Image

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും തലമുറ മാറ്റവും (സൂരജ് കെ.ആര്‍)

Published on 12 May, 2021
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും തലമുറ മാറ്റവും (സൂരജ് കെ.ആര്‍)
കേരളത്തിലാദ്യമായി എല്‍ഡിഎഫിന്റെ തുടര്‍ഭരണം സാധ്യമാക്കിയ മുഖ്യമന്ത്രി എന്നാണ് പിണറായി വിജയനെ പലരും വാഴ്ത്തുന്നത്. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ കാര്‍ക്കശ്യ മുഖമായി പലരുടെയും വിമര്‍ശനത്തിനും, എതിര്‍പ്പിനും പാത്രമായ പിണറായി പക്ഷേ, മുഖ്യമന്ത്രി എന്ന നിലയില്‍ തിളങ്ങിയ കാലഘട്ടമാണ് 2016-2021. പ്രളയം, നിപ്പ, ഓഖി, കോവിഡ് അടക്കമുള്ള ദുരന്തങ്ങളെയെല്ലാം അതിജീവിക്കാന്‍ അദ്ദേഹം കേരളജനതയ്ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും, സര്‍ക്കാര്‍ സ്ഥാപനങ്ങളെ നഷ്ടത്തില്‍ നിന്നും കരകയറ്റുകയും ചെയ്‌തെങ്കിലും കൃത്യമായ പെന്‍ഷന്‍ വിതരണം, റേഷന്‍ സംവിധാനം ശക്തിപ്പെടുത്തല്‍ എന്നിവ തന്നെയാണ് ഈ സര്‍ക്കാരിനെ ജനപ്രിയമാക്കാനുള്ള പ്രധാന കാരണം. ആരോഗ്യമേഖലയിലെ കെ.കെ. ശൈലജ ടീച്ചറുടെ ഇടപെടലും സര്‍ക്കാരിന് മൊത്തത്തിലാണ് ഗുണം ചെയ്തത്.

ഇതിനെല്ലാം പുറമെ ബിജെപി വെല്ലുവിളികളെ സധൈര്യം നേരിട്ടത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഇടതുപക്ഷത്തില്‍ വിശ്വാസം വര്‍ദ്ധിപ്പിച്ചു എന്നതും തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാണ്. കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കുമെന്നും, സര്‍ക്കാരിന്റെ കാല്‍ വലിച്ച് താഴെയിടണമെന്നുമെല്ലാമുള്ള അമിത് ഷായുടെ പ്രഖ്യാപനങ്ങള്‍ക്ക് ഉറച്ച മറുപടി നല്‍കി മുമ്പില്‍ നിന്നത് മുഖ്യമന്ത്രി തന്നെയായിരുന്നു. മതേതര പാര്‍ട്ടിയായി പേരെടുത്ത കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് സാധിക്കാതെ പോയത് പിണറായി സാധിപ്പിച്ചതിലും ന്യൂനപക്ഷം പ്രതീക്ഷ കണ്ടു.

അതേസമയം മുന്‍കാലങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ഏറെ വിഭിന്നമായാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നതും ഇടതുപക്ഷത്തെ ജനങ്ങളോടടുപ്പിക്കാന്‍ കാരണമായി. പിന്തിരിപ്പന്‍ കൂട്ടം എന്നൊരു വിമര്‍ശനം പല കാലത്തായി ഇടതുപക്ഷം നേരിട്ടതാണ്. കേരളത്തില്‍ കംപ്യൂട്ടറടക്കമുള്ളവയ്‌ക്കെതിരെ സമരം ചെയ്തപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ ഇവിടെ വ്യവസായം വളരാനനുവദിക്കുന്നില്ലെന്ന പ്രചരണവുമുണ്ടായി. എന്നാല്‍ ഇത്തവണത്തെ സര്‍ക്കാര്‍ നിക്ഷേപകരെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് എടുത്തത്. ഇതേത്തുടര്‍ന്ന് നിരവധി അഴിമതിയാരോപണങ്ങള്‍ നേരിട്ടെങ്കിലും, മറുവശത്ത് ജനോപകാര പ്രവൃത്തികള്‍ ചെയ്തുകൊണ്ട്, സത്യമായ ആരോപണങ്ങളെ പോലും മൂടിവയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

എന്നാല്‍ സര്‍ക്കാരിലും, ഇടതുപക്ഷത്തിലും ഇപ്പോള്‍ സജീവമാകുന്നത് തലമുറ മാറ്റം എന്ന സിദ്ധാന്തമാണ്. സിദ്ധാന്തത്തിലുപരി അത് പലപ്പോഴായി പ്രാവര്‍ത്തികമാക്കിയിട്ടുമുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം നല്‍കിയതിലൂടെയും, 22-കാരിയായ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കിയതിലൂടെയും തങ്ങള്‍ മാറ്റത്തിന്റെ പാതയിലാണെന്ന സന്ദേശം സിപിഎം നേരത്തെ നല്‍കിയതാണ്. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കേണ്ടെന്ന നിലപാടും സിപിഎം, സിപിഐ എന്നിവര്‍ കര്‍ശനമായി നടപ്പിലാക്കിയിരുന്നു. പ്രമുഖരായ ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍, തോമസ് ഐസക്ക്, സി. രവീന്ദ്രനാഥ്, എ.കെ ബാലന്‍, ജി. സുധാകരന്‍ അടക്കമുള്ളവര്‍ ഇതെത്തുടര്‍ന്ന് മത്സരരംഗത്തില്ലാതിരിക്കുക കൂടി ചെയ്തിട്ടും, എല്‍ഡിഎഫ് വന്‍വിജയം നേടിയത് പാര്‍ട്ടിയുടെ നയം ജനങ്ങള്‍ അംഗീകരിച്ചു എന്നതിന്റെ കൂടി തെളിവാണ്.

ഇതെത്തുടര്‍ന്നാണ് മന്ത്രിസഭയിലും തലമുറമാറ്റം എന്ന വാദത്തിന് പ്രീതിയേറുന്നത്. മുഖ്യമന്ത്രിയായി നയിച്ച പിണറായി വിജയന്‍, ഇടതുപക്ഷ വിജയത്തിന് ചുക്കാന്‍ പിടിച്ചു എന്ന് പല കോണുകളില്‍ നിന്നായി അഭിനന്ദനമുയരുന്നതിനാല്‍ അദ്ദേഹമൊഴികെ ബാക്കി എല്ലാവവരും പുതുമുഖങ്ങളായിരിക്കണമെന്ന വാദം ശക്തമാണ്. പക്ഷേ ജനപ്രിയയായ കെ.കെ. ശൈലജ ടീച്ചറെ ആരോഗ്യമന്ത്രിയായി തുടരാനനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ തീര്‍ച്ചയായും വലിയ സംഭാവനകള്‍ ശൈലജ ടീച്ചര്‍ക്ക് നല്‍കാനായിട്ടുണ്ട്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും ടീച്ചര്‍ ജയിച്ചെത്തിയതും ജനം ഇതേ പ്രതീക്ഷയോടെയാണ് അവരെ വിജയിപ്പിച്ചതെന്ന് വിളിച്ചോതുന്നതാണ്. കോവിഡ് പ്രതിരോധത്തിലടക്കം നടപടികള്‍ എളുപ്പത്തില്‍ തുടരാന്‍ ടീച്ചറിന്റെ മന്ത്രിസ്ഥാനം ഗുണകരമാകും.

തലമുറമാറ്റം കൃത്യമായി നടപ്പിലായാല്‍ പി.രാജീവ്, വീണാ ജോര്‍ജ്ജ്, എം.ബി രാജേഷ്, കാനത്തില്‍ ജമീല, എ.എന്‍. ഷംസീര്‍, പി.എ മുഹമ്മദ് റിയാസ്, പി.പി ചിത്തരഞ്ജന്‍, സജി ചെറിയാന്‍ തുടങ്ങിയവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കാം. തല നരച്ചവര്‍ മാത്രം മന്ത്രിമാരാകുന്ന സ്ഥിരം കാഴ്ചയില്‍ നിന്നും ജനങ്ങള്‍ക്കുള്ള മോചനവുമായേക്കാം ഇത്. തീര്‍ച്ചയായും പുരോഗമനപ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന് അഭികാമ്യവുമാണ് ഈ മാറ്റം.

അതേസമയം കൃത്യമായ പദ്ധതികളോടെയാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമെന്ന് ഇക്കാര്യങ്ങളിലൂടെ വ്യക്തമാകും. പിന്തിരിപ്പന്മാര്‍ എന്ന വിളിയുടെ മുനയൊടിക്കുന്നതിനൊപ്പം മറ്റ് പല സംസ്ഥാനങ്ങളിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പരാജയപ്പെടാനുണ്ടായ കാരണങ്ങളും കേരളത്തിലെ ഇടതുപക്ഷം വ്യക്തമായി മനസിലാക്കിയിട്ടുണ്ടെന്നുറപ്പ്. സംഘപരിവാര്‍ രാഷ്ട്രീയം അതിന്റെ ഫാസിസ്റ്റ് മുഖം കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, ഇടതുപക്ഷത്തിന്റെ പ്രസക്തി എന്താണെന്ന് കൃത്യമായി തിരിച്ചറിയുകയും, നയങ്ങളില്‍ മാറ്റം വരുത്തുന്നതിലൂടെ ജനമനസ്സില്‍ സ്ഥാനമുറപ്പിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ തന്നെയാണ് ഇത്. ബംഗാളടക്കമുള്ള സ്ഥലങ്ങളിലേറ്റ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തന്നെയാണ് കേരളത്തിലെ ഇടതുപക്ഷം മുന്നോട്ട് പോകുന്നതെന്നും വ്യക്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക