Image

നേഴ്സിനും പറയാനുണ്ട് ചില ഓർമ്മകൾ (ജോബി ബേബി, നേഴ്സ്, കുവൈറ്റ്)

Published on 12 May, 2021
നേഴ്സിനും പറയാനുണ്ട് ചില ഓർമ്മകൾ (ജോബി ബേബി, നേഴ്സ്, കുവൈറ്റ്)
ചില സമയത്തൊക്കെ നേഴ്സിങ് ജീവിതത്തോട് കട്ട കലിപ്പ് തോന്നാറുണ്ട് .എല്ലാം ഇട്ടെറിഞ്ഞു പോകാൻ തോന്നാറുണ്ട് .പിന്നെ ആലോചിക്കും ഇവിടെ വരെയൊക്കെ എത്തിയത് ഇട്ടെറിഞ്ഞു പോകാനാണോ എന്ന് .വിളിപ്പേരാണെകിലും മാലാഖ എന്ന വിളി കേൾക്കുവാൻ ഇഷ്ടമുള്ളവരാണ് ഓരോ നേഴ്സുമാരും .മാലാഖ എന്ന് വിളിച്ചു കുറേ പേർ നേഴ്സിങ് ജീവിതത്തെ ബഹുമാനിക്കാറുണ്ട്,എതിരഭിപ്രായം ഉള്ളവരും ചുരുക്കമല്ല .എത്രയൊക്കെ സങ്കടം വന്നാലും പിടിച്ചുനിൽക്കും .
 
ഒന്ന് മനസിലാക്കുക ദേഷ്യം ചിലപ്പോൾ നിങ്ങളെക്കാൾ അവർക്ക് കൂടുതലായിരിക്കും .പക്ഷേ ജോലിസമയത്തു ക്ഷമയുടെ നെല്ലിപ്പലക തകർന്നാലും സംയമനം പാലിക്കുന്നവരാണ് അവർ .എത്രകഷ്ടപെട്ടാലും ചെയ്‌യുന്നതൊന്നും തികയില്ലെന്നു പറയുന്ന കുറേ മനുഷ്യരുണ്ട് .പിന്നെ ഒരു കാര്യത്തിൽ സന്തോഷമുണ്ടവർക്ക് അവർ കാരണമാണ് ഒരാൾ പുഞ്ചിരിക്കുന്നത് അല്ലെങ്കിൽ അവരും കൂടി അവൻ /അവൾ രോഗത്തെ വീണ്ടെടുത്തത് എന്നോർക്കുമ്പോൾ അറിയാതെയെങ്കിലും അവരുടെ മനസ്സ്‌ സന്തോഷം കൊണ്ട് നിറയാറുണ്ട് .
 
ഒരിക്കൽ അധികം വിഷമം തോന്നിയപ്പോൾ ഒരാൾ പറയുകയുണ്ടായി “ജീവിതകാലം മുഴുവൻ ആരെന്ന് പോലും അറിയാത്തവർക്ക് വേണ്ടി കഷ്ടപെടുന്നവരായതുകൊണ്ടു തന്നെ ദൈവത്തിന് നിങ്ങളോട് ഒരുപടി മുന്നിലായിരിക്കും സ്നേഹമെന്ന് .അപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടതെന്ന് ,ഒരിക്കൽ നീ അർഹിക്കുന്നതിനപ്പുറം ദൈവം നിനക്കുനൽകും ,നിങ്ങളൊക്കെ മാലാഖമാർ അല്ലേയെന്നു “. എനിക്കറിയാം നിറഞ്ഞ മിഴികൾ കവിളുകളെ തലോടി ഒഴുകും മുന്നേ ആശ്വാസവാക്കുകൾ കൊണ്ട് കണ്ണീരിനെ തുടച്ചുമാറ്റാനുള്ള അവന്റെ ശ്രമം മാത്രമാണതെന്നു .
എങ്കിലും നേഴ്സിങ് ജീവിതത്തോട് ഇഷ്ട്ടം .
 
“സന്തോഷം എപ്പോഴും”:-
 ----------------------------------------
കഴിഞ്ഞ ദിവസം വേദന കൊണ്ട് കരയുന്ന തന്റെ ഭാര്യയെ കണ്ടിട്ട്‌ സഹിക്കാൻ കഴിയാതിരുന്നിട്ടാവണം അയാൾ ഡോക്ടറിനോടും നേഴ്സ്മാരോടും ദേഷ്യപ്പെട്ടത് .ഒരു സർജറിക്കു വെണ്ടി വന്നതാണ് (ആളുടെ പേര് വെളിപ്പെടുത്തുന്നില്ല ). നേഴ്സ് എന്ന നിലയിൽ ഡോക്ടറിന്റെ ഓർഡേഴ്സ് ഞങൾ ഫോള്ളോ ചെയ്തു . വേദനയുടെ മരുന്നുകൾ ഒരു പരിധിക്കപ്പുറം ഞങ്ങൾക്ക് കൊടുക്കാൻ സാധിക്കില്ല,ഡോസ് കൂടിയാൽ അത്‌ ഒരുപാട് ദോഷം ഉണ്ടാകുമെന്ന് വരെ ഞങ്ങൾ പറഞ്ഞു.
 
സർജറി എല്ലാം കഴിഞ്ഞു ,ഡിസ്ചാർജ് സമയത്തു അദ്ദേഹം പറഞ്ഞു “സിസ്റ്റർ ,എന്നോട് ക്ഷമിക്കണം .ഞാൻ കരണം നിങ്ങൾക്ക് ബുദ്ധിമുട്ട്ഉണ്ടായെന്ന് എനിക്ക് തോന്നി .അവൾ എന്റെ അടുത്ത് ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് ,അവൾക്ക് വേദനിച്ചാൽ എനിക്ക് വളരെ വേദനിക്കും അതു കൊണ്ടാണ് ഞാൻ അന്ന് വളരെ ദേഷ്യപ്പെട്ടു സംസാരിച്ചത് എന്ന് പറഞ്ഞു അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അടുത്തിരുന്ന കുഞ്ഞു മകളെ കെട്ടിപിടിച്ചു അദ്ദേഹം കരഞ്ഞു .
 
അതൊന്നും കുഴപ്പമില്ല ,ഞങ്ങൾക്ക് മനസ്സിലാകും എന്ന് പറഞ്ഞു അവരെ ആശ്വസിപ്പിച്ചു പറഞ്ഞുവിടുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞത് കൊണ്ടാകാം ഭാര്യയെ ജീവനുതുല്യo സ്നേഹിക്കുന്ന അയാളോട് വല്ലാത്തൊരു ബഹുമാനമാനം തോന്നാൻ .പ്രണയം വിവാഹത്തിന് മുന്നേ മാത്രമല്ല ,വിവാഹം കഴിഞ്ഞും ഒരു മാറ്റവും കൂടാതെ കൂട്ടുന്നവരാണ് യഥാർത്ഥ ജീവിതത്തിൽ സന്തുഷ്ട കുടുംബത്തിന് അർഹർ .
 
“കരയല്ലേ കുഞ്ഞുവാവേ”:-
 -------------------------------------
അമ്മയും ബന്ധുക്കളും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുഞ്ഞുങ്ങൾ (ജനിച്ചു ഒന്നോ രണ്ടോ ദിവസമായിട്ടുള്ളു ) ചില സമയത്തു കരച്ചിൽ നിർത്തില്ല .എല്ലാത്തിന്റെയും അവസാനം അവരുടെ സിസ്റ്റർ എന്നൊരു വിളിയുണ്ട് .ആ കരയുന്ന കുഞ്ഞിനെ ഞങൾ കയ്യിൽ എടുക്കുംമ്പോൾ ,ഒരു കരച്ചിലുംമില്ലാതെ കുഞ്ഞു ഞങളുടെ നെഞ്ചിൽ ഒട്ടിച്ചേർന്നു കിടക്കുന്നത് കണ്ട് അമ്മയും ബന്ധുക്കളും അത്ഭുതപ്പെടാറുണ്ട് .ആദ്യമൊക്കെ എനിക്കും അത്ഭുതമായിരുന്നു .ഇത്രയും നേരം കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ മാറി മാറി എടുത്തുകൊണ്ടിരുന്ന കുഞ്ഞിന്റെ അമ്മ ,ബന്ധുക്കൾ അവർ ശ്രമിച്ചിട്ട് കഴിയാത്തത് ഞങ്ങക്ക് എങ്ങനെ കഴിയുമെന്ന് .
 
അവർ തോൽവി സമ്മതിച്ചു കുഞ്ഞിനെ ഞങ്ങളുടെ കയ്യിൽ തരുമ്പോൾ ഞാനും ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഞങളുടെ കൈകളിൽ വരുമ്പോൾ കുഞ്ഞു കരച്ചിൽ നിർത്തുന്നത് എന്ന് .എല്ലാവരും എടുക്കുന്നത് പോലെ ഞങ്ങളും കുഞ്ഞുങ്ങളെ എടുക്കുന്നു .ചിലപ്പോൾ കുഞ്ഞിനെ കൈകളിൽ വെച്ചിട്ടാവും ചില ജോലികൾ ഞങ്ങൾ പൂർത്തിയാക്കുന്നത് .ഒരു താരാട്ടുപാട്ടിന്റെയും അകമ്പടിയുംമില്ലാതെ കുഞ്ഞു സുഖമായിട്ട് ഞങളുടെ കൈകളിരുന്നു ഉറങ്ങും .ഞങളുടെ ജോലിയും നടക്കും .
 
പക്ഷേ ,ഇപ്പോൾ ഒരു നേഴ്സ് ആണ് എന്നത്‌ കൊണ്ട് എന്റെ കോൺഫിഡന്റാണ്‌ ,ഞങളുടെ അഹങ്കാരമാണ് കരയുന്ന ഒരു കുഞ്ഞിന്റെ കരച്ചിൽ നിർത്തി ശാന്തമാക്കി കുഞ്ഞിനെ ഉറക്കാൻ ഞങ്ങളെകൊണ്ടു നിമിഷങ്ങൾ കൊണ്ട് കഴിയുമെന്നത് .
 
നഴ്‌സിംങ്ങും കേരളവും :-
 --------------------------------------
തിരുവിതാകൂറെന്ന നാട്ടുരാജ്യത്തിൽ നഴ്സുമാർ എവിടെ നിന്നു വന്നു? കടലു കടന്ന് വന്ന ആ നഴ്സുമാർ ആരായിരുന്നു ? ആ ചരിത്രം തേടി ചെന്നാൽ എത്തിടുന്ന കേന്ദ്ര ബിന്ദു പഴയ വിശാല കൊല്ലം രൂപതയുടെ മെത്രാൻ അഭിവന്ദ്യ മെത്രാൻ ദൈവദാസൻ  ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ ഒ.സി.ഡി യാണ്. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് 1800 കളും 1900 കളും അതിനു മുൻപും  ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടിലും നിറഞ്ഞു നിന്നിരുന്ന സത്യം കേരള ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്.മേൽ - കീഴജാതിയെന്ന വേർതിരിവ് വാണിരുന്ന വസൂരി വന്നാൽ ദൈവ കോപമെന്നു കരുതി പായിൽ ചുറ്റി കിണറ്റിലും കാട്ടിലും  തള്ളിയിരുന്ന  മണ്ണിൽ തുറക്കപ്പെട്ട ആതുരാലയത്തിൽ (ജനറൽ ആശുപത്രി, തിരുവനന്തപുരം ) മികച്ച ആതുരശ്രുശ്രൂഷ ലഭിക്കണമെന്ന കാഴ്ച്ചപ്പാടിൽ അന്നത്തെ മഹാരാജാവ് ശ്രീമൂലം തിരുനാൾ അതിനായി സമീപിച്ചത് തന്റെ സഹൃദ വലയത്തിലെ മെത്രാനായ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗറിനെയായിരുന്നു.ജാതി - മത ദേദമേന്യ അയിത്തവും തൊടലും തീണ്ടലും ഇല്ലാതെ എല്ലാ മനുഷ്യരെയും മനുഷ്യരായി കണ്ട് ചേർത്തു പിടിച്ച് ശ്രുശ്രൂഷിക്കുന്ന ആതുരസേവന രംഗത്ത് മികച്ചു നിൽക്കുന്നവരെ തേടി അഭിവന്ദ്യ പിതാവ് കടന്നു ചെന്നത് സ്വന്തം സ്വദേശമായ  സ്വിസർലാൻഡിലേയക്കായിരുന്നു.അവിടെ 1844 ൽ ഫാ.തിയോഡഷ്യസ് ഫ്ളോറൻറ്റിനിയെന്ന കപ്പൂച്ചിയൻ വൈദീകനാൽ തുടക്കം കുറിക്കപ്പെട്ട  ഹോളിക്രോസ് സന്യാസസമൂഹത്തിന്റെ സ്ഥാപക മദർ ജനറലായിരുന്ന മദർ പൗളാബക്കിനോട് 1906 ൽ  കത്തു മുഖേന അടിയന്തരമായി നഴ്സുമാരായ 12 കന്യാസ്ത്രീകളെ വിട്ടു തരണമെന്ന് എഴുതി. തുടർന്ന് തന്റെ സ്വദേശമായ സ്വിസർലാൻഡിൽ കടന്നു ചെന്ന് സ്വന്തം സഹോദരൻ ഓസ്റ്റിനുമായി ചേർന്ന് മെൻസിൻങ്ങിൽ മദർ ജനറലുമായി ചർച്ച നടത്തി. അന്ന് വെറും നഴ്സുമാരെയല്ല മറിച്ച് നഴ്സിംഗ് പഠിപ്പിച്ചു നൽകാനും കഴിവുള്ളവരെയാണ് ആവശ്യപ്പെട്ടത്.അങ്ങനെ 1906 നവംബർ 4 ന് ഒരു വലിയ ദൗത്യത്തിന് തുടക്കം കുറിച്ചു കൊണ്ട് അഞ്ച് ഹോളിക്രോസ് കന്യാസ്ത്രീകൾ കപ്പലിലും ട്രെയിനിലുമായി ദേശാന്തരങ്ങൾ പിന്നിട്ട 21 ദിവസത്തെ യാത്രയ്ക്കു ശേഷം കൊല്ലത്ത് എത്തി ചേർന്നു.മദർ പൗളാബക്കിന്റെ നേതൃത്വത്തിൽ ലെയോണി,സിസേറിയ,സലോമി, റീന എന്നിവരായിരുന്നു ആ അഞ്ചു പേർ.കൊല്ലത്തു നിന്ന് ഒരു പകലും രാത്രിയും യാത്ര ചെയ്ത് തിരുവിതാകൂറിലെ ജനറൽ ആശുപത്രിയിലെത്തി സേവനം ചെയ്യാൻ തുടങ്ങി.പിന്നീട് അവർ കൊല്ലത്തെ ആശുപത്രിയിലും തുടർന്ന് 1907, 1910, 1912 ലും 1921 ൽ 29 കന്യാസ്ത്രീകളും സ്വിസർലാന്റിൽ നിന്നും ദേശങ്ങൾ താണ്ടി കപ്പലിലും ട്രെയിനിലുമായി വന്നു ചേർന്നു.ആലപ്പുഴയിലും മാവേലിക്കരയിലും തിരുവല്ലയിലും നാഗർകോവിലിലും നൂറനാട്ടെ കുഷ്ഠരോഗ ആശുപത്രിയിലും സേവനനിരതരായി.തിരുവനന്തപുരത്തെ ജനറലാശുപത്രിയുടെ ഉള്ളിൽ നഴ്സിംഗ്  കോർട്ടേഴ്സും ഒരു ചാപ്പലും മഹാരാജാവ് ആ സന്യാസ സമുഹത്തിന് അനുവദിച്ചു നൽകി.ഇന്നും തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ സേവനനിരതായി ഓടി നടക്കുന്ന ഹോളിക്രോസ് സിസ്റ്റഴേസിനെ കാണാനാകും.കൊട്ടിയത്തെ ഹോളിക്രോസ് ആശുപത്രിയും നഴ്സിംഗ് സ്ക്കൂളും കൊല്ലത്തിന് അവർ നൽകി മികച്ച സംഭാവനകളാണ്.ഓരോ നഴ്സസ് ഡേയ്ക്കും കേരളത്തിന്റെ നഴ്സിംഗ് ചരിത്രത്തിൽ സ്മരിക്കപ്പെടേണ്ട മഹനീയ വ്യക്തിത്വങ്ങളാണ് ദൈവദാസൻ ആർച്ച  ബിഷപ്പ് അലോഷ്യസ് മരിയ ബൻസിഗറും  സ്വിസ്സ് മണ്ണിൽ നിന്നും കേരളക്കരയിൽ വന്നു ചേർന്ന അഞ്ച് ഹോളിക്രോസ് കന്യാസ്ത്രീകളും.......അതെ ...അതായിരുന്നു തിരുവിതാകൂറിന്റെ നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ.
 
ലിനി ,കേരളത്തിന്റെ ക്ലാര മാസ്‌ :-
 --------------------------------------------------
18 ശതകത്തിന്റെ അവസാനത്തിൽ മഞ്ഞപ്പനിയെ പറ്റിയുള്ള തീവ്ര പരീക്ഷണങ്ങളിൽ അമേരിക്കൻ ശാസ്ത്രജ്ഞർ മുഴുകിയിരിക്കുമ്പോൾ സ്വയം കൊതുക് കടിയേറ്റ് പരീക്ഷണങ്ങൾക്കു തയ്യാറാകാൻ മുന്നോട്ട് വന്ന ധീര വനിതയായിരുന്നു അമേരിക്കൻ സൈന്യത്തിലെ നഴ്‌സ്‌ ആയിരുന്ന ക്ലാരമാസ്‌.ദൗർഭാഗ്യമെന്ന് പറയട്ടെ ,രണ്ടാം വട്ട പരീക്ഷണത്തിനൊടുവിൽ ക്ലാര മാസിനു കടുത്ത മഞ്ഞപ്പനി പിടിക്കുകയും മരണം സംഭവിക്കുകയും ചെയ്യ്തു .ഈ സമർപ്പണത്തിന്റെ മാലാഖമാരോടൊപ്പം തന്നെയാണ് നിപ രോഗികളെ പരിചരിച്ചു അതേ രോഗം ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയ പേരാബ്ര താലൂക്കു ആശുപത്രിയിലെ നഴ്‌സ്‌ ലിനി .കേരളം ലിനിയെ കണ്ണീരോടെ ചേർത്ത് പിടിക്കുകയാണ് .
 
മഹാമാരിയുടെ ഈ സമയത്തും സ്വയം ജീവൻ ബലി നൽകി മുന്നണിപ്പോരാളികളായി ജീവൻ രക്ഷിക്കുന്ന ദൗത്യത്തിൽ പങ്കുചേർന്ന എല്ലാ നഴ്‌സുമാർക്കും മുൻപിൽ പ്രണാമം അർപ്പിക്കുന്നതോടൊപ്പം ഏവർക്കും ഹൃദയം നിറഞ്ഞ നഴ്സസ് ദിന ആശംസകൾ നേരുന്നു .


നേഴ്സിനും പറയാനുണ്ട് ചില ഓർമ്മകൾ (ജോബി ബേബി, നേഴ്സ്, കുവൈറ്റ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക