Image

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

Published on 12 May, 2021
ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

മലയാളത്തില്‍ ഈയടുത്ത കാലത്ത് ഏറെ ശ്രദ്ധേയമായതും, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായതുമായ  നോവലാണ് ആടുജീവിതം. പ്രവാസലോകത്തെ എഴുത്തുകാരനായിരുന്ന ബെന്യാമിന്‍ മലയാള സാഹിത്യലോകത്ത് ശ്രദ്ധേയനാകുന്നതും, സ്ഥിരം സാന്നിദ്ധ്യമാകുന്നതും ഈ നോവലിലൂടെ തന്നെ. എന്നാല്‍ 2008-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആടുജീവിതം, 13 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് കോപ്പിയടി ആരോപണം നേരിടുകയാണ്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സാംസ്‌കാരിക ലോകത്തെ പലരും പറയുമ്പോള്‍, ബെന്യാമിനെതിരായ രാഷ്ട്രീയ പകപോക്കലാണ് ആരോപണമെന്നും വാദമുയരുന്നുണ്ട്.

അറേബ്യന്‍ എഴുത്തുകാരനായ മുഹമ്മദ് അസദ് 1954-ലെഴുതിയ 'ദി റോഡ് ടു മക്ക' എന്ന നോവലിലെ ചില ഭാഗങ്ങള്‍ അതേപടി ബെന്യാമിന്‍ കോപ്പിയടിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈയിടെ ഉയര്‍ന്ന പ്രധാന ആരോപണം. അറേബ്യന്‍ മരുഭൂമികളിലൂടെ നടത്തിയ യാത്രകളുടെ ആത്മകഥാംശം കലര്‍ന്ന വിവരണമാണ് ഈ ലോകപ്രശസ്തമായ പുസ്തകം. കേരളത്തില്‍ കുറച്ചുനാളായി കണ്ടുവരുന്ന എന്തിനെയും രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രവണത ഇക്കാര്യത്തിലുമുണ്ടായി എന്നു വേണം കരുതാന്‍. തന്റെ ഇടതുപക്ഷ പിന്തുണ പല തവണ വ്യക്തമായിട്ടുള്ള എഴുത്തുകാരനാണ് ബെന്യാമിന്‍ എന്നതിനാലും, ഇത്തവണ തൃത്താല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം.ബി രാജേഷിന് പരസ്യ പിന്തുണയറിയിച്ച് പ്രചാരണം നടത്തിയതും വലതുപക്ഷ രാഷ്ട്രീയക്കാരെ ചൊടിപ്പിച്ചിട്ടുണ്ട് എന്നത് സത്യമാണ്. തെരഞ്ഞെടുപ്പില്‍ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥിയായ വി.ടി ബല്‍റാം പരാജയപ്പെടുകയും ചെയ്തു.

അപ്രതീക്ഷിതമായി വീണുകിട്ടിയ ഈ കോപ്പിയടി അസ്ത്രം എഴുത്തുകാരന് നേരെ തൊടുക്കാന്‍ പിന്നെ താമസമുണ്ടായില്ല. അതില്‍ കോണ്‍ഗ്രസ്, ബിജെപി അനുഭാവികളും പ്രവര്‍ത്തകരും ഒന്നിച്ചു എന്നുമാണ് മനസിലാക്കേണ്ടത്. ദീപാ നിശാന്ത് മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി താരതമ്യപ്പെടുത്തി ബെന്യാമിനെ കള്ളനെന്നും, മോഷ്ടാവെന്നും വിളിക്കുന്ന നിലയ്‌ലേയ്ക്ക് വരെയെത്തി കാര്യങ്ങള്‍. നേരത്തെ തന്നെ ഇടതുപക്ഷ അനുഭാവി ആയതിനാലും, മറ്റ് രാഷ്ട്രീയങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുവെന്ന പേരിലും സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി പരിഹാസങ്ങളും, വ്യക്തിഹത്യകളും നേരിടുന്നയാളാണ് ബെന്യാമിന്‍ എന്നത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 

എന്തായാലും പുതുതായി ഉയര്‍ന്ന ഈ ആരോപണത്തിന് ബെന്യാമിന്‍ പരോക്ഷമായി മാത്രമാണ് മറുപടി നല്‍കിയിട്ടുള്ളത്. പുഴുങ്ങിയ മുട്ടയുടെ ഫോട്ടോ ഫെസ്ബുക്ക് പ്രൊഫൈലില്‍ പങ്കുവച്ച അദ്ദേഹം 'കുരുപൊട്ടലിന് നല്ലതാണ്' എന്ന് പറഞ്ഞാണ് ആരോപകരെ നേരിട്ടത്.

അതേസമയം ബെന്യാമിന്റെ ആടുജീവിതത്തിലെ ഏതാനും ചില വിവരണങ്ങള്‍, 'ദി റോഡ് ടു മക്ക'യിലേതുമായി അനിതരമായ സാമ്യം പുലര്‍ത്തുന്നുവെന്ന് തെളിവ് സഹിതം വ്യക്തമാക്കിയത് ഇടതുപക്ഷ പ്രവര്‍ത്തകനും, സാഹിത്യനിരീക്ഷകനുമായ ഷംസ് ബാലുശ്ശേരിയാണ്. ബഹറിനിലെ സാഹിത്യകാരന്മാരുടെ കൂട്ടായ്മയുടെ കാലം മുതല്‍ ബെന്യാമിനെയും അദ്ദേഹത്തിന്റെ സൃഷ്ടികളെയും അറിയാമെന്നും ഷംസ് ബാലുശ്ശേരി വ്യക്തമാക്കുന്നു. ആടുജീവിതവും, റോഡ് ടു മക്കയും തമ്മിലുള്ള സാമ്യം ഷംസ് ബാലുശ്ശേരി വ്യക്തമാക്കുന്നത്, റോഡ് ടു മക്കയുടെ ഇംഗ്ലിഷ് പരിഭാഷയെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ്. റോഡ് ടു മക്ക, 'മക്കയിലേയ്ക്കുള്ള പാത' എന്ന പേരില്‍ എം.എന്‍ കാരശ്ശേരി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി 2016-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ പരിഭാഷയില്‍ ഇപ്പറയുന്ന സാമ്യം കാണാനാവില്ലെന്നും, കാരണം അതൊരു സ്വതന്ത്രപരിഭാഷയാണ് എന്നും ഷംസ് പറയുന്നു.

റോഡ് ടു മക്കയിലേതിന് സമാനമായ മരുഭൂമി വര്‍ണ്ണനകളാണ് ആടുജീവിത്തിലും ഉള്ളതെന്നും, പല പാരഗ്രാഫുകളും അവസാനിക്കുന്നത് പോലും ഇംഗ്ലിഷില്‍ നിന്നും മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തത് പോലെയാണെന്നും ഷംസ് പറയുന്നു. നോവലിറങ്ങിക്കഴിഞ്ഞ കാലത്ത് ബഹറിനില്‍ വച്ച്, താന്‍ ഇതുവരെ മരുഭൂമി സന്ദര്‍ശിച്ചിട്ടില്ലെന്ന് ബെന്യാമിന്‍ പറഞ്ഞിരുന്നതായും ഷംസ് പറയുന്നത് ഈ സംശയത്തിന്റെ ആക്കം കൂട്ടുന്നു. ഒരു ഇടതുപക്ഷ വിശ്വാസിയായ തനിക്ക് ബെന്യാമിനെ രാഷ്ട്രീയപരമായി ആക്രമിക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്നു ഷംസ്.

ആടുജീവിതം ഇറങ്ങിയ കാലത്ത് തന്നെ, നേരത്തെ റോഡ് ടു മക്ക വായിച്ചിട്ടുണ്ടായിരുന്ന ഷംസ് ഇക്കാര്യം സാഹിത്യ സുഹൃത്തുക്കളുമായും മറ്റും ചര്‍ച്ച ചെയ്യുകയും, ഈ സാമ്യത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പിന്നീട് ഫേസ്ബുക്കിലും അദ്ദേഹമത് പോസ്റ്റ് ചെയ്തു. പക്ഷേ അന്നത് അത്ര കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നിരുന്നാലും ബെന്യാമിന്റെ രചന വിവിധ പുരസ്‌കാരങ്ങളാല്‍ അംഗീകരിക്കപ്പെട്ടത് പ്രവാസ എഴുത്തുകാരുടെ കൂട്ടായ്മയിലെ അംഗമായിരുന്ന തനിക്ക് ഏറെ സന്തോഷം നല്‍കിയതായും 'മനോരമ'യുമായുള്ള അഭിമുഖത്തില്‍ ഷംസ് വ്യക്തമാക്കുന്നു.

അതേസമയം ഇതൊരു കോപ്പിയടിയാണ് എന്ന് താന്‍ കരുതുന്നില്ലെന്നും, ബെന്യാമിനെ മോഷ്ടാവെന്ന് വിളിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഷംസ് പറയുന്നു. മറിച്ച് റോഡ് ടു മക്ക എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ഭാഗങ്ങള്‍ കടംകൊണ്ടത് എന്നതിനാല്‍, ആ നോവലിനോ എഴുത്തുകാരനോ ക്രെഡിറ്റ് അഥവാ അവലംബം വച്ചില്ല എന്ന തെറ്റാണ് ബെന്യാമിന്‍ ചെയ്തതെന്ന് ഷംസ് ബാലുശ്ശേരി ചൂണ്ടിക്കാട്ടുന്നു. ആടുജീവിതത്തിലെ ഏതാനും ചില ഭാഗങ്ങള്‍ കൂടി ഇത്തരം സാമ്യം കാണിക്കുന്നുണ്ടെന്നും, ബെന്യാമിന്‍ ഇന്റലക്ച്വല്‍ ഹോണസ്റ്റി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം ഇതേ വാദത്തിന്റെ മറ്റൊരു വശമാണ് റോഡ് ടു മക്ക, 'മക്കയിലേയ്ക്കുള്ള പാത' എന്ന പേരില്‍ പരിഭാഷപ്പെടുത്തിയ എം.എന്‍ കാരശ്ശേരിക്ക് പറയാനുള്ളത്. റോഡ് ടു മക്കയിലെ ഭാഗങ്ങള്‍ ബെന്യാമിന്‍ കോപ്പിയടിച്ചു എന്ന വാദത്തോട് ഒരിക്കലും യോജിക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. വിവാദം രാഷ്ട്രീയ പ്രേരിതമാണെന്നു കൂടി, തൃത്താലയിലെ വി.ടി ബല്‍റാമിന്റെ തോല്‍വി ചൂണ്ടിക്കാട്ടി നിലപാടെടുക്കുന്നു കാരശ്ശേരി മാഷ്.

രണ്ട് തരത്തിലാകാം ഈ സാമ്യതകള്‍ വന്നതെന്നാണ് കാരശ്ശേരി 'മാതൃഭൂമി'ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മരുഭൂമി എന്ന പ്രതിഭാസത്തെ സാഹിത്യവല്‍ക്കരിക്കുമ്പോള്‍ സമാന പ്രതികരണങ്ങള്‍ രണ്ട് വ്യത്യസ്ത എഴുത്തുകാര്‍ക്കുണ്ടാകാമെന്ന് അദ്ദേഹം പറയുന്നു. അതുപോലെ റോഡ് ടു മക്ക എന്ന പ്രശസ്ത കൃതി ബെന്യാമിന്‍ നേരത്തെ വായിച്ചിരിക്കാനിടയുണ്ടെന്നും, അതിന്റെ സ്വാധീനത്തില്‍ ബോധപൂര്‍വ്വമല്ലാത്ത ചില കാര്യങ്ങള്‍ ബെന്യാമിന്‍ കടംകൊണ്ടിരിക്കാമെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ത്തന്നെ അതിനെ ഒരു സ്വാഭാവിക കാര്യമായി മാത്രം കണ്ടാല്‍ മതിയെന്നും, കോപ്പിയടി, മോഷണം തുടങ്ങിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു.

ദീപാ നിശാന്ത് മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് പോലെയുള്ള ആരോപണവുമായി ഒരു ബന്ധവുമില്ലാത്ത ഈ സംഭവത്തെ, അത്തരമൊരു ചര്‍ച്ചയാക്കി മാറ്റുന്നത് മൂല്യമില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതുപോലെ ഈ വിവരണങ്ങളിലെ സാമ്യത നിലനില്‍ക്കുമ്പോള്‍ തന്നെ മൗലികതയുള്ള സൃഷ്ടിയാണ് ആടുജീവിതമെന്ന് കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു. കഥാപാത്രങ്ങള്‍, കഥാഗതി, കഥാപരിണാമം എന്നിവയ്‌ക്കൊന്നും മറ്റൊരു കൃതിയുമായും സാമ്യമില്ലെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. മുമ്പ് ബഷീര്‍, എം.ടി, ഒ.വി വിജയന്‍, വൈലോപ്പിള്ളി എന്നിവരെല്ലാം ഇത്തരം ആരോപണങ്ങള്‍ നേരിട്ടില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ, ബെന്യാമിനെയോ, ഷംസ് ബാലുശ്ശേരിയെപ്പോലെ സദുദ്ദേശപരമായി ആരോപണമുന്നയിച്ചവരെയോ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. എപ്പോഴോ വായിച്ച സാഹിത്യസൃഷ്ടിയുടെ ബോധപൂര്‍വ്വമല്ലാതെ സ്വാധീനമാണെങ്കില്‍ ബെന്യാമിന്‍ തെറ്റുകാരനല്ല. അതേസമയം റോഡ് ടു മക്കയില്‍ നിന്നും ബോധപൂര്‍വ്വമായ ഒരു കടമെടുക്കലായിരുന്നു സംഭവിച്ചതെങ്കില്‍, അതിന് കടപ്പാട് വയ്‌ക്കേണ്ട ധാര്‍മ്മിക ബാധ്യത ബെന്യാമിനുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

അതേസമയം ഈ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പാക്കി, ബെന്യാമിന് നേരെ വിദ്വേഷശരങ്ങളെയുന്നവരെ തിരിച്ചറിയേണ്ടത് സാക്ഷര, സാംസ്‌കാരിക കേരളത്തിന്റെ ആവശ്യമാണ്. കാരണം ബെന്യാമിന് നേരെയുണ്ടായ ആരോപണ ആക്രമണങ്ങളില്‍ 90 ശതമാനവും സോദ്ദേശ്യപരമോ, അദ്ദേഹത്തെ തിരുത്താനോ ലക്ഷ്യമിട്ടുള്ളതല്ല എന്നത് വ്യക്തമാണ്. ഇന്ന് ബെന്യാമിനാണെങ്കില്‍, നാളെ ആര്‍ക്കു നേരെയും ഇത്തരം രാഷ്ട്രീയലക്ഷ്യങ്ങളുള്ള ആക്രമണങ്ങളുണ്ടാകുകയും, അത് തുടരുന്നത് സാഹിത്യകാരന്മാരുടെ നിലനില്‍പ്പിനെയും, ആവിഷ്‌കാരത്തെയും വരെ ബാധിക്കാനും സാധ്യതയുണ്ട്. പ്രത്യേകിച്ചും ഫാസിസ്റ്റ് വിരുദ്ധ നിലപാടെടുക്കുന്ന എഴുത്തുകാരെ. സ്‌നേഹപൂര്‍ണ്ണമായ തിരുത്തലാവശ്യപ്പെടുത്തന് പകരം, വലിയൊരു പാതകം ചെയ്ത കുറ്റവാളിയായി ബെന്യാമിനെ മാറ്റാനാണ് ആരോപകര്‍ ഭൂരിപക്ഷവും ശ്രമിച്ചത്.

ഒരുപക്ഷേ ബെന്യാമിന്‍ ഒരു ഇടതുപക്ഷ അനുഭാവി ആയിരുന്നില്ലെങ്കില്‍, ആരോപണങ്ങളുടെ തീവ്രത ഇത്രയും കൂടുമോ എന്നതും സംശയമാണ്. ഇനി അഥവാ ബെന്യാമിന്‍ തെറ്റ് ചെയ്‌തെങ്കില്‍ പോലും അദ്ദേഹം ഇത്തരം ആക്രമണങ്ങള്‍ നേരിടാനുള്ള ഒരേയൊരു കാരണം അദ്ദേഹം പുരോഗമനവാദിയായ ഒരു എഴുത്തുകാരനാണ്, രാഷ്ട്രീയബോധത്തോടെ പ്രതികരിക്കുന്ന സാംസ്‌കാരിക നായകനാണ് എന്നതുകൊണ്ടു തന്നെയാണ്. അല്ലെങ്കില്‍ 13 വര്‍ഷത്തിനിപ്പുറം, ഇന്ന് ഈ ആരോപണം ഉയരുകയില്ലായിരുന്നു. മറുവശത്ത് ഈച്ച കോപ്പിയടി നടത്തുന്ന എത്രയെത്ര സിനിമാ പ്രവര്‍ത്തകര്‍ ഇവിടെ അംഗീകരിക്കപ്പെടുകയും, ജനപ്രിയരാക്കപ്പെടുകയും ചെയ്യുന്നു എന്നതും ഓര്‍ക്കുക. ബെന്യാമിന്‍ തെറ്റുകാരനാണോ എന്ന് കണ്ടെത്തി ശിക്ഷ വിധിക്കുന്നതിലുപരി, വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന സംഘടിത ആരോപണം എന്ന പ്രവണതയാണ് ആദ്യം ചെറുക്കപ്പെടേണ്ടത്. 

നേരത്തെ യുഡിഎഫ് പ്രചാരകനായ രമേഷ് പിഷാരടിക്ക് നേരെ, യുഡിഎഫ് തോറ്റശേഷമുണ്ടായ പരിഹാസവും എതിര്‍ രാഷ്ട്രീയം പുലര്‍ത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടായതാണ്. അന്ന് ഇടതുപക്ഷ അനുഭാവികളും പ്രവര്‍ത്തകരുമായിരുന്നു മുന്നില്‍ എന്നു മാത്രം. സാംസ്കാരിക പ്രവർത്തകരെ ദുഷ്ടലാക്കോടെ ആരോപണമുന്നയിച്ച് അസ്ത്രപ്രജ്ഞരാക്കുക എന്നത് ഫാസിസ്റ്റ് പ്രവണത തന്നെ, സംശയമില്ല.

 പകരം സോദ്ദേശ്യപേമായ ചർച്ചകളും, തെറ്റ്‌ തിരുത്തലുകളും സാംസ്കാരിക ലോകത്ത്‌ ഇടം പിടിക്കട്ടെ.

see also

ബെന്യാമിൻ ആടിനെ മോഷ്ടിച്ചോ? (അമേരിക്കൻ തരികിട 156 , മെയ് 11)

ബെന്യാമിന്‍ സിമ്പിളാണ്, പക്ഷെ എഴുത്ത് പവര്‍ഫുള്ളാണ്. (മീനു എലിസബത്ത്‌ )

ബെന്യാമിന്റെ മാന്തളിര്‍ ലോകം (പുസ്തകാസ്വാദനം: സാം നിലമ്പള്ളില്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക