Image

മോഡി സർക്കാരിന്റെ കെടുകാര്യസ്ഥത; പ്രാണവായുവിനു ജനം പിടയുന്നു (ജോർജ് എബ്രഹാം)

Published on 23 April, 2021
മോഡി സർക്കാരിന്റെ കെടുകാര്യസ്ഥത; പ്രാണവായുവിനു ജനം പിടയുന്നു (ജോർജ്  എബ്രഹാം)
'ഇന്ത്യ പ്രാണവായു കിട്ടാതെ പിടയുകയാണ്,' രാഹുൽ ഗാന്ധി. രാജ്യം  കോവിഡ് -19 ന്റെ  രണ്ടാം തരംഗത്തിനെതിരെ  വീണ്ടും പോരാടുമ്പോൾ ആരോഗ്യ വിദഗ്ധർ  പ്രവചിച്ചിരുന്നതുപോലെ ഓക്സിജന്റെ ക്ഷാമം കണ്ട്  രാഹുൽ ഗാന്ധി പറഞ്ഞതാണത്.

ഏഴ് ദിവസത്തെ ശരാശരി  കോവിഡ് നിരക്ക്  ഇപ്പോൾ 264,838 ആണ്. ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന  നിരക്ക്. ഓക്സിജന്റെയും വെന്റിലേറ്ററുകളുടെയും ആശുപത്രി കിടക്കകളുടെയും അഭാവം എവിടെയും കാണാം.  കടുത്ത ആരോഗ്യ പ്രതിസന്ധി രാജ്യം നേരിടുന്നു

മാർച്ച് മാസം തുടക്കത്തിൽ ഇന്ത്യയുടെ ആരോഗ്യമന്ത്രി ഹർഷ് വർധൻ,  മഹാമാരിക്കെതിരെയുള്ള  പോരാട്ടത്തിൽ   അവസാന ഘട്ടത്തിൽ രാജ്യം എത്തിച്ചേർന്നതായി പ്രഖ്യാപിച്ചു. ആ നേട്ടത്തിന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യതന്ത്രത്തെ പ്രകീർത്തിക്കാനും മറന്നില്ല.  താമസിയാതെ, ഇന്ത്യ  മില്യൺ കണക്കിന് ഡോസ് വാക്സിൻ  വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനും തുടങ്ങി.

ജനുവരി ആദ്യം മുതൽ തന്നെ ലോകത്തിന്റെ പല കോണുകളിൽ നിന്നുമുള്ള വിദഗ്ധർ, മാരകമായ വൈറസിനെ ഇന്ത്യ ഉടൻ മറികടക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച്  തുടങ്ങിയിരുന്നു. കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞു വരുന്നതുകണ്ട് ഏവർക്കും തികഞ്ഞ ആത്മവിശ്വാസമായിരുന്നു. ഒരു വർഷത്തോളമായി  തുടരുന്ന ദുരിതക്കയത്തിൽ നിന്ന്  കരകയറാനുള്ള വെമ്പലിലായിരുന്നു ജനങ്ങളും.

ഈ സാഹചര്യത്തിലായിരുന്നു ഇലക്ഷൻ പ്രഖ്യാപനം വന്നത്. 186 മില്യൺ വോട്ടർമാർ അടങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഇലക്ഷൻ. പ്രചാരണത്തിൽ സുരക്ഷാ മാനദണ്ഡങ്ങളോ സാമൂഹിക അകലമോ  പാലിക്കണമെന്ന് ഒരു നിബന്ധനയും ഇല്ലായിരുന്നു. ആകെ ചെയ്തത്  ദേശീയ നേതാക്കൾ  ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശുചിത്വം ശീലമാക്കാനും  ഉദ്‌ബോധിപ്പിക്കുന്നത് മാത്രമായിരുന്നു.

കൂറ്റൻ തിരഞ്ഞെടുപ്പ് റാലികൾ നടന്ന സംസ്ഥാനങ്ങളിലൊന്നാണ് സാക്ഷര കേരളം.  കോന്നി നിയോജകമണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രചാരണ റാലിയിൽ , അയൽ ജില്ലകളിൽ നിന്നുപോലും ആയിരക്കണക്കിന് ആളുകളെ ബസുകളിൽ കൊണ്ട് വരുന്നത് കണ്ടതാണ്. കൊച്ചു  സ്റ്റേഡിയത്തിൽ ജനം തിങ്ങി നിറഞ്ഞു. മാസ്കും സാമൂഹിക അകലവും പോലുള്ള ഒരു മാർഗ്ഗനിർദ്ദേശവും അവിടെ ഉണ്ടായില്ല.

സർക്കാരിന്റെ പ്രഖ്യാപിത ഉപദേശങ്ങൾക്ക് വിരുദ്ധമായി, ബിജെപി റാലികളിലും മറ്റു  രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിലും  ഇതുതന്നെ സംഭവിച്ചു. ഇത് കൂടാതെ ക്രിക്കറ്റ് മത്സരങ്ങൾ, മതപരമായ ആഘോഷങ്ങൾ ,  ആള് കൂടുന്ന  പരിപാടികൾ  എന്നിവ  അധികാരികളുടെ അറിവോടും സമ്മതത്തോടും കൂടി നടന്നു കൊണ്ടിരുന്നു.  സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ  തികഞ്ഞ വീഴ്ചയാണിതെന്നതിൽ സംശയിക്കണോ?

പ്രതിദിന  ശരാശരി 100,000 എന്ന റെക്കോർഡിലേക്ക് ഇന്ത്യയിലെ കേസുകൾ കുതിച്ചുയരാൻ അധികം സമയം വേണ്ടിവന്നില്ല. പിന്നീട് ഓരോ ദിവസവും  രാജ്യം  സ്വന്തം റെക്കോർഡ് ഭേദിക്കുന്ന കാഴ്ചയാണ്   കണ്ടത്.

ശ്മശാനങ്ങളിൽ  കോവിഡ് രോഗികളെ കൂട്ടിയിട്ട് സംസ്കരിക്കുന്നതിന്റെയും, കരഞ്ഞു തളർന്ന ഉറ്റവരുടെയും, ജീവശ്വാസത്തിനായി മല്ലിട്ടുകൊണ്ട്  ആംബുലൻസുകളുടെ മുന്നിൽ കാത്തുകിടക്കുന്നവരുടെയും , മൃതശരീരങ്ങൾ കുമിഞ്ഞുകൂടിയ മോർച്ചറികളുടെയും , ഒരു കിടക്കയിൽ തന്നെ രണ്ടോ അതിലധികമോ രോഗികളെ കിടത്തുന്നതിന്റെയും ദയനീയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വന്നുനിറയുന്നത്.

ചികിത്സ , പരിശോധന, മരുന്നുകൾ തുടങ്ങി  ഓക്സിജനു വേണ്ടിപ്പോലും മല്ലിടുന്ന കാഴ്‌ച ദുസ്സഹമാണ്. ദുരിതത്തിന്റെ രണ്ടാം തരംഗത്തിലും ഇര  സാധാരണക്കാർ തന്നെ. സങ്കടകരമായ കാഴ്ച.

ആശുപത്രികൾക്ക്  ഓക്സിജൻ എത്തിച്ചു നൽകാനുള്ള സർക്കാരിന്റെ ഉത്തരവാദിത്തം അടിവരയിട്ടുകൊണ്ട്, അടുത്തിടെ നൽകിയ വിധിന്യായത്തിൽ ഡൽഹി കോടതി  ഭരണകൂടത്തെ വിമർശിച്ച്  ഇങ്ങനെ പറഞ്ഞു  : 'മനുഷ്യ ജീവിതങ്ങൾക്ക് പ്രാധാന്യമില്ലേ? സർക്കാർ നിജസ്ഥിതി കാണുന്നില്ലെന്നതിൽ ഞങ്ങൾക്ക് ആശ്ചര്യം തോന്നുന്നു. എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് സർക്കാർ യാഥാർത്ഥ്യ ബോധത്തിലേക്ക് ഉണരാത്തത്....?'

എവിടെയാണ് പിഴവ്  സംഭവിച്ചത്? ഈ മഹാമാരിയെ  പിടിച്ചുകെട്ടാൻ  നമ്മുടെ ജനങ്ങൾക്ക് കഴിയുന്നത്ര വാക്സിൻ നൽകേണ്ടതായിരുന്നു. പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗ്ഗം  കുത്തിവയ്പ്പാണെന്ന് ഇസ്രായേൽ പോലുള്ള രാജ്യം ലോകത്തെ കാണിച്ചുതന്നു.. ഇതു വരെ, ഇന്ത്യയിലെ ജനസംഖ്യയുടെ 2  ശതമാനത്തിൽ താഴെ മാത്രമേ പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളു . ആളുകൾ ഇപ്പോഴും അവരുടെ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്ന സാഹചര്യവും കുറവല്ല. രാജ്യത്ത് എല്ലായിടത്തും വാക്സിന്  ക്ഷാമമുണ്ട്.

രാജ്യവ്യാപകമായ വാക്സിൻ നയങ്ങളൊന്നും ആവിഷ്കരിക്കാതെ മോദി സർക്കാർ കോവിഡിനെതിരെ വിജയം പ്രഖ്യാപിച്ചു  വാക്‌സിൻ  തിടുക്കപ്പെട്ട് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്തു.  എല്ലായിടത്തും  മനുഷ്യജീവനു ഒരേവിലയാണെന്നതും, മറ്റു രാജ്യങ്ങളിലെ ജനങ്ങളെ രക്ഷിക്കാൻ മരുന്ന് നൽകാൻ  ഇന്ത്യയ്ക്ക്  പ്രതിബദ്ധതയുണ്ടെന്നതും  മറക്കുന്നില്ല.  സ്വന്തം  ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് ഭരണാധികാരി ആദ്യം നിറവേറ്റേണ്ടത് . 'ചാരിറ്റി ബിഗിൻസ് അറ്റ് ഹോം.' ഇക്കാര്യത്തിൽ മോദി ഭരണകൂടം ഒന്നും അറിയാത്ത മട്ടിൽ കൈക്കൊണ്ട  സമീപനമാണ് ഇപ്പോഴത്തെ പ്രതിസന്ധി വഷളാക്കിയത്.  അധികാര ഗർവ്വം,തീവ്ര-ദേശീയത, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത  എന്നിവയെല്ലാം നിലവിലെ വീഴ്ചയിൽ പങ്കുവഹിച്ചു.

ഈ  പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച്  പ്രധാനമന്ത്രി മോദിയുടെ പക്കൽ കൃത്യമായ ഉത്തരമില്ല. കഴിഞ്ഞ മാസം, നേതൃത്വത്തിന്റെ മുഴുവൻ ശ്രദ്ധയും മമതാ ബാനർജിയിൽ നിന്ന് ബംഗാൾ എങ്ങനെ പിടിച്ചെടുത്ത്  ബിജെപി യുടെ ആധിപത്യം സ്ഥാപിക്കാമെന്നതിൽ  മാത്രമായിരുന്നു. ഈ കോവിഡ് കാലത്ത് ൽ വമ്പൻ  റാലികളും, പ്രചാരണവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും നടത്തി എട്ടു ഘട്ടങ്ങളായി  ഒരു മാസത്തേക്ക്  വോട്ടെടുപ്പ് മഹാമഹം വലിച്ചുനീട്ടിയത് എന്തൊരു ഭ്രാന്തൻ ആശയമാണ്?

നേതൃത്വത്തിന്റെ  ശ്രദ്ധ ഭരണത്തിലല്ല, മറിച്ച് അധികാരം പിടിച്ചെടുക്കുന്നതിലാണ്.  തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുന്നതും  നിയമസഭാംഗങ്ങളെ വിലയ്ക്കുവാങ്ങുന്നതും അവർക്ക് പുത്തരിയല്ല.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മോഹന  വാഗ്ദാനങ്ങൾ നല്കുന്നതിനപ്പുറം, ദരിദ്രരെ സഹായിക്കാനോ ഇന്ത്യയിലെ ജനങ്ങൾ നേരിടുന്ന ഓക്സിജന്റെയും  വാക്സിനുകളുടെയും ക്ഷാമം  അടിയന്തിരമായി പരിഹരിക്കുന്നതിനോ  സർക്കാരിന് ഉത്സാഹമില്ല. അമേരിക്ക, യുകെ , ഇസ്രായേൽ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക്  സൗജന്യമായാണ്  വാക്സിൻ  നൽകുന്നത്. എന്നാൽ, സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാനുള്ള സാമ്പത്തികം കണ്ടെത്താനാണ്  ഇന്ത്യയിലെ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത് !  എല്ലാ ജനങ്ങളും  പ്രതിരോധ കുത്തിവയ്പ്പെടുക്കുക എന്നതാണ് ഈ മഹാമാരിയെ  നിർമാർജനം ചെയ്യാൻ ലോകത്തിന് മുന്നിലുള്ള ഏക മാർഗ്ഗം. വാക്സിൻ സൗജന്യമല്ലെങ്കിൽ പിന്നെ പണമുള്ളവന് മാത്രം കുത്തിവയ്പ്പ്  ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നതിൽ സംശയമില്ല.

കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള മോദിയുടെ പ്രസംഗത്തെപ്പറ്റി  യോഗേന്ദ്ര യാദവ് ഇങ്ങനെ കുറിച്ചു : 'ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും രാജ്യത്ത് ക്ഷാമം നേരിടുന്നത് അങ്ങേയറ്റം സങ്കടകരമാണ്. ആളുകളുടെ മുന്നിലെ ചോദ്യങ്ങൾക്കൊന്നും തന്നെ മോദി  ഉത്തരം തന്നില്ല. ജനങ്ങൾക്ക് ഈ അവസരത്തിൽ വേണ്ടത് നടപ്പാക്കുമെന്ന  ഉറപ്പുള്ള വാഗ്ദാനമാണ്; അദ്ദേഹം അത്തരത്തിൽ സമാശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും മൊഴിഞ്ഞില്ല. തെരഞ്ഞെടുക്കപ്പെട്ട  സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന ഗുരുതരമായ  അവഹേളനം ജനങ്ങളെ പ്രകോപിതരാക്കിയിരിക്കുന്നു.

'രാജ്യം നേരിടുന്ന പ്രതിസന്ധിയെ ചിലരുടെ വ്യക്തിപരമായ ദുര്യോഗം പോലെ അദ്ദേഹം നിസ്സാരമട്ടിൽ  തള്ളിക്കളഞ്ഞു . ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിന്റെ പ്രസംഗമായിരുന്നില്ല അത്. ഏകാധിപതിയായ ഭരണാധികാരി പ്രജകളോട് സംസാരിക്കുന്ന രീതിയായിരുന്നു അത്. രാജ്യത്ത്  എല്ലാം നന്നായിരിക്കുന്നു എന്നും അദ്ദേഹത്തിലും സർക്കാരിലും വിശ്വസിക്കണം എന്നും  ആജ്ഞാപിക്കുന്നതായാണ്  തോന്നിയത്.'

ആരോഗ്യ വിദഗ്ധരുടെ ഉപദേശങ്ങൾ  പിന്തുടരുന്നതിന് പകരം പുരാതന പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ആശ്രയിച്ചതും കോവിഡ് പ്രതിസന്ധിയെ  കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ ഗവൺമെന്റിന് സംഭവിച്ച പിഴവാണെന്നതിൽ സംശയമില്ല.

ലൈറ്റുകൾ അണച്ചും, പാത്രം കൊട്ടിയും , തിരിനാളം കത്തിച്ചും ഒന്നും മഹാമാരിയെ തുരത്താൻ കഴിയില്ല. ശാസ്ത്രത്തെയും  രാജ്യത്തെ പകർച്ചവ്യാധി വിദഗ്ധരുടെ വിലയേറിയ ഉപദേശത്തെയും  ആശ്രയിക്കുന്ന സമർപ്പിത നേതൃത്വമാണ് ഇന്ത്യയ്ക്ക് വേണ്ടത്. ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളെ  നേരിടാൻ ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ആശുപത്രികൾ നിർമ്മിക്കണമെന്നത് മറ്റൊരു ഓർമ്മപ്പെടുത്തലാണ്. കൂറ്റൻ പ്രതിമകളും സ്മാരകങ്ങളും കണ്ട്  നമുക്ക് പുളകം കൊള്ളാമെങ്കിലും,  ആളുകളുടെ ദൈനംദിന ആവശ്യങ്ങൾക്കും ജീവിതോപാധിക്കും അവയൊന്നും പകരമാവില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.

 സംസ്ഥാനങ്ങൾ മഹാമാരിയെക്കുറിച്ചുള്ള ഭയാശങ്കകൾ ഉയർത്തുമ്പോഴൊക്കെ , കോവിഡ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ലെന്ന നിലപാടായിരുന്നു  കേന്ദ്ര ആരോഗ്യ മന്ത്രാലയം കൈക്കൊണ്ടത്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ  18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നുണ്ട്. കർണാടകയും ഹരിയാനയും വീടുകൾതോറും കോവിഡ്  ബോധവത്കരണ പരിപാടികൾ നടത്തുകയും  മാളുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ  ആരംഭിക്കുകയും ചെയ്തു.

ബിജെപി-ഇതര സംസ്ഥാനങ്ങൾ, ഇതേ  അഭ്യർത്ഥനകൾ മുന്നോട്ടുവയ്ക്കുമ്പോൾ , കേന്ദ്രം അത് നിരസിക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. സർക്കാർ ഇന്ത്യയിലെ എല്ലാ പൗരന്മാരെയും തുല്യമായി കാണേണ്ടതില്ലേ.? അതോ ബി.ജെ.പിക്കാരുടെ മാത്രം സർക്കാരാണോ ഇത്? സർക്കാരിന്റെ പ്രവർത്തനങ്ങളിൽ  അടിമുടി സാമുദായികമോ  പ്രാദേശികമോ ആയ ചായ്‌വുകൾ പ്രകടമാണ്. ഈ അസമത്വത്തെ ചൂണ്ടിക്കാട്ടി  മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് പറഞ്ഞതും ശ്രദ്ധേയം. അടുത്ത ആറുമാസത്തിനുള്ളിൽ നടക്കാൻ പോകുന്ന  വാക്സിൻ  വിതരണത്തെക്കുറിച്ചും സംസ്ഥാനങ്ങൾക്ക്  അവ എങ്ങനെ വിതരണം ചെയ്യുമെന്നതു സംബന്ധിച്ചും  സുതാര്യത  വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സത്യം ജനം അറിയണം.

പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങൾ പോലും രാഷ്ട്രീയത്തിന്റെ പേരിൽ നിരസിക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെന്ന് പിടിഐ യുമായി നടത്തിയ അഭിമുഖത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു. 'രാജ്യം ഇങ്ങനൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഗുണകരമെന്ന് തോന്നുന്നനിർദേശങ്ങൾ   സ്വീകരിക്കുകയാണ് വേണ്ടത്. ഓരോ ജീവനും വിലയുണ്ട്. നമ്മളെല്ലാം ഒരുമിച്ച് നിൽക്കണം, രാഷ്ട്രീയം മറന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കണം.'  അവർ പറഞ്ഞു.

ഇക്കാര്യം കേന്ദ്രസർക്കാർ മുഖവിലയ്‌ക്കെടുക്കുമോ അതോ രാഷ്ട്രീയ ലാഭം മുന്നിൽക്കണ്ട് കരുക്കൾ നീക്കുന്നത് തുടരുമോ എന്ന് കണ്ടറിയാം.
Join WhatsApp News
Josukuty 2021-04-23 16:30:37
നല്ലൊരു നിരീക്ഷണം. ആരോടു പറയാൻ. ആരു കേൾക്കാൻ. അഹങ്കാരം മാത്രം കൈമുതലായ PR വർക്ക് കൊണ്ട് മാത്രം ഇമേജ് നില നിറുത്തുന്ന ഹിറ്റ്ലറിനെ പോലും നാണിപ്പിക്കുന്ന ഭരണാധികാരി. ജനങ്ങളുടെ വിധി. എന്ത് ചെയ്യാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക