Image

200 മില്യൺ വാക്സിൻ ഡോസ് ലക്ഷ്യമിട്ട്  ബൈഡൻ  ഭരണകൂടം 

Published on 22 April, 2021
200 മില്യൺ വാക്സിൻ ഡോസ് ലക്ഷ്യമിട്ട്  ബൈഡൻ  ഭരണകൂടം 

രാജ്യത്ത്  16 വയസ്സിനു മുകളിലുള്ള എല്ലാവർക്കും  വാക്സിന് അർഹത  നൽകിയതോടെ , സ്വാഭാവിക പ്രതിരോധം സാധ്യമാകുന്നതിനും മഹാമാരിയുടെ അന്ത്യം കുറിക്കുന്നതിനും  200 മില്യൺ ഡോസുകൾ എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കാനാണ്   പ്രസിഡന്റ് ബൈഡന്റെ ശ്രമം.

സിഡിസി ഡാറ്റ അനുസരിച്ച് ബുധനാഴ്ച വരെ 213 മില്യണിലധികം ഡോസ്  രാജ്യത്ത് ലഭ്യമാണ്. യോഗ്യത നേടിയ  ജനസംഖ്യയുടെ 51 ശതമാനത്തിന്  വാക്സിൻ സ്വീകരിക്കാൻ ഇത്  മതിയാകും.

കഴിഞ്ഞ ആഴ്ച, അപ്രതീക്ഷിതമായാണ്   ബൈഡൻ ഭരണകൂടം ജോൺസൺ  & ജോൺസന്റെ ഒരു ഒറ്റ-ഷോട്ട്  വാക്സിൻ വിതരണം നിർത്തിവച്ചത്. ഏകദേശം 7 മില്യൺ ഡോസുകൾ  നൽകിയതിൽ ആറു പേരുടെ രക്തം കട്ടപിടിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തതോടെയായിരുന്നു നടപടി.

പ്രസിഡന്റ് എന്ന നിലയിൽ കൊറോണ  വൈറസിനോട് ജാഗ്രത പുലർത്തുന്ന സമീപനമാണ് ബൈഡൻ പിന്തുടരുന്നത്. പ്രതിരോധ കുത്തിവയ്പ് നേടിയെങ്കിലും , അദ്ദേഹം പതിവായി ഡബിൾ  മാസ്കുകൾ ധരിക്കുകയും ജനങ്ങൾക്ക് മാതൃകയാവുകയും ചെയ്യുന്നുണ്ട്. ജൂലൈ 4 ന് സ്വാതന്ത്ര്യ ദിനാഘോഷം പോലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെറിയ ഒത്തുചേരലിൽ പരിമിതപ്പെടുത്താനാണ് അദ്ദേഹം അമേരിക്കക്കാരോട് അഭ്യർത്ഥിച്ചത്. ഈ അഭ്യർത്ഥനയെ റിപ്പബ്ലിക്കന്മാർ പരിഹസിക്കുകയാണ് ചെയ്യുന്നത്. വാക്സിൻ ഫലപ്രദമായതുകൊണ്ട് വ്യാപനനിരക്ക് ഒത്തുചേർന്നാലും  നിയന്ത്രിക്കാനാകുമെന്നാണ് അവരുടെ പക്ഷം.

വാക്സിനുകൾ പുറത്തിറക്കിയതിന്റെ നേട്ടം  ബൈഡൻ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്  മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ  പ്രകോപിപ്പിച്ചു.

ഗവേഷണത്തിനും വികസനത്തിനുമായി കോടിക്കണക്കിന് ചിലവഴിച്ചത്   ട്രംപ് ഭരണകൂടമാണ്. ആദ്യത്തെ രണ്ട് വാക്സിനുകളും (ഫൈസറും  മോഡേണയും) ഡിസംബറിൽ ഉപയോഗാനുമതി നേടുമ്പോഴും ട്രംപ് ആയിരുന്നു പ്രസിഡന്റ്.

പൂർണ്ണമായി  വാക്സിനേഷൻ സ്വീകരിച്ചവരിൽ   2 പേർ രോഗബാധിതരായി  

പൂർണ്ണമായി  വാക്സിനേഷൻ സ്വീകരിച്ച  നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച്  ന്യൂയോർക്കിൽ നടത്തിയ പുതിയ പഠനത്തിൽ 2 പേർക്ക്  രോഗം പിടിപെട്ടതായി കണ്ടു.

റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റിയിലെ പൂർണ്ണമായും  വാക്സിനേഷൻ സ്വീകരിച്ച  417 ജീവനക്കാരിലായിരുന്നു പഠനം. ഫൈസറിന്റെയും മോഡേണയും ഡോസ് ഉപയോഗിച്ചവർ ഇതിൽ ഉൾപ്പെടുന്നു. 2 പേർ രോഗബാധിതരായെന്ന്  (അതായത്  0.5 %)  ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഈ നിരീക്ഷണങ്ങൾ ഒരു തരത്തിലും വാക്സിന്റെ  പ്രാധാന്യത്തെ ദുർബലപ്പെടുത്തുന്നില്ലെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

യഥാർത്ഥ വൈറസിൽ നിന്ന് നിരവധി വ്യത്യാസങ്ങളുള്ള വേരിയന്റുകൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കുന്ന ബൂസ്റ്റർ വാക്സിൻ കണ്ടെത്തുന്ന യജ്ഞത്തെ തങ്ങൾ പിന്തുണയ്ക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.

 ഒരാളെ ബാധിച്ച  വകഭേദത്തിന് E484K എന്ന മ്യൂട്ടേഷൻ ഉണ്ടായിരുന്നു, ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ B.1.351 വേരിയന്റിലാണ് ഇത് ആദ്യം തിരിച്ചറിഞ്ഞത്.

 E484K യെ എസ്‌കേപ്പ് മ്യൂട്ടന്റ് എന്നാണ് വിളിക്കുന്നത്. കൊറോണവൈറസ് വാക്സിനുകൾ പുറപ്പെടുവിച്ച ആന്റിബോഡികളിൽ നിന്ന് രക്ഷപ്പെട്ടാകാം ഇവ രൂപപ്പെട്ടതെന്നാണ് കരുത്തുന്നത്.
കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ട  D614G എന്ന മ്യൂട്ടേഷനാണ് രണ്ടാമത്തെ വ്യക്തിയിൽ കണ്ടത്.

വാക്സിൻ എടുത്ത  അമേരിക്കക്കാർക്ക് സിഡിസി കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു

യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വാക്സിനേഷനുമായി ബന്ധപ്പെട്ട്  അമേരിക്കക്കാർക്ക് പുതിയ ചില മാർഗ്ഗനിർദ്ദേശങ്ങൾ കൂടി നൽകും.

'ശാസ്ത്രത്തിൽ അധിഷ്ടിതമായതും വളരെ പ്രായോഗികമെന്ന് പ്രതീക്ഷിക്കുന്നതുമായ  മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലോ ഒരു മാസത്തിനുള്ളിലോ വെളിപ്പെടുത്തുമെന്ന്  എനിക്ക് വിശ്വാസമുണ്ട്' വൈറ്റ് ഹൗസ് കോവിഡ് റെസ്പോൺസ് ടീമിന്റെ മുഖ്യ ഉപദേശകനായ ആൻഡി സ്ലാവിറ്റ് സിഎൻഎന്നിൽ വെളിപ്പെടുത്തി.

പ്രതിരോധ കുത്തിവയ്പ്പിന്റെ  നിരക്കുകൾ ഉയർത്താനും  വാക്സിനേഷൻ എടുക്കാൻ ആളുകളെ  പ്രോത്സാഹിപ്പിക്കുന്നതിനും വൈറ്റ് ഹൗസ്  പുതുതായി പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചും സ്ലാവിറ്റ് പറഞ്ഞു.
ജീവനക്കാരെ വാക്സിൻ എടുക്കാൻ പ്രേരിപ്പിക്കുന്നതിന്  ബിസിനസുകൾക്ക് ഇൻസെന്റീവ് വാഗ്ദാനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

65 വയസ്സിനു മുകളിലുള്ള ആളുകളിൽ  സിംഹഭാഗവും വാക്സിനേഷൻ പൂർത്തീകരിച്ചു. 50 വയസ്സിനു മുകളിലുള്ള ആളുകളിൽ നല്ലൊരു പങ്ക്  ഈ ആഴ്ച തന്നെ വാക്സിൻ എടുക്കും,' സ്ലാവിറ്റ് പറഞ്ഞു

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

വാക്സിൻ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് നമുക്കറിയാം, പക്ഷേ എല്ലാവരും  ഇത് സ്വീകരിച്ചാൽ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം ഉണ്ടാകൂ. പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നത് സ്വന്തം സുരക്ഷയെക്കരുതി  മാത്രമല്ല.നമ്മൾ  ഓരോരുത്തരം സമൂഹത്തിന്റെ ഭാഗമാണ്. നിങ്ങൾ വാക്സിനേഷൻ എടുത്തില്ലെങ്കിൽ നിങ്ങൾക്ക് രോഗം പിടിപ്പെടാനും മറ്റൊരാളെ രോഗിയാക്കാനും സാധ്യതയേറെയാണ് . അതിനാൽ ഇതുവരെ വാക്സിൻ  എടുക്കാത്ത എല്ലാവരോടും ഉടനെ അപ്പോയിന്റ്മെന്റ് നേടാൻ ഞാൻ അഭ്യർത്ഥിക്കുന്നു.ഈ കാര്യം കൂടുതൽ എളുപ്പമാക്കുന്നതിന്, വെള്ളിയാഴ്ച മുതൽ 16 മാസ് വാക്സിനേഷൻ സൈറ്റുകളിൽ 60 വയസും അതിൽ കൂടുതലുമുള്ള ന്യൂയോർക്കുകാർക്ക് വോക്ക്-ഇൻ അപ്പോയിന്റ്മെന്റിന് സൗകര്യം ഒരുക്കും.കോവിഡിനെ പരാജയപ്പെടുത്താനുള്ള ഏക മാർഗം വാക്സിൻ നേടുക എന്നതാണ്. ഇത് സുരക്ഷിതമാണ് . ന്യൂയോർക്ക് സ്റ്റേറ്റിൽ ഇതിനകം 13 മില്യണിലധികം ഡോസുകൾ നൽകിയിട്ടുണ്ട്. 16 വയസ്സും അതിൽക്കൂടുതലുമുള്ള ഓരോ ന്യൂയോർക്ക് നിവാസിക്കും യോഗ്യതയുള്ളതിനാൽ നിങ്ങളുടെ വാക്സിനേഷൻ ഉടനെ ഉറപ്പാക്കൂ.
 
* ഏപ്രിൽ 23 വെള്ളിയാഴ്ച മുതൽ 16 മാസ് വാക്സിനേഷൻ സൈറ്റുകളിൽ വോക്ക് -ഇൻ അപ്പോയിന്റ്മെന്റുകൾ ലഭ്യമാണ്. 60 വയസും അതിൽ കൂടുതലുമുള്ള ന്യൂയോർക്കുകാർക്ക് മാത്രമേ ഈ സൗകര്യം  ലഭ്യമാകൂ. തിരിച്ചറിയൽ രേഖകളും ഇൻഷുറൻസ് വിവരങ്ങളും ആവശ്യമാണ്.

* കോവിഡ് ബാധിതരായി  ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 3,757 ആയി. 202,400 ടെസ്റ്റുകളിൽ 4,326 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക് : 2.14 ശതമാനമാണ് . 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 2.69 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 817 രോഗികളുണ്ടായിരുന്നു, മരണസംഖ്യ:  53.
 
*  ന്യൂയോർക്കിലെ 42.6 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ്  വീതം സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 169,746 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്കിൽ  മൊത്തം 13,852,715 ഡോസുകൾ നൽകി, 29.2 ശതമാനം ന്യൂയോർക്കുകാർ വാക്സിൻ സീരീസ് പൂർത്തിയാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക