Image

നവയുഗവും സാമൂഹ്യപ്രവർത്തകരും തുണച്ചു; തെരുവിൽ അലഞ്ഞ വീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി

Published on 27 April, 2021
നവയുഗവും സാമൂഹ്യപ്രവർത്തകരും തുണച്ചു; തെരുവിൽ അലഞ്ഞ വീട്ടുജോലിക്കാരി നാട്ടിലേക്ക്  മടങ്ങി




ദമ്മാം: ശമ്പളം നൽകാത്ത സ്പോൺസറിൽ നിന്നും ഒളിച്ചോടി  തെരുവിൽ അലഞ്ഞ  വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരിക വേദിയുടെയും ജീവകാരുണ്യപ്രവർത്തകരുടെയും സാമൂഹ്യപ്രവർത്തകരുടെയും  സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി.

തമിഴ്‌നാട് മധുര സ്വദേശിനി വസന്തിയാണ് ദുരിതങ്ങൾ താണ്ടി നാട്ടിലേക്ക്  മടങ്ങിയത്.  നാലു വർഷം മുൻപാണ് വസന്തി റിയാദിലെ ഒരു സൗദിയുടെ  വീട്ടിൽ ജോലിക്ക്  എത്തിയത്. ഇതുവരെ നാട്ടിൽ പോയിട്ടില്ല. രണ്ടര വർഷത്തോളം ശമ്പളം കിട്ടിയിട്ടില്ലെന്നും  മാനസിക സമ്മർദ്ദം സഹിക്കാനാകാതെ  ഏതാനും മാസങ്ങൾക്ക് മുൻപ് ആ വീട്ടിൽ നിന്നും ഒളിച്ചോടുകയായിരുന്നു എന്നും അവർ പറഞ്ഞു.

റിയാദിലെ ബത്തയിൽ തെരുവിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞു നടന്ന ഇവരെക്കണ്ട ചില മലയാളികൾ സാമൂഹ്യപ്രവർത്തകനായ ഷിഹാബിനെ വിവരമറിയിച്ചു. ശിഹാബ് വസന്തിയെ റിയാദിലെ ഇന്ത്യൻ എംബസ്സിയിൽ  കൂട്ടികൊണ്ടു പോയി. എന്നാൽ, കൊറോണ കാലമായതിനാൽ എംബസ്സിയിലെ വനിത ഷെൽട്ടർ അടച്ചിരുന്നു. എംബസ്സി വോളന്റീർമാരുടെ സഹായത്തോടെ ഒരു പ്രവാസി കുടുംബത്തോടൊപ്പം താത്കാലികമായി അവരെ താമസിപ്പിച്ചു.
 ചെറിയ മാനസിക അസുഖ ലക്ഷണങ്ങൾ കാണിച്ച വസന്തിയെ കൂടുതൽ കാലം കൂടെത്താമസിപ്പിക്കാൻ  ബുദ്ധിമുട്ടുണ്ടെന്ന് ആ കുടുംബം അറിയിച്ചത് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കി. റിയാദിലെ തർഹീൽ വഴി നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലയയ്ക്കാൻ എംബസിയും സാമൂഹ്യപ്രവർത്തകരും ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്ന് എംബസ്സി അധികൃതർ നവയുഗം ജീവകാരുണ്യപ്രവർത്തകയും, ദമ്മാമിലെ എംബസ്സി വോളന്റിയറായ  മഞ്ജു മണികുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. വസന്തിയെ ദമ്മാമിൽ എത്തിച്ചു തന്നാൽ, ബാക്കി എല്ലാ കാര്യങ്ങളും തങ്ങൾ ഏറ്റെടുത്തുകൊള്ളാം എന്ന് മഞ്ജു അറിയിച്ചു. തുടർന്ന് സാമൂഹ്യപ്രവർത്തകരായ ശിഹാബ്, നൗഷാദ്, നവാസ് എന്നിവർ വസന്തിയെ ദമ്മാമിൽ മഞ്ജു മണിക്കുട്ടന്റെ അരികിൽ എത്തിച്ചു.

മഞ്ജുവും  ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ മണിക്കുട്ടനും ചേർന്ന്, വസന്തിയെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ, വസന്തിയുടെ അവസ്ഥ കണ്ട സൗദി അധികാരികൾ മഞ്ജുവിനോട് തന്നെ അവരെ കൊണ്ടുപോയി കൂടെത്താമസിപ്പിക്കാൻ  ആവശ്യപ്പെട്ടു. അങ്ങനെ വസന്തി മഞ്ജുവിന്റെ കുടുംബത്തോടൊപ്പം താമസിച്ചു. നവയുഗം കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബുവിന്റെയും മഞ്ജുവിന്റെയും കുടുംബങ്ങളുടെ പരിചരണം  അവരുടെ മാനസിക നില മെച്ചപ്പെടുത്താൻ  ഏറെ സഹായിച്ചു.

മഞ്ജു ഇന്ത്യൻ എംബസ്സിയിൽ നിന്നും വസന്തിക്ക്  ഔട്ട്പാസ്സും, വനിത അഭയകേന്ദ്രത്തിൽ നിന്നും ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി. ശിഹാബ് വിമാനടിക്കറ്റ് അയച്ചു കൊടുത്തു. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവർക്കും  നന്ദി പറഞ്ഞ് വസന്തി നാട്ടിലേക്ക്  മടങ്ങി.


 




 
നവയുഗവും സാമൂഹ്യപ്രവർത്തകരും തുണച്ചു; തെരുവിൽ അലഞ്ഞ വീട്ടുജോലിക്കാരി നാട്ടിലേക്ക്  മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക