Image

അമ്മ (ജയശ്രീ രാജേഷ്)

Published on 09 May, 2021
അമ്മ (ജയശ്രീ രാജേഷ്)
ശൂന്യത എന്തെന്നറിയാൻ
അമ്മയില്ലാത്ത വീട്ടിൽ
 ഒന്നു ചെന്നുകയറിയാൽ മതി

കരിപിടിച്ച അടുക്കള
 ചുവരിൽ
 സ്നേഹത്തിന്റെ
നിശ്വാസങ്ങൾ
 കോറിയിട്ട
നിഴൽ ചിത്രങ്ങൾ
ഇളകിയാടുന്നത്
 കാണാം

ഇടനെഞ്ചിൽ നിന്നൂറി
നാവിലെത്തി
 നിൽക്കുന്ന
രസ കുമിളകൾ
നൃത്തം വെക്കുന്നത്
അറിയാതെ അറിയാം

നിശബ്ദതയുടെ
  അകത്തളങ്ങളിൽ
തോൽക്കാൻ
 മനസ്സില്ലാത്ത
ഒരു പോരാളിയുടെ
അകന്നുപോകുന്ന
കാലടിയൊച്ചകൾ
 കേൾക്കാം

നനവുണങ്ങാത്ത
അമ്മചിറകിനടിയിലെ
സ്നേഹചൂടിന്റെ
കുളിർ പറ്റി
ആ മടിത്തട്ടിലൊന്നു
ചായാൻ  മോഹം
 തോന്നാം

അമ്മ -
നിർവചനങ്ങളെ
സ്നേഹം കൊണ്ട്
തോൽപ്പിച്ച യോഗിനി

പരിത്യാഗത്തിൻ്റെ
മേലങ്കിയണിഞ്ഞ്
സ്വന്തം ഇഷ്ടങ്ങളും
 ആഗ്രഹങ്ങളും
 ഓർത്തെടുക്കാൻ
 പോലും
സമയം കിട്ടാതെ
ഓടി നടക്കുന്നൊരു
മനുഷ്യ ജന്മം ........

അമ്മയില്ലാത്ത
വീട്ടിൽ ചെന്നാൽ
ബന്ധങ്ങളുടെ
ചരടു പൊട്ടിയ ഒരു പട്ടം
ആകാശത്ത്
അലയുന്നത് കാണാം
എപ്പോഴും
വീഴാനെന്ന പോലെ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക