Image

ഊന്നുവടികളായ് പരസ്പരം : പുഷ്പമ്മ ചാണ്ടി

Published on 22 April, 2021
ഊന്നുവടികളായ് പരസ്പരം : പുഷ്പമ്മ ചാണ്ടി
കോവിഡ് വാക്‌സിനേഷൻ രാണ്ടാമത്തെ കുത്തിവെയ്പ്പിന് ഞാനിന്ന് ആശുപത്രിയിൽ പോയി . എന്റെ ഊഴത്തിനായി ഞാൻ കാത്തിരുന്നു . എനിക്ക് മുൻപേ വന്നവർ ഓരോരുത്തരെയായി വിളിക്കുന്നുണ്ടായിരുന്നു , പെട്ടെന്നാണ് ആ ദമ്പതികൾ എന്റെ ശ്രദ്ധ ആകർഷിച്ചത്‌.  ഭാര്യയുടെ പേര് വിളിച്ചതും ഭർത്താവ് ആദ്യം എഴുന്നേറ്റു . ഭാര്യയെ എഴുന്നേൽക്കാൻ അദ്ദേഹം സഹായിക്കുകയാണ്. പെരുമാറ്റത്തിൽ നിന്നും അവർക്കു " പാർകിൻസൻ" ആണെന്ന് മനസ്സിലായി , അവിടെയുള്ള വീൽ ചെയറിൽ ഇരിക്കാൻ അറ്റന്‍ഡര്‍ പറഞ്ഞിട്ട് അവർ അനുസരിച്ചില്ല. ഭർത്താവിനെ കാത്ത് നിൽക്കുകയാണ്. അദ്ദേഹം മെല്ലെ അവരെ എഴുന്നേൽപ്പിച്ചു , പതുക്കെ കൈപിടിച്ച് കൊണ്ടുപോയി. അവർക്കു പിറകെ എന്നെയും വിളിച്ചു. 

കുത്തിവെയ്പ്പ് കഴിഞ്ഞിട്ട് നിരീക്ഷണ മുറിയിൽ ഇരിക്കുമ്പോൾ അവരെ തന്നെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. എത്ര കരുണയോടെയാണ് അദ്ദേഹം തന്റെ പങ്കാളിയെ കരുതുന്നത്. ആ കണ്ണുകളിലെ സ്നേഹം , ആർദ്രത എല്ലാം കണ്ടപ്പോൾ ഞാൻ ഓർത്തു . സാധാരണ ആശുപത്രി സന്ദർശനത്തിൽ , ഭാര്യ ഭർത്താവിനെയാണ് കൂട്ടിക്കൊണ്ടുവരുന്നതും കരുതലോടെ തിരികെ കൊണ്ടുപോകുന്നതും കാണാറുള്ളത്.അല്ല ഇനി അങ്ങനെ ആരെങ്കിലും ഭാര്യയെ കൂട്ടിക്കൊണ്ടു വന്നാൽ , അക്ഷമയോടെ വാച്ചിൽ നോക്കും , അസ്വസ്‌ഥമായ മുഖഭാവങ്ങളോടെ ഇരിക്കും . തിരക്കുകൾ വിളിച്ചുകൊണ്ടിരിക്കുന്ന ഒരുവനെപ്പോലെ.അല്ലെങ്കിൽ , ഇവിടെ ഇങ്ങനെയൊന്നും ഇരിക്കേണ്ടവനല്ല താൻ എന്ന ഭാവത്തോടെ .ഒരു പക്ഷെ, വയസ്സാകുമ്പോഴായിരിക്കും , പരസ്പരസ്നേഹം അവർ കൂടുതലായി മനസ്സിലാക്കുന്നതും  അതനുസരിച്ച് പെരുമാറുന്നതും.ഒരുമിച്ച് പ്രായമാകുക എന്നതൊരു അനുഗ്രഹമാണ്, കൂടെ , ഒന്നിച്ചു നിൽക്കാൻ കഴിയുക എന്നതും. തന്റെ പാർട്ണറെ അതേപടി സ്വീകരിക്കുക . 

വർഷങ്ങളായി ഒരുമിച്ച് നിൽക്കുന്ന ഏതൊരു ദമ്പതികൾക്കും അവർ പരസ്പരം സ്നേഹം കാണിക്കുന്ന രീതി അവരുടെ ബന്ധത്തിന്റെ  ആരംഭത്തിൽ ഉള്ളതു പോലെ ആയിരിക്കില്ല. ഒരു വയസ്സിനപ്പുറം , തൊലിയുടെ ചുളിവ് , വെളുത്ത മുടിയിഴകൾ , നടത്തത്തിൽ ഉണ്ടായിരുന്ന ചുറുചുറുക്ക് ... എല്ലാം മാറും  ഓർമശക്തി കുറയും  അപ്പോൾ അത് മനസ്സിലാക്കി ഇതൊക്കെ നൈസര്‍ഗ്ഗികമായി സംഭവിക്കുന്നതാണെന്ന് , കൂടെ നിന്ന് പറയാൻ , കൈകൾ പിടിക്കാൻ ഒരാൾ ഉണ്ടാകുന്നത്, മുജ്ജന്മ പുണ്യമാണ് . എല്ലാവക്കും അത് കിട്ടില്ല , ആ അനുഗ്രഹം കിട്ടുന്നവർ ഭാഗ്യമുള്ളവർ .ഇന്ന് കണ്ട ആ ദമ്പതികൾ അവരെ പോലെ ഉള്ളവർ  , സന്തോഷത്തോടെ ഒരാൾ ഒരാൾക്ക്‌ തുണയായി ജീവിക്കാൻ , സർവേശ്വരൻ അനുഗ്രഹിക്കട്ടെ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക