Image

ഡെന്നിസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

ജോബിന്‍സ് തോമസ് Published on 11 May, 2021
ഡെന്നിസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും സിനിമാ ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച തിരക്കഥാ കൃത്താണ് വിടവാങ്ങിയ ഡെന്നീസ് ജോസഫ്. കേരളത്തിന്റെ ആസ്വാദക മനസ്സില്‍ അനശ്വര ഹിറ്റുകള്‍ സമ്മാനിച്ച
ഡെന്നീസ് ജോസഫിന്റെ വേര്‍പാടില്‍ മമ്മൂട്ടിയും മോഹന്‍ലാലും അനുശോചനം രേഖപ്പെടുത്തി. 

ഒരു വേര്‍പാടും ഇതു പോലെ തന്നെ ഉലച്ചിട്ടില്ലെന്നാണ് മമ്മൂട്ടി തന്റ അനുശോചന സന്ദേശത്തില്‍ പറഞ്ഞത്. ഇരുണ്ടകാലത്തെ വീണ്ടും വിഷാദമാക്കുന്ന വേര്‍പാടാണിതെന്നും വളര്‍ച്ചയിലും തളര്‍ച്ചയിലും തന്റെ ഒപ്പം നിന്ന സഹോദര തുല്ല്യനായ സുഹൃത്താണ് ഇപ്പോള്‍ ഇല്ലാതായതെന്നും എഴുതിയതും സംവിധാനം ചെയ്തതുമായ സിനിമകളിലൂടെ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും മമ്മൂട്ടി പറഞ്ഞു. ഒപ്പം ഡെന്നീസ് ജോസഫിനൊപ്പം ഉണ്ടായിട്ടുള്ള പല ഹൃദയസ്പര്‍ശിയായ സിനിമാനുഭവങ്ങളും മമ്മുട്ടി വിവിധ മാധ്യമങ്ങളുമായി സംസാരിച്ചപ്പോള്‍ പങ്കുവെച്ചു.

വികാര നിര്‍ഭരമായ കുറിപ്പാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകല്‍ ക്രമം തെറ്റിവന്ന് തന്റ് കൈകള്‍ പിടിച്ചുമാറ്റുകയാണ് എന്ന ആമുഖത്തോടെ തുടങ്ങിയ കുറിപ്പില്‍ വിരലുകള്‍ ഇടറുന്നതിനാല്‍ എഴുത്ത് നിര്‍ത്തകയാണ് എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. 

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം...

'എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍  കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ  മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്‌നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്റെ തീയും പ്രണയത്തിന്റെ  മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട്  അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും  തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ... 
പ്രണാമം ഡെന്നീസ്'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക