Image

ചിറകുകൾ ഇല്ലാതെ പറക്കുന്നവർക്ക്,നർത്തകർക്ക്... (മൃദുമൊഴി 6: മൃദുല രാമചന്ദ്രൻ)

Published on 03 May, 2021
ചിറകുകൾ ഇല്ലാതെ പറക്കുന്നവർക്ക്,നർത്തകർക്ക്... (മൃദുമൊഴി 6: മൃദുല രാമചന്ദ്രൻ)
എല്ലാ മനുഷ്യരും നർത്തകർ ആണ്.അടുക്കളയിൽ ഒരു അവിയൽ വയ്ക്കുന്ന ഒരാളെ നോക്കൂ...നേർത്തു മെലിഞ്ഞ കഷണങ്ങൾ ആയി പച്ചക്കറികൾ നുറുക്കി ഒരുക്കുന്നതിൽ ഒരു ലയം ഉണ്ട്.നല്ല ഭംഗിയായി വണ്ടി ഓടിക്കുന്നവരുടെ കരവും, കാലും ലക്ഷണഭംഗിയോടെ ചലിക്കുന്നു.പാടത്ത് വിത്ത് വിതറുന്ന കർഷകൻ,ക്ലാസിൽ ഭാവ താളങ്ങളോടെ പഠിപ്പിക്കുന്ന അധ്യാപിക, രോഗിയുടെ ഹൃദയതാളം കേൾക്കുന്ന ഡോക്റ്റർ,വലിയ കെട്ടിടത്തിന്റെ ചിത്രം വരക്കുന്ന എൻജിനീയർ, ചുടുകട്ടകൾ താളത്തോടെ കൈമാറുന്ന നിർമാണ തൊഴിലാളികൾ, ട്രാഫിക് ഐലൻഡിലെ പോലീസുകാരൻ, വലയെറിയുന്ന മുക്കുവൻ,ഫയലിൽ ഒപ്പിടുന്ന ഗുമസ്തൻ-ചിലപ്പോൾ ഒക്കെ ഇവർ എല്ലാവരും നർത്തകർ ആണ്.ഭാവങ്ങളാൽ, മുദ്രകളാൽ, ചുവടുകളാൽ മിഴിയനക്കങ്ങളാൽ മോഹിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, ആനന്ദിപ്പിക്കുന്ന നർത്തകർ.

നൃത്തം മനുഷ്യനിൽ ഉള്ള ജാടകളെ, കപട ഭാവങ്ങളെ ചുഴറ്റി ദൂരെ എറിയുന്ന ഒന്നാണ്. ഏതോ ഇരുണ്ട വനാന്തരങ്ങളിൽ, തണുത്ത സന്ധ്യയിൽ, കല്ലുരച്ചു നിർമിച്ച തീയുടെ ചുറ്റിനും കൂടിയിരുന്ന നമ്മുടെ പൂർവികർ, ഭാഷകൾക്ക് മുൻപുള്ള ശബ്ദങ്ങൾക്ക് ഒപ്പം ചുവട് വച്ചപ്പോൾ അനുഭവിച്ച ആഹ്ലാദത്തിന്റെ ശേഷിപ്പുകൾ ആണ് നമ്മളിൽ ഉള്ളത്.

ഒരു ഏക്താരയുടെ ഈണത്തിന് ഒപ്പം, ഏകാന്തമായ നാട്ടു വഴിയിലൂടെ ചുവട് വച്ചു പോകുന്ന ബാവുൽ ഗായകരിൽ, കത്തിച്ചു വച്ച നിലവിളക്കിനെ മാത്രം സാക്ഷിയാക്കി രാത്രി മുഴുവനും നൃത്തം ചെയ്യുന്ന കൃഷ്ണനാട്ടം കലാകാരന്മാരിൽ ...ആത്മാവിനും, ദൈവത്തിനും മാത്രം വേണ്ടി ചെയ്യുന്ന നൃത്തം.

അരങ്ങുകൾക്കും, വേദികൾക്കും , കാഴ്ചക്കാർക്കും , കീർത്തിക്കും, കാശിനും ഒന്നും വേണ്ടിയല്ലാതെ ഹൃദയം തുറന്ന് വയ്ക്കുന്ന ചുവടുകൾ....

ഭൂമിയിൽ കാലു തൊടുന്നുണ്ടോ എന്നറിയാതെ , സ്വർഗത്തിലേക്ക് കണ്ണ് പതിപ്പിച്ചു ചെയ്യുന്ന സൂഫി നൃത്തം, ഈശ്വരനും, സാധകനും ഏതോ ഒരു മുഹൂർത്തത്തിൽ ഒന്നായി മാറുന്ന തെയ്യം.... നൃത്തം ഭൂമിക്ക് മേൽ വിരിച്ചിട്ട വെളിച്ചം പോലെ തെളിയുന്ന നേരങ്ങൾ.

"നാഗവല്ലീ മനോന്മണീ...."എന്ന് പ്രണയത്തോടെ മന്ത്രക്കളത്തിലേക്ക് ആവാഹിക്കാൻ, "ദൂരെ കിഴക്കുദിച്ചു മാണിക്യ ചെമ്പഴുക്ക" എന്ന് പ്രണയത്തിന്റെ കുറുമ്പ് ആകാൻ, "ഇന്ദ്രനീലിമയോലും നിൻ മിഴിപീലികളിൽ..." എന്ന് മോഹിതരായി വരൾച്ചയിൽ  മഴയാകാൻ, "കണ്ണാടികൂടും കൂട്ടി, കണ്ണെഴുതി പൊട്ടും കുത്തി..." എന്ന് ഇഷ്ടത്തോടെ വിളിക്കാൻ , "ഓലത്തുമ്പത്ത് ഇരുന്ന് ഊയലാടും ചെല്ലപൈങ്കിളി" എന്ന് വാത്സല്യമാകാൻ പാട്ടിനൊപ്പം നൃത്തം കൂട്ടില്ലെങ്കിൽ എത്ര നിശ്ചല ശൂന്യമായേനെ ലോകം..

ഹൃദയം പറയുമ്പോൾ ഒക്കെ മറ്റൊന്നും നോക്കാതെ ആനന്ദത്തോടെ ചുവട് വയ്ക്കൂ.... പ്രപഞ്ചം ഡമരു മുഴക്കുന്നുണ്ട്.

ഇന്ന് , ഇത് എഴുതുന്നത്, ഏപ്രിൽ 29ന്, ലോക നൃത്ത ദിനത്തിൽ....എല്ലാ നർത്തകർക്കും ആശംസകൾ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക