Image

എങ്കില്‍ (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 04 May, 2021
എങ്കില്‍   (കവിത:  വേണുനമ്പ്യാര്‍)
കേന്ദ്രം
പരിധിയിലും
പരിധി
കേന്ദ്രത്തിലുമാണെങ്കില്‍    
പരിമിതി ആരുടെ

മേഘം
കവിതയാണെങ്കില്‍
മഴ
കണ്ണീരാണെങ്കില്‍
ദാഹം ആരുടെ

 
നി താമസിക്കുന്ന തെരുവ്  
ഓര്‍മ്മയുണ്ടെങ്കിലും
വീട്ട് നമ്പര്‍
മറന്നു പോയി
നീ അരികെയുണ്ടെങ്കില്‍    
ഞാനിങ്ങനെ
ജീവസ്സറ്റ്   കിടക്കുമായിരുന്നോ    
 

രൗദ്രതയും ദൈന്യതയും
ഉപേക്ഷിക്കാനുള്ള  കല
വശമുണ്ടായിരുന്നെങ്കില്‍  
മധ്യമധ്യാനമാര്‍ഗത്തിന്റെ വലയില്‍    
ഞാന്‍  നിന്നെ കുടുക്കുമായിരുന്നു

ആകാശം ഒരു നീലക്കടലാണെങ്കില്‍  
നക്ഷത്രങ്ങള്‍  സ്വര്‍ണ്ണമത്സ്യങ്ങളാണെങ്കില്‍  
ചാളമത്തി പോലും കിട്ടാനില്ലാത്ത ഈ  ഉപ്പുകടലില്‍
ജീവിതം പാഴാക്കുമായിരുന്നോ  

കടല്‍ നീലവീഞ്ഞാണെങ്കില്‍  
അതില്‍ മുങ്ങിയും പൊങ്ങിയും  
അര്‍ദ്ധബോധത്തില്‍ ഒരു കടലാമയായി
നിന്റെ  സ്വന്തം  പച്ചത്തുരുത്തില്‍
അടിയാന്‍   കഴിഞ്ഞെങ്കില്‍
കപ്പല്‍ച്ചേതങ്ങളുടെ കദനകഥ
ആരോര്‍ക്കാന്‍  
 
എന്തിനുവേണ്ടിയെങ്കിലും
എങ്ങനെയെങ്കിലും
നിനക്ക് നീയായും
എനിക്ക് ഞാനായും
വാശിയോടെ തുടരണമെന്നാണോ

എങ്കില്‍
കറുത്ത ശാഖയിലെ  
ഒരു കയര്‍ക്കുരുക്കില്‍
നമുക്ക് പടലപ്പിണക്കം കാത്തു സൂക്ഷിച്ചാലോ    

ഈ കവിത

നിരുപാധികമായ ജീവിതത്തിലെ
ഒരു അമിതവ്യയമാകാതിരുന്നെങ്കില്‍  
 
അവ്യയത്തിന്റെ
ഒരു ദുര്‍വ്യയമാകാതിരുന്നെങ്കില്‍!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക