Image

അനിത (കഥ : രമണി അമ്മാൾ)

Published on 03 May, 2021
അനിത (കഥ : രമണി അമ്മാൾ)
"എന്നേക്കൂടി നിന്റെ മുറിയിൽ കൂട്ടാമോ...?
നീയുംകൂടി ഇവിടുന്നുപോയാൽ..!
എനിക്കിവിടം ആകെ മടുത്തു..
അവിടെ നിനക്ക് സെപ്പറേറ്റ് റൂമല്ലേ കിട്ടാൻ
പോകുന്നത്..?
ഒരു ഗസ്റ്റിനേക്കൂടി പ്രൊവൈഡ് ചെയ്യാൻ  അനുവദിക്കുംപോലും..
ആ ഗസ്റ്റ് ഞാനായിരുന്നാലോ..!."
അനിതയുടെ പെട്ടെന്നുളള ചോദ്യം,
ഒന്നും ആലോചിക്കാതെ-
യങ്ങു സമ്മതം മൂളി..
"അതിനെന്താ..ഞാനൊന്നു പൊറുതിയാവട്ടെ, എന്നിട്ടങ്ങു പോര്...." മുളന്തുരുത്തിക്കാരി അനിത  നഗരത്തിലെ  പ്രശസ്തമായ ഹോസ്പ്പിറ്റലിലെ 
റിസപ്ഷനിസ്റ്റാണ്..  
ഗവണ്മെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടുന്നതുവരെ ഓഫീസിനു വളരെയടുത്തുളള  ഹോസ്റ്റലിൽ താമസിക്കാമെന്നുവച്ചതാണ്.  റൂമേറ്റ് 
അനിതയാണെന്നും, നാട്ടിൽ പോയിരിക്കുകയാണെന്നുംവാർഡൻ പറഞ്ഞു..
ഒരു പഴയ തറവാടാണ് ഹോസ്റ്റൽ..ഏഴോ, എട്ടോ, മുറികൾ പതിനഞ്ചോളം അന്തേവാസികൾ..
മിക്കവരും ഹോസ്പ്പിറ്റലുമായി ബന്ധപ്പെട്ട ജോലിക്കാരാണ്.. 
"ഉറങ്ങാൻ കിടക്കുമ്പോൾ
മുറി അടയ്ക്കേണ്ട കേട്ടോ.. നമ്മളു പെണ്ണുങ്ങളു മാത്രമല്ലേയുളളൂ.. അതുകൊണ്ടാ.."..വാർഡനമ്മച്ചീടെ വിശദീകരണം..
വീടുവിട്ട്, ആദ്യമായതുകൊണ്ടാവും.ഉറക്കം വന്നതേയില്ല..
വെളുപ്പാംകാലമായപ്പോഴാണ് ഒന്നു മയങ്ങിയത്...
ആരോ വന്നു ലൈറ്റിട്ടു, മയക്കവും തീർന്നു..
വിയർപ്പിന്റേയും,  പെർഫ്യൂമിന്റേയും 
മനംമറിയുന്ന ഗന്ധം..
ഇതാവും അനിത.. 
കട്ടിലിലേക്ക് തന്റെ മുഴുവൻ ശരീരവുമെടുത്തുവച്ച് 
അനിതയിരുന്നു.. 
കരിവീട്ടി നിറത്തിൽ കടഞ്ഞെടുത്ത ശരീരം..ഒഴിഞ്ഞു
കിടക്കുന്ന കാതും കഴുത്തും..
സ്ട്രെയ്റ്റൻ ചെയ്ത നിണ്ടമുടി അഴിച്ചിട്ട്, മോഡേൺ ലുക്കിൽ.. സിനിമാനടി ശുഭയെ ഓർത്തുപോയി..
എന്നെ, കുറച്ചു നേരംകൂടി കണ്ണടച്ചുകിടക്കാനനുവദിക്കാതെ നാട്, വീട്, 
വീട്ടൂകാർ..ജോലി..കൊച്ചുവെളുപ്പാംകാലത്തേ അറിയണം..
"ശരി... ഞാനൊന്നുറങ്ങട്ടെ..
വൈകിട്ടു കാണാം...."
വേഷംപോലും മാറാൻ നില്ക്കാതെ അനിത  തലവഴി ഷീറ്റുംമൂടി ഒറ്റക്കിടത്തം...
ഗസ്റ്റിനെ കൂടെത്താമസിപ്പിക്കാനുളള 
പെർമിഷൻ വാർഡന്റെ കയ്യീന്നു വാങ്ങിവച്ചതു നന്നായി.. 
ഒരു വൈകുന്നേരം ഓട്ടോറിക്ഷയിൽ അനിതയെത്തി..മടക്കു കട്ടിലും, മെത്തയും തലയിണയും....മൂന്ന് യമണ്ഡൻ പെട്ടികളുമൊക്കെയായി. സ്ഥിരതാമസത്തിനു വരുന്നപോലെ..
"രണ്ടുകട്ടിലുകൾ ചുമരിനടുത്തേക്കു ചേർത്തിട്ടു കഴിഞ്ഞപ്പോൾ 
ഓടിക്കളിക്കാനുളള സ്ഥലം മുറിയിൽ ഇനിയും ബാക്കിയുണ്ടല്ലോ... 
നല്ല റൂം.. ഫസ്റ്റ്ഫ്ളോറായതുകൊണ്ടാവും..ജന്നലിൽകൂടി നല്ല
കാറ്റും..ഞാൻ നിന്റെ അടുത്തേക്കാണു പോന്നതെന്ന് ആ തളളയ്ക്കറിയില്ല. "
പഴയ ഹോസ്റ്റൽ നടത്തിപ്പുകാരിയാണീ "തളള.. "
           വൈകിട്ട് ഏഴിനുമുൻപ്
മെയിൻ ഗേറ്റടയ്ക്കുമെന്ന അലിഖിത നിയമം അനിതയ്ക്കുവേണ്ടി നൈറ്റ്  വാച്ചർ അങ്ങു മാറ്റി.. ഇടയ്ക്കിടയ്ക്ക്
പോക്കറ്റിൽ തിരുകാൻ കിട്ടുന്ന അൻപതിന്റെ ഒറ്റ നോട്ട്...
മാസത്തിന്റെ പകുതിയും
അനിതയ്ക്ക് നൈറ്റ് ഡ്യൂട്ടിയുണ്ടാവും...
രാവിലെ വന്നു കഴിഞ്ഞാലുടനെ പെട്ടന്നൊരു കുളിയും പാസാക്കി 
ഉറങ്ങാനുളള തത്രപ്പാടിലാണ്..
ഞാനുണ്ടാക്കിവയ്ക്കുന്ന ഭക്ഷണം എപ്പോഴെങ്കിലും എടുത്തു കഴിച്ച് 
വീണ്ടും കിടന്നുറങ്ങും.....
വൈകുന്നേരം ഞാനെത്തുമ്പോഴേയ്ക്കും  അവൾക്കിറങ്ങുവാനുളള 
സമയവുമാവും..
അവധി ദിവസങ്ങളിൽ പടിഞ്ഞാറേക്കോട്ടയിലുളള ആന്റിയുടെ വീട്ടിലേക്കെന്നും പറഞ്ഞിറങ്ങും..
സത്യം പറഞ്ഞാൽ കുറച്ചുനാൾ പഴയ ഹോസ്റ്റലിൽ റൂംമേറ്റായിരുന്നതിനപ്പുറം അനിതയും ഞാനും തമ്മിൽ വലിയ ഫ്രണ്ട്സ്ഷിപ്പൊന്നും  ഉണ്ടായിരുന്നില്ല...
എന്നിട്ടും അവളെന്നോടൊപ്പം വിടാതെ കൂടുന്നു. ..
പക്കാ നാട്ടിൻപുറത്തുകാരിയായ എനിക്ക് അനിതയുടെ ചില രീതികളുമായി അത്രക്കങ്ങു പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല.. 
അവൾ,അവളുടെ നാട്ടിലേക്ക്, മുളന്തുരുത്തിയിലേക്ക് വല്ലപ്പോഴുമേ പോകൂ...
പോയാൽ, പിറ്റേന്നുതന്നെ മടങ്ങുകയും പെയ്യും. 
പടിഞ്ഞാറേക്കോട്ടയിലുളള അവളുടെ അങ്കിൾ സക്കറിയാജി അവാർഡു സിനിമാ സംവിധായകനാണത്രേ... 
സിനിമാ ഡിസ്ക്കഷൻസൊക്കെ അവിടെവച്ചാ നടക്കാറുളളതെന്ന്..
നടന്മാരും നടികളുമൊക്കെ കയറിയിറങ്ങുന്നവീടാണുപോലും..ചിലരെപ്പറ്റിയൊക്കെയുളള  ഗോസിപ്പുകളൊക്കെ അനിത ഫോണിൽക്കൂടി ആരോടോ പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്.
"റൂം നമ്പർ 101 ലെ വിജിതയ്ക്ക് വിസിറ്ററുണ്ട്.."
വാച്ചർ വന്ന് വാതിലിൽ തട്ടും..
എന്നെക്കാണാൻ ആരു വരാനാ... ?
അനിതയെ കാണാൻ തന്നെയാണ്..നൈറ്റ് ഡ്യൂട്ടി
കഴിഞ്ഞുളള പകലുറക്കത്തിലാണെ
ങ്കിലും അവൾ 
ചാടിയെണീക്കും..
പിന്നെ, വിസിറ്റേഴ്സ് റൂമിൽ നീളുന്ന സംസാരങ്ങളാണ്.
തിരികെവന്നു പെട്ടെന്നു തയ്യാറായി വിസിറ്ററിനൊപ്പം അവളും
ഇറങ്ങുകയായി..
"ഞാനിപ്പോൾ വരാം..." പക്ഷേ.. വരാറില്ല, ചിലപ്പോൾ രണ്ടുദിവസം കഴിഞ്ഞാവും വരവ്.....
"നാട്ടീന്നു വന്നതാ...
പറഞ്ഞുവിട്ടു
കഴിഞ്ഞപ്പോൾ നേരം ഒരുപാടു വൈകി..
രാത്രിയിൽ ഹോസ്റ്റലിലേക്ക് കയറിവരേണ്ടല്ലോയെന്നു കരുതി പടിഞ്ഞാറേക്കോട്ടയിലേക്കു പോയി.." ആരോടെന്നില്ലാതെ പറയും.
ആരും ആരേപ്പറ്റിയും കൂടുതലൊന്നും അന്വേഷിക്കാറില്ലെങ്കിലും എന്റെ റൂംമേറ്റിനെ 
സംശയ ഭാവത്തോടെയാണു ചിലരൊക്കെ വീക്ഷിക്കുന്നത്. 
"എവിടുന്നു കിട്ടി...ഇങ്ങനെയൊരു കൂട്ട്..?."
104 - ലെ ഷറീഫ ചോദിച്ചു.."അതിന്റെ പോക്കത്ര ശരിയല്ലാന്നു തോന്നുന്നു..,"
ഞാനൊന്നു ചിരിച്ചു..
ഒരു വൈകുന്നേരം..
ഓഫീസും കഴിഞ്ഞ് അത്യാവശ്യ പർച്ചേസും കഴിഞ്ഞ്  ഓട്ടോയിൽ വന്നിറങ്ങുമ്പോൾ
ഹോസ്റ്റലിന്റെ ഫ്രണ്ടിൽ 
ആറാമത്തെ നിലയിൽ താമസിക്കുന്നവരുൾപ്പടെ കുറേപ്പേർ കൂടിനില്ക്കുന്നു..
 ജോലി കഴിഞ്ഞു വന്നാൽ പലരു സ്വന്തം മുറിയിൽത്തന്നെ ചടഞ്ഞുകൂടാറാണു
പതിവ്....ഇന്നെന്താ എല്ലാവരും...!
"തന്റെ ഗസ്റ്റിനെ അന്വേഷിച്ച്
ഒരാളു വന്നിരുന്നു.  കുടിച്ചു ലക്കും ലഗാനുമില്ലാതെ.; വാച്ചറിനോട് ഒച്ചവെച്ചു ബഹളമുണ്ടാക്കുന്നതു കേട്ടാ ഞങ്ങളിറങ്ങിവന്നത്..
ഏതോ സിനിമാ ഡയറക്ടറാന്നാ പറഞ്ഞത്.
ആ കുട്ടിയത്ര ശരിയല്ല കേട്ടോ..ഇങ്ങനെയുളളവരെ ഒപ്പം താമസിപ്പിക്കുന്ന
തെന്തിനാ.? ഇവിടുന്ന് പരാതി പോകും.."
"എന്നിട്ട് ആളെവിടെ..?"
"അയാളോടൊപ്പം ഒരുങ്ങിയിറങ്ങിപ്പോയി.."
നാലഞ്ചു ദിവസം പിന്നെ
അനിതയുടെ പൊടിപോലും കണ്ടില്ല..
ബുധനാഴ്ച ഉച്ചയ്ക്ക്
പെർഫ്യൂമിന്റെ കടുത്തമണം  ക്യാബിനിലേക്കു കയറിവന്നു,  അനിതയും.. ...
"എടീ. അന്നെന്നെ അന്വേഷിച്ചുവന്നത് സക്കറിയാജി ആയിരുന്നു..
അല്പം കുടിച്ചിരുന്നുവെന്നതു ശരിയാണ്...ആ പുതിയ വാച്ചറാണ് ഒന്നും രണ്ടു ചോദിച്ച് വഴക്കുണ്ടാക്കിയത്. അവിടുത്തെ പെണ്ണുങ്ങൾ വല്ലതും പറഞ്ഞോ..?
"പറഞ്ഞു..എന്നോട്..
തോന്നുമ്പോലെ കയറിവരാനും ഇറങ്ങിപ്പോകാനും, വഴിയേപോകുന്നവരെയൊക്കെ വിളിച്ചുകേറ്റാനും ഇതു വഴിയമ്പലമല്ലെന്നു പറഞ്ഞു. 
എന്നെ അന്വേഷിച്ചിവിടെ ആരും  വരാറില്ലെന്ന് അനിതയ്ക്കറിയാമല്ലോ..
പക്ഷേ, ഈ നാലഞ്ചു മാസംകൊണ്ട് എന്റെ പേരും പറഞ്ഞ്, നിന്നെ കാണാൻ  എത്രപേരാണ് വന്നിട്ടുളളത്. 
എനിക്കതു വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു..
എങ്ങനെ പറയുമെന്നുകരുതിയാ ഇതുവരെ പറയാതിരുന്നത്..
ഇന്നിപ്പോൾ തക്ക കാരണവുമായി..
താൻ മറ്റൊരു സ്ഥലം അന്വേഷിച്ചോളൂ..
അതാണു നിനക്കും എനിക്കും നല്ലത്.." ഞാൻ പറഞ്ഞൊപ്പിച്ചു..
"നിന്നോട്  അതു പറയാനും കൂടിയാണ് ഞാനിപ്പോൾ വന്നത്..
സക്കറിയാജി ഹോട്ടൽമുറിയിൽ നിന്ന് വാടകവീട്ടിലേക്കു മാറി..ഞാനും അങ്ങോട്ടു ഷിഫ്റ്റ് ചെയ്യുകയാണ്.."
ആഭരണങ്ങളൊന്നും അണിഞ്ഞു കണ്ടിട്ടില്ലാത്ത അനിതയുടെ കഴുത്തിൽ ഒരു കനം കുറഞ്ഞ സ്വർണ്ണച്ചെയിൻ..
അറ്റത്തൊരു താലിയുമായി മിന്നുന്നു..  കാതിലും ചെറിയ സ്റ്റഡ്ഡുകൾ...
"സക്കറിയാജി കെട്ടിയതാ ഈ മിന്ന്....
ഞാനിപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയാണ്..എന്റെ അച്ഛനാവാൻ പ്രായമുളളയാളാണ്..ഞങ്ങളു തമ്മിൽ നാളുകളായി പരസ്പരം അറിഞ്ഞവരാണ്.  പടിഞ്ഞാറേക്കോട്ടയിലെന്നു പറഞ്ഞു ഞാൻ
പോകുന്നത്..സക്കറിയാജിയുടെ അടുത്തേക്കാ
യിരുന്നു. ആരുമില്ലാത്ത ഒരു മനുഷ്യനു ഞാൻ കൂട്ടാകാമെന്നു കരുതി.
വീട്ടുകാരുടെ എതിർപ്പ് അതിശക്തമായിരുന്നു.
എന്നെ ഉപദേശിച്ചു നന്നാക്കാൻ ഓരോരുത്തരെയായി, അവർ
മാറിമാറി നിയോഗിച്ചു
പറഞ്ഞുവിട്ടുകൊണ്ടിരുന്നു..ഹോസ്റ്റലിലേക്കും ഹോസ്പ്പിറ്റലിലേക്കുമെല്ലാം. 
എന്റെ സാധനങ്ങൾ; ഞങ്ങൾ ഞായറാഴ്ച വണ്ടിയുമായി വന്ന് കൊണ്ടു
പൊയ്ക്കൊളളാം.".
അനിതയുടേയും സക്കറിയാജിയുടേയും വിവാഹവാർത്ത  അടുത്ത ദിവസത്തെ പത്രത്തിലുണ്ടായിരുന്നു.
"സിനിമാ  സംവിധായകൻ 
സക്കറിയ വിവാഹിതനായി 
വധു, അനിതാ ജോൺ.."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക