Image

ഒരു ചലച്ചിത്ര ഫോട്ടോഗ്രാഫറുടെ ഓർമ്മയ്ക്ക് ( സ്മരണ: പി.കെ.ശ്രീനിവാസൻ)

Published on 28 April, 2021
ഒരു ചലച്ചിത്ര ഫോട്ടോഗ്രാഫറുടെ ഓർമ്മയ്ക്ക് ( സ്മരണ: പി.കെ.ശ്രീനിവാസൻ)
എഴുപതുകളുടെ മധ്യത്തോടെ കോടമ്പാക്കത്തെ വർണ്ണപ്രഭ സൃഷ്ടിക്കുന്ന  സിനിമാലോകത്തുഒരു നിയോഗം പോലെ  എത്തിച്ചേർന്ന വ്യക്തിയാണ് ഹരി നീണ്ടകര.  സിനിമാ പത്രപ്രവർത്തകന്റെ മേലങ്കിയണിഞ്ഞു സിനിമ സെറ്റുകളിൽ എത്തുമ്പോഴും തനിക്കിവിടെ ചെയ്തു തീർക്കാൻ പലതുമുണ്ടെന്ന ഭാവം ആ മുഖത്ത് കാണാമായിരുന്നു. ചെന്നൈക്ക് സമീപമുള്ള കൽപ്പാക്കം ആണവ കേന്ദ്രത്തിലെ ഇലെക്ട്രിഷ്യൻ ജോലി ഉപേക്ഷിച്ചാണ് ഹരി പുതിയ തട്ടകത്തിലെത്തിയതെന്നു  ആരുമറിഞ്ഞില്ല, ആരോടും പറഞ്ഞുമില്ല. മലയാളപത്രങ്ങൾക്കു സ്വന്തം ലേഖകന്മാർ ഇല്ലാത്ത കാലമായതിനാൽ  ഹരിയുടെ ചലച്ചിത്ര കുറിപ്പുകൾക്കുവേണ്ടി പത്രാധിപന്മാർ കാത്തിരുന്നു. സ്വന്തം ശൈലിയിൽ ഹരി എഴുതിയ കുറിപ്പുകൾ വായനക്കാർക്കും ഇഷ്ടപ്പെട്ടു.

എൺപതുകളുടെ തുടക്കത്തിൽ ഞാൻ സിനിമ നഗരത്തിൽ റിപ്പോർട്ടിങ്ങിനു എത്തുമ്പോൾ ഹരിയായിരുന്നു സഹായി. ആരുടെ വീട്ടിലും സ്റ്റുഡിയോകളിലും മുണ്ടുമടക്കിക്കുത്തി, തല ഉയർത്തിപ്പിടിച്ചു ക്യാമറസഞ്ചി തോളിൽ തൂക്കി കയറി ചെല്ലാനുള്ള അവകാശം ഹരി സ്ഥാപിച്ചെടുത്തെന്ന്  കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നാതിരുന്നില്ല. ഏറെക്കാലം ഹരി ഫോട്ടോഗ്രാഫുകൾ തന്നു എന്നെ സഹായിച്ചു. മാസാമാസം ജോലിക്കൂലി കിട്ടിയപ്പോൾ ഹരിക്കു സന്തോഷം. ഒരിക്കൽ ഒരു നടി എന്നെ വിളിച്ചു പറഞ്ഞു, ഹരിക്കു ഞാൻ എന്തെങ്കിലും കൊടുക്കണ്ടേ? അവരോടു പറഞ്ഞു എന്റെ പത്രം ഹരിക്കു ആവശ്യമായ ജോലിക്കൂലി കൊടുക്കുന്നുണ്ട്. ഇനി നിങ്ങൾ പണം കൊടുത്തു വഷളാക്കരുത്. ഹരിയോടും ഞാൻ പറഞ്ഞു, റിപ്പോർട്ടിനുവേണ്ടി സിനിമാക്കാരുടെ കയ്യിൽ നിന്ന് പണം വാങ്ങരുതു. അതാണ് എന്റെ പോളിസി. വാങ്ങിയാൽ നമുക്ക് അന്തസ്സ് നഷ്ടമാകും. ഇവരുടെ മുന്നിൽ നമുക്ക് തല ഉയർത്തി നടക്കാൻ കഴിയില്ല. ഹരിക്കു എന്റെ പ്രസ്താവന ഇഷ്ടമായി. കേരള കൗമുദി, കലാകൗമുദി ഗ്രൂപ്പിൽ നിന്ന് ഞാൻ ഇന്ത്യാ ടുഡേ ഗ്രൂപ്പിൽ എത്തിയപ്പോഴും  ഹരിയെ ഞാൻ വിട്ടില്ല. മുമ്പത്തേക്കാൾ കൂടുതൽ പ്രതിഫലം കൊടുത്തു ചിത്രങ്ങൾ വാങ്ങി. അപ്പോഴും പഴയൊരു കാമറയായിരുന്നു ഹരിയുടെ പങ്കാളി.

ചെന്നൈ കേന്ദ്രീകരിച്ചു KUWJ പ്രവർത്തനം ആരംഭിച്ചപ്പോൾ അതിന്റെ ഭാരവാഹികളായ കെ എ ജോണിയും വിജയചന്ദ്രനും ഞാനും ഒരു തീരുമാനമെടുത്തു. ഹരിക്കു ഒരു കാമറ സംഭാവന ചെയ്യുക. അതിന്റെ ചുമതല KUWJ അംഗവും ഹിന്ദുവിന്റെ ഫോട്ടോഗ്രാഫറുമായ ഷാജു ജോണിനെ ഏൽപ്പിച്ചു. ഷാജു 35000 വില വരുന്ന കാമറയാണ് വാങ്ങിയത്. ഡിജിറ്റൽ കാമറ ഹരി കൈകാര്യം ചെയ്യുമോ എന്ന് ഞങ്ങൾ ശങ്കിച്ചു. പക്ഷേ ദിവസങ്ങൾക്കുള്ളിൽ ഹരി അത് പഠിച്ചു. പിന്നെ അതിലായി ഹരിയുടെ തൊഴിൽ. മലയാള സിനിമ മദ്രാസ് വിട്ടപ്പോൾ ഹരിക്കു ജോലിയും വരുമാനവും കുറഞ്ഞു. എങ്കിലും സ്വന്തമായൊരു വീട് നിർമ്മിക്കാൻ ഹരിക്കു കഴിഞ്ഞു. ഏതാനും വാർഷങ്ങൾക്കു മുൻപ് മകളോടൊപ്പം എറണാകുളത്തേക്കു പോയ ഹരി പിന്നീട് അപൂർവമായിട്ടെ ചെന്നൈയിൽ എത്തിയിരുന്നുള്ളൂ. ഹരിയുടെ കൈവശം പതിനായിരക്കണക്കിന് നെഗറ്റീവ് ഫിലുമുകൾ ഉണ്ടായിരുന്നു.

പഴയ ഏതെങ്കിലും പാടത്തെക്കുറിച്ചു ചോദിച്ചാൽ ഹരി കൈ മലർത്തും. "ഓ അതെവിടെയോ ഉണ്ടാകും. കണ്ടെത്താൻ പാടാ." അതേസമയം നെഗറ്റീവ് ഒരു തരിമ്പു പോലും കളയാതെ ചിട്ടയായി സൂക്ഷിക്കുന്ന ചെന്നൈയിലെ ഒരു കാമറാമാനെക്കുറിച്ചു ഞാൻ ചിന്തിച്ചു-  പി ഡേവിഡ്.   ഹരി ഇന്ന് രാവിലെ അന്തരിച്ചെന്ന വാർത്ത കേട്ടപ്പോൾ നാൽപ്പത്തഞ്ചോളം വർഷം ചെന്നൈയിൽ കാമറയും തൂക്കി അസംതൃപ്തമായി നടന്ന ഹരിയുടെ ചിത്രമാണ് മനസ്സിൽ ഓടിയെത്തിയത്.
ഒരു ചലച്ചിത്ര ഫോട്ടോഗ്രാഫറുടെ ഓർമ്മയ്ക്ക് ( സ്മരണ: പി.കെ.ശ്രീനിവാസൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക