഇരുന്ന്,   കേട്ടിട്ടില്ലാത്ത സംഗീതത്തിന്റെ മാസ്മരിക താളത്തിൽ ലയിച്ചു,  ദീപാലംകൃതമായ 'കെയ്റോ ' നഗരക്കാഴ്ച...
വീശിയടിക്കുന്ന കുളിർകാറ്റ്.. അതിവിശിഷ്ടമായ ഈജിപ്ഷ്യൻ വിഭവങ്ങൾ അണിനിരത്തിയ അത്താഴ വിരുന്ന്..
തരുണീമണികളുടെ ഭംഗിയുള്ള വയറും നിതംബവും  കുലുക്കിയുള്ള
 'ഉദര  നൃത്തം '.പോരാഞ്ഞ് ഈജിപ്ഷൻ നാടോടി കലാരൂപമായ, "തനൂര " നൃത്തം.  മിനിറ്റുകളോളം നിർത്താതെ വട്ടത്തിൽ കറങ്ങിക്കറങ്ങി അവത രിപ്പിക്കപ്പെടുന്ന  
നടനപാടവം കണ്ടു കണ്ണുകൾ മിഴിച്ചിരുന്നു മണിക്കൂറുകൾ പോയതറിഞ്ഞില്ല.  കാണികൾക്കിടയിലൂടെ വന്ന അവതാരിക മോളുടെ കൈകളും പിടിച്ച് വേദിയിലേക്ക് കൊണ്ടുപോയി. അപരിചിതയായ യുവതിയോടൊപ്പം ഉത്സാഹത്തോടെ  മതിമറന്നു തുള്ളിക്കളിച്ച ഉണ്ടക്കണ്ണിയുടെ സന്തോഷ നടനം ഇന്നും ഓർമകൾക്കു ഹരം പകരുന്നു.
      
ക്രിസ്തീയ മുസ്ലിം വിശ്വാസികൾ തീർത്ഥാടന കേന്ദ്രമായി കണ്ടു പോന്നിരുന്ന 'സീനായി മല നിരകളും ', ലോകത്തിലെ  പഴക്കം ചെന്ന 'സെന്റ് കാതറീൻ  മോണാസ്ട്രീയും'  സന്ദർശിക്കാനായി. പ്രവാചകനായ 'മോസസിന് ' 10 കൽപ്പനകൾ വെളിപാടായി ലഭിച്ച പുണ്യ സ്ഥലവും,  
പ്രവാചകൻ ദർശിച്ച "അഗ്നിക്കിരയാകാത്ത മുൾച്ചെടിയും " ഞങ്ങൾക്ക് വിവരിച്ചു തന്നത് മൊണാസ്ട്രിക്ക്  കാവൽ നിന്നിരുന്ന തോക്കേന്തിയ പോലീസാണ്.  അദ്ദേഹം തന്നെ തിരിച്ചുപോകാനുള്ള ടാക്സി ഏർപ്പാടാക്കി തന്ന ശേഷം സേവനത്തിനുള്ള കൂലിയായി  പണം ആവശ്യപ്പെട്ടു. ഇക്കയുടെ പോക്കറ്റിൽ ചില്ലറയായി ഉണ്ടായിരുന്ന അഞ്ച് ഈജിപ്ഷ്യൻ പൗണ്ട് എടുത്ത് അദ്ദേഹത്തിനു നൽകി. അക്കാലത്ത് നാട്ടിലെ 20 രൂപയോളം മതിക്കുന്ന ആ തുക അയാൾ മടക്കി തരികയോ ശകാരിക്കുകയോ അതോ ഇനി ആ തോക്ക് നേരെ ചൂണ്ടി പ്രയോഗിച്ചു കളയുമോ എന്നല്ലാം വേവലാതിപെട്ടിരുന്നപ്പോൾ  അദ്ദേഹം വിടർന്ന മുഖത്തോടെ പണം സ്വീകരിക്കുകയും ഒരു നല്ല സല്യൂട്ട് ഏകി  ഞങ്ങളെ യാത്രയാക്കുകയും ചെയ്തു. അന്നാട്ടിലെ പണത്തിന്റെ മൂല്യവും ജനതയുടെ ദാരിദ്ര്യത്തിന്റെ കാഠിന്യവും അപ്പോൾ  മനസ്സിലാക്കി.
' ഖാൻ അൽ ഖല്ലേലി 'എന്ന വഴിയോര കച്ചവടക്കാരുടെ വിപണന കേന്ദ്രം കാണുക എന്നത് പട്ടികയിലെ അടുത്ത ലക്ഷ്യം. തനത് ശില്പങ്ങളും പെയിന്റിങ്ങുകളും,  അലങ്കാരവസ്തുക്കളും,  സുഗന്ധവ്യഞ്ജനങ്ങളും, അത്തറും, ഊദും ,  വസ്ത്ര കടകളും ,  ആ മാർകറ്റിൽ ഇടം പിടിച്ചിരുന്നു. . ഇടുങ്ങിയ വഴിയിലൂടെ തലയിൽ വലിയ താലത്തിൽ റൊട്ടിക്കഷണങ്ങൾ ചുമന്നു പോകുന്ന ബാലന്മാരും,  ചുവന്നുതുടുത്ത ഈജിപ്ഷ്യൻ സുന്ദരികളും, തള്ള് വണ്ടിക്കാരും ഇവരെല്ലാം  ഞങ്ങളെ കണ്ടമാത്രയിൽ ഒറ്റ  ചോദ്യം മാത്രം
" ഇന്ത്യ"?,  "അമിതാബച്ചൻ "?
 "ഷാരുഖ് ഖാൻ?  "
ഹിന്ദി സിനിമകളുടെ ആരാധകർ ആണത്രേ അവർ. കനലിൽ ചുട്ടെടുത്ത വിഭവങ്ങളും പലതരം സോസുകൾ ഒറ്റ പത്രത്തിൽ  വിളമ്പുന്ന "മെസാ പ്ലാറ്റർ "എന്ന വിഭവവും   മാർക്കറ്റിലെ രണ്ടാം നിലയിലുള്ള ഒരു കുഞ്ഞു ഹോട്ടലിൽ  താഴത്തെ തെരുവിലെ  ബഹളവും കോലാഹലവും വീക്ഷിച്ച് ആ പശ്ചാത്തലത്തിൽ ഇരുന്ന്   രുചിച്ചു.  ആ  അത്താഴത്തിന്റെ  സ്വാദ് ഇന്നും  വേറിട്ടുനിൽക്കുന്നു. ഓർമ്മയ്ക്കായി വാങ്ങിയ കൗതുകവസ്തുക്കൾക്ക് ഒപ്പം  നാട്ടിലെ പത്ത് രൂപയ്ക്ക് ഒര് കൂട മധുര നാരങ്ങയും കൈക്കലാക്കി.  വിശിഷ്ട മധുരമുള്ള,  തേനൂറുന്ന  ഓറഞ്ച് തിരിച്ചുവരാൻ സമയമായിട്ടും  കഴിച്ചു തീരുന്നില്ല... എയർപോർട്ടിലേക്ക് തിരിക്കും  മുമ്പ്  തെല്ലും അവശേഷിപ്പിക്കാതെ അത് കഴിച്ചു തീർക്കുകയും വേണം. നുകർന്നിട്ടും നുകർന്നിട്ടും തീരാത്ത മധുരമായി ആദ്യ ലോകാത്ഭുത കാഴ്ചയുടെ ഓർമ്മകൾ മനസ്സിലിന്നും നിലനിൽക്കുന്നു. യാത്ര തീർന്ന വിഷമം മുഖത്തിൽ നിന്നും വായിച്ചെടുത്ത പ്രിയതമന്റെ  പ്രതിജ്ഞ... "നിന്നെ ഞാൻ ഈ ലോകം മുഴുവൻ കാണിച്ചിരിക്കും".
 മുഖത്ത് ചിരി വിടർന്നു എങ്കിലും വെറുതെ  പറയുന്നതാവും എന്നുകരുതി ഈയുള്ളവൾ അന്നത്  വിശ്വസിച്ചില്ല.
പക്ഷേ അദ്ദേഹം വാക്കു പാലിക്കുക തന്നെ ചെയ്തു.

Facebook Comments

Comments

  1. Cheriyan Thomas

    2021-04-22 10:02:55

    There is nothing better than a good travelogue. Sometimes its better than even visting the place. Beautifully written. Congratulations Sawmiya

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

View More