Image

ദീപ്തസ്മരണകൾക്ക് ലാൽസലാം: ആൻസി സാജൻ

Published on 11 May, 2021
ദീപ്തസ്മരണകൾക്ക് ലാൽസലാം: ആൻസി സാജൻ
കെ. ആർ.ഗൗരിയമ്മ കാലത്തിനു പിന്നിലേക്ക് മടങ്ങുമ്പോൾ ആദരവുകളോടെ മനസ്സ് കൂപ്പാത്ത മലയാളിയുണ്ടാവില്ല. നവകേരള ചരിത്രരേഖകൾക്ക് ഒളിച്ചുവെക്കാൻ കഴിയാത്ത രജതനക്ഷത്രം. ഒരു നൂറ്റാണ്ടിനപ്പുറത്തേയ്ക്ക് കടന്നുപോയ ദീപ്തജീവിതം ബാക്കി വെക്കുന്നത് അണയാത്ത മാർഗ്ഗദീപങ്ങളാണ്. 70 വർഷക്കാലം കേരളീയ പൊതുജീവിതത്തിൽ ഒറ്റയ്ക്ക് വേറിട്ട് ജ്വലിച്ചുനിന്ന പോരാട്ടവീര്യമാണ് കെ.ആർ. ഗൗരിയമ്മ.
ആരുടെയെങ്കിലും പിൻബലമോ കൈത്താങ്ങുകളോ ആവശ്യമില്ലാതെ കമ്യൂണിസ്റ്റ് നിലപാടുകൾ മാത്രം പിൻതുടർന്ന നട്ടെല്ലും കരളുറപ്പുമാണ് ഗൗരിയമ്മയെന്ന വ്യക്തിത്വപ്രഭാവം. പുരുഷനും സ്ത്രീയുമെന്നപോലെയുള്ള പരിധികളോ പരിമിതികളോ ബാധകമല്ലാത്ത രാഷ്ട്രീയ പ്രവർത്തക . ധീരമായ തീരുമാനങ്ങളെടുക്കുന്നതിലും നടപ്പിൽ വരുത്തുന്നതിനും ആരോടും സന്ധിചെയ്യാത്ത കർശനക്കാരി. 
1957 - ലെ ആദ്യമന്ത്രിസഭ മുതൽ മന്ത്രിയായിരുന്ന വനിത. കേരള ചരിത്രത്തിലെ നവോത്ഥാന നാഴികക്കല്ലായ ഭൂപരിഷ്കരണ ബില്ലും അഴിമതി നിരോധന നിയമവും വനിതാക്കമ്മീഷൻ അവതരണവുമൊക്കെ ഗൗരിയമ്മയിലൂടെയാണ് നടപ്പിൽ വന്നത്.  മന്ത്രിയായിരുന്ന കാലമൊക്കെയും സാധാരണക്കാർക്ക് വേണ്ടി ഉദ്യോഗസ്ഥരെപ്പോലും കർക്കശമായി നിലയ്ക്ക് നിർത്താൻ കെൽപ്പുണ്ടായിരുന്ന വനിതയായിരുന്നു ഗൗരിയമ്മ. കേരളത്തിൽ ഇനിയൊരു സ്ത്രീയ്ക്കും നേടാനാവാത്തത്ര ആത്മബലം കൈമുതലാക്കിയ ഗൗരിയമ്മ വ്യക്തിജീവിതത്തിനു പോലും കൽപിച്ച അപ്രാധാന്യം നമുക്കറിയാം.
മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യയായ ഗൗരിയമ്മയെ മുന്നിൽ നിർത്തി പ്രചരണം നടത്തി അധികാരം ലഭിച്ച മാർക്സിസ്റ്റ് പാർട്ടി അവരെ ഒഴിവാക്കിയതും ചരിത്രമാണ്. കേരം തിങ്ങും കേരള നാട്ടിൽ ഗൗരിയമ്മ മുഖ്യമന്ത്രിയാകും എന്ന ജനപ്രതീക്ഷയാണ് അന്ന് തകർന്നുപോയത്. പഴയകാല അനുഭവസമ്പത്ത് തികഞ്ഞ ഗൗരിയമ്മയെപ്പോലെ ഒരു വനിതയ്ക്ക് നേടാൻ സാധിക്കാതെ പോയ മുഖ്യമന്ത്രി പദവിയിലേക്ക് ഇനിയൊരു സ്ത്രീ കടന്നുവന്നാൽ പോലും ഗൗരിയമ്മയെന്ന മഹാപ്രഭാവത്തെ മറികടക്കാൻ കഴിഞ്ഞെന്നു വരില്ല. നവോത്ഥാനക്കുപ്പായങ്ങളിട്ട് സ്ത്രീ ഉൽക്കർഷകൾക്കു വേണ്ടിയുള്ള പ്രവർത്തകരെന്ന് അഭിമാനിച്ച് നടക്കുന്ന വനിതകൾക്ക് പഠനത്തിനുള്ള സർവകലാശാലയാണ് ഗൗരിയമ്മ. കമ്യൂണിസ്റ്റ് ആശയങ്ങളിലൂടെ, ദരിദ്രർക്കും ഭൂമിനഷ്ടപ്പെട്ടവർക്കും നിഷ്കാസിതർക്കുമൊക്കെ വേണ്ടി ജീവിതം നീക്കിവെച്ച ഗൗരിയമ്മയെപ്പോലെ ഇനിയൊരാൾ ഉണ്ടാവുമോ..? തത്വസംഹിതകൾ മറന്നു പ്രവർത്തിച്ച തന്റെ പാർട്ടിയെപ്പോലും അവസാനം ഉപേക്ഷിക്കാൻ ധൈര്യം കാട്ടിയ അധികാരക്കൊതികളില്ലാത്ത ഗൗരിയമ്മ , ജ്വലിച്ചുയരുന്ന ഓർമ്മകളാണ് ഇനിയുള്ള കാലം.
അർത്ഥപൂർണമായി സഖാവ് എന്ന സംബോധന ആത്മാവുകൾ ഏറ്റുവിളിച്ചിരുന്ന കാലമോർത്ത് സഖാവ് കെ.ആർ ഗൗരിയമ്മയ്ക്ക് .. ലാൽസലാം !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക