Image

അയവില്ല ; രണ്ടും കല്‍പ്പിച്ച് വാട്‌സാപ്പ്

ജോബിന്‍സ് തോമസ് Published on 11 May, 2021
അയവില്ല ; രണ്ടും കല്‍പ്പിച്ച് വാട്‌സാപ്പ്
2021 മെയ് 15 നുള്ളില്‍ തങ്ങളുടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന നിലപാടില്‍ നിന്നുമുള്ള വാട്‌സാപ്പിന്റെ പിന്‍മാറ്റം ഏറെ സന്തോഷത്തോടെയായിരുന്നു ഉപഭോക്താക്കള്‍ സ്വീകരിച്ചത്. കാരണം ചില ആശങ്കകളെ തുടര്‍ന്ന് ഇപ്പോഴും സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ ഇനിയും ഏറെയാണ്. എന്നാല്‍ ഈ നിലപാട് വാട്‌സപ്പിന്റെ ഉപഭോക്തൃ സ്‌നേഹമല്ല മറിച്ച് തന്ത്രമാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 

മെയ്് 15 വരെ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നഷ്ടമാകില്ല എന്നു മാത്രമെ തങ്ങള്‍ പറഞ്ഞിട്ടുള്ളു എന്നാണ് ഇപ്പോള്‍ വാട്‌സപ്പിന്റെ നിലപാട്. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പല സേവനങ്ങളും വഴിയേ ഇല്ലാതാകും എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതായത് ചാറ്റ് ബോക്‌സ് കാണാന്‍ സാധിക്കാതിരിക്കുക, വീഡിയോ , ഓഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ സധിക്കില്ല എന്നിവയാണ് സ്വകാര്യത നയം അംഗീകരിക്കാത്തവരെ കാത്തിരിക്കുന്നത്. ഇത് മെയ് 15 ന് നടപ്പിലാക്കില്ലെങ്കിലും ആഴ്ചകള്‍്ക്കുള്ളില്‍ തന്നെ ഈ നടപടികള്‍ ആരംഭിക്കും. 

ഓരോ സേവനങ്ങളായി നിര്‍ത്തലാക്കി ആവശ്യഘട്ടങ്ങളില്‍ ഉപഭോക്താക്കളെ മുള്‍മുനയില്‍ നിര്‍ത്തി തങ്ങളുടെ ആവശ്യം അംഗീകരിപ്പിക്കുക എന്നതാണ് വാട്‌സാപ്പ് ലക്ഷ്യം വയ്ക്കുന്നത്. വ്യക്തിപരമായും ബിസിനസ്സ് പരമായും പലര്‍ക്കും ഇപ്പോള്‍ ഈ ആപ്പ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പ്രത്യേകിച്ച് കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം പര്‌സപര സൗഹൃദ സംഭാഷണത്തിനും ലോകത്താകമാനം വര്‍ക്ക് ഫ്രം ഹോം കൂടുതല്‍ അനായാസമാക്കാനും  ആളുകള്‍ ഇന്നുപയോഗിക്കുന്നതും വാട്‌സാപ്പാണ്. ഈ പ്രതിസന്ധിയുടെ സാഹചര്യം കൂടിയാണ് വാട്‌സപ്പ് ചൂഷണം ചെയ്യുന്നത്. 

വാട്‌സപ്പ് പുതിയ സ്വകാര്യതാ നയത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ അയച്ചപ്പോള്‍ മുതലാണ് വിവാദങ്ങള്‍ ഉടലെടുക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുമെന്നും  ചാറ്റുകളും കോളുകളും പോലും ഇങ്ങനെ പുറത്താകുമെന്നുമായിരുന്നു അഭ്യൂഹങ്ങള്‍ പരന്നത്. 

എന്നാല്‍ ഉപഭോക്താക്കളുടെ യാതൊരുവിധ സ്വകാര്യതയുടെ മേലും കടന്നുകയറ്റം ഉണ്ടാവില്ലെന്നും പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ബിസിനസ് ചാറ്റുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേഷന്‍ മാത്രമാണെന്നും ഇതും ഓപ്ഷണലാണെന്നുമാണ് വാട്‌സപ്പിന്റെ വിശദീകരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക