Image

അരങ്ങൊഴിഞ്ഞത് മൂന്നുപ്രതിഭകള്‍; കേരളത്തിന് നഷ്ടത്തിന്റെ മണിക്കൂറുകള്‍

ജോബിന്‍സ് തോമസ് Published on 11 May, 2021
അരങ്ങൊഴിഞ്ഞത് മൂന്നുപ്രതിഭകള്‍; കേരളത്തിന് നഷ്ടത്തിന്റെ മണിക്കൂറുകള്‍
മെയ് 11 തിങ്കളാഴ്ച എന്നത്തേയും പോലെ മനേഹരമായ ചിത്രം മാനത്ത് വരച്ചാണ് അസ്തമയ സൂര്യന്‍ വിടവാങ്ങിയത്. എന്നാല്‍ എവിടെയൊക്കെയോ കൂടുകൂട്ടിയിരുന്ന കാറും കോളും ആ ചിത്രങ്ങളുടെ മനോഹാരിത മറച്ചിരുന്നു. പിന്നിടെത്തിയ നിലാവിനാകട്ടെ പതിവ് പ്രസരിപ്പുണ്ടായിരുന്നില്ല. പ്രകൃതിയുടെ നിറംമാറ്റത്തിന്റെ കാരണമറിയാന്‍ അധികം കാക്കേണ്ടി വന്നില്ല. കേരളത്തെ ഞെട്ടിച്ച് കൊണ്ട് ആ വാര്‍ത്തയെത്തി തിരക്കഥാ കൃത്തും സംവിധായകനുമായിരുന്ന ഡെന്നിസ് ജോസഫ് വിട വാങ്ങി. ഒരു പാട് സൂപ്പര്‍ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച സൂപ്പര്‍ താരങ്ങളുടെ ഉയര്‍ച്ചയ്ക്ക് വഴിവെട്ടിയ ഡെന്നീസ് ജോസഫിന്റെ വിയോഗവാര്‍ത്ത അംഗീകരിക്കാന്‍ കേരളത്തിലെ സിനിമാ പ്രേമികള്‍ക്ക് കഴിയുമായിരുന്നില്ല. മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, ആകാശദൂത് , നിറക്കൂട്ട് . ആ അതുല്യപ്രതിഭ അരങ്ങൊഴിഞ്ഞെന്ന വാര്‍ത്ത വിശ്വസിക്കാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ദു:ഖ വാര്‍ത്തയുടെ ആഘാതത്തില്‍ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന, ഡെന്നീസ് ജോസഫ് വെള്ളിത്തിരയില്‍ വരച്ച രംഗങ്ങള്‍ മനസ്സില്‍ സൃഷ്ടിച്ച വേലിയേറ്റത്തിനിടയിലായിരുന്നു കേരളം തിങ്കളാഴ്ച ഉറങ്ങിയത്. 

ചൊവ്വാഴ്ചയുടെ പുലരി മലായാളിയെ വിളിച്ചുണര്‍ത്തയതാവട്ടെ ഗൗരിയമ്മയുടെ വേര്‍പാടിന്റെ വാര്‍ത്തയാണ്. കളത്തിപ്പറമ്പില്‍ രാമന്റെ മകള്‍ ഗൗരിയെ കേരളം ഒരു ഭംഗിക്ക് അമ്മ എന്ന് ചേര്‍ത്തുവിളിച്ചതായിരുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ ജന്‍മിത്വത്തെ തൂത്തെറിഞ്ഞ് തൊഴിലാളിക്കും സാധാരണക്കാരനും ഇടം നല്‍കിയവള്‍, പാവപ്പെട്ടവനേയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവനേയും ചേര്‍ത്ത് പിടിച്ച് നടത്തിയ പേരാട്ടങ്ങള്‍, അവരേറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍ ഇവയൊക്കെ അവരില്‍ ഇന്നാടിനോട് പ്രതിഫലിച്ചിരുന്ന മാതൃസഹജമായ സ്‌നേഹത്തിന്റ ബാക്കി പത്രമായിരുന്നു. അതുള്‍ക്കൊണ്ട് തന്നെയാണ് ഗൗരിയെ ഗൗരിയമ്മയെന്നും കുഞ്ഞമ്മയെന്നും കേരളം വിളിച്ചത്. ഗൗരിയമ്മയുടെ വേര്‍പാടും കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിന്റെ തേങ്ങലായി. 

അധികം വൈകിയില്ല മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും നടനുമായിരുന്ന പ്രതിഭയുടെ വിയോഗവാര്‍ത്തയെത്തി ഒരു നടന്‍ എന്ന നിലയില്‍ കഴിവു തെളിയിച്ച മാടമ്പ് കുഞ്ഞുകുട്ടന്‍ തന്റെ തൂലികയിലൂടെ മലയാള സാഹിത്യത്തിനും സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ മറക്കാനാവുന്നതല്ല. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടി സംസ്ഥാനത്തിന്റെ തന്നെ അഭിമാനമായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നു പ്രതിഭകളാണ് അരങ്ങൊഴിഞ്ഞത്. സിനമ, രാഷട്രീയം സാഹിത്യം എന്നീ മേഖലകളില്‍ ഇവര്‍ തങ്ങളുടേതായ ചരിത്രമെഴുതിയെങ്കില്‍ അതിനുമപ്പുറം മലയാളിയുടെ മനംകവര്‍ന്ന വ്യക്തിത്വങ്ങളായിരുന്നു ഇവരുടേത്. നെഞ്ചിനുള്ളില്‍ ഇരിപ്പിടം നേടിയവര്‍ യാത്രപറഞ്ഞ് മടങ്ങിയെങ്കിലും മലയാളിയുടെ മനസ്സില്‍ അസ്തമിക്കാത്ത ഓര്‍മ്മകളായി ഇവര്‍ മൂന്നുപേരും ഉണ്ടാകുമെന്നുറപ്പ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക