Image

ബ്രിട്ടനില്‍ കോവിഡ് മരണങ്ങള്‍ കുറഞ്ഞു; അടുത്തയാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍

Published on 12 May, 2021
ബ്രിട്ടനില്‍ കോവിഡ് മരണങ്ങള്‍ കുറഞ്ഞു; അടുത്തയാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍
ലണ്ടന്‍: കോവിഡ് മരണങ്ങള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അടുത്തയാഴ്ച മുതല്‍ ബ്രിട്ടന്‍ ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു.  വാക്‌സിനേഷനിലൂടെ കോവിഡിനെ വരുതിയിലാക്കി, തുടര്‍ച്ചയായ രണ്ടാം ദിവസവും മരണം അഞ്ചില്‍ താഴെ നില്‍ക്കുമ്പോഴാണു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം. ഞായറാഴ്ച രണ്ടും, ഇന്നലെ നാലുപേരും മാത്രമാണു ബ്രിട്ടനില്‍ കോവിഡ് ബാധിച്ചു മരിച്ചത്. രണ്ടുമാസം മുന്‍പു പ്രതിദിനം 2000 പേര്‍ മരിച്ചിരുന്ന സ്ഥിതിയില്‍ നിന്നാണു സാധാരണ നിലയിലേക്കുള്ള ബ്രിട്ടന്റെ ഈ മടക്കം.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസമായിരുന്നു ഇന്നലെ. ആകെയുണ്ടായ നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു വെയില്‍സില്‍ നിന്നാണ്.  

അടുത്ത തിങ്കളാഴ്ച മുതല്‍ ആളുകള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനും റസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും പബ്ബുകളില്‍ പോയിരുന്നു മദ്യപിക്കാനും വിദേശത്തേക്ക് വിനോദയാത്ര പോകാനും അമനുമതിയായി. ചരിത്രപരമായ ഈ ഇളവുകള്‍ ആസ്വദിക്കുമ്പോള്‍ മര്യാദകള്‍ മറക്കരുതെന്നും, വേഗം രോഗം പിടിപെടാന്‍ സാധ്യതയുള്ളവരെ കരുതണമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ഥിച്ചു.  24 മുതല്‍ സ്‌കോട്ട്‌ലന്‍ഡില്‍ നിന്നും ഏതാനും രാജ്യങ്ങളിലേക്ക് യാത്രപോകുന്നവര്‍ക്ക് തിരികെയെത്തുമ്പോള്‍ ക്വാറന്റീന്‍ പോലും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ബ്രിട്ടന്‍ വിവിധ ലോക രാജ്യങ്ങളെ റെഡ്, ആംബര്‍, ഗ്രീന്‍ എന്നിങ്ങനെ മൂന്നു കാറ്റഗറിയായി തിരിച്ചിട്ടുണ്ട്. ഇതില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള രാജ്യങ്ങളില്‍ പോയി വരുന്നവര്‍ക്കാണ് 24 മുതല്‍ സ്‌കോട്ട്‌ലന്‍ഡില്‍ ക്വാറന്റീന്‍ ഇളവ് അനുവദിക്കുന്നത്.

വരുന്ന തിങ്കളാഴ്ച മുതല്‍ ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഫെയ്‌സ് മാസ്ക് ധരിക്കേണ്ടതില്ല.  തിങ്കളാഴ്ച മുതല്‍ വീടിനു പുറത്ത് 30 പേര്‍ക്കുവരെ ഒത്തുകൂടാം. രണ്ടുവീടുകളിലെ ആറുപേര്‍ക്കുവരെ വീടിനുള്ളിലും ഒരുമിക്കാം. വിവാഹ പാര്‍ട്ടികളിലും മറ്റു സല്‍ക്കാരങ്ങളിലും 30 പേര്‍ക്കുവരെ പങ്കെടുക്കാം. ശവസംസ്കാര കര്‍മ്മങ്ങളില്‍ ആളുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലെങ്കിലും ചടങ്ങു നടക്കുന്ന സ്ഥലത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ നിയന്ത്രിക്കണം. കെയര്‍ ഹോമുകളില്‍ അഞ്ചു സന്ദര്‍ശകരെ വരെ അനുവദിക്കും. കെയര്‍ ഹോമുകളില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പുറത്തുപോകാനും അനുമതിയുണ്ടാകും.

മ്യൂസിയങ്ങള്‍, സിനിമാശാലകള്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, തിയറ്ററുകള്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍, സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ എന്നിവയെല്ലാം തുറക്കും.

ഹോട്ടലുകളും ബാര്‍ബി ക്യൂ റസ്റ്ററന്റുകളും തുറക്കാം. ഫെയ്‌സ് മാസ്ക് ഒഴിവാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതു നിര്‍ത്തലാക്കുന്നതും നൈറ്റ് ക്ലബ്ബുകള്‍ തുറക്കുന്നതും ഉള്‍പ്പെടെയുള്ള കൂടുതല്‍ ഇളവുകള്‍ ജൂണ്‍ 21നു പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക