Image

ലണ്ടന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി ഡോ. അജി പീറ്ററിന് ജയം

Published on 12 May, 2021
ലണ്ടന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി ഡോ. അജി പീറ്ററിന് ജയം
ലണ്ടന്‍: ബേസിങ്‌സ്റ്റോക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോട്ടയം സ്വദേശിയായ ഡോ. അജി പീറ്ററിന് ജയം. ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രഞ്ജനാണ് ഡോ. അജി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ടിക്കറ്റിലാണ് അദ്ദേഹത്തിന്റെ ജയം. ഇല്ലിമുളപാലക്കല്‍ പീറ്ററിന്റെയും മേരിയുടെയും മകനായ ഡോ. അജി, ഭാര്യ ജോളിക്കും മക്കളായ ഫ്രാന്‍സിസിനും ആഞ്ജല, ആഗ്‌നസ് എന്നിവര്‍ക്കൊപ്പം യുകെയിലാണ് സ്ഥിരതാമസം.

രാജ്യാന്തരതലത്തില്‍ അധ്യാപകന്‍, ശാസ്ത്രഞ്ജന്‍, പരിശീലകന്‍, സംരംഭകന്‍, മോട്ടിവേഷനല്‍ സ്പീക്കര്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. അജി പീറ്റര്‍. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അദ്ദേഹം അടുത്തിടപഴകുന്നുണ്ട്.

ഡിഐഇടി, കേരള വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവുടെ വിവിധ പദ്ധതികളുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. യുകെ വാട്ടര്‍ മാനേജ്‌മെന്റ് സൊസൈറ്റി, അമേരിക്കന്‍ വാട്ടര്‍ വര്‍ക്ക്‌സ് അസോസിയേഷന്‍, റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി തുടങ്ങിയ വിവിധ സംഘടനകളിലെ മുതിര്‍ന്ന അംഗമാണ്.

2017ല്‍ ഇടുക്കി ഡാമിനു സമീപമുള്ള കരിങ്കല്‍ ക്വാറികളെ കുറിച്ചുള്ള ഒരു പഠനം ഡോ. അജി പീറ്റര്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഇത് വലിയ ശ്രദ്ധനേടുകയും അനധികൃതമായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പൂട്ടുന്നതിന് സഹായിക്കുകയും ചെയ്തിരുന്നു. ബൈബിള്‍ പ്രവചനങ്ങളെ പരിസ്ഥിതിയുമായി കൂട്ടിച്ചേര്‍ത്ത് കാര്യങ്ങള്‍ പറയുന്നതിനാല്‍ "പ്രീച്ചര്‍ സയിന്റിസ്റ്റ്' എന്നാണ് ഡോ. അജി അറിയിപ്പെടുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക