Image

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

Published on 12 May, 2021
അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ
ഓർമ്മയുടെ തുടക്കങ്ങളിലൊക്കെ അമ്മയുടെ അമ്മയുടെ കൂടെ ആയിരുന്നു ഞാൻ വളർന്നത്. ചേർത്തല താലൂക്കിൽ നിന്ന് 19 വയസ്സായ മകന്റെ കൂടെ കോട്ടയത്തേക്ക് എത്തിയ അമ്മിണി എന്ന കാവുകുട്ടി കുഞ്ഞമ്മ.
പ്രസവിച്ച എട്ടാം ദിവസം അമ്മയെ നഷ്ടമായ കുട്ടി.
 -  "അച്ഛൻ - " എന്ന്  വിളിച്ച് ചേർത്ത് പിടിക്കേണ്ട നമ്പൂതിരിപിതാവ്  സ്വജാതിവേളിയോടൊപ്പം മറ്റൊരു ഇല്ലത്ത്  ആയിരുന്നു.
ഒറ്റപ്പെടലിന്റെ ആ ബാല്യം... നമ്മുടെ സങ്കല്പങൾക്ക് അപ്പുറം വേദന നിറഞ്ഞതായിരിക്കണം.
മൂത്ത മകളായ അല്ല, ഏക മകളായ,എന്റെ അമ്മയുടെ TTC പഠനത്തിന് വേണ്ടിയാണ് 
തിരുനക്കര എത്തുന്നത്.
ഒപ്പം രണ്ടര വയസ്സുള്ള ഇളയ മകനെ ഒക്കത്ത് ഏറ്റി ഒരു പറിച്ച് നടൽ. പോരാട്ടങ്ങളുടെ തുടക്കമായിരുന്നു ആ നാട്ടിൻ പുറത്തുകാരിയുടെ..
പരദേവതയായ നാൽപത്തണീശ്വരത്തപ്പന്റെ മുൻപിൽ നിന്ന് തിരുനക്കര തേവരുടെ  മുന്നിലേക്ക്-----
മുന്ന് മക്കളുടെ വിദ്യാഭ്യാസം.
അക്കാലത്ത് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഇടയിൽ ഇളയ മകനെ മെഡിക്കൽ വിദ്യാഭ്യാസത്തിന് കോട്ടയം മെഡിക്കൽ കോളേജിൽ ചേർക്കുമ്പോൾ, 
  - "സ്ത്രീ ശാക്തീകരണം-" തുടങ്ങിയ പദങ്ങൾ നമ്മുടെ നാട്ടിൽ പ്രയോഗത്തിൽ എത്തിയിരുന്നില്ല.
എന്നിട്ടും ഒറ്റയാൾ പോരാട്ടം തുടർന്നു. 
മക്കളുടെ ജോലി, വിവാഹം എല്ലാം തനിച്ച്... 
കൂട്ടിന് കുടെ കൂട്ടിയത് മകളുടെ കുട്ടിയായ മുരളിയെ.....
തിരിഞ്ഞ് നോക്കമ്പോൾ ഇന്ന് നടന്ന വഴികൾ എല്ലാം അമ്മച്ചി കാട്ടി തന്നതായിരുന്നു.
എല്ലാവരെയും ഒരു കരയിൽ എത്തിച്ച്  എഴുപതാം വയസ്സിൽ വീണ്ടും ജന്മനാട്ടിലേയ്ക്ക് , തിരിച്ച് പോയി...
പഴയ തറവാട് പുതുക്കി പണിത്, ഭർത്താവിനോടൊപ്പം വീണ്ടും...
കോളേജ് സമരക്കാലത്ത് വഴക്കും, വക്കാണവും വർദ്ധിക്കുമ്പോൾ എന്റെ ഒളിവിടമായത് അമ്മച്ചിയുടെ അടുത്ത് തന്നെ.
കഥകളി കഴിച്ച് ഉണ്ടായ, മകളുടെ മകന്റെ ഭാവിക്കുള്ള വഴിപാടുകൾ കഴിച്ച് കുട്ടിയ സ്നേഹനിലാവ്...
എപ്പോഴും ധരിച്ചിരുന്ന വെള്ള വസ്ത്രങൾ പോലെ....മനസും...
ഒരിക്കലും നിറമുളള വസ്ത്രം ധരിച്ച് കാണാത്ത എന്റെ അമ്മച്ചിയെ കുറിച്ചാവട്ടെ മാതൃസ്മരണ .
ഇന്ന് അമ്മയും കുടെയില്ല.
കഴിഞ്ഞ കർക്കിടകത്തിലാണ് എന്റെ അമ്മ , അമ്മച്ചിയുടെ അടുത്തേക്ക് യാത്രയായത്.
ഉള്ളിലുള്ള രണ്ട് അമ്മമാർക്കും എള്ളും , പൂവും, ചന്ദനവും ചേർത്ത് ഒരു നീര്---               

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക