Image

വരുവിൻ, കാണുവിൻ, ധൃതംഗപുളകിതരാകുവിൻ (നർമ്മകഥ: നൈന മണ്ണഞ്ചേരി)

Published on 06 May, 2021
വരുവിൻ, കാണുവിൻ, ധൃതംഗപുളകിതരാകുവിൻ (നർമ്മകഥ: നൈന മണ്ണഞ്ചേരി)
രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കേട്ട ആകർഷകമായ അനൗൺസ്മെന്റ് ശ്രദ്ധിക്കാതിരിക്കാനായില്ല.നഗരത്തിൽ പുതുതായി തുടങ്ങിയ ഏതോ എക്സ്ബിഷന്റെ പരസ്യമാണ്.എക്സ്ബിഷൻ തുടങ്ങുന്നതിനും തുടരുന്നതിനുമൊന്നും ഒരു വിരോധവുമില്ല.പക്ഷേ അതിനിടയിൽ കേട്ട ഒരു വാക്ക് തീരെ മനസ്സിലായില്ല.’’മഹാത്ഭുതം..മഹാത്ഭുതം..നഗരത്തിൽ പ്രദർശനമാരംഭിച്ചിരിക്കുന്നു.വരുവിൻ,കാണുവിൻ,ധൃതംഗപുളകിതരാകുവിൻ..’’ ആദ്യം പറഞ്ഞതൊക്കെ പിടി കിട്ടിയെങ്കിലും ആ ധൃതംഗ പുളകിതൻ അത്രയ്ക്കങ്ങോട്ട് പിടി കിട്ടിയില്ല.ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കാമെന്ന് വെച്ചാൽ പറയാൻ പെട്ടെന്ന് ഓർമ്മ കിട്ടുന്ന വാക്കുമല്ല.ഇനി എങ്ങനെയെങ്കിലും ഒപ്പിച്ചു ചോദിച്ച് മനസ്സിലാക്കാമെന്ന് വെച്ചാൽ ഇവനാര് ധൃതംഗപുളകിതന്റെ അർത്ഥം പോലും ഇതുവരെ അറിയില്ലേ എന്നാരെങ്കിലും വിചാരിച്ചാലോ..പോയവഴി പലരും പല സ്ഥലത്തും കൂടി നിൽക്കുന്നത് കണ്ടപ്പോൾ ഒരു സംശയം,ഇനി എല്ലാവരും ആ വാക്കിന്റെ അർത്ഥവും തിരക്കി നടക്കുകയാണോ?

അനൗൺസുമെന്റുകളുടെ കാര്യംപറയാൻ പോയാൽ പിന്നെ അതിനേ നേരം കാണൂ.കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു സാംസ്കാരിക സമ്മേളനത്തിന്റെ കാര്യം ഓർക്കാതിരിക്കാനാവില്ല.അഞ്ച് മണിക്ക് സാംസ്ക്കാരിക സമ്മേളനം തുടങ്ങുമെന്ന് പറഞ്ഞിരുന്നതിനാൽ നാലു മണി കഴിഞ്ഞപ്പോൾ തന്നെ എത്തി.ക്ഷണിക്കാൻ വന്നപ്പോൾ തന്നെ സംഘാടകർ പറഞ്ഞിരുന്നു സാറേ,കൃത്യം അഞ്ചിന് തന്നെ സമ്മേളനം തുടങ്ങും,മന്ത്രി നേരത്തെ തന്നെ എത്തും.സാറും നേരത്തെ തന്നെ എത്തണം..’’ താനായിട്ട് വൈകണ്ട എന്ന് വിചാരിച്ച് നേരത്തെ എത്തിയതാണ്.സംഘാടകരെ ആരെയും കണ്ടില്ല.മൈക്ക് സെറ്റുകാരൻ സാധനങ്ങൾ   ചുമന്ന് എത്തുന്നതേയുള്ളു.

ഇവിടെതന്നെയാണോ പരിപാടി എന്ന് ചോദിക്കാൻ തുടങ്ങൂമ്പോഴേയ്ക്ക് ഒരു ഭാരവാഹി ഓടിയെത്തി.’’അയ്യോ,മാഷ് നേരത്തെ എത്തിയോ?’’ അയാൾ ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തപ്പോൾ ഓർത്തു.നേരത്തെ എത്തിയാൽ അതും കുറ്റമോ?’’മന്ത്രി എത്താൻ അൽപം വൈകും എന്നറിയിച്ചിട്ടുണ്ട്.ഉൽഘാടകൻ അദ്ദേഹമായത് കൊണ്ട് എത്താതെ തുടങ്ങാനും പറ്റില്ല,ഏതായാലും മാഷ് അകത്തു കയറി ഇരിക്ക്..’’  വന്ന് പോയില്ലേ ഇനി ഇരിക്കാതിരിക്കാൻ കഴിയുമോ?എതായാലും വന്നപ്പോൾ തന്നെ സംഘാടകർ എന്നെയൊന്നിരുത്തി.

ഒന്നിനു പുറകെ ഒന്നായി അതിഥികൾ വന്നു കൊണ്ടിരുന്നു.കൂടെ സദസ്യരും. ഇതിനിടയിൽ അനൗൺസ്മെന്റും കേൾക്കാം.’’ദയവായി എല്ലാവരും അക്ഷമരായി ഇരിക്കുക,മന്ത്രി ഉടനെ എത്തും’’ ബഹുമാനപ്പെട്ട അനൗൺസർ എന്താണ് തട്ടി വിടുന്നതെന്ന് അപ്പോഴാണ് ശ്രദ്ധിച്ചത്.ഇത്രയും നാളില്ലാതിരുന്ന ക്ഷമയോടെ മന്ത്രിയെ കാത്തിരിക്കുന്ന ജനങ്ങളോടാണ് അദ്ദേഹം പറയുന്നത്,അക്ഷമരാകാൻ!അതെങ്ങാനും അനുസരിച്ച് വന്നവരെല്ലാം കൂടി അക്ഷമരാകാൻ തുടങ്ങിയാൽ പിന്നെ എന്താകും അവസ്ഥ?അല്ലെങ്കിലും ചിലരങ്ങനെയാണ്,വാക്കുകൾ പറയുമ്പോൾ കട്ടിയും ഗൗരവവും കൂട്ടാൻ ആവശ്യമില്ലാതെ എന്തെങ്കിലുമൊക്കെ കയറ്റി വിടും..ചിലപ്പോൾ ഉ ദ്ദേശിക്കുന്ന അർഥം തന്നെ മാറിപ്പോയെന്നും വരാം.

തിരികെ വരുമ്പോൾ പുസ്തക ശാലയിൽ കയറി.കുറെ നാളായി വിചാരിക്കുന്നതാണ്,ഒരു മലയാളം..മലയാളം നിഘണ്ടു വാങ്ങിക്കണമെന്ന്.  ധൃതംഗപുളകിതന്റെ ആഗമനത്തോടെ വാങ്ങിക്കാൻ വയ്യാത്ത സ്ഥിതിയായി.നാട്ടിലെ സാംസ്കാരിക നായകനായ സാറിന് ധൃതംഗപുളകിതന്റെ അർഥം അറിയില്ലെന്നെങ്ങാനും ആരെങ്കിലുമറിഞ്ഞാൽ എന്താകും കഥ?പുസ്തകങ്ങൾ നോക്കി നിൽക്കാൻ സമയമില്ലാത്തതു കൊണ്ട് ഒരു ഓട്ട പ്രദക്ഷിണം നടത്തിയതേയുള്ളൂ.അല്ലെങ്കിൽ തന്നെ പുസ്തകങ്ങൾ നോക്കാനൊക്കെ ഇപ്പോൾ ആർക്കാണ് സമയം? തൊട്ടപ്പുറത്തെ ബിവറേജസിലെ ക്യൂ കണ്ടപ്പോൾ കുറച്ചു പേർക്ക് ഇവിടെയും വന്ന് ക്യൂ നിന്ന് കൂടെ എന്ന് ആലോചിക്കാതിരുന്നില്ല.നിഘണ്ടുവും വാങ്ങി പുറത്തു കടന്ന് വേഗത്തിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ ഒരേയൊരു ലക്ഷ്യമേ  ഉണ്ടായിരുന്നുള്ളു.ഈ ധൃതംഗപുളകിതന്റെ അർത്ഥം കണ്ടു പിടിച്ചിട്ടു തന്നെ ബാക്കി കാര്യം..

വീടിന് പുറത്തെത്തിയപ്പോൾ പ്രിയതമ വാതിൽക്കൽ തന്നെ നിൽക്കുന്നു.അതു പതിവുള്ളതല്ല.അകത്തു കയറി ആളെ കണ്ടു പിടിച്ച് എത്ര നേരം  പറഞ്ഞു കഴിഞ്ഞാലാണ് ഒരു ചായ കിട്ടുക?പിന്നെ വർഷങ്ങൾ ഇത്രയും കഴിഞ്ഞത് കൊണ്ട് നേരത്തെ നമ്മുടെ അനൗൺസർ പറഞ്ഞതു പോലെ എല്ലാം അക്ഷമയോടെ സഹിക്കാനല്ലേ കഴിയൂ..’’ചേട്ടാ രാവിലെ ഇറങ്ങിയപ്പോൾ ഒരു അനൗൺസ്മെന്റ് വണ്ടി പോയിരുന്നത് ശ്രദ്ധിച്ചിരുന്നോ?’’

എന്താണ് ചോദ്യത്തിന്റെ ഉദ്ദേശമെന്ന് മനസ്സിലായില്ലെങ്കിലും അനൗൺസ്മെന്റ് കേട്ട കാര്യം സമ്മതിച്ചു.

‘’അതേ ചേട്ടാ,അതിനിടയിൽ ഒരു വാക്ക് പറഞ്ഞത് ആർക്കും മനസ്സിലായില്ലെന്ന് തോന്നുന്നു,എന്തോ ഒരു ധൃതംഗ പുളകിതമെന്നോ മറ്റോ?..’’  പറഞ്ഞത് ശരിയാണോ എന്ന് സംശയിച്ചാണ് ഭാര്യ പറഞ്ഞത്.ഏതായാലും അവളെ സമ്മതിക്കാതെ തരമില്ല.ഇത്രയും നേരം  അതോർത്തിരുന്ന് തെറ്റാതെ പറഞ്ഞല്ലോ!

പറയുന്നതൊക്കെ ശരി തന്നെ പക്ഷേ ഒന്നെഴുതാൻ പറഞ്ഞാൽ കുഴഞ്ഞു പോകും.ധൃതരാഷ്ട്രരും ധൃഷ്ടദ്യുമ്`‍നൻ എന്നുമൊക്കെ എഴുതാൻ പറഞ്ഞതു പോലിരിക്കും.വെറുതെയല്ല മലയാളം പഠിക്കാൻ ആൾക്കാർക്കൊരു മടി!  അപ്പുറത്തെ രാധയും സൂസിയും റസിയായുമൊക്കെ ഇതിന്റെ അർത്ഥം തിരക്കി വന്നിരുന്നു.വൈകിട്ട് ചേട്ടനോട് ചോദിച്ചിട്ട് പറയാമെന്നാ ഞാൻ പറഞ്ഞിരിക്കുന്നത്..’’  പ്രിയതമ സന്തോഷപൂർവ്വം അറിയിച്ചു.ഈശ്വരാ,ഈ ഡിക്‍ഷണറിയും വാങ്ങി വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ?അർത്ഥം നോക്കാൻ അകത്തേക്ക് പോകുമ്പോൾ അതാ മറ്റൊരു അനൗൺസ്മെന്റ്,എതോ പുതിയ സിനിമയുടെ പരസ്യമാണ്.ഭാഗ്യം,അതിൽ ധൃതംഗപുളകിതനൊന്നുമില്ല.എതായാലും ഇങ്ങനെ കട്ടിയായ അനൗൺസ്മെന്റുകൾ നടത്തുമ്പോൾ കൂടെ ഒരു ഡിക്‍ഷണറി കൂടെ കൊടുത്താൽ വളരെ സൗകര്യമായിരുന്നു!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക