Image

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം;കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യത

Published on 13 May, 2021
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം;കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യത
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. ആയതിനാല്‍ റെഡ് അലെര്‍ട്ടിന് സമാനമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തേണ്ടത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 15 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മെയ് 16ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് തുടരും. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണെങ്കിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട്നു തുല്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളാനും നിര്‍ദ്ദേശമുണ്ട്.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. ന്യൂനമര്‍ദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച്‌ അലെര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക