Image

പെണ്‍പുലി വിടവാങ്ങി ; അസ്തമിച്ചത് വിപ്ലവ നക്ഷത്രം

ജോബിന്‍സ് തോമസ് Published on 11 May, 2021
പെണ്‍പുലി വിടവാങ്ങി ; അസ്തമിച്ചത് വിപ്ലവ നക്ഷത്രം

"കേരം തിങ്ങും കേരള നാടിത് കെ.ആര്‍ ഗൗരി ഭരിച്ചീടും" ഒരു കാലത്ത് കേരളത്തിന്റെ തെരുവുകളില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യം. സമാനതകളില്ലാത്ത പ്രതിഭയുള്ള വനിതാ നേതാവ്. കാലത്തിന്റെ കനല്‍വഴികളില്‍ പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി പടവെട്ടി കാരിരുമ്പിന്റെ കരുത്തുമായി കേരളരാഷ്ട്രിയത്തില്‍ ജ്വലിച്ചു നിന്ന വിപ്ലവ നക്ഷത്രമാണ് കെ.ആര്‍ ഗൗരിയമ്മയുടെ മരണത്തോടെ അസ്തമിച്ചത്. 

1919 കാലഘട്ടം ഒരു സ്ത്രീ , സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കടന്നുവരുക എന്നത് അസംഭവ്യമായിരുന്ന കാലം. അവിടെ നിന്നാണ് കെ.ആര്‍ ഗൗരി എന്ന പെണ്‍പുലി കുതിപ്പ് തുടങ്ങിയത്. ആണാധിപത്യങ്ങള്‍ക്കു മുന്നില്‍ അടിയറവ് പറയാതെ കത്തിജ്ജ്വലിക്കുന്ന കമ്മ്യൂണിസ്റ്റായി അവകാശപ്പെട്ടത് ചോദിച്ചുവാങ്ങി ഒരു തലമുറയ്ക്ക് തന്നെ പ്രചോദനമായിമാറിയ വനിതാരത്‌നമായിരുന്നു കെ.ആര്‍. ഗൗരിയമ്മ. 

13 തവണ നിയമസഭയിലെത്തിയപ്പോളും ആറ് തവണ മന്ത്രി പദം അലങ്കരിച്ചപ്പോഴും അധികാരത്തിന്റെ അകത്തളങ്ങളില്‍ ഈ പെണ്‍ശബ്ദം ഇടിമുഴക്കമായിരുന്നു. സാധാരണക്കാരന്റേയും പട്ടിണി അനുഭവിക്കുന്നവന്റേയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവന്റേയും സ്ത്രീ സമൂഹത്തന്റെയും ശബ്ദമായിരുന്നു കെ.ആര്‍.ഗൗരി. 

28-ാം വയസ്സിലാണ് ഗൗരിയമ്മ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. തുടര്‍ന്നങ്ങോട്ട് പോരാട്ടങ്ങളുടെ വഴിയില്‍ ജയില്‍വാസവും ഒളിവു ജീവിതവും കൊടിയ പീഢനങ്ങളുമായിരുന്നു കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരി എന്ന കേരളത്തിന്റെ ഗൗരിയമ്മയെ പകരക്കാരിയില്ലാത്ത ഉരുക്കുവനിത ആക്കി മാറ്റയത്. 

പാര്‍ട്ടിയിലും സമൂഹത്തിലും എന്നും ജന്മിത്വമനോഭാവങ്ങള്‍ക്കെതിരെയായിരുന്നു ഗൗരിയെന്ന പെണ്‍പുലിയുടെ പോരാട്ടം. കേരളത്തിലെ ആദ്യ റവന്യൂവകുപ്പ് മന്ത്രിയായിരിക്കെയാണ് ടി.വി തോമസുമായുള്ള വിവാഹം പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രണ്ടുപേരും ഇരു ചേരിയിലായി ഗൗരിയമ്മ സിപിഎമ്മിലും തോമസ് സിപിഐയിലും.

നേതൃത്വവുമായുള്ള അഭിപ്രായ വിത്യാസങ്ങളെ തുടര്‍ന്ന് 1994 ലാണ് സിപിഎമ്മില്‍ നിന്നും പുറത്താകുന്നതും പിന്നീട് ജെഎസ്എസ് രൂപീകരിക്കുന്നതും. ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമായിരുന്നു. 2016 ലാണ് യുഡിഎഫുമായി അഭിപ്രായവിത്യാസങ്ങളുണ്ടായതും എല്‍ഡിഎഫുമായി അടുക്കുന്നത്. ഗൗരിയമ്മ സിപിഎമ്മില്‍ തിരിച്ചെത്തും എന്നുവരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 

പുന്നപ്രവയലാര്‍ സമരപോരാട്ടത്തില്‍ നിന്നും വീര്യം ഉള്‍ക്കൊണ്ട് സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായ ഈ വനിതാരത്‌നം കേരളത്തിന് ആലപ്പുഴ സമ്മാനിച്ച നിധിയായിരുന്നു.ഇന്നാട്ടിലെ സാധാരണക്കാരന്റെ ഇടനെടഞ്ചിലേയ്ക്ക് കസേരവലിച്ചിട്ട്് തന്റേതായ ഇരിപ്പിടമൊരുക്കിയ ശേഷമാണ് ഗൗരിയമ്മ വിടവാങ്ങുന്നത്. ഗൗരിയമ്മ കൊണ്ടുവന്ന നിയമങ്ങളും പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവാകശങ്ങളും ഇന്നും അഭിമാനത്തോടെ ജീവിക്കാന്‍ ഒരു ജനതയ്ക്ക് അവസൊരുമൊരുക്കുന്നു.

ഇടനെഞ്ചില്‍ വിങ്ങലോടെയും ഇടറുന്ന ശബ്ദത്തോടെയുമല്ലാതെ കേരളജനതയ്ക്ക് തങ്ങളുടെ പ്രിയപ്പെട്ട ഗൗരിയമ്മയെ യാത്രയാക്കാനാവില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക