Image

ആത്മസ്പർശങ്ങൾ: ശാന്തിനി ടോം

Published on 26 April, 2021
 ആത്മസ്പർശങ്ങൾ: ശാന്തിനി ടോം
മുറ്റത്തെ മൾബറിച്ചെറിയുടെ ചുവട്ടിൽ ഇട്ടിരുന്ന ബെഞ്ച് നിറയെ ചുവന്നുരുണ്ട മൾബറിപഴങ്ങൾ  വീണുകിടക്കുന്നു. അതിനോടുചേർന്നുള്ള ചെറിയ പൂന്തോട്ടത്തിൽ പനിനീർപ്പൂക്കളും വെളിയിൽ പടർന്നുകയറിയ മുല്ലവള്ളികളിലെമ്പാടും വിടർന്ന കുടമുല്ലപ്പൂക്കളും! കയ്യിൽ ഒരു ചായക്കപ്പും പിടിച്ചുകൊണ്ടു സുനിൽ അയ്യങ്കാർ ജനാലവിരികൾ മാറ്റി ആ കാഴ്ച കാണാൻ തുടങ്ങിയിട്ട് കുറെ സമയമായി. ദിവസങ്ങളായി ആരും ആ വീട്ടിൽ വരുകയോ പോവുകയോ ചെയ്യുന്നത്‌ കാണാറില്ല. ഇടയ്ക്കിടെ ഓരോ തേങ്ങലിന്റെ ചീളുകൾ പുറത്തുകേൾക്കുമെന്നല്ലാതെ മറ്റൊരു ശബ്ദവും അവിടെ നിന്ന്  കേൾക്കാറില്ല.
 നിങ്ങളെന്താണ് ഇങ്ങനെ നിന്നുപോയത്? ഭാര്യ ഹേമലത  അയാളുടെ പിന്നിലെത്തി
 “അല്ല ഹേമാ, ആ വീട്ടിൽ ഒരു അനക്കവും ഇല്ലല്ലോ? പണ്ടൊക്കെ ആ മുറ്റത്തെ ബെഞ്ചിൽ ഒരു കപ്പിൾ സ്ഥിരമായി ഇരുന്നു പത്രം വായിക്കുകയും ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് കാണുമായിരുന്നു. ഈയിടെ കാണാറേയില്ല.
 ആ പൂന്തോട്ടത്തിൽ ഒരു പെൺകുട്ടിയും രാവിലെ ഉണ്ടാവുമായിരുന്നു. ചെടികൾ ഇളക്കി പറിച്ചു നട്ടും വെള്ളമൊഴിച്ചും  ഇടയ്ക്കിടെ പേരന്റ്സിനോട് ഉച്ചത്തിൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുമായിരുന്ന പ്രസാദമുള്ള ഒരു പെൺകുട്ടി”.

“ആഹാ... അപ്പോൾ രാവിലത്തെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള ചായകുടിയുടെ രഹസ്യം ഇതാണല്ലേ”! ഹേമ ചിരിച്ചു.
 
“നോ ഹേമ... ആം കൺസേൺഡ്”! ഇടയ്ക്കിടെ കേൾക്കാറുണ്ടായിരുന്ന കരച്ചിലിന്റെ ശബ്ദമോർത്ത്  സുനിൽ ചിന്താകുലനായി
 
“ഓക്കെ, സുനിൽ, ഇന്ന് മോർണിംഗ് റൗണ്ട്സ് കഴിയുമ്പോൾ എന്റെ റൂമിലേക്കൊന്നു വരൂ, എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം കിട്ടും”.
 
ചെന്നൈയിലെ ജയ്പൂർ ഗോൾഡൻ ഹോസ്പിറ്റലിലെ കാര്ഡിയോളജിസ്റ്റ്‌  ആണ് ഡോക്ടർ സുനിൽ അയ്യങ്കാർ. ഡോക്ടർ ഹേമലത അയ്യങ്കാർ അവിടുത്തെ ഗൈനക്കോളജിസ്റ്റും. രണ്ടുപേരും വിദേശത്തു പോവാനുള്ള ശ്രമത്തിലാണ്. വിവാഹം കഴിഞ്ഞിട്ട് അധിക കാലമായിട്ടില്ല.
 
ജയ്പൂർ ഗോൾഡൻ ഹോസ്പിറ്റൽ കോവിഡ് ഹോസ്പിറ്റൽ ആക്കിയതിനുശേഷം ഒപിയിൽ കാണാനെത്തുന്ന പേഷ്യന്റ്‌സിൽ ഗണ്യമായ കുറവുണ്ട്. സ്ഥിരം പേഷ്യന്റ്സ് കൂടുതലും വീഡിയോ കാൾ അപ്പോയിന്റ്മെന്റ് ആണെടുക്കുന്നത്. ഒരുകണക്കിന് ടെക്‌നോളജിയുടെ മേന്മയാണത്. ഈ പാൻഡെമിക് ചുറ്റുപാടിൽ നേരിട്ട് കണ്ടും ആവലാതികൾ കേട്ടും ചികിത്സ നിശ്ചയിക്കാം. പരിശോധനകൾക്ക് മുടക്കമുണ്ടെന്നൊരു വ്യത്യാസം മാത്രം. എന്നാലും എൺപത് ശതമാനം ചികിത്സയും തടസ്സമില്ലാതെ പോവുന്നുണ്ട്.
 
പേഷ്യന്റ്സ് ഇനി ആരും വെയിറ്റ്‌ ചെയ്യുന്നില്ലല്ലോ! സുനിൽ വാച്ചിൽ നോക്കി. ഒപി സമയം കഴിയാനിനിയും അരമണിക്കൂർ. ഹേമയും തിരക്കിലാവും, ഒരു ചായ കുടിക്കാനുള്ള സമയമുണ്ട്, അയാൾ കാന്റീനിലേക്ക് നടന്നു.
 
സാധാരണയായി ശബ്ദമുഖരിതമാവാറുള്ള കാന്റീനും ശാന്തം. അങ്ങുമിങ്ങുമായി മൂന്നോ നാലോ ടേബിളിൽ മാത്രമാണ് കസ്റ്റമേഴ്സ് ഉള്ളത്. ബാക്കിയെല്ലാം ശൂന്യം.
 
ഒരു ചായയ്ക്ക് ഓർഡർ ചെയ്തിട്ട് സുനിൽ തൊട്ടുമുന്നിലെ ടേബിളിലെ വൃദ്ധ ദമ്പതികളെ ശ്രദ്ധിച്ചു.
 
കഷണ്ടി കയറിയ നരച്ച മുടിക്കാരൻ കുനിഞ്ഞിരിക്കുന്ന ഭാര്യയെ തലോടുന്നുണ്ട്. തല മൂടിയിരുന്ന സാരിത്തലപ്പ് കഴുത്തിലേക്കൂർന്നു വീണിരിക്കുന്നു.  മൈലാഞ്ചിതേച്ചു ചുവന്ന അവരുടെ മുടികൾ അവർ ഏതോ വടക്കേയിന്ത്യൻ ഗ്രാമത്തിൽ നിന്നും വന്നവരാണെന്ന് തോന്നിപ്പിച്ചു. മുടി നരച്ചുതുടങ്ങുമ്പോൾ മൈലാഞ്ചി പുരട്ടി ചുവപ്പിക്കൽ വടക്കേയിന്ത്യയിൽ പതിവാണ്.
 
“ജാനകി, നീ ഇങ്ങനെ നിർബന്ധം പിടിക്കാതെ...” അയാൾ അവരെ ആശ്വസിപ്പിക്കുന്നു.
 
“നോക്ക്, ഞാൻ അവരുടെ പക്ഷത്താണ്. നിന്റെ വികാരം എനിക്ക് മനസിലാവും, പക്ഷെ അവരും നമ്മെപ്പോലെ തന്നെ അവളുടെ പേരന്റ്സ് ആണ്. ആ കുട്ടിയുടെ ജീവിതം സുരക്ഷിതമാക്കണമെന്ന് അവർ ആഗ്രഹിക്കുന്നതിൽ എന്താ തെറ്റ്”? അയാൾ അവരെ ഉപദേശിക്കാൻ ശ്രമിക്കുന്നു.
 
വ്യക്തിപരമായ സംസാരങ്ങളിൽ ഇടപെടുന്നത് മോശമാണെന്ന് അറിയാമെങ്കിലും എന്തുകൊണ്ടാണ് താൻ കാതോർക്കുന്നതെന്നോർത്തപ്പോൾ സുനിലിന് ജാള്യം തോന്നി.
 
“എന്റെ മോന്റെ ചോരയാണ്. നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിനൊരു അത്താണി. അതിനെ ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ല”.
 
“സ്വാർത്ഥയാവാതെ ജാനകി. നമ്മൾ അറിയാതെ മിസ്റ്റർ ആൻഡ് മിസിസ് സ്വാമിക്ക് ഇതിലൊരു തീരുമാനം എടുക്കാമായിരുന്നു. അവർ അതല്ലല്ലോ ചെയ്തത്? അപ്പോൾ നമുക്കും ഉത്തരവാദിത്വമില്ലേ”?
 
“നിങ്ങളെന്തുപറഞ്ഞാലും എന്റെ മോന്റെ ചോരയാണത്. സമ്മതിക്കില്ല ഞാൻ”! അവർ ഒരു തേങ്ങലോടെ അയാളുടെ തോളിലേക്ക് വീണു.
 
അതിഗൗരവതരമായൊരു സന്ദർഭത്തിന്റെ ദൃക്‌സാക്ഷിത്വം മനസിനെ ഭാരിച്ചതാക്കുമെന്ന തിരിച്ചറിവിൽ സുനിൽ ചായ വേഗം കുടിച്ച് കസേരയിൽ നിന്നെണീറ്റു.

ഹേമയെ വിളിച്ചപ്പോൾ റൂമിലേക്ക് ചെല്ലാൻ അവൾ അറിയിച്ചതനുസരിച്ച് സുനിൽ ഗൈനക്കോളജിയിലേക്ക് നടന്നു. ഹേമയുടെ ഒപി കൂടി കഴിഞ്ഞെങ്കിൽ ഇനി വീട്ടിൽ പോവാം. എന്തെങ്കിലും എമെർജെൻസി ഉണ്ടായാൽ ഓടിയെത്താൻ തയ്യാറായിരിക്കണമെന്നുമാത്രം.
 
സുനിൽ, വരൂ, റൂം നമ്പർ 202 -ൽ ഒന്ന് കയറിയിട്ട് നമുക്ക് പോവാം. ഉള്ളം കൈയിൽ സാനിറ്റൈസർ റബ് ചെയ്തുകൊണ്ട് ഹേമ കസേരയിൽ നിന്നെഴുന്നേറ്റു.
 
ആരാണ് 202-ൽ?
 
അതൊക്കെയുണ്ട്. വരൂന്നേ...അവൾ അയാളെ ബലമായി വലിച്ചുകൊണ്ട് നടന്നു.
 
അപ്പോഴാണ് അവർ വീണ്ടും... കാന്റീനിൽ വച്ച് കണ്ട ആ വൃദ്ധ ദമ്പതികൾ! ഇവരെന്താ ഇവിടെ?
 
“അങ്കിളും ആന്റിയും ഒരുപാടു നേരമായോ കാത്തുനിൽക്കുന്നു”? ഹേമ അവരോടു കുശലം ചോദിച്ചു.
 
“ഡോക്ടർ, എങ്ങനെയുണ്ട് മോൾക്ക്”?  അവർ ആധി പൂണ്ടു ചോദിച്ചു
 
“ഇപ്പോൾ ക്ഷീണം മാറി വരുന്നു.  കുഴപ്പമില്ല”. ഹേമ പറഞ്ഞു
 
“ഒന്ന് കാണണം എന്നുണ്ടായിരുന്നു. അവളുടെ പ്രതികരണം എങ്ങനെയാവുമെന്നു പേടിച്ചാ ഇവിടെത്തന്നെ നിന്നത്”. അയാൾ പറഞ്ഞു
 
“ഇപ്പോൾ കാണണ്ട, എല്ലാം ഒന്ന് ആറിത്തണുക്കട്ടെ”! ഹേമ പറയുന്നത് അയാൾ ശ്രദ്ധിച്ച് കേൾക്കുന്നു. ഇവർ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത്? ഒന്നും മനസിലാവുന്നില്ലല്ലോ
 
“ഇവൾ അതിലും വാശിക്കാരി. വിശേഷമറിഞ്ഞപ്പോളെ കുഞ്ഞിന് കുപ്പായം തുന്നാൻ പോയവൾ. വല്ലാത്തൊരവസ്ഥയിലാണല്ലോ ദ്വാരകാധീശ, നീയെന്നെ പെടുത്തിയത്”! അയാൾ മുകളിലേക്ക് നോക്കി കൈകൂപ്പി
 
"വരാം..." ഹേമ അവരോടു യാത്ര പറഞ്ഞ് 202-ന്റെ ഡോർ ബെല്ലമർത്തി.
 
വാതിൽ തുറന്നയാളെകണ്ടതും സുനിൽ ആശ്ചര്യപ്പെട്ടു. രാവിലെ ആരെപ്പറ്റിയാണോ പറഞ്ഞത് അദ്ദേഹം മുന്നിൽ. ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്നത് ആ പെണ്കുട്ടിയല്ലേ, പിന്നെ അവളുടെ അടുത്ത്  ആ കസേരയിൽ  ആ ആന്റി.  സുനിൽ ഒരുനിമിഷം മൂവരെയും നോക്കി നിന്നു.
 
“വരൂ സുനിൽ”! ഹേമ വിളിച്ചു. “അങ്കിൾ, ആന്റി, ഇതാണെന്റെ ഭർത്താവ് സുനിൽ. ഇവിടെ കാർഡിയോളജിസ്റ് ആണ്. ഇന്ന് രാവിലെ നിങ്ങളുടെ ഒഴിഞ്ഞ മുറ്റത്തേക്ക് നോക്കി അവിടെ ആരുമില്ലേ എന്ന് ചോദിച്ചിരുന്നു. അതുകൊണ്ടാണ്  നിങ്ങളെ കാണാൻ ഞാൻ കൂട്ടികൊണ്ടുവന്നത്”. ഹേമ പറഞ്ഞു.
 
“സുനിൽ, ഇത് സ്വാമി അങ്കിൾ, ഇത് ലക്ഷ്മി ആന്റി, ഇത് ഇവരുടെ മോൾ വീണ”. ഹേമ പരിചയപ്പെടുത്തി.
 
വീണയുടെ പൾസ് നോക്കി, ഡ്രിപ്പ് കൃത്യമാണോ എന്നും ചെക്ക് ചെയ്തു ഹേമ യാത്ര പറഞ്ഞപ്പോൾ, അവരുടെ നേരെ കൈകൂപ്പി ഇറങ്ങി. ഒപ്പം ഇറങ്ങിയ സ്വാമി പുറത്തു കാത്തുനിൽക്കുന്നവരുടെ അടുത്തേക്കുചെന്നു സംസാരിക്കുന്നുണ്ടായിരുന്നു.
 
“ഹേമ, ഇതെന്താ കഥ”? ഹേമയെ അടുത്തിരുത്തി ഡ്രൈവ് ചെയ്യുമ്പോൾ ചോദിച്ചു
 
“അതിവിചിത്രമായ ഒരു പ്രണയകഥയാണത് സുനിൽ”. അവൾ വേദനയോടെ പറഞ്ഞു.
 
വീണ ഒരു കമ്പ്യൂട്ടർ എൻജിനീയറാണ്. സ്വാമി അങ്കിളിന്റെ ഒരേയൊരു മകൾ. കൂടെ ജോലിചെയ്യുന്ന ഒരു ഗുജറാത്തി പയ്യനെ ഇഷ്ടമാണെന്ന് അവൾ പറഞ്ഞപ്പോൾ രണ്ടുമാസം മുൻപാണ് ആ വിവാഹം നടത്തിക്കൊടുത്തത്. വര്ഷങ്ങളോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ച സ്വാമി അങ്കിളിനു ഭാഷയുടെയും ജാതിയുടേയുമൊന്നും വേലിക്കെട്ടുകളില്ലായിരുന്നതിനാൽ അദ്ദേഹം തന്നെ മുൻകൈയെടുത്താണ് രണ്ടു കുടുംബത്തിന്റെയും പൂര്ണസമ്മതത്തോടെ ആ വിവാഹം നടത്തിയത്.
ആദർശ് അക്ഷരാർത്ഥത്തിൽ ആദര്ശവാനായിരുന്നു. ആരും ഇഷ്ടപ്പെടുന്ന വ്യക്തിത്വം.
 
അവരുടെ  സന്തോഷം നിറഞ്ഞ ജീവിതം കണ്ടാനന്ദിച്ചിരിക്കുമ്പോഴാണ് മൂന്നാഴ്ച മുൻപ് നാട്ടിൽ നിന്നും ഒരു കാൾ വന്നത്. അവിടെ ദ്വാരകയ്ക്കടുത്ത് ഒരു ഗ്രാമത്തിൽ തനിച്ചുതാമസിക്കുന്ന അച്ഛനും അമ്മയ്ക്കും കോവിഡ് ബാധിച്ചെന്നും, അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോവാനും മറ്റുമായി ആദർശ് ഉടനെയെത്തണം എന്നുമായിരുന്നു അവരുടെ അയൽക്കാരനായ ആ വ്യക്തി പറഞ്ഞത്.
 
ഒരേയൊരു മകനാണ്, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടവൻ! കോവിഡായതുകൊണ്ടു വീണയെ കൂട്ടാതെ പോവാൻ തീരുമാനിക്കുകയായിരുന്നു. തങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും വീണയെ സ്വാമി അങ്കിളിന്റെ വീട്ടിലാക്കി  വേദനയോടെ നിന്ന അവനെ വീണയാണ് ചിരിയോടെ യാത്രയാക്കിയത്... 
 
"പോയി കാര്യങ്ങളെല്ലാം തീർത്ത് വേഗം മടങ്ങി വരൂ ആദി..." പോവാൻ മടിച്ചുനിന്ന അവന്റെ തോളിൽ പിടിച്ച് അവൾ തള്ളിയിറക്കുകയായിരുന്നു.  
 
മാതാപിതാക്കളെ ആസ്പത്രിയിലാക്കി ചികിത്സയ്‍ക്കേർപ്പാട് ചെയ്‌ത്‌ തൊട്ടടുത്തുള്ള ലോഡ്ജിൽ ആദർശ് മുറിയെടുത്തു. ദിവസം നാലും അഞ്ചും തവണ വിളിക്കും. ഉറങ്ങാൻ പോവുമ്പോളും ഉണരുമ്പോളും അവളെ കണ്ടുസംസാരിക്കും. അവൻ കൂടെയില്ലെന്നു വീണയ്ക്കു തോന്നിയതേയില്ല.
 
എന്നാൽ മാതാപിതാക്കളുടെ ചികിത്സാഘട്ടത്തിലെവിടെയോവച്ച് ആദർശിൽ കയറിപ്പറ്റിയ വൈറസ്, അവനോടു കരുണ കാട്ടിയില്ല. ഒരുവശത്ത് മാതാപിതാക്കൾ പ്രായത്തെ വെല്ലുവിളിച്ച് സുഖം പ്രാപിച്ചുവന്നപ്പോൾ ആദർശ് കടുത്ത ന്യുമോണിയയ്ക്ക് കീഴ്പെട്ടു. ഐസിയുവിൽ വച്ചും അവൻ വീണയോടുള്ള സംസാരം മുടക്കിയില്ല. ശാരീരികാസ്വസ്ഥതകൾക്കിടയിലും പ്രണയാർദ്രമായ അവന്റെ സംഭാഷണങ്ങളിൽ വീണയ്ക്ക് അവന്റെ ഗുരുതരാവസ്ഥ മനസിലാക്കാനായില്ല. രാത്രി വീഡിയോകാളിൽ അവനെക്കണ്ടുസംസാരിച്ച് ഉറങ്ങാൻ പോയ വീണ ഉണർന്നപ്പോൾ കേട്ട വാർത്ത വിശ്വസിച്ചതുമില്ല.
 
ആദർശ് ഇനിയില്ലെന്നു വീണ വിശ്വസിക്കുന്നില്ല. കോവിഡ് മരണമായിരുന്നതിനാലും മാതാപിതാക്കൾ ആ സമയം രോഗബാധിതരായിരുന്നതിനാലും  മുനിസിപ്പാലിറ്റിക്കാർ ഹോസ്പിറ്റലിൽ നിന്നും നേരിട്ട് ഡെഡ്ബോഡി സംസ്കരിക്കുകയായിരുന്നു. അവളെ വിശ്വസിപ്പിക്കാൻ  ഒരു മരണസർട്ടിഫിക്കറ്റ് അല്ലാതെ മറ്റൊരു തെളിവും  ഹാജരാക്കാനും കഴിഞ്ഞില്ല. അവൻ മരിച്ചിട്ടില്ലെന്നും  അന്യനാട്ടുകാരിയായ അവളെ വിവാഹം കഴിച്ചതിൽ ഇഷ്ടക്കുറവുള്ള അവന്റെ മാതാപിതാക്കൾ അവനെ  പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ്  അവളുടെ വിശ്വാസം. അവൻ മരിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ അവൾ സുമംഗലിയെപ്പോലെ വേഷം ധരിക്കുന്നു, ജോലിക്കു പോവുന്നു, മറ്റെല്ലാം ചെയ്യുന്നു. ഒരുതുള്ളി കണ്ണീർ പോലും പൊഴിക്കാതെ അവനെ കാത്തിരിക്കുന്നു. കാരണം അവളില്ലാതെ അവനു കഴിയില്ലെന്ന് അവൾക്കുറപ്പുണ്ട്.

‘ഇതാണ് കഥ! ട്വിസ്റ്റ് എന്താണെന്നു വച്ചാൽ വീണ ഗർഭിണിയാണ്. പക്ഷെ അവളതറിഞ്ഞിട്ടില്ല. രണ്ടുദിവസം മുൻപാണ് ബോധംകെട്ടുവീണ മകളെയും കൊണ്ട് സ്വാമി അങ്കിൾ എന്റടുത്തു വന്നത്. ടെസ്റ്റുകളെല്ലാം കഴിഞ്ഞു ഈ വിവരം പറഞ്ഞപ്പോൾ അദ്ദേഹം ഷോക്ക്ഡ് ആയി. ഒരു കുഞ്ഞുണ്ടാവുന്നതിന്റെ സന്തോഷം കാണാഞ്ഞതുകൊണ്ട് ചോദിച്ചപ്പോഴാണ് അദ്ദേഹം ഈ വിവരം പറഞ്ഞത്”.
 
“വീണ ചെറുപ്പമാണ്. ഉടനെയില്ലെങ്കിലും അവൾക്ക് മറ്റൊരു വിവാഹം വേണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. വീണയുടെ മുന്നോട്ടുള്ള ഭാവിയിൽ ഈ കുഞ്ഞൊരു ബാധ്യതയായാലോ എന്നദ്ദേഹം ഭയക്കുന്നു”. 
 
“എന്നാൽ ആദർശിന്റെ മാതാപിതാക്കൾക്കോ, അവരുടെ ഒരേയൊരു മകന്റെ ബാക്കിപത്രമാണാ ജീവൻ. അവരെ വീണ വെറുത്തോട്ടെ... എന്നിരുന്നാൽപ്പോലും ആ കുഞ്ഞു ജനിക്കണമെന്നാണ് അവരുടെ ആഗ്രഹം. ഇതാണ് ഇവിടുത്തെ സന്ദർഭം”.
 
“കഷ്ടമായിപ്പോയല്ലോ ഹേമാ”! സുനിൽ ചിന്താകുലനായി
 
“ഉവ്വ്. അവരുടെ സംസാരം കേട്ടിട്ട് ഉചിതമായ ഒരു മറുപടി പറയാൻ എനിക്കും കഴിഞ്ഞില്ല”. പ്രണയം ചിലപ്പോഴൊക്കെ വിചിത്രവും അസാധാരണവും ആവും, അല്ലേ സുനിൽ?
 
“യഥാർത്ഥ പ്രണയകഥകൾക്ക് ഒരിക്കലും അവസാനമില്ല, ഹേമ.... കേട്ടിട്ടില്ലേ കണ്ണുകൊണ്ടു സ്നേഹിക്കുന്നവർക്ക് മാത്രമാണ് വേർപാടുകൾ. ഹൃദയത്തോടും ആത്മാവോടും സ്നേഹിക്കുന്നവർക്ക് വേർപിരിയൽ എന്നൊന്നില്ല”!
 
“എന്റെ അഭിപ്രായത്തിൽ കുഞ്ഞിന്റെ ഗ്രാൻഡ് പേരന്റ്സ് തമ്മിൽ തർക്കമുണ്ടാവണ്ട വിഷയമല്ല ഇത്. കുഞ്ഞിനെ വേണോ വേണ്ടയോ എന്നത് തീരുമാനിക്കാൻ പൂർണമായും വീണയ്ക്കാണ് അവകാശം. മറ്റുള്ളവർ അതിൽ ഇടപെടുന്നത് ക്രൂരതയാണ്”.
 
“അതെ, വീണ മെന്റലി സ്റ്റേബിൾ അല്ലെന്നാണ് സ്വാമി അങ്കിൾ പറയുന്നത്. ആദർശ് മരിച്ചെന്നു വിശ്വസിക്കാത്ത, അവനു വേണ്ടി ഒരുതുള്ളി കണ്ണീർ പൊഴിക്കാത്ത, അവൻ മടങ്ങിവരുമെന്നു കാത്തിരിക്കുന്ന വീണ എങ്ങനെ ഒരു കുഞ്ഞിന്റെ കാര്യത്തിൽ തീരുമാനമെടുക്കും എന്നാണദ്ദേഹം ചോദിക്കുന്നത്. അവൾക്ക് സുഖമാവട്ടെ എന്ന് കാത്തിരിക്കാനും കഴിയില്ലല്ലോ,  കുഞ്ഞു വളരുകയല്ലേ”!
 
ഒരിക്കലും പറയാൻ കഴിയാതിരുന്നതും അറിയാൻ കഴിയാതിരുന്നതുമായ വേര്പാടുകളാണ് ഏറ്റവും വേദനാജനകം. അതനുഭവിക്കുന്നവർക്ക്  മാത്രമല്ല കണ്ടുനിൽക്കുന്നവർക്കുപോലും സഹിക്കാൻ കഴിയില്ല. ഒരുപക്ഷേ, വീണയുടെ വേദനയ്ക്കുള്ള പരിഹാരവും വേദനയിലാവും. കുഞ്ഞിന്റെ ജനനം അവളെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നേക്കാം. എന്നാലും എന്തൊരവസ്ഥയാണ്! ഹേമ, താനായിരുന്നെങ്കിലോ?
 
"നിന്നെക്കുറിച്ചു ചിന്തിക്കുമ്പോൾ ഞാൻ ഉണരുന്നുണ്ടെന്നും നിന്നെ സ്വപ്നം കാണുമ്പൊൾ ഞാൻ ഉറങ്ങുന്നുണ്ടെന്നും നിന്നോടൊപ്പമുണ്ടായിരിക്കുമ്പോൾ ഞാൻ ജീവനോടെ ഉണ്ടെന്നും ഞാനറിയുന്നു, സുനിൽ" ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞപ്പോൾ സുനിൽ അവളെ നോക്കി. ജീവിതത്തിന്റെ ഏതൊരു  അരക്ഷിതാവസ്ഥയിലും അനിശ്ചിതത്വത്തിലും മുന്നോട്ടു നയിക്കാൻ പ്രാപ്തിയുള്ള ഒരേയൊരു പ്രകാശം സ്നേഹമാണെന്ന് വിരലുകൾ പരസ്പരം സ്പര്ശിച്ചപ്പോൾ അവരറിഞ്ഞു. ആത്മാവുകൾ കൊരുക്കപ്പെട്ടവരെ നോക്കി ആകാശം ചിരിച്ചു... മഴ പെയ്തു തുടങ്ങിയിരുന്നു. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക