-->

kazhchapadu

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

Published

on

 
ചുവപ്പും മഞ്ഞയും പച്ചയും തുടങ്ങി പലനിറങ്ങൾ കലർന്ന, പാഴ്‌വസ്തുക്കൾ തിങ്ങി നിറഞ്ഞ മാലിന്യക്കൂമ്പാരത്തിനു മുന്നിൽ അയാൾ എന്നത്തേയും പോലെ നിർവികാരനായി തന്നെ കാണപ്പെട്ടു.
 
കാശിറാമിന്റെ പതിവ് ദിനചര്യ അവിടെ തുടങ്ങുകയായിരുന്നു. അയാൾക്ക് പ്രായം അറുപതെങ്കിലും  കഴിഞ്ഞെന്നു നരകയറിയ നെറ്റിയും ചുളിഞ്ഞു തുടങ്ങിയ മുഖവും വിളിച്ചു പറയുന്നുണ്ടായിരുന്നു.
 
വളരെ അകലെ നിന്നുള്ള കാഴ്ചയിൽ ആ പ്രദേശം ഏറെ മനോഹരമായിരുന്നു. ഹൈവേകളിലെ വെളുത്ത വരകൾ ഭംഗിയായി വരച്ചിട്ടിരിക്കുന്നു. അതിരു തിരിച്ചുള്ള ഓരോ മതിൽ കെട്ടിനുള്ളിലും ധനാഢ്യർ ജീവിതം പടുത്തുയർത്തിയിരിക്കുന്നു. റോഡരികിൽ ഭംഗിയാക്കി കെട്ടിവെച്ച, പൂക്കുലകൾ നിറഞ്ഞ ചെടികൾ. ഹാ എന്ത് ഭംഗി!!!.
 
ഹൈവേയുടെ  അരികിൽ മറ്റൊരു വലിയ മതിൽ ഉയർന്നു നിൽക്കുന്നു. അനുസരണയില്ലാത്ത വള്ളിച്ചെടികൾ മതിലിലേക്ക് പടർന്നു കയറിയിട്ടുണ്ട്. അനുസരണക്കേട് അവയ്ക്ക് മാത്രമല്ല, വഴിയരികിലെ ആധുനിക മൂത്രപുരകൾക്കുമുണ്ടെന്നു തോന്നുന്നു. മലിന ജലം അനുസരണയില്ലാതെ മതിലിനുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ട്. എങ്കിലും ആ മതിലിടിഞ്ഞു വീഴില്ല. മനോഹരമായ ലോകത്തെ വേർതിരിക്കാൻ കെട്ടിപൊക്കിയതായത് കൊണ്ടാകാം.
 
മതിലിനരികിൽ നിന്നും അപ്പോഴായിരുന്നു കാശിറാമിന്റെ കാലടികൾ, മനോഹരമാക്കി വരച്ചിട്ട റോഡിലേക്ക് വന്നെത്തിയത്. അപൂർവ്വമായി മാത്രമേ അയാൾ ആ റോഡിലേക്ക് വരാറുള്ളൂ. എന്തോ മറന്നെന്ന പോലെ അയാൾ തിരിച്ചു മതിലിനു പിന്നിലേക്ക് നടന്നു.
 
ഇടുങ്ങിയ വഴികളാണ് മതിലിനപ്പുറം. മലയോളം പോന്ന ചവറുകൂമ്പാരങ്ങൾക്കിടയിൽ ഒരു ഗ്രാമം ഉണ്ടെന്ന് എങ്ങനെ ആര് വിശ്വസിക്കാൻ!!. അവിടെയും പകലുകളും രാത്രികളും, വിശപ്പും ദാഹവും, മനുഷ്യന്റേതായ എല്ലാ വികാരവിചാരങ്ങളും ഉണ്ടാകുന്നുണ്ട്. എന്നിട്ടും...!!
 
 
കാശിറാം എന്തോ ഓർത്ത് നെടുവീർപ്പിട്ടു.  അയാൾ വീട്ടിലേക്ക് കയറാതെ കറുപ്പ് നിറത്തിലെ വെള്ളത്തിൽ ചവിട്ടി അടുത്തു കണ്ട ചെങ്കുത്തായ കയറ്റം കയറാൻ തുടങ്ങി. അയാളുടെ കാലനക്കത്തിൽ നിന്നും, അതിൽ പുളയുന്ന കൂത്താടികൾ അരിക് ചേർന്ന് രക്ഷപ്പെട്ടു. ആ കയറ്റം എന്നത് കാലാകാലങ്ങളായി കൊണ്ടുതള്ളിയ മാലിന്യത്താൽ ഉണ്ടായതാണ്. മഞ്ഞും മഴയും വെയിലുമേറ്റ് ഉറഞ്ഞു കൂടിയവ. ഒരു പക്ഷെ കാശിറാമിന്റെ ഉള്ളിലും അതിനേക്കാൾ വലിയൊരു നിസ്സംഗതാഭാവം ഉറഞ്ഞു കൂടിയിരുന്നു. ചുറ്റിലും ഉയരുന്ന ദുർഗന്ധങ്ങൾ അയാളുടെ നിശ്വാസങ്ങളെപ്പോലും മലിനപ്പെടുത്തിയിരിക്കുന്നു.
 
ഇന്നലെ വന്ന കണ്ടൈയ്നർ ലോറി, സാധനങ്ങൾ തള്ളിയത് അവിടെ, ആ വലിയ കൂമ്പാരത്തിനു മുകളിലാണ്. എടുത്തു മാറ്റേണ്ടതും, ഉടച്ചെടുക്കേണ്ടതുമായ പലതും ആ ലോറിയിൽ ഉണ്ടാകും. ഇടയ്ക്ക് വില പിടിച്ച വസ്തുക്കളും കിട്ടും. ആദ്യം എത്തുന്നവന്റേതാണ് അതൊക്കെ. മിക്കപ്പോഴും അതിന്റെ പേരിൽ വഴക്കും അടിപിടിയും, ഇടയ്ക്ക് കൊലപാതകം വരെ നടന്നിട്ടുണ്ട്.
 
പക്ഷെ, എന്തൊക്കെ കൈകലാക്കിയിട്ടും ഈ പാഴ്‌ക്കൂമ്പാരത്തിനുള്ളിൽ നിന്നും ഒരു മോചനം കിട്ടിയിട്ടില്ല.
തലയൊന്നു കുടഞ്ഞു, ഓർമ്മകളെ ദുർഗന്ധം നിറഞ്ഞ കാറ്റിലേക്ക് ഇറക്കി വിട്ടു അയാളുടെ കൈകൾ പാഴ്‌വസ്തുക്കൾ നീക്കാൻ തുടങ്ങി. പുതുപുത്തൻ എന്നു തോന്നിപ്പിക്കുന്ന സാധനങ്ങൾ വരെ അതിലുണ്ടാകാറുണ്ട്. വലിച്ചെറിയുന്നവർക്ക് അറിയില്ലല്ലോ അങ്ങനൊന്നു ലഭിക്കാത്തവന്റെ വേദന.
 
മുതുക് വേദനിച്ചപ്പോൾ അയാൾ കാലൊടിഞ്ഞ ഒരു കസേരയിലേക്ക് ആയാസപെട്ടു ഇരുന്നു. ആ കൂമ്പാരത്തിന്റെ ഉയർന്ന ഭാഗത്തായിരുന്നു അയാൾ. ചുറ്റിലും അതേ ഉയരത്തിൽ പാഴ്‌ക്കൂമ്പാരങ്ങൾ. അതിനിടയിൽ വരിവരിയായി നീണ്ടു കിടക്കുന്ന വീടുകളുടെ മേലാപ്പുകൾ നീലയും പച്ചയും നിറങ്ങൾ ഉള്ള പാമ്പിനെപോലെ തോന്നിപ്പിച്ചു. ചില വീടുകൾ തകരഷീറ്റുകൊണ്ടു മേൽക്കൂര ആക്കിയിട്ടുണ്ട്. ചിലയിടത്ത് നിന്നും ഉച്ചത്തിൽ പാട്ടു കേൾക്കുന്നു, ആരോ കളഞ്ഞ റേഡിയോ നന്നാക്കിയെടുത്ത കിഷൻജിയുടെ ആഹ്ലാദമാണ് അതിൽ ഉച്ചത്തിൽ മുഴങ്ങുന്നത്.
 
അയാൾ വീണ്ടും , നഗ്നമായ കൈയാൽ സാധനങ്ങൾ ഓരോന്നായി വലിച്ചു നീക്കിയിടാൻ തുടങ്ങി. പണമുള്ളവന്റെ കുസൃതികളാകുന്ന, അതെ കാഷിറാം അങ്ങനെയാണ് അതിനെ വിശേഷിപ്പിക്കുന്നത്, കുഞ്ഞുങ്ങളുടെ വിസർജ്യങ്ങളെ പൊതിഞ്ഞു കവറിലാക്കി റോഡരികിലെ വലിയ കുട്ടയിലേക്ക് കറുത്ത ബാഗുകളിൽ തള്ളും. ചിലപ്പോൾ കവർ തുറക്കുന്നത് അസഹ്യമായ നാറ്റത്തിലേക്കാകും. എല്ലാ സുഖസൗകര്യങ്ങളും ഉള്ളവർക്ക് സ്വന്തം മാലിന്യം തള്ളാൻ ഒരുപിടി മണ്ണില്ലാത്ത അവസ്ഥ. ചിന്തകൾ കാശിറാമിന്റെ ചുണ്ടിൽ പുച്ഛച്ചിരി വരുത്തി.
 
ഏതോ ട്രക്ക്, കൂട്ടിയിട്ട പ്ലാസ്റ്റിക്ക് വസ്തുക്കളുടെ മുകളിൽ കൂടി കയറ്റം കയറി വരുന്നത് കണ്ടതും, അയാൾ തന്റെ തിരച്ചിൽ നിർത്തി വണ്ടിക്കരികിലേക്ക് ഇറങ്ങിച്ചെന്നു. ട്രക്കിന്റെ ടയറിനിടയിൽപെട്ട് ഞെരിയുന്ന ബോട്ടിലുകളും, മറ്റ് വസ്തുക്കളും, വല്ലാത്ത ഒരു അലോസരശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. കാശിറാമിന്റെ കണ്ണുകൾ ട്രക്കിന്റെ പിന്നിലേക്ക് ചെന്നു. പതിവിലേറെ നിറഞ്ഞിരിക്കുന്നുണ്ട്. ഇന്നലെ കഴിഞ്ഞു പോയ ദീപാവലി ആഘോഷത്തിന്റെ ബാക്കിപത്രങ്ങളാകും അതെന്ന് അയാൾ ഊഹിച്ചു. ഒപ്പം ചുളിവ് വീണ നിസ്സംഗത നിറഞ്ഞ മുഖത്ത്, വിളിക്കാത്ത അതിഥിയെ പോലെ ഒരു ചിരി വന്നു കയറി.
 
കാശിറാമിന്റെ സാന്നിധ്യത്തെ പോലും ഗൗനിക്കാതെ ട്രക്കുകാരൻ വണ്ടി വേഗതയിൽ താഴേക്ക് ഓടിച്ചുകൊണ്ടുപോയി. കാൽചുവട്ടിലെ കറുത്ത സഞ്ചികൾ അയാൾ കാൽ കൊണ്ടു തട്ടി നീക്കാൻ തുടങ്ങി. ഉള്ളതിൽ വെച്ചു വലിയ ബാഗ് എടുത്ത് അവിടെത്തന്നെ ഇരുന്ന് തുറന്നു നോക്കി. കുറെ വസ്ത്രങ്ങളും, പുസ്തകങ്ങളും, നീല നിറത്തിലെ ഒരു സ്കൂൾ ബാഗും ആയിരുന്നു അതിൽ.
 
ദൂരെ ആകാശത്ത്, കാക്കകളും കഴുകന്മാരും തമ്മിൽ ഭക്ഷണത്തിനായുള്ള കൊത്തിപ്പറിക്കലുകൾ നടക്കുകയായിരുന്നു. ഭോലേനാഥിന്റെ ചെറുമക്കൾ മറ്റൊരു കൂമ്പാരത്തിനു മേലെ ഓടിക്കളിക്കുന്നു. പേരിൽ ദൈവത്തിനെ വഹിച്ചിട്ടും, മാലിന്യത്തിൽ മുങ്ങിപുളയുന്ന ജന്മങ്ങളാണ് ഓരോരുത്തരുമെന്ന് അവരുടെ ബഹളങ്ങൾ നോക്കിയിരിക്കെ അയാൾ ഓർത്തുപോയി.
 
കാശിറാം ബാഗുമായി താഴേക്ക് സൂക്ഷിച്ചിറങ്ങി. അയാളുടെ കണ്ണുകൾ ബാഗിലേക്കായിരുന്നു. ഏതോ ഓർമ്മകളുടെ നേർത്ത നിഴൽ അയാളെ പിന്തുടരുന്ന പോലെ തോന്നിച്ചു.
 
ടാർപോളീനും ആസ്ബറ്റോസ് ഷീറ്റും കൊണ്ട് മറച്ച കൂരയുടെ കോലായിൽ, തുരുമ്പെടുത്ത ഇരുമ്പു കസേരയിൽ അയാളും അയാൾക്കൊപ്പം ഓർമ്മകളും സ്ഥാനം പിടിച്ചു.
 
അയാൾ അയാളുടെ മനസാക്ഷിയോട് തന്നെ പറയുകയായിരുന്നു പിന്നീട്...
"ആദ്യമായി ചവറുകൂനയ്ക്കരികിൽ നിന്നും അലൂമിനിയം പെട്ടിയും, അതിൽ കീറിമുഷിഞ്ഞു പോയ കുറെ പുസ്തകങ്ങളും കിട്ടുമ്പോൾ എനിക്ക് പ്രായം പത്ത്. പുസ്തകങ്ങൾ വലിച്ചെറിഞ്ഞു പെട്ടി എടുക്കാൻ നോക്കിയപ്പോൾ ആയിരുന്നു, പുസ്തകത്തിലെ ഏതൊക്കെയോ ചിത്രങ്ങൾ കണ്ണിൽപ്പെട്ടത്. കൗതുകം തോന്നി അവ ഓരോന്നായി മറിച്ചിടുമ്പോൾ വായിക്കാനാറിയാത്തവന്റെ വീർപ്പുമുട്ടൽ ഉള്ളിൽ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. പഠിക്കുവാൻ വേണ്ടി പലവട്ടം സ്കൂൾമുറ്റത്തേക്ക് ചെന്നിട്ടുണ്ട്. പക്ഷെ ചവറു കൂനയിലെ പുഴുക്കൾക്ക് പോലും കിട്ടുന്ന ദയ പോലും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല.. ഭൂമിയിൽ ജീവിച്ചിരിക്കുന്നതിന്റെ  യാതൊരു അടയാളങ്ങളും ഇല്ലാതെ ജനിച്ചു മരിക്കുന്ന അപൂർവ്വജന്മമാണ് ഞങ്ങൾ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
 
അസഹ്യമായ ദുർഗന്ധത്തിനുള്ളിലാണ് ജീവിച്ചു മരിക്കുന്നത് എന്നു യൗവനം വരെ, ഒരിക്കലും തോന്നിയിട്ടില്ലായിരുന്നു. ട്രാക്റ്റർ ഓടിക്കുന്ന ശേഖർ ആയിരുന്നു ഒരുദിവസം പട്ടണത്തിലേക്ക് കൂട്ടികൊണ്ട് പോയത്. രണ്ട് ദിവസം ദില്ലി ചുറ്റിക്കണ്ടു തിരിച്ചെത്തിയത് പക്ഷേ നുറുങ്ങുന്ന ഹൃദയ വേദനയോടെയായിരുന്നു. ഏറ്റവും മനോഹരമായ ഭൂമിയിലെ ജീവിതങ്ങളിൽ, പുറമ്പോക്കിൽ ഈശ്വരൻ ഉപേക്ഷിച്ച ജന്മങ്ങളാണ് ഞങ്ങൾ എന്നു സ്വയം ശപിച്ച നിമിഷം.
 
ഉയിർത്തെഴുന്നേൽക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴാവുകയായിരുന്നു. ധനികൻ കൂടുതൽ ധനികനാവുകയും ദരിദ്ര്ൻ പട്ടിണിയെ അലങ്കാരമാക്കുകയും ചെയ്തുകൊണ്ടിരുന്ന ലോകാത്താണ് ഞാനെന്ന് കാലം പലവിധത്തിൽ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
 
യൗവനത്തിന്റെ അന്ത്യത്തോടെ വിവാഹജീവിതം തുടങ്ങുമ്പോൾ, മുന്നിലെ ചവറുകൂമ്പാരത്തിന്റെ ഉയരം കൂടുകയല്ലാതെ കുറഞ്ഞിരുന്നില്ല. മാറ്റങ്ങൾ ഇല്ലാത്ത, ദുർഗന്ധങ്ങൾ ഒഴിയാത്ത ദിനങ്ങൾ കടന്ന് പോയിക്കൊണ്ടിരുന്നു.
 
തന്റെ തലമുറയ്ക്കെങ്കിലും ശുദ്ധവായുവിന് അവകാശമുണ്ട് എന്ന തിരിച്ചറിവായിരുന്നു, മക്കൾ മൂന്ന് പേരെയും പട്ടണത്തിനടുത്തുള്ള ഒരു ക്രിസ്ത്യൻ മിഷണറിമാരുടെ അനാഥാലയത്തിലേക്ക് ആക്കാൻ എന്നെ പ്രേരിപ്പിച്ചത്. എന്നെങ്കിലും മക്കളുടെ കൈപിടിച്ചു  ശുദ്ധവായു നിറഞ്ഞ ആ രണ്ടാം ലോകത്തേക്ക് ചെന്നു കയറാം എന്ന ചിന്തയായിരുന്നു, പിതൃ സ്നേഹത്തെയും, പിന്നിൽ ഉയർന്ന ഒരമ്മയുടെ കണ്ണീരിനെയും കണ്ടില്ലെന്ന് നടിക്കാൻ പ്രേരിപ്പിച്ചത്.
 
ഒരു ദിവസം അനാഥാലയത്തിലെ പതിവ് സന്ദർശനത്തിനിടെ ആയിരുന്നു അന്നവിടെ അതിഥിയായി വന്ന ജഡ്ജിനെ കണ്ടുമിട്ടിയത്.
 
ഗേറ്റിനു മുന്നിലെ എന്റെ നിൽപ്പ് കണ്ട് കാറിൽ നിന്നും ഇറങ്ങിയ അദ്ദേഹം പെട്ടെന്നായിരുന്നു അടുത്തേക്ക് വന്നത്. എന്നെപ്പോലൊരു അധഃകൃതന്റെ മുന്നിൽ, രണ്ടാം ലോകത്തിലെ ആഢ്യനായ ഒരാൾ വന്നു നിന്നപ്പോൾ, മേൽക്കോയ്മ്മയ്ക്ക് മുന്നിൽ മുട്ടു വിറക്കുന്ന അടിയാളനെ പോലെ ആയിപ്പോയി ഞാനും.
 
എപ്പോഴായിരുന്നു ഞങ്ങളുടെ സംസാരം ഒരു സൗഹൃദത്തിലേക്ക് കടന്നതെന്ന് അറിയില്ലായിരുന്നു. അന്നോളം അടക്കി വെച്ച നോവുകളും, ഹൃദയത്തെ കീറിമുറിച്ച അവഗണനയുടെയും ഒരു വലിയ മുഷിഞ്ഞഭാണ്ഡം എന്റെ കൈതട്ടി അദ്ദേഹത്തിന് മുന്നിൽ പൊട്ടിവീഴുകയായിരുന്നു. ഞങ്ങൾക്ക് ചുറ്റും ഏറെ നേരം മൂകസാക്ഷിയായി ഞങ്ങളുടെ മൗനം നിറഞ്ഞു നിന്നു.
 
"ഈ ഇന്ത്യ എന്നു പറയുന്നത് ധനികന്റെയും, സവർണ്ണന്റെയും മാത്രമാണോ സാർ.."
 
എന്റെ ചോദ്യത്തിന്റെ പൊരുൾ മനസിലാകാത്ത അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കിയിരുന്നു, ഒരു ചോദ്യഭാവം എനിക്ക് ആ കണ്ണുകളിൽ കാണാമായിരുന്നു.
 
"ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞിനും, ഭക്ഷണത്തിനും വസ്ത്രത്തിനും, വിദ്യാഭാസത്തിനും അവകാശമുണ്ട്. ഇല്ലേ സാർ.."
 
"തീർച്ചയായും ഉണ്ട്.."
 
"ഭക്ഷണവും, വസ്ത്രവും മാതാപിതാക്കൾ ഉറപ്പു നൽകിയാലും വിദ്യഭ്യാസം എന്നത് രാജ്യം ഉറപ്പു നൽകേണ്ടതാണ്. പക്ഷേ, ഇന്ന് എത്ര കുട്ടികൾക്ക് അത് ലഭിക്കുന്നുണ്ട്. സാറിനറിയോ ഞങ്ങൾ ഇവിടെ ജീവിക്കുന്നു എന്നതിന് പോലും തെളിവില്ല. റേഷൻ കാർഡുകളോ മറ്റ് അടയാളങ്ങളോ ഇല്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം വിലയുണ്ടാകുന്ന അപൂർവ്വ ജന്മങ്ങളാണ് സാർ ഞങ്ങൾ.
 
ഇന്നും, മക്കളുടെ കൊഞ്ചലുകൾ കേൾക്കാതെ, ആ സ്നേഹം അനുഭവിക്കാതെ ഹൃദയം കല്ലാക്കി ഞാൻ അവരെ ഇവിടെ നിർത്തിയത്, അധഃകൃതന്റെ മേലങ്കി അവരണിയാതിരിക്കാനാണ്. ലോകം അവർക്ക് നേരെ കല്ലെറിയാതിരിക്കാനാണ്. " അത് പറയുമ്പോൾ, നെറ്റിയിൽ നീളത്തിൽ ഉണ്ടായ പഴയൊരു മുറിപ്പാടിൽ എന്റെ വിരലുകൾ അസ്വസ്ഥമായി നീങ്ങുകയായിരുന്നു.
 
ഏറെ നേരത്തെ സംസാരത്തിനു ശേഷം അദ്ദേഹം മടങ്ങി. അദ്ദേഹത്തിനും, ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനായില്ല. കാരണം അധികാരികളുടെ കണ്ണുകൾ അപ്പോഴും ഞങ്ങൾക്ക് നേരെ, ഞങ്ങളുടെ ദുരിതങ്ങൾക്ക് നേരെ അടഞ്ഞുതന്നെയായിരുന്നു.
 
പിന്നീട് എത്ര വർഷങ്ങൾ, എത്ര ഇരവുപകലുകൾ...!!
എന്നെ ചൂഴ്ന്നുനിൽക്കുന്ന അസഹ്യമായ നാറ്റം, എത്ര വാസനസോപ്പിട്ടാലും ഒഴിഞ്ഞു പോകാത്ത ആ നാറ്റം എന്റെ മൂക്കിനുള്ളിൽ തളംകെട്ടി നിന്നു.. പലപ്പോഴും അതെന്റെ തലച്ചോറിലേക്കും പടരുമെന്നു ഞാൻ ഭയന്നിരുന്നു.
 
അതിജീവനത്തേക്കാൾ , കുഞ്ഞുങ്ങൾക്ക് പറന്നുയരാനുള്ള ആകാശം തീർക്കാനുള്ള വ്യഗ്രതയായിരുന്നു എനിക്കെന്നും. ഒരുപക്ഷേ അതെന്റെ സ്വാർത്ഥത ആയിരുന്നിരിക്കാം. ഓരോ സ്നേഹവും സ്വാർത്ഥത അല്ലാതെന്താണ്. മക്കളെ സ്നേഹിക്കുന്നതും, ഭാര്യയെ സ്നേഹിക്കുന്നതും, വളർത്തു മൃഗത്തെ സ്നേഹിക്കുന്നത് പോലും തിരിച്ചു സ്നേഹം, അല്ലെങ്കിൽ അതിൽ നിന്നും ഒരു സന്തോഷം കിട്ടുമെന്നുള്ള കണക്ക് കൂട്ടലിൽ നിന്നല്ലേ. അങ്ങനെ ആകുമ്പോൾ എന്തോ തിരിച്ചു ലഭിക്കുമെന്നതിനാൽ നമ്മൾ എന്തൊക്കെയോ നൽകുന്നു. തിരിച്ചു കിട്ടണം എന്നുള്ള സ്വാർത്ഥത എന്നിലുമുണ്ടായിരുന്നു. മക്കൾ ജോലി നേടി, എന്റെ ദേഹത്തിനെ, എന്റെ അസ്തിത്വത്തെ പൊതിഞ്ഞ ദുർഗന്ധത്തെ മായ്ക്കുമെന്നും, ഞാനാ രണ്ടാം ലോകത്തേക്ക് നടന്നു ചെല്ലുമെന്നുമുള്ള മോഹം.
 
പക്ഷെ, അന്നത്തെ ദീപാവലിക്ക് എല്ലാം തകിടം മറിയുകയായിരുന്നു. മക്കൾക്ക് വേണ്ടാതാകുന്ന മാതാപിതാക്കളുടെ കൂട്ടത്തിൽ ദൈവം ഞങ്ങളുടെ പേരും ചേർത്തിരുന്നു എന്ന് അന്നാണ് ഞാൻ മനസിലാക്കിയത്. കറുപ്പിൽ വെള്ള രേഖ വരച്ചിട്ട ഹൈവേ റോഡിനപ്പുറം മകൻ അവസാനമായി കാണാൻ വന്നു. നാണക്കേടിന്റെയും ദുർഗന്ധത്തിന്റെയും അടയാളമാകാൻ അച്ഛൻമമ്മമാർ അവന്റെ അടുക്കലേക്ക് പോകേണ്ടെന്നും, മറ്റ് രണ്ട് സഹോദരങ്ങൾക്കും ഇതാണ് പറയാനുള്ളത് എന്നും പറഞ്ഞപ്പോൾ, ഞാൻ ഇന്നോളം അനുഭവിച്ച ദുർഗന്ധം ഒന്നുമല്ലാതാവുകയായിരുന്നു.
 
വെയിൽ തിളച്ച ആ റോഡിൽ നിന്നും തിരിഞ്ഞു നടന്നത്, ഈ കൂമ്പാരത്തിന് മേലേയ്ക്കാണ്. പിന്നീടൊരിക്കലും മക്കളെ കാണാൻ ആഗ്രഹിച്ചില്ല. മുകളിലെ നീലാകാശത്തിൽ മാഞ്ഞു പോകുന്ന വെള്ളിമേഘങ്ങൾ പോലെ ആയിരുന്നു അവരെന്നു ആശ്വസിച്ചു..
 
ജീവിതത്തിന്റെ പുറമ്പോക്കുകളിൽ അടയാളപ്പെടുത്തലുകൾ ഇല്ലാതെ മറഞ്ഞു പോകുന്ന ജന്മങ്ങൾക്ക്, സ്വപ്‌നം കാണാൻ അവകാശമില്ലെന്ന തിരിച്ചറിവ് കാലം അടിച്ചേല്പിക്കുകയായിരുന്നു."
 
കാശിറാമിന്റെ ഓർമ്മകൾക്ക് മേലെ കിഷൻജിയുടെ റേഡിയോയിൽ നിന്ന്   ഉച്ചത്തിൽ പാട്ടിന്റെ ശബ്ദം വന്നു വീണുകൊണ്ടിരുന്നു.
 
ഭോലേറാമിന്റെ മക്കളുടെ നിഴലനക്കം ചവറുകൂനയ്ക്കു മുകളിൽ പൊട്ടുപോലെ കാണപ്പെട്ടു. ഉച്ചവെയിലിൽ ചവറുകൂനയിലെ പൊട്ടിയ കണ്ണാടിച്ചില്ലുകൾ വൈരങ്ങൾ പോലെ തിളങ്ങി.
 
അയാൾ, നീലബാഗ് നിലത്തേക്ക് വെച്ചു, തലയിലെ മുഷിഞ്ഞുനാറിയ തോർത്ത് ഒന്നു അഴിച്ചു കുടഞ്ഞു, വീടിനു മുന്നിലൂടൊഴുകുന്ന കറുത്ത വെള്ളത്തിലൂടെ അമർത്തി ചവിട്ടി, ആ കയറ്റം കയറാൻ തുടങ്ങി
 
പിന്നിലായി, ആഡംബരത്തിന്റെ രണ്ടാം ലോകത്ത് നിന്നും പുറംതള്ളിയ വസ്തുക്കളുമായി മറ്റൊരു ലോറി കിതച്ചുകൊണ്ടു കയറി വരുന്നുണ്ടായിരുന്നു.
കാശിറാമിന്റെ ചുണ്ടിൽ, ദുർഗന്ധം പൊതിഞ്ഞ ഒരു പുച്ഛചിരി തങ്ങി നിൽക്കുന്നുണ്ടായിരുന്നു.. അയാളുടെ പിറുപിറുക്കലുകൾക്ക് ചൂളംകുത്തിവന്ന കാറ്റ് ചെവിയോർക്കുന്നുണ്ടായിരുന്നു...!!
 
"ദൈവമേ
നീ കണ്ണടച്ചിരിക്കുക
ഒരുവേള പോലും നിന്റെ മിഴികൾ
തുറക്കാതിരിക്കുക
ഇവിടം കാഴ്ചകൾ മലിനമാക്കപ്പെട്ടിരിക്കുന്നു
ശിലയിലും മരത്തിലും നിറത്തിലും
നീ ബന്ധിക്കപ്പെട്ടിരിക്കുകയാണ്
നിന്റെ മിഴികളെ അടച്ചിടുക
ഇവിടം കാഴ്ചകൾ മലിനമാണ്
 
 
ദൈവമേ നീ മൗനത്തെ ഭക്ഷിച്ചുകൊള്ളുക
കണ്ണുകളെ ബന്ധിച്ചു കൊള്ളുക
ചെവികളെ അടച്ചു പിടിച്ചീടുക
ഇവിടം കാഴ്ചകൾ മലിനമാണ്
ശബ്ദങ്ങൾ ആരോചകമാണ്
വാക്കുകൾ വ്യർത്ഥമാണ്"
---------------------
സിനി രുദ്ര, സോണി നിവാസ്, ചാലക്കര, മാഹി 
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

View More