-->

kazhchapadu

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

Published

on

സൂര്യാ... നിന്റെ കഥകളെല്ലാം വിഷാദത്തിലാണല്ലോ ആരംഭിക്കുക ..ഓരോ കഥാപാത്രങ്ങളെയും വിഷാദത്തിൽ ചിത്രീകരിച്ചു വായനക്കാരുടെ  മനസ്സിന്റെ ആഴങ്ങളിലേക്ക് കഥാപാത്രങ്ങളെ  എത്തിക്കാനുള്ള നിന്റെ കഴിവ് .. ഓരോ വായനക്കാരെയും ആ കഥാപാത്രം താനാണെന്ന് തോന്നിപ്പിക്കും വിധത്തിൽ ഉള്ള നിന്റെ എഴുത്ത് .. അതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല .. നിന്റെ ഓരോ പുതിയ സൃഷ്ടിക്കും കാത്തിരിക്കുമ്പോഴും ..പഴയകഥാപാത്രങ്ങൾ ഉള്ളിൽ അതുപോലെ ഉണർന്നിരിക്കുന്നുണ്ടാകും ..നിനക്ക് ബോറടിക്കുന്നുണ്ടോ .. എന്റെ ഈ എഴുത്ത്.. നീ എന്നുള്ള എന്റെ അഭിസംബോധന നിന്നെ അലോസരപ്പെടുത്തുന്നുണ്ടോ .. ഉണ്ടാകും അല്ലെ .. ഒരിക്കലും കാണുകയോ സംസാരിക്കുകയോ എന്തിനു ഫേസ്ബുക് സൗഹൃദം പോലും ഇല്ലാത്ത ഒരു വ്യക്തി .. നമ്മുടെ പഴയ തപാലിനെ കൂട്ടുപിടിച്ചു നിന്റെ അഡ്രസിലേക്കു കത്തയക്കുമ്പോൾ  .. അലോസരമാകാം .. എങ്കിലും ഞാനിതു തുടരും നിന്റെ ഓരോ അക്ഷരങ്ങളുടെ പുനർജനനത്തിനു കാത്തിരിക്കുന്ന കാലത്തോളം . 
 
എന്ന് , 
 
നിന്റെ  ഒരു ആരാധനാ പാത്രം..
 
കത്ത് വായിച്ചു മടക്കുമ്പോൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ഒതുക്കി വെറുതെ ഒന്ന് കണ്ണടച്ച് കട്ടിലിലേക്ക്ചായുമ്പോൾ ആ എഴുത്തിന്റെ ഉടമസ്ഥനെ ഒന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .. കത്തുകൾ അധികം വരാത്ത ഇക്കാലത്ത് ആ കത്ത് വായിക്കാൻ ഒരു പ്രേത്യേക ഇഷ്ടം തോന്നിയിരുന്നു .. അയക്കുന്ന ആളിനും അത്അറിയുമായിരിക്കാം.. ഇക്കാലത്തെ സൈക്കോളജി മനസിലാക്കിയ വ്യക്തി ആകും .. പക്ഷെ ഇതുവരെ അത്ആരെന്നു അറിയാനുള്ള താല്പര്യം മനസ്സിൽ  ഉടലെടുത്തിട്ടില്ല .. ആരോടും ഇതിനെ കുറിച്ച് സംസാരിച്ചിട്ടും ഇല്ല .. തന്റെ പുതിയ ഓരോ എഴുത്തും പോസ്റ്റ് ചെയ്തു ഒരാഴ്ചക്കുള്ളിൽ ആ സൃഷ്ടിയെ  കുറിച്ച് തപാലിൽ വരുന്ന കമന്റുകൾ അത്രേ തോന്നിയിട്ടുള്ളൂ .. തന്നെ follow  ചെയുന്ന അനേകരിൽ ഒരാൾ ആകും .. എന്തെങ്കിലും കാരണം കൊണ്ട്  സോഷ്യൽ മീഡിയയിൽ അറിയപ്പെടാൻ ആഗ്രഹിക്കാത്ത വ്യക്തിത്വം .. അല്ലെങ്കിൽ ആയിരകണക്കിന് കമന്റുകൾ വരുന്നിടത്ത് തന്റെ കമന്റ് ശ്രദ്ധിക്കപെടാതിരുന്നാലോ എന്ന് ചിന്തിക്കുന്ന ഒരുബുദ്ധിശാലി ... അങ്ങനെ ചിന്തിക്കാനാണ് തനിക്കും ഇഷ്ടം .. 
കണ്ണടച്ച് എത്ര നേരം ഇരുന്നുവെന്നോർമ്മയില്ല.. പുറത്തെങ്ങോ ഒരു മഴയുടെ ആരവവും അതിനകമ്പടിയായുള്ള ഇടിമുഴക്കവും ആണ് ചിന്തയിൽനിന്നുണർത്തിയത് .. തന്റെ മനസിന്റെ പ്രതിഫലനം പോലെയാണല്ലോ പ്രകൃതിയും എന്നോർത്തു ബെഡിൽനിന്നും എഴുന്നേറ്റു ജനാലവഴി പുറത്തേക്കു നോക്കി .. നല്ല കാറ്റു വീശുന്നുണ്ട് ഒപ്പം കൊള്ളിയാനും .. എങ്കിലും പുറത്തേക്കു നോക്കി നില്ക്കാൻ  ഒരു രസം തോന്നി .. അതാണല്ലോ മനുഷ്യരുടെ സ്വഭാവവും..  തന്നിൽ കാറ്റും മഴയും ഇടിയും കൊള്ളിയാനുമൊക്കെ  മനസ്സിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുമ്പോൾ   തന്നിലുണ്ടാവുന്ന ഭാവഭേദങ്ങളിൽ രസം കണ്ടെത്തുന്നവരല്ലേ ചുറ്റിനും. അവസാനം അനേകം കൊള്ളിയാനുകൾ  തന്റെ തലയിൽ ഒന്നിച്ചു ജ്വലിച്ചു ഒരു അഗ്നിഗോളമായി  ഉരുകി താൻ  ശാന്തയാകുമ്പോൾ  ആരും അടുത്തുണ്ടാകില്ല ..പിന്നെ അവർ പിരിഞ്ഞു പോകും. മറ്റൊരു രസം തേടി...
 
എഴുത്തിനെ കൂട്ട് പിടിച്ചു ബാക്കിയെല്ലാം മറക്കുമ്പോൾ .. അല്ല തന്റെ ഓർമ്മകളെല്ലാം  ഓരോ അക്ഷരങ്ങളായിപുനർജനിക്കുമ്പോൾ താൻ തന്റെ വിഷാദങ്ങൾ മറക്കുകയാണ് ..
 
അന്ന് മനോഹരമായ തീവ്ര നഷ്ട പ്രണയത്തിന്റെ കഥ എഴുതി പോസ്റ്റ് ചെയുമ്പോൾ എന്തുകൊണ്ടോ അവളുടെ മനസ്സിൽ രണ്ടു ദിവസം കഴിയുമ്പോൾ ആ  കഥയെ കുറിച്ച് തപാലിൽ വരുന്ന കത്തിന് വേണ്ടിയുള്ള ചെറിയ ഒരു പ്രതീക്ഷ , കാത്തിരിപ്പ് ഉടലെടുത്തിരുന്നു  .. അതിനെ കുറിച്ച് ചിന്തിച്ചു മയക്കത്തിലേക്ക് വീണതറിഞ്ഞില്ല..അതുകഴിഞ്ഞുള്ള ദിവസങ്ങൾക്ക് ആദ്യമായി ഏറെ ദൈർഘ്യം തോന്നിച്ചു .. കാത്തിരുന്നത് പോലെ എഴുത്ത്കിട്ടിയപ്പോൾ ഒരു ആഹ്ലാദം ഉള്ളിൽ നിറഞ്ഞിരുന്നു .. 
 
 
സൂര്യാ ..
 
പ്രണയത്തിന്റെ തീവ്രത എത്ര മനോഹരമാണ് അല്ലേ .. പ്രണയിക്കാൻ തോന്നിപ്പിക്കുന്ന നിന്റെ കഥയിൽ ഒരുനിമിഷം എനിക്കൊരു പ്രണയിനി ഇല്ലാത്തതിന്റെ തീവ്ര ദുഃഖമാണ്  അനുഭവപ്പെട്ടത് .. നഷ്ടപെടാനാണെങ്കിലും ഒരു പ്രണയിനി ഉണ്ടാവുന്നത് നല്ലതെന്നു തോന്നിപ്പിക്കുന്ന നിന്റെ കഥ .. അത് ഓരോ വായനക്കാരിലും അങ്ങനെ ആയിരിക്കും തോന്നിപ്പിച്ചിട്ടുണ്ടാകുക .. ഇനിയും നിന്റെ തൂലികയിൽ നിന്നും അനേകായിരം കഥാപാത്രങ്ങൾ ജനിക്കട്ടെ .. അതിൽ വിരിയുന്ന എല്ലാ പ്രണയ കാവ്യങ്ങളും ഓരോ പ്രണയിതാക്കൾക്കും പ്രചോദനം ആകട്ടെ..പുതിയ വായനക്കുള്ള  എന്റെ കാത്തിരിപ്പ് തുടർന്നു കൊണ്ട് 
 
സസ്നേഹം,
 
ഞാൻ .. 
 
ഒരിയ്ക്കൽ പോലും തന്റെ സുഖ വിവരം അന്വേഷിക്കാതെ ആരെന്നു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ കത്തിന്റെ ഉടമസ്ഥനോട് ഒരിക്കലും തോന്നാത്ത ഒരു അടുപ്പം ആദ്യമായി നിറഞ്ഞു .. പെട്ടെന്നു ലാപ്ടോപ്പ് എടുത്ത്ഒരു  കവിത എഴുതി തന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ അവൾക്ക് ഉറപ്പുണ്ടായിരുന്നു അത് അയാൾക്ക്‌ മനസിലാകും എന്ന് .. 
 
ആരാണ് നീ ..
അക്ഷരങ്ങളിൽ
മറഞ്ഞിരിക്കുന്ന 
അക്ഷര സ്നേഹീ ...
എന്നെ അറിയുന്ന 
ഞാൻ അറിയാത്ത 
നീ .. ആരാണ് .
 
രണ്ടു ദിനം കഴിഞ്ഞുള്ള letters ൽ ആദ്യം തിരഞ്ഞത് ആ കൈപ്പട ആയിരുന്നു ..
 
സൂര്യാ .. 
 
ആദ്യം തന്നെ നിനക്കൊരു നന്ദി .. എന്റെ എഴുത്തുകൾക്ക് ആദ്യമായി ഒരു മറുപടി കിട്ടിയിരിക്കുന്നു ... അതും മനോഹരമായ കവിത രൂപത്തിൽ .. പക്ഷെ സൂര്യാ .. നിന്നെ ഞാൻ നിരാശപെടുത്തുകയാണ് .. ഞാൻ ആരെന്നു നീ അറിയണ്ട ....നിന്നെ എനിക്കറിയുന്നതു നിന്റെ അക്ഷരങ്ങളിലൂടെ മാത്രം ....അതുപൊലെ നീയും എന്റെ ഈഅക്ഷരങ്ങളിൽ എന്നെ ഓർത്തോളൂ .. 
 
നല്ലൊരു ദിനം ആശംസിച്ചുകൊണ്ട് 
 
സസ്നേഹം 
 
നിന്റെ അക്ഷര സ്‌നേഹി . 
 
എഴുത്തു വായിച്ചപ്പോൾ നിരാശ തോന്നിയെങ്കിലും അയാൾ ആരെന്നു ഉടനെ വെളിപ്പെടുത്തില്ല എന്ന്  ചിന്തിച്ചിരുന്നത് ഒന്നു കൂടി  ഉറപ്പിച്ചു .. എന്നാലും ചെറുതെങ്കിലും തോന്നിച്ച നിരാശ കടുത്ത തലവേദന തോന്നിപ്പിച്ചു .. വീണ്ടും തന്റെ ശത്രു തന്നെ അക്രമിക്കുമോ എന്നുള്ള ഭയത്തിൽ പെട്ടെന്നു തന്നെ സ്ഥിരമായി കഴിക്കാറുള്ള  'fits  'ന്റെ മരുന്ന് എടുത്തു കഴിച്ചു .. കുട്ടിക്കാലം മുതൽ തന്റെ കൂടെ ഉള്ള സഹയാത്രിക .. fits . എപിലെപ്സി എന്നും കൺവൽഷൻസ് എന്നും വൈദ്യ ഭാഷയിൽ പറയുന്ന  ചുഴലി , അല്ലെങ്കിൽ അപസ്മാരം എന്നറിയപ്പെടുന്ന രോഗം ..ഓർത്തപ്പോൾ ചിരിക്കാനാണ് തോന്നിയത് .. തന്റെ അസുഖം കൊണ്ടുള്ള ബോധക്കേടിൽ സഹതപിക്കുന്ന കുറെ മനുഷ്യരിൽ നിന്ന് ഒളിച്ചോടാൻ അക്ഷരങ്ങളെ കൂട്ട് പിടിച്ച,  തന്നെ സ്നേഹിക്കുന്ന ഒരാൾ.. തന്നെ അറിയാത്ത അയാളെ താനും അറിയാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്കും  തോന്നി .. എങ്കിലും അവൾക്കു കിട്ടിയ എഴുത്തിനു മറുപടി പോലെ അവൾ കുറിച്ചു ..
 
അക്ഷരങ്ങളെ സ്നേഹിക്കുന്ന 
അജ്ഞാതനാം നിന്നെ  
ആരെന്നു അറിയുവാൻ 
വെറുമൊരു മോഹമെങ്കിലും 
അറിയണ്ട എനിക്കത് 
നിനക്കത്  പറയുവാൻ 
കഴിയാത്ത കാലത്തോളം ..  
 
പതിവുപോലെ തപാലിൽ എഴുത്ത് പ്രതീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച ദിനത്തിൽ ആ കൈപ്പട അവളെ തേടിയെത്തിയില്ല .. അടുത്ത രണ്ടു മൂന്നു ദിവസങ്ങൾക്കൂടി പ്രതീക്ഷിച്ചുവെങ്കിലും കടുത്ത നിരാശ ആയിരുന്നു ഫലം .. ഒന്നും എഴുതുവാനോ വായിക്കുവാനോ തോന്നാതെ പോസ്റ്മാനെ നോക്കിയിരിക്കുമ്പോൾ അവൾക്ക് മനസ്സിലായിരുന്നു താനും അയാളെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു .. ആയിരകണക്കിന് പ്രോത്സാഹനങ്ങൾ കമന്റ് ബോക്സിൽ കിട്ടിയാലും അയാളുടെ രണ്ടുവരി എഴുത്താണ് തന്റെ കഥകളുടെ പ്രചോദനം എന്ന്തിരിച്ചറിഞ്ഞു ..തനിക്ക് അയാൾ ആരെന്നറിയണ്ട എന്നെഴുതിയത് കൊണ്ടാവുമോ കത്തെഴുതാതിരിക്കുന്നത്എന്ന തോന്നലിൽ അവൾക്ക് കടുത്ത സങ്കടം തോന്നി 
 
അന്നത്തെ പോസ്റ്റിൽ കുറിച്ചു 
 
നിന്റെ 
അഭിനന്ദനങ്ങളിൽ പിറന്നിരുന്ന
എന്റെ അക്ഷരങ്ങൾ 
എന്നിൽ നിന്നും അകന്നപോലെ 
എന്റെ തൂലിക 
എന്നെ ഉപേക്ഷിക്കുമോ 
എന്ന ഭയത്തിൽ 
എഴുതുവാനാകാതെ ഞാൻ ..
എവിടെയാണ് നീ ... 
കാത്തിരിക്കുകയാണ് 
ഓരോ ദിനവും 
എന്നെ തേടിയെത്തും 
നിൻ അക്ഷരങ്ങൾക്കായ് ...
 
അധിക ദിനങ്ങൾ കാത്തിരിക്കാതെ തന്നെ  മറുപടി ആ കൈപ്പടയിൽ എത്തിയപ്പോൾ അടക്കാനാവാത്ത സന്തോഷത്തിൽ ഓടി മുറിയിലെത്തി കട്ടിലിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു .. കത്ത് പൊട്ടിക്കുമ്പോൾഅവളുടെ കൈ വിറച്ചിരുന്നു ..
 
സൂര്യാ ...
 
കുറച്ചു തിരക്കിൽ ആയിരുന്നു .. ഇപ്പോഴും തിരക്കിൽ തന്നെ . എങ്കിലും നിന്റെ അക്ഷരങ്ങളിലെ നിരാശ എന്നെ സങ്കടപ്പെടുത്തി .. എന്റെ അക്ഷരങ്ങൾ അല്ല  നിനക്ക് പ്രചോദനം ആകേണ്ടത് .. ആയിരകണക്കിന് ആരാധകർ നിന്റെ ഓരോ സൃഷ്ടിക്കും വേണ്ടി കാത്തിരിക്കുന്നുണ്ട് .. നിനക്ക് വരുന്ന കമന്റിൽ അവർ നിന്നെയും നിന്റെ അക്ഷരങ്ങളെയും  എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസിലാകും ..ആയിരങ്ങളിൽ ഒരാൾക്ക് കിട്ടുന്ന നിന്റെ അസാധ്യമായ കഴിവിൽ നീ വിശ്വസിക്കൂ .. എന്റെ എഴുത്ത് നിന്നെ തേടിയെത്തിയില്ലെങ്കിലും നിന്റെ അക്ഷരങ്ങൾ ഞാൻ കാണുന്നുണ്ട് .. അറിയുന്നുണ്ട് .. സമയം കിട്ടുമ്പോൾ തീർച്ചയായും നിനക്ക് ഞാൻ എഴുതും .. ഇനിയും നിന്റെ തൂലിക ചലിപ്പിക്കുക .. കാത്തിരിക്കുന്നു ഈ ഞാനും 
സ്നേഹത്തോടെ ..
 
അത് വായിച്ചു എഴുത്ത് മാറോട് ചേർത്തു കുറെ നേരം കണ്ണടച്ച് കിടന്നു .. ശരിയാണ് കമന്റ് ബോക്സിൽ വരുന്ന ആയിരകണക്കിന് കമന്റുകൾ . തന്റെ ഒരു മറുപടി കമന്റ് കണ്ടാൽ അത്യധികം ആഹ്ലാദിക്കുന്നവർ .. എന്നിട്ടും തനിക്കെന്തേ ഈ എഴുത്തിനോട് മാത്രം ഇത്രയും പ്രിയം .. 
 
ദിനങ്ങൾ കടന്നുപോയി .. ഇടയ്ക്കിടെ വരുന്ന ആ കത്തുകളെ ഏറെ സ്നേഹിച്ചു  പുതിയ അക്ഷരങ്ങൾ പിറക്കുമ്പോൾ അറിയാതെ അയാൾ ആരെന്നു അറിയാനുള്ള ആഗ്രഹം മനസ്സിൽ നിറഞ്ഞു കൊണ്ടേ ഇരുന്നു .. പല കവിതകളിലും ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് പോസ്റ്റ് ചെയ്തുവെങ്കിലും ഒഴിഞ്ഞുമാറിയുള്ള മറുപടികൾ ആയിരുന്നു തേടിയെത്തിയത് .. എങ്കിലും ആശ്വാസമായിരുന്നു ആ എഴുത്തുകൾ .. ആ കത്തുകൾ തേടിയെത്തിയനാൾ മുതൽ തന്റെ ശത്രുവായ തന്റെ സഹയാത്രിക തന്നെ ഉപേക്ഷിച്ചപോലെ അവൾക്ക് തോന്നി തുടങ്ങിയിരുന്നു.. ചിലപ്പോൾ മരുന്നുകൾ കഴിക്കുവാൻ മറന്നാൽ  കൂടി രോഗത്തിന്റെ ആക്രമണം ഉണ്ടായിട്ടില്ല എന്നോർത്തത്ആശ്വാസത്തോടെ ആയിരുന്നു . 
 
അന്നവൾ എഴുതി ..
 
എന്നിലെ അക്ഷരങ്ങളെ 
പ്രണയിച്ച നിന്നെ 
ഞാനും പ്രണയിച്ചു 
തുടങ്ങിയിരിക്കുന്നു ..
എത്ര നീ മറഞ്ഞിരിക്കുന്നുവെങ്കിലും 
എന്റെ മനസ്സിൻ  ആഴത്തിൽ 
നിറഞ്ഞിരിക്കുന്നു നീ 
എവിടെ ഒളിച്ചിരിക്കുന്നുവെങ്കിലും
ഒരിക്കലെങ്കിലും നീയെൻ സ്വന്തമായിടും
എന്ന് ഞാൻ വ്യാമോഹിക്കുന്നു .. 
എന്റെ ദിനങ്ങളിൽ വിഷാദമകറ്റിയ 
മാന്ത്രികനെ എവിടെയാണ് നീ ..
 
മറുപടി എങ്ങനെ ആകുമെന്ന് ഓർത്ത് ആശങ്കപ്പെട്ടുവെങ്കിലും അവൾക്കു സന്തോഷം തോന്നി തന്റെ മനസ്‌ അറിയട്ടെ അയാൾ ..എന്നത്തേയും പോലെ അയാളുടെ എല്ലാ കത്തുകളും  ആവർത്തിച്ചു വായിച്ചു മറ്റൊരു    കാത്തിരിപ്പിന്റെ പുലർച്ചക്ക് വേണ്ടി ഉറങ്ങുവാൻ കിടന്നു.. ഒരാഴ്ചയിൽ മറുപടി പ്രതീക്ഷിച്ചുവെങ്കിലും എത്തിയില്ല.. തിരക്കിലാകും എന്ന് കരുതി സമാധാനിച്ചുവെങ്കിലും എന്നും postbox നോക്കുമ്പോൾ ആ കൈപ്പടക്കാകും ആദ്യംതിരയുക ..കാത്തിരിപ്പിന്റെ രണ്ടാഴ്ചക്കുശേഷം പരിചയമില്ലാത്ത ഒരു കൈപ്പട ആണ്‌ അന്ന് അവളെതേടിയെത്തിയത് .. ആകാംഷയോടെ തുറന്നു 
 
സൂര്യാ ... 
 
എന്നെ ഏൽപ്പിച്ച ഒരു ജോലി പൂർത്തിയാക്കാൻ വേണ്ടിയാണ് ഈ എഴുത്ത് .. നിന്റെ ഓരോ പോസ്റ്റും വായിക്കുന്നത് ഞാനും അവനും ഒന്നിച്ചാണ് .. അവൻ കിരൺ ..നിനക്ക് സ്ഥിരമായി എഴുതാറുള്ളവൻ ..കിരൺ നിനക്കെഴുതുന്ന ഓരോ കത്തും ഞാനാണ് പോസ്റ്റ് ചെയ്തു കൊണ്ടിരുന്നത് .. ഓരോ എഴുത്തും പോസ്റ്റ്ചെയ്യുമ്പോഴും അവൻ നിനക്ക് ഞാൻ എഴുതേണ്ട ഈ എഴുത്തിനെ കുറിച്ചും ഓർമ്മിപ്പിക്കാറുണ്ട് .. അതിനാൽ മറക്കാതെ എഴുതുന്നു .. അവൻ പോയി .. ഇനിയും വരുവാൻ കഴിയാതെ വേറൊരു ലോകത്തേക്ക് യാത്രയാകുമ്പോൾ ഒന്നു മാത്രം നിന്നെ അറിയിക്കുവാൻ പറഞ്ഞു .. നിന്റെ അക്ഷരങ്ങൾ അവന്റെ വേദനയിൽ അവന് ഒത്തിരി ആശ്വാസം പകർന്നപ്പോൾ നിന്റെ സ്നേഹം അവനു കുളിർമഴയായിരുന്നു .. മാരകമായ ക്യാൻസർന്റെ പിടിയിൽ നിന്നും രക്ഷനേടാനായി കീമോ എടുക്കുമ്പോൾ അതിന്റെ ബുദ്ധിമുട്ട് മറക്കാനായി നിന്റെ കവിത വായിച്ചു അവൻ ചിരിച്ചിരുന്നു .. പ്രതീക്ഷ നഷ്ടപ്പെടാതെ നിന്നെ എന്നെങ്കിലും ആരോഗ്യത്തോടെ വന്നു കാണുമെന്നു വെറുതെ പറയുമായിരുന്നു .. അവസാനം സഹിക്കുവാൻ കഴിയാത്ത വേദനയെ വേദനാസംഹാരികളുടെ സഹായത്തോടെ തള്ളി നീക്കുമ്പോൾ അവൻ പറയും .അവൻ  പോയി  കഴിഞ്ഞു മാത്രം നിന്നോട് പറയണം .. എന്തുകൊണ്ടാണ് അവൻ ഇത്രയും നാൾ മറഞ്ഞിരുന്നത്‌ എന്ന് . ആ ജോലി എന്നെഏൽപ്പിച്ചു അവൻ വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി ..
 
എന്ന് നിങ്ങളെ രണ്ടുപേരെയും അറിയുന്ന സുഹൃത്ത് .. 
 
ശരത് 
 
സൂര്യാ എന്റെ ഫോൺ no ഇതിലുണ്ട് .. ആവശ്യമെങ്കിൽ നിനക്ക് വിളിക്കാം .
 
കത്ത് വായിച്ചു തീർന്നതും ഒരായിരം കൊള്ളിയാൻ അവളുടെ തലയിൽ ഒന്നിച്ചു മിന്നി .. കാറ്റിലും കോളിലും ആടി ഉലഞ്ഞപോലെ എവിടെയും പിടിക്കാൻ കഴിയാതെ .. സഹായത്തിന് ആരും ഇല്ലാത്തപോലെ തോന്നിയ അവൾ തറയിലേക്ക് മറിഞ്ഞു ....അവൾ എന്നും ശത്രുവായി കണ്ട സഹയാത്രിക അന്ന് അവളെ ആശ്വസിപ്പിക്കാനെന്ന പോലെ ആഞ്ഞു പുൽകി .. വായിൽ നിന്നും നുരയും പതയും  വരുമ്പോഴും കാലുകൾ നിലത്തടിച്ചു നിശ്ചലം ആകുമ്പോഴും ആ കത്ത് ‌ അവൾ മുറുകെ പിടിച്ചിരുന്നു ..പിറ്റേന്ന് അവളുടെ ഫേസ്ബുക്പേജ് നിറയെ ആയിരകണക്കിന് ആരാധകരുടെ സ്നേഹവും സങ്കടങ്ങളും ആദരവും നിറഞ്ഞപ്പോഴും അവൾ ഒന്നുമറിയാതെ അവളെ തേടിയെത്തിയിരുന്ന  ഒരേഒരു കത്തിന്റെ ഉടമസ്ഥനെ തേടി യാത്രയായിരുന്നു ..
-----
ഷീബ . 
ഇപ്പോൾ ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസ്‌ൽ കൗറ (Cowra) എന്ന സ്ഥലത്ത് നേഴ്സ് ആയി ജോലിചെയ്യുന്നു ഓസ്ട്രേലിയയിൽ  എത്തിയിട്ട് 5 വർഷം ..ഭർത്താവ് ഷാജി .. മക്കൾ രണ്ടുപേർ  Razal .Raziq..എല്ലാവരും ഇവിടെ ഓസ്ട്രേലിയയിൽ . ഇതിനു മുൻപ് സൗദി ദമ്മാ ൽ 17 വർഷം ഉണ്ടായിരുന്നു ..
 
നാട്ടിൽ പത്തനംതിട്ട .. പിതാവ് മാഷ് ആയിരുന്നു. റിട്ടയേർഡ് ആയി .. മാതാവ് നേഴ്സ് റിട്ടയേർഡ് ..നാലു മക്കളിൽ ഏറ്റവും ഇളയവൾ ..
 
ഫേസ്ബുക്കിൽ ആണ്‌ എഴുതി തുടങ്ങിയത് .. ചില കൂട്ടായ്മകളിൽ എഴുതി ചെറിയ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട് .. സുഹൃത്തുക്കളുടെ പ്രോത്സാഹനം ഇവിടെ വരെ എത്തിച്ചു .. 
 
ഒരു സുഹൃത്താണ് ഈ മത്സരത്തെ കുറിച്ച് പറയുന്നതും ലിങ്ക് തരുന്നതും .. ഇത്രയും വലിയ കൂട്ടായ്മയിൽ മത്സരിക്കാൻ മാത്രം ഉള്ള എഴുത്തുകാരി ആണൊ എന്ന് ഇവിടത്തെ ജൂറി അംഗങ്ങൾ ആണ്‌ തീരുമാനിക്കേണ്ടത് 
 

Facebook Comments

Comments

 1. Reshma

  2021-05-09 08:46:22

  Really wonderful.no words to appreciate..goodwork dear

 2. Shima

  2021-05-08 06:46:33

  Super

 3. Saleena

  2021-05-06 12:17:02

  Touching Superb ❤❤❤❤

 4. Shelmy

  2021-05-06 07:37:07

  Nalla story

 5. Shany

  2021-05-06 06:31:41

  Good story chechi...

 6. AFSAL Sali

  2021-05-06 05:42:48

  Really touching .. expecting more stories like this from you

 7. Rajeev rajan

  2021-05-06 05:04:03

  വളരെ നന്നായി.അഭിനന്ദനങ്ങൾ

 8. Jaysree

  2021-05-06 03:59:24

  കഥ വളരെ നന്നായി.. ചില ബന്ധങ്ങൾ ബന്ധിച്ചു വക്കാവുന്നതിനും അപ്പുറത്താണ് എന്ന സത്യം

 9. സുധീർ വേലൂർ

  2021-05-06 03:39:03

  നല്ല കഥ... നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 👌👌👌

 10. Jerin John

  2021-05-06 02:22:25

  നല്ല കഥ.. മനോഹരം !! Well done Sheeba chechi..

 11. Shyju

  2021-05-06 00:57:49

  Super sheeba chechiii

 12. Manu Cheriyan Abraham

  2021-05-06 00:29:01

  നല്ല story

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

View More