Image

ലോക നേഴ്‌സസ് ദിനത്തില്‍ കേരളത്തിന്റെ തേങ്ങലായി സൗമ്യ

ജോബിന്‍സ് തോമസ് Published on 12 May, 2021
ലോക നേഴ്‌സസ് ദിനത്തില്‍ കേരളത്തിന്റെ തേങ്ങലായി സൗമ്യ

ഇന്ന് ആഗോള നഴ്‌സസ് ദിനം ഭൂമിയിലെ മാലാഖാമാരുടെ സേവനങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്ന, ആശംസകളര്‍പ്പിക്കുന്ന ,ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്ന സുന്ദരദിനം. ഒരുപക്ഷെ ഇടുക്കി കീരിത്തോട് സ്വദേശി സന്തോഷും ഇസ്രായേലില്‍ ജോലി ചെയ്യുന്ന തന്റെ പ്രിയതമയ്ക്കായി നഴ്‌സസ്ദിന സന്ദേശങ്ങള്‍ തയ്യാറാക്കി വച്ചിട്ടുണ്ടാവണം. ചൊവ്വാഴ്ച വൈകിട്ട് ഭാര്യയുടെ വീഡിയോകോള്‍ ഏറെ സന്തോഷത്തോടെയാവണം ആ ഭര്‍ത്താവ് എടുത്തിട്ടുണ്ടാവുക. എന്നാല്‍ ആ വിളിയും  കാഴ്ചയും അവസാനത്തേതായിരുന്നു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട മലയാളിനേഴ്‌സ് സൗമ്യ സന്തോഷ് ഈ നഴ്‌സസ് ദിനത്തില്‍ കേരളത്തിന്റെ തേങ്ങലായി മാറുകയാണ്. 

മലയാളി നഴ്‌സുമാര്‍ കെയര്‍ ടേക്കര്‍, ഹോം കെയര്‍ എന്നീ മേഖലകളിലാണ് ഇസ്രായേലില്‍ അധികവും ജോലി ചെയ്യുന്നത്. ലക്ഷങ്ങള്‍ ഏജന്‍സി ഫീസും വിസയ്ക്കായും കൊടുത്താണ് ഉറ്റവരെ വിട്ട് ഉള്ളില്‍ സ്വപ്‌നങ്ങളും പേറി ഇവര്‍ ഇസ്രായേലിലേയ്ക്ക് പറക്കുന്നത്. ഇവിടെ ലഭിക്കുന്ന ഉയര്‍ന്ന ശമ്പളവും നാട്ടിലെ പ്രാരാബ്ദങ്ങളുമാണ് ഇവരെ ഇസ്രായേലില്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. മലയോര ഗ്രാമമായ ഇടുക്കി കീരിത്തോട്ടിലെ സൗമ്യയും ഇവരിലൊലാളായിരുന്നു. നാട്ടില്‍ വന്നുപോയിട്ട് രണ്ടുവര്‍ഷം. ഈ വര്‍ഷം ഭര്‍ത്താവിനേയും പ്രിയപ്പെട്ടവരേയും കാണാന്‍ നാട്ടിലെത്താനിരുന്നതാണ് എന്നാല്‍ കൊറോണ ആ യാത്ര മുടക്കി. എന്നാല്‍ ഇനി നാട്ടിലേയ്ക്കുള്ള അവസാന യാത്ര കൊറോണയ്ക്ക് മുടക്കാനാവില്ലല്ലോ. 

നാട്ടിലേയ്ക്കുള്ള യാത്ര ഓരോ പ്രവാസിക്കും മനസ്സിനൊരാഘോഷമാണ്. അവധി കിട്ടി ടിക്കറ്റെടുത്തു കഴിഞ്ഞാല്‍ പിന്നെ മിനിറ്റുകളെണ്ണിയുള്ള കാത്തിരിപ്പാണ് പ്രിയപ്പെട്ടവര്‍ക്കിടയിലേയ്ക്ക് പറന്നെത്താന്‍. ആ യാത്ര മുടങ്ങിയാല്‍ ഉണ്ടാകുന്ന മാനസീക ബുദ്ധിമുട്ടും കണ്ണീരും അളക്കാവുന്നതിലധികമാണ്. ഈ അവസ്ഥ സൗമ്യക്കുമുണ്ടായിരുന്നു. ഈ വര്‍ഷം നിശ്ചയിച്ചിരുന്ന യാത്ര കൊറോണ മുടക്കിയപ്പോള്‍. ഇസ്രായേലിലെ സംഘര്‍ഷ ബാധിത മേഖലകളിലെ വീടുകള്‍ക്കെല്ലാം സുരക്ഷാബങ്കറുകളുണ്ട്. 

പുറത്ത് അസ്വഭാവികമായതെന്തെങ്കിലും നടന്നാല്‍ ഈ ബങ്കറുകളില്‍ ഒടിയെത്തണം. പക്ഷെ സൗമ്യക്ക് താന്‍ പരിചരിക്കുന്ന വൃദ്ധയേയും ഇവിടേയ്‌ക്കെത്തികേണ്ടിയിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിനിടയിലാണ് വീട്ടിലേയ്ക്ക് വിളിച്ചത്. സുരക്ഷാ ബങ്കറിലേയ്ക്ക് പോവുകയാണെന്നും ഇനിയെപ്പോഴാണ് വിളിക്കാന്‍ കഴിയുന്നതെന്നറിയില്ലെന്നും പറഞ്ഞു തീര്‍പ്പോള്‍ ഭര്‍ത്താവ് സന്തോഷ് വീഡിയോയില്‍ കണുന്നത് വലിയ
 ശബ്ദത്തോടെ എന്തോ ആ മുറിയിലേയ്ക്ക് വന്ന് പതിക്കുന്നതാണ് പിന്നെകാണുന്നത് പുകയും പൊടിപടലങ്ങളും. ഫോണ്‍ കട്ടായി പല തവണ തിരിച്ചുവിളിച്ചിട്ടും ഫോണ്‍ ഓഫ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് സന്തോഷിന്റെ സഹോദരി ഷേര്‍ലിയാണ് വീട്ടിലേയ്ക്ക് വിളിച്ച് ദുരന്തവാര്‍യറിച്ചത്. 

ലോകമാകമാനം ഭൂമിയിലെ മാലാഖമാരെ ആദരിക്കുമ്പോള്‍ ആശംസകള്‍ നേരുമ്പോള്‍ കേരളത്തിന് വേദനയായി മാറുകയാണ് സൗമ്യ. എത്രയും വേഗം നാട്ടിലെത്തി പ്രിയപ്പെട്ടവരെ കാണാന്‍ കാത്തിരുന്ന സൗമ്യ ഇനിയെത്തുന്നത് ശാന്തമായി ഉറങ്ങുന്ന മാലാഖയായിട്ടായിരിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക