-->

kazhchapadu

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

Published

on

 രാജസ്ഥാനിലെ ചുട്ടുപഴുത്ത മണലാരണ്യങ്ങൾക്ക് മീതെ ക്ഷീണിതയായി ഒഴുകി നടക്കുന്ന ഇളം കാറ്റ്,  മീട്ടിയ തമ്പുരുവിൽ ശ്രുതി ചേർക്കുവാൻ കഴിയാതെ വല്ലാതെ ഉഷ്ണിക്കുകയാണ്. എങ്കിലും മൂളിയ രാഗങ്ങളിൽ നേരിയ നോവിൻ്റെ തണുവുള്ളതുപോലെ, ആ തണുപ്പിന് ഒരു മ്ലാനതയുടെ സ്ഥായീഭാവം. ചൂടുകാറ്റിൻ്റെ മുഖം വല്ലാതെ വിഷാദാത്മകമായി തോന്നി. കരിവാളിച്ച മുഖത്ത് സൂര്യാഘാതമേറ്റപോലെ പലയിടങ്ങളിലും രക്തവർണമായി കാണപ്പെട്ടു. സാന്ദ്രമായ ഒരാർദ്ര സംഗീതം എവിടെ നിന്നോ പൊഴിഞ്ഞൊഴുകി അലിഞ്ഞു ചേരുകയാണ്..

സാക്ഷി ഉയർന്നൊരു മരച്ചില്ല തേടി പറന്നു നടന്നു.

മണലാരണ്യങ്ങളിൽ നിന്ന് മാറി, വലിയ കുന്നുകളും താഴ് വരകളും കാണപ്പെട്ടു. മനോഹരമായ തടാകങ്ങൾ..വീരോപദാന കഥകൾ വാഴ്ത്തപ്പെടുന്ന ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങൾ, ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ബഹുനില കെട്ടിടങ്ങൾ. രാജസ്ഥാനിലെ ചൂടിന് അല്പം ഒരായവ് വരുന്നതു പോലെ തോന്നി. 

സാക്ഷി ഒന്നുകൂടി ഉയർന്നു പറന്നു. ദൂരെ ഒരു വലിയകുന്ന് കാണുന്നുണ്ട്. ഈ പ്രദേശത്തെ ഏറ്റവും വലിയ കുന്ന്. അതിൻ്റെ ശൃംഗത്തിൽ തഴച്ചു വളർന്നു നിൽക്കുന്ന ഒരു കള്ളിച്ചെടിയുടെ മുകളിൽ സാക്ഷി പറന്നിറങ്ങി. ശക്തന്മാരായ മുള്ളുകളാൽ കള്ളി സംരക്ഷണമൊരുക്കിയിട്ടുണ്ട്. ഒരു പക്ഷേ, ആവശ്യത്തിന് വെള്ളവും വളവും കിട്ടാതെ, വരണ്ട് വരണ്ടു മുരടിച്ച് നികൃഷ്ട സ്വഭാവവും ബലിഷ്ട ശരീരവുമായി പോയതായിരിക്കാം.

സാക്ഷി സ്വയം പിറുപിറുത്തു കൊണ്ട് ചുറ്റും ഒന്ന് വീക്ഷിച്ചു. താനിപ്പോൾ രാജസ്ഥാൻ്റെ നെറുകയിൽ ആണ്. തനിക്കിവിടുരുന്ന് എല്ലാം കാണാം, കേൾക്കാം. എല്ലാം തൻ്റെ മുമ്പിൽ അടിയറവു പറഞ്ഞു നിൽക്കുകയാണെന്ന് തോന്നും. അല്പം ഒരഹംഭാവത്തോടെ സാക്ഷി ശിരസ്സുയർത്തി നോക്കി.

ദൂരെ, മാനം നിറയുന്ന മേഘശകലങ്ങളിൽ മുത്തമിട്ട് നിൽക്കുന്ന മനോഹരമായ കൊട്ടാരത്തിൻ്റെ നെറുകയിൽ സാക്ഷിയുടെ ദൃഷ്ടി ഉടക്കി നിന്നു.

ചിറ്റോർ ഗോഹ് കൊട്ടാരം ! അലാവുദ്ദീൻ ഖിൽജിയുടേയും റാണീ പദ്മാവതീയുടെയും ചരിത്ര ഗാഥകൾ ഉറങ്ങുന്ന കൊട്ടാരം ! വിശാലമായ കൊട്ടാര പരിസരങ്ങൾ തികച്ചും വിജനമാണ്. ഏകാന്തതയോട് കൂട്ടുചേർന്ന് നിലയുറപ്പിച്ചിരിക്കുന്ന ചിറ്റോർ ഗോഹ് കൊട്ടാരത്തിന് ചുറ്റും ഒരു ശ്മശാന മൂകത തളം കെട്ടി നിൽക്കുന്നു. കൊട്ടാരവളപ്പിലും പരിസരത്തും പാറിപ്പറക്കുന്ന ഉഷ്ണക്കാറ്റുകൾ വിതുമ്പലോടെ എന്തോ പുലമ്പിക്കൊണ്ടിരുന്നു.

പിടിച്ചു നിൽക്കാനാവാതെ സാക്ഷി തേങ്ങിക്കരഞ്ഞു. അതൊരു നിലവിളിയായി, ആ നിലവിളിയിൽ കൊട്ടാരം വിറങ്ങലിച്ചു നിന്നു.

മഹാരാജാ റാണാ രത്തൻസിംഗിൻ്റെ ഭരണകാലം. കഴിവുറ്റ ഈ ഭരണാധിപൻ്റെ കയ്യിൽ ചിറ്റോർ ഗോഹ് സുരക്ഷിതമായിരുന്നു. രാജ്യത്തിൻ്റെ സുവർണ കാലഘട്ടമെന്ന് ചരിത്രം രേഖപ്പെടുത്തുവാൻ പോന്ന ഭരണനിർവ്വഹണം. ജനങ്ങൾക്ക് തങ്ങളുടെ ഭരണാധിപനെക്കുറിച്ച് മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല. തികച്ചും ജനസമ്മതനായ രാജാവ് നീണാൾ വാഴുകയായിരുന്നു.

ഇതിനിടെ രാജാവ് ഒരു വിവാഹം കൂടി കഴിക്കുവാൻ തിരുമാനിച്ചു. മഹാരാജാവിൻ്റെ പതിനഞ്ചാമത് വിവാഹം! വെളുത്തു തുടുത്തു വെണ്ണക്കൽ പ്രതിമ പോലെ മാദകത്തിടമ്പായ രാജകുമാരി. ആരും മയങ്ങിപ്പോവുന്ന, കൊതിച്ചു പോകുന്ന സൗന്ദര്യ ധാമം. റാണി പദ്മാവതി.  ജനങ്ങളും കൊട്ടാര വാസികളും ആഘോഷമാക്കിയ വിവാഹമായിരുന്നു അത്.

രാജ്ഞി മാരിൽ പ്രായക്കുറവുള്ളതും സൗന്ദര്യത്തിൽ ഒന്നാമതായതുമായതു കൊണ്ടാവാം, റാണി പദ്മാവതിയോട് രാജാവിന് ഒരിത്തിരി ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു. അതു കൊണ്ടാവണം താമസിക്കുവാൻ പ്രത്യേക വേനൽക്കാല വസതിയും, നീരാടുവാൻ ഉഗ്രൻ സ്നാനഘട്ടം എന്ന പേരിൽ വലിയകുളവും പണികഴിപ്പിച്ചത്.

തൻ്റെ പ്രിയങ്കരിയായ ഭവതിക്ക് ഒരു കുറവും വരരുത് എന്ന് റാണാ രത്തൻ സിംഗിന് നിർബന്ധമുണ്ടായിരുന്ന പോലെ. കൊട്ടാരത്തിലെ മറ്റ് രാജ്ഞിമാരും സഖിമാരും റാണിയെ പൊന്നുപോലെ സംരക്ഷിച്ചു പോന്നു. അവരുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.

ഇക്കാലത്ത് ഡൽഹിയുടെ ഭരണം കയ്യാളിയിരുന്നത് തുർക്കിക്കാരനായ അലാവുദ്ദീൻ ഖിൽജി എന്ന സുൽത്താൻ ആയിരുന്നു. അയാൾ ഡൽഹിക്ക് ചുറ്റുമുള്ള നാട്ടുരാജ്യങ്ങൾ ആക്രമിച്ച്, തൻ്റെ സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിച്ച് കൊണ്ടിരിക്കുന്ന സമയം, അയാൾ തൊട്ടയൽ രാജ്യമായ ചിറ്റോർ ഗോഹ് ആക്രമിക്കുവാൻ തീരുമാനിച്ചു.

എല്ലാവിധ യുദ്ധ സന്നാഹങ്ങളുമായി റാണാ രത്തൻ സിംഗ് അലാവുദ്ദീൻ ഖിൽജിയുമായി ഏറ്റുമുട്ടി. ഒരു കൊടുങ്കാറ്റുപോലെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ ഖിൽജി, അവിടെ സുന്ദരിയായ പദ്മാവതിറാണിയെ കണ്ട് മതിമയങ്ങി നിന്നു.

'ഹാ! ഇത്ര സുന്ദരിയായ ഒരു പെണ്ണിനെ ഞാനെൻ്റെ ജീവിതത്തിൽ ഇന്നോളം ദർശിച്ചിട്ടില്ല. ഇവളെ എന്തു വില കൊടുത്തും സ്വന്തമാക്കണം' അയാൾ സ്വയം പറഞ്ഞു.

എന്നാൽ മഹാരാജാ റാണാ രത്തൻ സിംഗിൻ്റെ ശക്തമായ ചെറുത്തു നിൽപ്പിനു മുന്നിൽ ഖിൽജി പകച്ചു നിന്നു. അവസാനം ഖിൽജി പറഞ്ഞു: ''ആ സുന്ദരിയായ രാജകുമാരിയെ ഒന്നു കണ്ടിട്ട് താൻ പോയ്ക്കോളാം, ഒന്നു കണ്ടാൽ മാത്രം മതി, അനുവദിക്കണം''

താങ്കൾ ഒന്ന് കണ്ടതല്ലേ, അതു മതി, തിരികെ പോ.... പോകാൻ..! മഹാരാജാവ് ആജ്ഞാപിച്ചു. ഖിൽജി റാണിയെ കാണുവാൻ വാശി പിടിച്ചു. അവസാനമായി ഖിൽജി രാജാവുമായി ഒരു ഉടമ്പടി ഉണ്ടാക്കി. 

അതിൻ പ്രകാരം ഒരു ഗോപുരമുണ്ടാക്കി റാണിയെ അതിൽ പാർപ്പിച്ചു. ഒരു കണ്ണാടിയിലൂടെ റാണിയുടെ പ്രതിബിംബം അലാവുദ്ദീൻ ഖിൽജിയെ കാണിച്ചു കൊടുത്തു.

എന്നാൽ ആ സൗന്ദര്യ ധാമത്തെ കൺകുളിർക്കെ കണ്ട് ആസ്വദിച്ച ഖിൽജിക്ക് കൊതി അടക്കാൻ കഴിഞ്ഞില്ല. റാണിയെ എന്തു വില കൊടുത്തും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു. റാണാ രത്തൻ സിംഗുമായുള്ള ഉടമ്പടി തകർത്തു കൊണ്ട് ഖിൽജി വീണ്ടും ചിറ്റോർ ഗോഹ് ആക്രമിച്ചു. സുന്ദരിയും മാദക റാണിയുമായ രാജകുമാരിയെ തട്ടിയെടുക്കണമെന്നാണ് ലക്ഷ്യം.

വാക്കിന് തരിമ്പും വിലയില്ലാത്ത ഖിൽജിയുടെ മനസ്സാക്ഷി വിരുദ്ധ പ്രവർത്തനം കണ്ട് സാക്ഷി ഞെട്ടിത്തരിച്ച് നിന്നു.

അവസാനം നീണ്ട യുദ്ധത്തിനൊടുവിൽ ഖിൽജി ചിറ്റോർ ഗോഹ് ആക്രമിച്ച് കീഴ്പ്പെടുത്തി. റാണാ രത്തൻ സിംഗിനെ തടവിലാക്കി. കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. വില പിടിച്ചതെല്ലാം കൊള്ളയടിച്ചു.

തൻ്റെ പ്രിയതമനെ ശത്രുസൈന്യം തുറുങ്കിലടച്ച വിവരമറിഞ്ഞ റാണിമാർ വാവിട്ടു കരഞ്ഞു.. 'ആ ദുഷ്ടൻ നമ്മളെയെല്ലാവരെയും കൊണ്ടു പോകും, നശിപ്പിക്കും'. അവർ പരസ്പരം കെട്ടിപ്പിടിച്ച് നിലവിളിച്ചു. 

അവർക്കു മുമ്പിൽ ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങൾ ഉരുകി ഒഴുകി തിളച്ചൊഴുകുന്ന ലാവ പോലെ അനുഭവപ്പെട്ടു.

സാക്ഷിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. സാക്ഷി ഒരു വട്ടം കൂടി അന്തരീഷത്തിൽ ഉയർന്ന്, വട്ടമിട്ട് പറന്ന് വീണ്ടും ആ കള്ളിമുൾച്ചെടിയുടെ മണ്ടയിൽത്തന്നെ തിരിച്ചിറങ്ങി അസ്വസ്ഥതയോടെ ഇരിപ്പുറപ്പിച്ചു.

തങ്ങളുടെ പ്രിയപ്പെട്ടവൻ' തങ്ങളുടെ സർവ്വസ്വവുമായ മഹാപുരുഷനല്ലാതെ, തങ്ങളെ മറ്റാർക്കും അനുഭവിക്കാൻ നൽകുകയില്ലെന്ന് റാണിമാർ സത്യം ചെയ്തു. തോഴിമാർ കൊട്ടാരത്തിന് താഴെ വലിയ ചിത ഒരുക്കി. റാണിയും തോഴിമാരും കൊട്ടാരത്തിൻ്റെ ഉയർന്ന തലപ്പിലെ മട്ടുപ്പാവിൽ നിന്നും ചിതയിലേക്ക് ചാടി !

സാക്ഷി അലറി വിളിച്ചു.. ഹൃദയം പൊട്ടി നിലവിളിച്ചു..'' കണ്ടില്ലേ... കണ്ടില്ലേ നിങ്ങൾ... മാലോകരേ... ഒരു വിശ്വ പ്രേമത്തിൻ്റെ, നിർമ്മല സ്നേഹത്തിൻ്റെ, പതീവ്രത ഹൃദയങ്ങളുടെ കൂട്ട ആത്മാഹുതി. ഇതാണ് ജോഹർ കുണ്ഡ്..... ഇതാണ് ജോഹർ കുണ്ഡ്... ആസ്വദിച്ച് തീരാത്ത ജീവിത സ്പന്ദനങ്ങളുടെ അകാല മൃതിയിൽ നീറിയൊടുങ്ങുന്ന ജോഹർ കുണ്ഡ് ''

സാക്ഷി ശിരസ്സ് താഴ്ത്തി, കള്ളിച്ചെടിയുടെ മുള്ളുകൾ മുഖം കുനിച്ച് ധ്യാനത്തിലെന്ന പോലെ മിഴികൾ കൂമ്പി നിന്നു. ജോഹർ കുണ്ഡിൽ അലയടികൾ തീർത്തൊഴുകി നടന്ന കാറ്റിപ്പോൾ നെടിയതും കുറിയതുമായ നിരവധി വരകളായി.. പുകയായി.... ചിറ്റോർ ഗോഹിലെ അമര സ്മാരകങ്ങളിലൊന്നായി......

-------------
സജി കൂറ്റാംപാറ
അദ്ധ്യാപകൻ, കാഥികൻ, നാടക കലാകാരൻ, നാടൻ പാട്ടുകാരൻ, സാഹിത്യകാരൻ, നിരൂപകൻ...
കേരളത്തിലെ നാടക കലാകാരൻമാരുടെ സംഘടനയായ Natak ൻ്റെ കിഴക്കൻ മേഖലയുടെ ഭാരവാഹി, കേരളത്തിലെ കലാകാരൻമാരുടെ സംഘടന 'sawak' ൻ്റെ എറണാകുളം ജില്ലാ കമ്മിറ്റിയംഗം എന്ന നിലകളിൽ പ്രവർത്തിക്കുന്നു.
*സ്നേഹവീട്* ഇടുക്കി ജില്ല എക്സിക്യൂവ് അംഗം ആണ്.
കീരംപാറ പോസ്റ്റ്, പുന്നേക്കാട്, കോതമംഗലം, എറണാകുളം ജില്ല

Facebook Comments

Comments

  1. Saji Koottampara

    2021-05-14 05:32:57

    ശരിയാണ് മാഷേ... 'തണുമുള്ളതുപോലെ' എന്നത് യോജിക്കുന്നില്ല. നന്ദീ മാഷേ... തിരുത്താം...

  2. Rafeeq Tharayil

    2021-05-03 22:32:58

    “തണുവുള്ളതുപോലെ” എന്നതു കവി ഉദ്ദേശിച്ചത് മനസ്സിലായില്ല.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

View More