Image

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 06 May, 2021
അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)
അഞ്ച് നിയമസഭ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ മെയ് രണ്ടിന് പുറത്തുവന്നപ്പോള്‍-ബംഗാള്‍, അസം, തമിഴ്‌നാട്, പുതുചേരി, കേരളം- ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും അധികാരമോഹങ്ങള്‍ക്ക് വന്‍ക്ഷതം തട്ടുന്നതാണ് കണ്ടത്. ബംഗാളില്‍ അധികാരം പിടിക്കുവാനുള്ള മോദി-ഷാ മാരുടെ തന്ത്ര-കുതന്ത്രങ്ങള്‍ മമതയുടെ മുമ്പില്‍ അടിയറവ് പറഞ്ഞു. തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ.യെ മുന്‍നിര്‍ത്തി അധികാരത്തിലെത്താമെന്ന കണക്കുകൂട്ടല്‍ ഡി.എം.കെ.യുടെ സ്റ്റാലിന്‍ തെറ്റിച്ചു. കേരളത്തിലുണ്ടായിരുന്ന ആകെ ഒരു സീറ്റും പിണറായി വിജയന്‍ പൂട്ടിച്ചു. അസമിലും പുതുചേരിയിലും ആണ് ബി.ജെ.പി.ക്ക് സ്വാന്തന വിജയം കണ്ടെത്തുവാന്‍ സാധിച്ചത്. അസമില്‍ ഭരണം നിലനിര്‍ത്തി. പുതുചേരിയില്‍ എന്‍.ആര്‍.കോണ്‍ഗ്രസ്- അണ്ണ ഡി.എം.കെ.സഖ്യത്തിന്റെ തണലില്‍ ഭരണകക്ഷിയായി(30-ല്‍ ആറ് സീറ്റ്). അങ്ങനെ കര്‍ണ്ണാടകം കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ മറ്റൊരു പ്രവശ്യയില്‍ കൂടെ ബി.ജെ.പി. ഭരണകക്ഷിയായി. കോണ്‍ഗ്രസിന്റെ കാര്യമാണ് ഏറെ കഷ്ടം. ബംഗാളില്‍ പൂജ്യം സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സഖ്യകക്ഷിയായ ഇടതിന്റെയും സ്ഥിതി തഥൈവ. ഇടത് തുടര്‍ച്ചയായി മൂന്ന് പതിറ്റാണ്ടിലേറെ ബംഗാള്‍ ഭരിച്ചതാണെന്ന് ഓര്‍മ്മിക്കണം. അതിനു മുമ്പ് അതേപോലെ കോണ്‍ഗ്രസും. അസമില്‍ ബി.ജെ.പി.യില്‍ നിന്നും അധികാരം തിരിച്ചു പിടിക്കുവാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുവരെ ഭരണകക്ഷിയായിരുന്ന പുതുചേരിയും തിരിച്ചു പിടിക്കുവാനായില്ല കോണ്‍ഗ്രസിന്. തമിഴ്‌നാട്ടില്‍ ഡി.എം.കെ.യുടെ സഖ്യത്തില്‍ കൂടി പേരിന് ഭരണകക്ഷിയായി-പിഗ്ഗിബാക്ക് റൈഡിംങ്ങ് എന്ന് ഇംഗ്ലീഷില്‍ പറയുന്ന മാതിരി. കേരളത്തില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി രണ്ടാം പ്രാവശ്യവും നിയമസഭ തിരിഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടിയതാണ് വലി വാര്‍ത്ത. അതും രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധി വഡരയും തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ അമരത്തിരുന്നിട്ടും. പുതുചേരിയും കേരളവും കോണ്‍ഗ്രസിന് നഷ്ടമായതോടെ മോദിയുടെ മുദ്രാവാക്യം-കോണ്‍ഗ്രസ് മുക്ത ഭാരതം-പകുതി സാക്ഷാത്ക്കരിക്കപ്പെട്ടു ഇപ്പോള്‍ ദക്ഷിണേന്ത്യ കോണ്‍ഗ്രസ് മുക്തം ആണ്. കര്‍ണ്ണാടകയും, തെലുങ്കാനയും, ആന്ധ്രയും നേരത്തെ തന്നെ കോണ്‍ഗ്രസ് മുക്തം ആയിരുന്നു. കോണ്‍ഗ്രസിന്റെ വന്‍പരാജയവും കേരളത്തില്‍ ഇടതിന്റെ(പിണറായി വിജയന്റെ) വിജയവും പോലെ ഈ നിയമസഭ തെരഞ്ഞെടുപ്പുകള്‍ മോദി-ഷാമാരുടെ തീവ്ര ഹിന്ദുത്വ ദേശീയതക്ക് കനത്ത പ്രഹരം നല്‍കി. തീവ്രഹിന്ദുത്വ രാഷ്ട്രീയം അസമില്‍ ഒഴിച്ച് മറ്റെങ്ങും ചിലവാകുകയില്ലെന്ന് തെളിവായി. കോണ്‍ഗ്രസിന്റെ വരുന്ന തുടര്‍ച്ചയും പ്രാദേശികപാര്‍ട്ടികളുടെ മേധാവിത്വവും ഈ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രകടമായി. ഒപ്പം ഈ തെരഞ്ഞെടുപ്പുകള്‍ മമതബാനര്‍ജി എന്ന സംഗവനിതയെ മതേതര ജനാധിപത്യ പ്രതിപക്ഷത്തിന്റെ ദേശീയനായിക ആയി വാഴിക്കുകയും ചെയ്തു. ഇത് അല്പം കൂടെ കാത്തിരുന്ന് കാണേണ്ടതാണെങ്കില്‍ പോലും ഒരു തുടക്കം കുറിച്ചിരിക്കുന്നു.

ബംഗാളില്‍ നടന്നത് തികച്ചും ഐതിഹാസികമായ ഒരു പോരാട്ടം ആയിരുന്നു. മമത ഒരു വശത്ത് മേദിയും ഷായും മറുവശത്ത്. മമതയുടെ മുന്‍നിരസേനാനായകന്മാരെ ഒന്നൊന്നായി പണവും അധികാരവും കൊണ്ട് ബി.ജെ.പി. വാങ്ങിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെകൊണ്ട് വ്യാപകമായ റെയ്ഡുകള്‍ നടത്തി പണവും കേസിന്റെ ഭീഷണിയും ആയപ്പോള്‍ കൂറുമാറ്റം വന്‍തോതിലുണ്ടായി. ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആളും അര്‍ത്ഥവും ഏറെ ഉണ്ടായി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാത്ത കേന്ദ്രമന്ത്രിമാര്‍ ആരും തന്നെ ഇ്‌ല്ലെന്നായി. പുറമെനിന്നും ഈ വന്‍സന്നാഹത്തിനും ഒപ്പം വലിയ തോതില്‍ മതധ്രുവീകരണത്തിനും ശ്രമം ഉണ്ടായി. ജയ് ശ്രീരാം വിളികള്‍ കൊണ്ട് സ്‌മ്മേളനങ്ങള്‍ മുഖരിതമായി. എല്ലാ പാര്‍ട്ടികളും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബി.ജെ.പി. അതിന്റെ എല്ലാ കരുത്തും കാണിച്ചു. മോദിയും അമിത്ഷായും പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും പലകുറി സംസ്ഥാനം സന്ദര്‍ശിച്ചു. ഫെബ്രുവരിക്കും ഏപ്രിലിനും ഇടക്ക് മോദിയും ഷായും 38 പ്രാവശ്യം ആണ് ബംഗാള്‍ സന്ദര്‍ശിച്ചത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി(മോദി 17, ഷാ 21). കോവിഡിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് വരുന്ന സമയം ആയിരുന്നു ഇത്. അതിനുള്ള കരുതലെടുക്കേണ്ടവര്‍ ബംഗാളിലും അസമിലും തമിഴ്‌നാട്ടിലും പുതുചേരിയിലും കേരളത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയിരുന്നു!

ബി.ജെ.പി.യുടെ അതിരു കടന്നുള്ള പ്രചരണം ബംഗാളില്‍ വിലപ്പോയില്ല. ബംഗാളികള്‍ ഹിന്ദുത്വ മുദ്രാവാക്യം കാര്യമായി ഉള്‍ക്കൊണ്ടില്ല. അതുപോലെ തന്നെ പുറത്തു നിന്നും ഇറക്കുമതി ചെയ്ത സ്റ്റാര്‍ കാമ്പേനേഴ്‌സിനെ സമ്മതി ദായകര്‍ നിരാകരിച്ചു. ബി.ജെ.പി.യുടെ താരപ്രചാരകരില്‍ പ്രാദേശികമായ ഒരു മുഖവും ഉണ്ടായിരുന്നില്ല. ബി.ജെ.പി.ക്ക് ജനപ്രീതി നേടിയ ഒരു ബംഗാളി നേതാവിനെ പോലും മുഖ്യമന്ത്രിയായി എടുത്തുകാണിക്കുവാന്‍ ഉണ്ടായിരുന്നില്ല. മോദിയുടെയും ഷായുടെയും ഹിന്ദുത്വ ചായ് വുള്ള പ്രചരണങ്ങള്‍ വിലപ്പോയില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റോമിയോ വിരുദ്ധ സ്‌ക്വാഡുകളുടെ രൂപീകരണവും മറ്റ് ഹിന്ദുത്വ അജണ്ടയും തിരിച്ചടിച്ചു ബംഗാളികള്‍ക്കിടയില്‍. മോദിയും ഷായും നദ്ദയും ഹെലിക്കോപ്ടറില്‍ സംസ്ഥാനമാകെ ചുറ്റിയടിച്ച് പ്രചരണം നടത്തിയപ്പോള്‍ അപകടത്തില്‍ കാലിന് പരിക്കേറ്റ മമത വീല്‍ ചെയറിലായിരുന്നു ജനങ്ങളുമായി സംവേദിച്ചത്. 1736 വോട്ടുകള്‍ക്ക് തികച്ചും വിവാദപരമായ സാഹചര്യത്തില്‍ മമത നന്ദിഗ്രാമില്‍ പഴയ കമാന്റര്‍-ഇന്‍-ചീഫും ബി.ജെ.പിയിലേക്ക് കൂറുമാറ്റം നടത്തുകയും ചെയ്ത സുഖേന്ദു അധികാരിയോട് തോറ്റെങ്കിലും അവര്‍ വിജയിക്കുകയായിരുന്നു മൂന്നില്‍ രണ്ടിലേറെ പരം സീറ്റുകളോടെ. മമതയെ എങ്ങനെയും നന്ദിഗ്രാമില്‍ പരാജയപ്പെടുത്തിയാല്‍ ഒരു തൂക്കുനിയമസഭ ഉണ്ടാകുന്ന സാഹചര്യത്തില്‍ കൂട്ടകുതിരകച്ചവടം നടത്തി അധികാരം പിടിച്ചെടുക്കാമെന്നതായിരുന്നത്രെ ബി.ജെ.പി.യുടെ പദ്ധതി. ബംഗാളിലെ ഹിന്ദുക്കള്‍ അപകടത്തിലാണെന്നും അവരെ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശി മുസ്ലീങ്ങള്‍ വിഴുങ്ങുമെന്നും മറ്റുമുള്ള വ്യാജഭീഷണികള്‍ വിലപ്പോയില്ല. ഈ വക രാഷ്ട്രീയ കുപ്രചരണങ്ങള്‍ ബംഗ്ാളിലെ ഹിന്ദുക്കള്‍ ചെവിക്കൊണ്ടില്ല തന്നെ. പക്ഷേ, ഇത് 2019-ല്‍ വിലപ്പോയി. അതിന്റെ ഫലമായിട്ടാണ് 18 ലോകസഭ സീറ്റുകള്‍ (42-ല്‍) ബി.ജെ.പി.ജയിച്ചത്. മതാടിസ്ഥാനത്തിലുള്ള വോട്ടുധ്രുവീകരണവും മോദിയുടെ ദേശീയതലത്തിലുള്ള വ്യക്തിപ്രഭാവവും 2019-ല്‍ ബി.ജെ.പി.യെ സഹായിച്ചു. കണക്കുകളുടെ അടിസ്ഥാനത്തില്‍ (ലോക്‌നീതി) 57 ശതമാനം ഹിന്ദുക്കള്‍ ഈ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ടു ചെയ്തു. കേവലം 32 ശതമാനം ആണ് ത്രിണമൂല്‍ കോണ്‍ഗ്രസിനും മമതക്കും വോട്ട് ചെയ്തത്. ഈ തെരഞ്ഞെടുപ്പില്‍ ഇതാണ് മാറിമറിഞ്ഞത്. 2019 ആവര്‍ത്തിച്ചെങ്കില്‍ 121 നിയമസഭ സീറ്റുകള്‍ ബി.ജെ.പി.ക്ക് ഇപ്രാവശ്യം ലഭിച്ചേനെ. കാരണം 18 ലോകസഭ സീറ്റുകളില്‍ 121 നിയമസഭ സീറ്റുകള്‍ ഉണ്ട്. പക്ഷേ ലഭിച്ചതാകട്ടെ 77 സീറ്റുകളും. കണക്ക് പ്രകാരമുളള 121 സീറ്റുകള്‍ ബി.ജെ.പി.ക്ക് ലഭിച്ചിരുന്നെങ്കില്‍ അത് കേവല ഭൂരിപക്ഷത്തിന് വെറും 27 സീറ്റുകള്‍ മാത്രം കുറവാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ എന്ത് സംഭവിക്കാമെന്ന് ഊഹിക്കാം-എന്തും സംഭവിക്കാം. സംഭവിക്കാമായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ബംഗാളിലെ ജനങ്ങള്‍ അവരുടെ ഭീതിയെ തന്നെ സ്വീകരിച്ചു.

തെരഞ്ഞെടുപ്പാനന്തരം ബംഗാളില്‍ പരക്കെ അക്രമണം ഉണ്ടായി. ഇരുപതോളം ജനങ്ങള്‍ കൊല്ലപ്പെട്ടു. ഏറെയും ബി.ജെ.പി. പ്രവര്‍ത്തകര്‍. ബി.ജെ.പി. ഓഫീസുകള്‍ തീവച്ച് നശിപ്പിച്ചു. അക്രമം പാടില്ലായെന്ന് മമത അണികളോട് ആഹ്വാനം ചെയ്‌തെങ്കിലും കലാപം കത്തിപടര്‍ന്നു. കോവിഡ് മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയെയോ ഗവര്‍ണ്ണറെയോ വിളിച്ച് സ്ഥിതിഗതികള്‍ അന്വേഷിച്ചില്ലെങ്കില്‍ ഇപ്പോള്‍ പ്രധാനമന്ത്രി മോദി ഗവര്‍ണ്ണറുമായി ഫോണ്‍ ബന്ധത്തിലാണ്. പാര്‍ട്ടിയുടെ രാജസഭ അംഗമായിരുന്ന സ്വപന്‍ദാസ് ഗുപ്ത ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നു എന്നാണഅ ആരോപിക്കുന്നത്. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശങ്ങളും ബി.ജെ.പി. പക്ഷത്തു നിന്നും ഉയരുന്നുണ്ട്. ഒരു സംസ്ഥാന ഗവണ്‍മെന്റിനെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം പിരിച്ചു വിടുവാനുള്ള കാരണം ആണ് ക്രമസമാധനനിലയുടെ തകര്‍ച്ച. ഭരണം ആരംഭിക്കുന്നതിനു മുമ്പേ ബംഗാളില്‍ ഇത് പ്രയോഗിക്കുവാനുള്ള മുറവിളിയാണ് ബി.ജെ.പി. നടത്തുന്നത്.

അസമിലെ ബി.ജെ.പി.യുടെ വിജയം പ്രതീക്ഷഇച്ചത് ആയിരുന്നു. ബി.ജെ.പി.ക്ക് അവിടെ തുടര്‍ ഭരണത്തിനുള്ള അന്തരീക്ഷം തന്നെയാണ്. നല്ലരീതിയില്‍ തന്നെ ബി.ജെ.പി. ഇവിടെ മതധ്രുവീകരണം സാധിച്ചിരിക്കുന്നു. 2016-ല്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ബി.ജെ.പി. ഈ കോണ്‍ഗ്രസ് കോട്ട പിടിച്ചെടുത്തത്. അതിന് അവര്‍ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തിയെടുത്ത ഹേമന്ത ബിശ്വസര്‍മ്മ വളരെ സഹായിച്ചു. ഇപ്രാവശ്യവും സര്‍മ്മ ബി.ജെ.പി.യെ അധികാരം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിച്ചു. മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോബാളിന്റെ കടുത്ത ഒരു പ്രതിയോഗി ആയിരിക്കും സര്‍മ്മ ഇനിയുള്ള നാളുകളില്‍. അതുപോലെ തിരിച്ചും. കോണ്‍ഗ്രസിന്റെ പരാജയകാരണം അതിന് ഇവിടെ ഒരു നേതാവില്ല തരുണ്‍ റോയ്ക്കുശേഷം എന്നു ഇതാണ്. മാത്രവും അല്ല സംഘടനയും ദുര്‍ബ്ബലം ആണ്. അണികളും കാര്യമായിട്ടില്ല. കോണ്‍ഗ്രസ് തല്ലിക്കൂട്ടിയെടുത്ത സഖ്യവും കാര്യമായ ഒരു ശക്തി അല്ല. ഇതില്‍ ഭദ്രദ്ദുന്‍ ആജ്മലിന്റെ എ.യു.ഡി.എഫ് ഒരു വിവാദ പാര്‍ട്ടിയാണ്. അതിന് തെരഞ്ഞെടുപ്പില്‍ കാര്യമായ ഒരു സംഭാവനയും കോണ്‍ഗ്രസ് സഖ്യത്തിന് നല്‍കുവാനായില്ല.

തെക്ക് തമിഴ്‌നാട് പ്രതീക്ഷിച്ചതുപോലെ തന്നെ പെരുമാറി. ഡി.എം.കെ.യുടെ വിജയം ഇവിടെ ഉറപ്പായിരുന്നു. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ.യുടെ ശക്തിക്ഷയിച്ചിരുന്നു. അവരുടെ സഖ്യകക്ഷിയായ ബി.ജെ.പി. ദ്രാവീഡിയന്‍ രാഷ്ട്രീയത്തില്‍ ഇണങ്ങാത്ത കണ്ണി ആണ്. എങ്കിലും തെരഞ്ഞെടുപ്പില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുവാന്‍ പളനി സ്വാമിയുടെ അണ്ണ ഡി.എം.കെ.ക്ക് സാധിച്ചു. ബി.ജെ.പി. അതിന് ഒരു രാഷ്്ട്രീയ മാറാപ്പ് ആയിരുന്നു. 2019-ല്‍ 39-ല്‍ 38 ലോകസഭ സീറ്റുകളും നേടിയ സ്റ്റാലിന്റെ ഡി.എം.കെ. വിജയപ്രതീക്ഷയോടെ തന്നെ ആണ് കളത്തില്‍ ഇറങ്ങിയത്. അണ്ണാദുരയുടെ മരണശേഷം ഡി.എം.കെ.ക്ക് അണ്ണാ ഡി.എം.കെ.ക്കുണ്ടായ ദുരവസ്ഥ ഉണ്ടായില്ല. ശക്തനായ സ്റ്റാലിന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കയ്യിലെടുത്തു. രജനികാന്തിന്റെ അഭാവവും കമല്‍ഹാസന്റെ പരിതാപകരമായ പ്രകടനവും തോല്‍വിയും സ്റ്റാലിനെയും ഡി.എം.കെ.യെയും സഹായിച്ചു. ഇവിടെയും ദ്രാവീഡിയന്‍ രാഷ്ട്രീയം സംഘപരിവാര്‍ രാഷ്ട്രീയത്തെ നിലക്ക് നിറുത്തി.

കോണ്‍ഗ്രസിലെ വി.നാരായണസ്വാമിയുടെ ഗവണ്‍മെന്റിനെ ബി.ജെ.പി. തെരഞ്ഞെടുപ്പിനു മുമ്പ് പുതുചേരിയില്‍ വീഴ്ത്തിയത് ഒരു രാഷ്ട്രീയ സ്‌കാന്റല്‍ ആയിരുന്നു. കുതിരക്കച്ചവടവും മൂന്നു നോമിനികളുടെ വോട്ടും ആണ് ബി.ജെ.പി. ഇതിന് കരുവാക്കിയത്. മുഖ്യമന്ത്രി നാരായണ സ്വാമി സഹപ്രവര്‍ത്തകരുടെ ഇടയില്‍ അസ്വീകാര്യനും ജനങ്ങള്‍ക്കിടയില്‍ മതിപ്പില്ലാത്ത നേതാവും ആയി മാറിയിരുന്നു. തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയും ഉണ്ടായില്ല. പാര്‍ട്ടിയില്ല, നേതാവില്ല, എന്താണ് പരിപാടിയെന്നും അറിയില്ല. ജനം ആര്‍ക്ക് വോട്ടു ചെയ്യും? പുതുചേരി കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ മറ്റൊരു പരാജയം ആയിരുന്നു. അതാണ് ബി.ജെ.പി. മുതലാക്കിയത്. അങ്ങനെയാണ് ദക്ഷിണേന്ത്യയില്‍ വിരല്‍കുത്തുവാന്‍ രണ്ടാമത് ഒരിടം ബി.ജെ.പി. കണ്ടെത്തിയത്. ബി.ജെ.പി.യുടെ സഹായത്തിനായി വന്നതാകട്ടെ എന്‍.ആര്‍.കോണ്‍ഗ്രസിലെ എന്‍.രംഗസ്വാമിയാണ്. ഇദ്ദേഹം കോണ്‍ഗ്രസിന്റെ സമുന്നതനായ ഒരു നേതാവായിരുന്നു. എന്നാല്‍ ഹൈകമാന്റുമായി പിണങ്ങി സ്വന്തം പേരില്‍ ഒരു കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. ഇദ്ദേഹം മൂന്നുപ്രാവശ്യം പുതുചേരിയുടെ മുഖ്യമന്ത്രി ആയിരുന്നു. ഇദ്ദേഹത്തിന്റെ ജനസമ്മതിയാണ് ഈ തെരഞ്ഞെടുപ്പ് ജയിക്കുവാന്‍ സഖ്യത്തിന് അവസരം നല്‍കിയത്. കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു പക്ഷേ ദുഃഖ്ിക്കുന്നുണ്ടായിരിക്കുമെന്ന് ചിന്തിക്കുന്നവര്‍ മനസിലാക്കേണ്ടത് അങ്ങനെ ഒരു തിരിഞ്ഞുനോട്ടം ആ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇല്ലെന്നാണ്. രംഗസ്വാമി പുതുചേരിയുടെ മുഖ്യമന്ത്രി ആണ്.

കേരളത്തില്‍ ഇടതുമുന്നണിയുടെ വിജയം 'പിണറായി വിജയം' എന്നാണഅ ഒരു ഇംഗ്ലീഷ് ദിനപത്രം വിശേഷിപ്പിച്ചത്്. അത് തികച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയം തന്നെ ആയിരുന്നു. ചരിത്രം തിരുത്തി തുടര്‍ഭരണം ഉണ്ടായി. 140-ല്‍ 99 സീറ്റുകള്‍ നേടി. ക്യാപ്റ്റന്‍ ഒറ്റ റണ്ണിന്റെ കുറവിലാണെങ്കിലും ബാറ്റിംങ്ങ് തുടരുകയാണ്. കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിന്റെ തകര്‍ച്ച വന്‍ തകര്‍ച്ച ആയിരുന്നു 41 സീറ്റുകള്‍ മാത്രം. തുടര്‍ച്ചയായി രണ്ടാമതുമുള്ള ഈ പരാജയം കോണ്‍ഗ്രസ് അതിജീവിക്കുമോ എന്നതാണ് ഇപ്പോള്‍ കാണേണ്ടിയിരിക്കുന്നത്്. ഇടതുമുന്നണിക്ക് ലഭിച്ചിരിക്കുന്ന രണ്ടാം ഊഴം ഒരു വലിയ ഉത്തരവാദിത്വം ആണ്. തുടര്‍ഭരണങ്ങളില്‍ ബംഗാളിലും ത്രിപുരയിലും ഇടത് ഒട്ടേറെ വെല്ലുവിളികള്‍ നേടിയതാണ്, അനുഭവിച്ചതും ആണ്. ബി.ജെ.പിയുടേത് ദയനീയ പരാജയം ആയിരുന്നു. ഉണ്ടായിരുന്ന ഒരു സീറ്റും കൂടെ പോയി(നേമം). പാലക്കാട്ടെ പ്രതീക്ഷയും(ഈ.ശ്രീധരന്‍)അസ്ഥാനത്തായി. എണ്‍പത്തി ഒമ്പതാമത്തെ വയസ്സില്‍ ഇന്‍ഡ്യയുടെ 'മെട്രോമാന്‍' ഇങ്ങനെ ഒരു സാഹസീകത കാട്ടേണ്ടിയിരുന്നില്ല. ബി.ജെ.പി.ക്ക് ആശ്വസിക്കുവാനായി അത് ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അപ്പോള്‍ ഭാവി ഉണ്ട്, കാലമെത്ര എടുത്താലും. രണ്ട് സീറ്റുകളില്‍ മത്സരിക്കുകയും ഹെലിക്കോപ്റ്ററില്‍ രാജകീയമായി പ്രചരണം നടത്തുകയും ചെയ്്ത പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ച്വേശരത്ത് തോറ്റത് വെറും 745 വോട്ടുകള്‍ക്ക് ആണെങ്കില്‍ ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി മണ്ഡലത്തില്‍ അദ്ദേഹത്തിന് കച്ചി തൊടുവാന്‍ ആയില്ല.( ബി.ജെ.പി. വോട്ടു ശതമാനം 15.64(2019) ല്‍ നിന്നും 11.35(2021) ശതമാനമായി കുറഞ്ഞിരിക്കുന്നു. എന്നു മാത്രമല്ല മതധ്രുവീകരണത്തിനായി ശബരിമല വിഷയം ഉപയോഗിച്ച ബി.ജെ.പി.ക്ക് ധര്‍മ്മശാസ്താവിന്റെ ആസ്ഥാനമായ പത്തനംതിട്ടയില്‍ ഒരു സീറ്റുപോലും ലഭിക്കാനായില്ല. നരേന്ദ്രമാദി അദ്ദേഹത്തിന്റെ ഒരു തെരഞ്ഞെടുപ്പ് പ്രസംഗം(പാലക്കാട്) ആരംഭിച്ചതുതന്നെ 'സ്വാമിയേ ശരണമയ്യപ്പ' വിളിയോടെ ആയിരുന്നു. പക്ഷേ, ഇതിലൊന്നും വിശ്വാസികള്‍ വീണില്ല എന്ന് വേണം കരുതുവാന്‍.
പിണറായി വിജയന്റെ മുന്നണി വന്‍ദുരന്തങ്ങള്‍ നീന്തികടന്നാണ് ഈ കടവില്‍ എത്തിയത്. ഓഖി ചുഴലിക്കാറ്റ്(2017), വന്‍ പ്രളയം (2018) വീണ്ടും തുടര്‍ പ്രളയം(2019), കോവിഡ് (2020) തുടങ്ങിയ സംസ്ഥാനത്തിന് വലിയ വെല്ലുവിളികള്‍ ആയിരുന്നു. ഇവയെ പിണറായി സര്‍ക്കാര്‍ വിജയകരമായി നേരിട്ടു. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ 20-ല്‍ വെറും ഒരു സീറ്റു മാത്രം നേടാനായത് മുന്നണിയെ ശരിക്കും ഉലച്ചു. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍(2020) തകര്‍പ്പന്‍ വിജയം നേടിയത് 2021-ലേക്കുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അത് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ വിവാദങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും കേന്ദ്രഅന്വേഷണ ഏജന്‍സികളുടെയും ചാകര ആയിരുന്നു. സ്വര്‍ണ്ണക്കള്ളകടത്ത്, പിന്‍വാതില്‍ നിയമനം, സ്വജനപക്ഷപാതം, എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. സരിതകേസില്‍(സോളാര്‍) ഉമ്മന്‍ചാണ്ടിയെ ലൈംഗീകാരോപണ വിധേയനാക്കിയപ്പോള്‍ അത് അവിശ്വസനീയം ആയതുപോലെ ആയിരുന്നു പിണറായി വിജയനെ സ്വര്‍ണ്ണക്കള്ളകടത്തു കേസില്‍ കുറ്റാരോപിതനാക്കിയപ്പോള്‍. ഇതൊന്നും ജനം വിശ്വസിച്ചില്ല. അവര്‍ വിശ്വസിച്ചത് പിണറായിയുടെ ഭരണസാമര്‍ത്ഥ്യത്തിലും വികസനപരിപാടികളിലും ആയിരുന്നു. അതുകൊണ്ടാണ് പിണറായിയും പിണറായി ഗവണ്‍മെന്റും ഇടതുമുന്നണിയും ഈ ത്രികോണ മത്സരത്തില്‍ എല്ലാത്തിനെയും അതിജീവിച്ച് വിജയശ്രീലാളിതരായത്.
ഈ അഞ്ച് തെരഞ്ഞെടുപ്പു ഫലങ്ങള്‍ മാറ്റത്തിന്റെ സന്ദേശം ആണ് നല്‍കുന്നത്. സംസ്ഥാനങ്ങളില്‍ മാത്രം അല്ല ഇതിന്റെ പ്രതിസ്ഫുരണം കേന്ദ്രത്തിലും ഉണ്ടാകും. പ്രാണവായുവിനായി പിടഞ്ഞു നിലവിളിക്കുമ്പോള്‍ മതരാഷ്ട്രീയം പറഞ്ഞ് വോട്ട്ധ്രുവീകരണത്തിനായി ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി ആണ് ഇത്. മതേതര രാഷ്ട്രീയം പറയുമ്പോഴും ജനങ്ങളില്‍ നിന്നും അകന്ന് ആചാരങ്ങളെയും വിശ്വാസങ്ങളെയും വോട്ട് രാഷ്ട്രീയത്തിനായി മുറുകെ പിടിക്കുന്ന കപട രാഷ്ട്രീയത്തിനും കൂടെയുള്ള മറുപടി ആണ് ഇത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക