Image

കേരളത്തില്‍ താമര വേരുപിടിക്കാത്തത് എന്തുകൊണ്ട്? (സൂരജ് കെ. ആർ)

Published on 02 May, 2021
കേരളത്തില്‍ താമര വേരുപിടിക്കാത്തത് എന്തുകൊണ്ട്? (സൂരജ് കെ. ആർ)

കേരളത്തില്‍ ഈയടുത്ത കാലത്തായി ഉണ്ടായ സംഭവവികാസങ്ങളും, കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ സാന്നിദ്ധ്യവും വലിയ വിജയപ്രതീക്ഷയാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടാക്കിയത്. കോവിഡ് കാലമായിട്ടുപോലും മോദിയും, അമിത് ഷായും അടക്കമുള്ള നേതാക്കള്‍ കേരളത്തില്‍ സജീവമായി പ്രചാരണത്തില്‍ പങ്കെടുക്കുകയും ചെയ്തു. ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നേട്ടമൊന്നുമുണ്ടാക്കാത്ത ശബരിമല വിഷയം തന്നെയായിരുന്നു ഇത്തവണയും ബിജെപി പ്രധാന പ്രചരണ ആയുധമാക്കിയതും. 'സ്വാമിയേ ശരണമയ്യപ്പാ...' എന്ന് സാക്ഷാല്‍ മോദി തന്നെ പ്രചരണത്തില്‍ ഉപയോഗിച്ചതും ഈ വര്‍ഗീയ കാര്‍ഡ് വിലപ്പോവുമെന്ന കണക്കുകൂട്ടലില്‍ തന്നെയായിരുന്നു.

പക്ഷേ ഇത്തവണയും കേരളം ബിജെപിയെ കൈവിട്ടു. പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്ന് മാത്രമല്ല കൈയിലുള്ള നേമം കൈവിട്ട് പോകുകയും ചെയ്തു. എല്‍ഡിഎഫിന് ഇത്രയും വലിയൊരു വിജയം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്ന് ബിജെപി നേതാവും, സംസ്ഥാന പ്രസിഡന്റുമായി കെ സുരേന്ദ്രന്‍ തന്നെ ഫലത്തിന് ശേഷം തുറന്നു സമ്മതിക്കുകയും ചെയ്തു. എന്നാല്‍ എല്‍ഡിഎഫിന്റെ വിജയത്തിന് കാരണമായതെന്ത് എന്നതിന് കൃത്യമായ ഉത്തരമുണ്ട്. പക്ഷേ ബിജെപിയെ തോല്‍പ്പിച്ച ശക്തി എന്താണ്?

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപിയില്‍ നിന്നൊരു സ്ഥാനാര്‍ത്ഥി ജയിച്ച് നിയമസഭയിലെത്തിയത് 2016ലാണ്. നേമം മണ്ഡലത്തെ പ്രതിനിധീകരിച്ച് ബിജെപി രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായ ഒ രാജഗോപാലാണ് ആ റെക്കോര്‍ഡിട്ടത്. എന്നാല്‍ ആ വിജയം ബിജെപിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും, മറ്റ് ബിജെപി നേതാക്കളെ പോലെ വര്‍ഗീയവിഷം ചീറ്റുന്ന പാരമ്പര്യമില്ലാത്ത, സൗമ്യനായ നേതാവും രാഷ്ട്രീയക്കാരനുമായി അറിയപ്പെടുന്ന ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവത്തിന്റെ വിജയമാണതെന്നും അന്ന് വാദമുയര്‍ന്നിരുന്നു. എന്തുതന്നെയായാലും 8671 വോട്ടിന്റെ ഭൂരിപക്ഷത്തിന് രാജഗോപാല്‍ നേടിയ വിജയം ബിജെപി പാളയത്തില്‍ വലിയ പ്രതീക്ഷയാണ് പകര്‍ന്നത്. വരും തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ജനപ്രതിനിധികളെ സൃഷ്ടിക്കാന്‍ ആ വിജയത്തിനാകുമെന്ന് കേരളത്തിലെയും ദേശീയ നേതൃത്വത്തിലെയും ബിജെപിക്കാര്‍ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടു തന്നെ പിന്നീട് നടന്ന ഓരോ തെരഞ്ഞെടുപ്പുകളിലും ബിജെപി ദേശീയ നേതാക്കള്‍ കേരളത്തില്‍ പറന്നെത്തി പ്രചരണത്തില്‍ സജീവമായി.

ആയിടെയാണ്  2018-ല്‍ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി സുപ്രധാനമായ വിധി പുറപ്പെടുവിക്കുന്നതും, അത് ആയുധമാക്കി ബിജെപി കേരളത്തില്‍ വര്‍ഗീയ പ്രചാരണം ശക്തമാക്കുന്നതും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കെതിരാണെന്ന് ബിജെപി പറഞ്ഞുപരത്തുകയും, സമരങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. പലപ്പോഴും പോലീസുമായുള്ള കയ്യാങ്കളിയിലും സമരങ്ങളെത്തി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ബസുകളിലും മറ്റും തീവ്ര ഹൈന്ദവ സംഘടനകളിലെ പ്രവര്‍ത്തകര്‍ പരിശോധനകള്‍ നടത്തിയ സംഭവങ്ങളുമുണ്ടായി. ബിജെപി ദേശീയ നേതാക്കളടക്കം കേരളത്തിലെത്തി സമരത്തിന് ചൂടുപകരുകയും ചെയ്തു.

പക്ഷേ തുടര്‍ന്ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലോ, തദ്ദേശതെരഞ്ഞെടുപ്പിലോ കാര്യമായ നേട്ടം ഇതിലൂടെ ബിജെപിക്ക് ഉണ്ടാക്കാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏതാനും പഞ്ചായത്തുകളും, പാലക്കാട്, പന്തളം എന്നീ മുനിസിപ്പാലിറ്റികള്‍ പിടിച്ചതുമായിരുന്നു പ്രധാന നേട്ടമായി ബിജെപി ഉയര്‍ത്തിക്കാട്ടിയത്.

പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിന് ഏറെ അകലെയല്ലാതെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാമെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടി. ഇതിന്റെ ഭാഗമായി ശക്തരായ സ്ഥാനാര്‍ത്ഥികളെയും നിര്‍ത്താന്‍ നേതൃത്വം ശ്രമിച്ചു. എപ്പോഴത്തെയുമെന്ന പോലെ ജനകീയനായ സ്ഥാനാര്‍ത്ഥികളുടെ കുറവ് ഇത്തവണയും ബിജെപിക്ക് ഉണ്ടായിരുന്നു. അതിനാല്‍ ജനങ്ങള്‍ക്ക് പരിചയമുള്ളവരെ ബിജെപി സ്ഥാനാര്‍ത്ഥികളാക്കുക എന്നതായിരുന്നു നേതൃത്വം പയറ്റിയ തന്ത്രം. കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എം ടി രമേശ്, കെ ഗോപാലകൃഷ്ണന്‍, ശശികല, ശോഭാ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിങ്ങനെ വിരലിലെണ്ണാവുന്ന നേതാക്കളെ മാത്രമാണ് കേരള ജനതയ്ക്ക് അറിയാവുന്നത്. അതേസമയം ഇവരില്‍ തന്നെ ജനസമ്മതിയുള്ള, വിജയസാധ്യതയുള്ളവരായി ആരൊക്കെ എന്നത് വലിയൊരു ചോദ്യവുമാണ്. അതുകൊണ്ടാണ് ബിജെപി നേതൃത്വം അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവരെയെല്ലാം മുമ്പ് തന്നെ ബിജെപിയുടെ ഭാഗമാക്കി സ്ഥാനമാനങ്ങള്‍ നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഇ ശ്രീധരന്‍, നടന്‍ കൃഷ്ണകുമാര്‍ തുടങ്ങിയവരും ബിജെപി സ്ഥാനാര്‍ത്ഥികളായി എത്തി. 'നാടറിയുന്നവരെ സ്ഥാനാര്‍ത്ഥികളാക്കുക' എന്ന തന്ത്രം പതിവുപോലെ ആവര്‍ത്തിക്കപ്പെട്ടു.

ശബരിമല വിഷയം തന്നെയാണ് ബിജെപി ഇത്തവണയും പ്രധാന ആയുധമാക്കിയത്. താന്‍ ജയിച്ച് മുഖ്യമന്ത്രിയാകുമെന്നും, ബിജെപി 70 സീറ്റ് വരെ നേടുമെന്നുമായിരുന്നു ഇ ശ്രീധരന്‍ പറഞ്ഞിരുന്നത്. കേരളം ആര് ഭരിക്കണമെന്ന് എന്‍ഡിഎ തീരുമാനിക്കുമെന്നും, എഴുതി വച്ചോളാനും കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. 35-40 സീറ്റ് വരെ നേടുമെന്നായിരുന്നു സുരേന്ദ്രന്റെ വാദം. അതിലൂടെ അധികാരത്തിലെത്തുമെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ഇതേ അഭിപ്രായം തന്നെ ഈയിടെ ബിജെപിയോട് അഭിനിവേശം കാട്ടുന്ന പിസി ജോര്‍ജ്ജും പങ്കുവച്ചു. എങ്കിലും ബിജെപി സംസ്ഥാനനേതൃത്വം അല്‍പ്പം കൂടി വിശ്വസനീയമായി കണക്കാണ് മുന്നോട്ടുവച്ചത്- 3 മുതല്‍ 5 സീറ്റ് വരെ എന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പക്ഷേ ഫലം വന്നപ്പോള്‍ നേമം കൂടി കൈയില്‍ നിന്നു പോയ ബിജെപി വീണ്ടും കേരള നിയമഭയില്‍ സംപൂജ്യരായി.

ബിജെപിക്ക് ഈ ഗതിയുണ്ടാകാനുള്ള പ്രധാന കാരണം കേരളത്തിലെ വോട്ടര്‍മാരുടെ മനസ് തന്നെയാണ്. കേരളത്തിന്റെ രൂപീകരണത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മുസ്ലിം ലീഗും കേരള ചരിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിനാല്‍ത്തന്നെ കേരളത്തില്‍ 'പാര്‍ട്ടി കുടുംബങ്ങള്‍' എന്ന പ്രതിഭാസം ശക്തമായി നിലനില്‍ക്കുന്നുണ്ട്. കേരളം ജനിക്കുന്നതിന് മുമ്പേ തന്നെ ബ്രിട്ടിഷ് ഭരണത്തോട് യുദ്ധം പ്രഖ്യാപിച്ചവരുമാണ് ഈ പാര്‍ട്ടികള്‍. ഇന്നത്തെ നിലയില്‍ കേരളം പടുത്തുയര്‍ത്താനും, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലടക്കം മികച്ച നേട്ടം കൈവരിക്കാനും സാധിച്ചത് മാറി മാറി വന്ന ഇടതുപക്ഷ-വലതുപക്ഷ സര്‍ക്കാരുകള്‍ മുഖാന്തരമാണ്.

അതേസമയം അത്തരമൊരു പാരമ്പര്യം അവകാശപ്പെടാന്‍ ബിജെപിക്ക് സാധിക്കില്ല. കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് ബിജെപി നേതാക്കള്‍ കടന്നെത്തുന്നതുപോലും ഏറെ വൈകിയാണ്. ഇന്ത്യ പിടിച്ച പാര്‍ട്ടിക്ക് കേരളവും പിടിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടുകൂടെയാണ് ആ ഇടപെടലുകളെന്നതും, സര്‍ഗ്ഗാത്മകമോ, ജനനന്മ ഉദ്ദേശിച്ചതോ ഉള്ളതല്ല എന്നതും ബിജെപിയെ വിശ്വാസത്തിലെടുക്കാന്‍ വോട്ടര്‍മാര്‍ക്ക് വിലങ്ങുതടിയാകുന്നു. അധികാരത്തിലിരിക്കുന്ന വിഭാഗത്തോടുള്ള അഭിനിവേശം, മോദി എന്ന നേതാവിനോട് തോന്നുന്ന ആരാധന എന്നിവയാണ് ഭൂരിപക്ഷം ചെറുപ്പക്കാരെയും ബിജെപിയോട് അടുപ്പിക്കുന്നത്. ഒപ്പം കൃത്യമായ വര്‍ഗ്ഗീയ ചേരിതിരിവും. എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം ഈ മഞ്ഞളിപ്പുകള്‍ക്കപ്പുറം കാണുന്നവരാണ് എന്നത് ബിജെപിക്ക് എക്കാലവും തിരിച്ചടിയാണ്.

കേരളത്തില്‍ എന്തുകൊണ്ട് ബിജെപി വളരുന്നില്ല എന്നതിന് കൃത്യമായ ഉത്തരം ബിജെപി നേതാവായ ഒ രാജഗോപാല്‍ തന്നെ നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ് എന്നും, അതിനാലാണ് ബിജെപിക്ക് ഇവിടെ വളരാന്‍ സാധിക്കാത്തത് എന്നും രാജഗോപാല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. ഉയര്‍ന്ന സാക്ഷരത കാരണം ജനങ്ങള്‍ ചിന്തിക്കുകയും, സംവദിക്കുകയും ചെയ്യുന്നത് ബിജെപിയുടെ വളര്‍ച്ച തടയുന്നു- അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളത്തിലെ മുസ്ലിം, കൃസ്ത്യന്‍ അടക്കമുള്ള ന്യൂനപക്ഷം 45% വരുമെന്ന കണക്കും രാജഗോപാല്‍ മുന്നോട്ട് വച്ചിരുന്നു. ഇതും ബിജെപിക്ക് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപി സാവധാനത്തില്‍ കേരളത്തില്‍ വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇക്കാരണങ്ങളെല്ലാം ശരിയുമാണ്. 45% വരുന്ന ന്യൂനപക്ഷത്തില്‍ ബിജെപിയോട് അനുഭാവമുള്ളവര്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ വരൂ. അതേസമയം 55% വരുന്ന ഹൈന്ദവരില്‍ വലിയൊരു ശതമാനവും കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് അനുഭാവികളാണ്. ഈ കണക്കിലെ കളിയാണ് ബിജെപിയുടെ വഴി മുടക്കുന്നതില്‍ പ്രധാന ഘടകമാകുന്നത്. നിരക്ഷരരായ, ഹിന്ദുഭൂരിപക്ഷമുള്ള ഇടങ്ങളില്‍ മാത്രമേ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയൂ എന്നത് ഇതിലൂടെ വ്യക്തമാണ്.

നേരത്തെ സൂചിപ്പിച്ചതുപോലെ മികച്ച ജനകീയരായ നേതാക്കളുടെ സാന്നിദ്ധ്യം ഏതൊരു പാര്‍ട്ടിയുടെയും വിജയത്തില്‍ നിര്‍ണ്ണായകമാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നവും മികച്ച നേതാക്കളുടെ അഭാവമാണ്. കേരളത്തില്‍ ജനങ്ങള്‍ക്ക് അറിയുന്നവരായി വിരലിലെണ്ണാവുന്ന നേതാക്കള്‍ മാത്രമാണ് ബിജെപിക്ക് ഉള്ളത്. അവരില്‍ തന്നെ ഒ രാജഗോപാലിനെ പോലെ ജനസമ്മതിയുള്ളവര്‍ എത്ര? ശബരിമലയെ വര്‍ഗീയ വിഷയമാക്കി അവതരിപ്പിച്ചതിനപ്പുറം കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ എത്രത്തോളം ഇടപെടല്‍ ബിജെപി നേതാക്കള്‍ നടത്തിയിട്ടുണ്ട്? ജനകീയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ അതിനാല്‍ത്തന്നെ ബിജെപിക്ക് സാധിക്കുന്നുമില്ല.

കോണ്‍ഗ്രസിലേത് പോലെ തന്നെ ബിജെപിയിലും നേതാക്കള്‍ക്കിടയില്‍ തന്നെ ഉള്ള പടലപ്പിണക്കങ്ങളും തെരഞ്ഞെടുപ്പിനെ ബാധിച്ച കാഴ്ച ശോഭാ സുരേന്ദ്രനിലൂടെ വെളിവായതാണ്. സംസ്ഥാനനേതൃത്വം നിഷേധിച്ച കഴക്കൂട്ടം സീറ്റ് കേന്ദ്രനേതൃത്വം ഇടപെട്ടാണ് ശോഭയ്ക്ക് നല്‍കിയത്. ഒത്തൊരുമയില്ലായ്മയിലൂടെ തെരഞ്ഞെടുപ്പിനെ നേരിടുന്നതിലെ പാകപ്പിഴ കൂടിയാണ് കേരളത്തില്‍ ബിജെപിയുടെ തോല്‍വിക്ക് കാരണം.

ഇതിന് പുറമെ നേരത്തെ രാജഗോപാല്‍ പറഞ്ഞതുപോലെ ചിന്തിക്കുന്ന ജനതയാണ് കേരളം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും, കേന്ദ്രത്തിലെയും ഫാസിസ്റ്റ് രീതികളും, വര്‍ഗീയതയും കൃത്യമായി മനസിലാക്കുന്ന ജനതയാണ് ഇവിടെയുള്ളത്. വര്‍ഗീയത പരത്തിയ, അല്ലെങ്കില്‍ മതം രാഷ്ട്രീയവുമായി കൂടിക്കലര്‍ന്ന രാജ്യങ്ങളിലെ സ്വാതന്ത്രമില്ലായ്മ, ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തല്‍, ഫാസിറ്റ് നടപടികള്‍ എന്നിവയ്ക്ക് ലോകത്ത് ഉദാഹരണങ്ങള്‍ ഏറെയാണ്. ഇത്തരം രാജ്യങ്ങളെല്ലാം തന്നെ കാലക്രമേണ ആഭ്യന്തരകലാപം, യുദ്ധം അടക്കമുള്ളവ അനുഭവിച്ചവയുമാണ്.

ഇടതുപക്ഷമോ, കോണ്‍ഗ്രസ് പക്ഷമോ എല്ലാം തികഞ്ഞതിനാലല്ല, ബിജെപിയുടെ കൈയില്‍ അധികാരം ലഭിച്ചാല്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ടും, നിലനില്‍പ്പ് പോലും അപകടത്തിലാകുന്ന സ്ഥിതി വരുമെന്ന കാര്യം ചിന്തിച്ച് മനസിലാക്കിയതിനാല്‍ക്കൂടിയുമാവണം ജനം പോളിങ് ബൂത്തുകളില്‍ താമരയ്ക്ക് വെള്ളമൊഴിക്കാത്തത്. അതിനാല്‍ 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിയ സ്ഥിതിവിശേഷമെന്നുകൂടി കേരളത്തിലെ ബിജെപിയുടെ തോല്‍വിയെ വായിക്കാം.

എന്തുതന്നെയായാലും വരും കാലങ്ങളില്‍ കൂടുതല്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും, സീറ്റുകള്‍ നേടാനും ബിജെപിക്ക് കഴിഞ്ഞെന്നുവരും. മോദിയുടെ അധികാരം വലിയൊരു പരിധി വരെ അതിന് സഹായകമാകുകയും ചെയ്യും. കേരളത്തിലെ ഇടതുപക്ഷത്തിനും, കോണ്‍ഗ്രസ് പക്ഷത്തിനും സംഭവിക്കുന്ന തെറ്റുകള്‍ വളമാക്കി മാറ്റുന്ന തരത്തില്‍ സമൂഹത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനുള്ള ശ്രമവും ബിജെപിയില്‍ നിന്നും ഉണ്ടായേക്കാം. പക്ഷേ മുകളില്‍ പറഞ്ഞ എല്ലാ തടസങ്ങളെയും മറികടന്ന് കേരളത്തില്‍ അധികാരത്തിലെത്തുക എന്നത് ബിജെപിക്ക് ഏറെക്കാലം അസാധ്യം തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിന്റെ മതേതര മനസും ആ ശ്രമം ചെറുക്കും. അതോടൊപ്പം ജനങ്ങളോട് അടുക്കാനുള്ള ഒരവസരവും പാഴാക്കാതെ ഇടതുപക്ഷവും കോണ്‍ഗ്രസും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം എന്നതും മറ്റൊരു സത്യം.

 

Join WhatsApp News
Ninan Mathulla 2021-05-02 19:16:40
Yes, 'Thammil fetham thomman thanne'!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക