ഹ്യുസ്റ്റൺ, ടെക്സാസ് : കേരളാ റൈറ്റേഴ്സ് ഫോറം, യു എസ് എ യുടെ സാഹിത്യ സമ്മേളനവും ചർച്ചയും ഗൂഗിൾ മീറ്റ് വീഡിയോ കോൺഫറൻസ് മുഖേന 2021 മെയ് 23 ഞായറാഴ്ച 4 PM മുതൽ 6:30 PM വരെ നടത്തുന്നതായിരിക്കും എന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോൺ മാത്യു അറിയിച്ചു. പ്രധാന പരിപാടികൾ താഴെ ചേർക്കുന്നു:
കുട്ടികളുടെ കഥകൾ -ജോൺ കുന്തറ
“അനിൽ പനച്ചൂരാൻ കൃതികൾ: ഒരാസ്വാദനം” - എ.സി. ജോർജ്
കവിത: “ബെറ്റ്സി” : അബ്ദുൾ പുന്നയൂർകുളം
കവിത: “പ്രണയഗീതം” - ആശാ സിംഗ്
മീറ്റിംഗിൽ അടുത്ത കാലത്തു അന്തരിച്ച മാർ ക്രിസോസ്റ്റം, കെ. ആർ. ഗൗരിയമ്മ, ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരെ അനുസ്മരിക്കുന്നതായിരിക്കും. എല്ലാവര്ക്കും സാഹിത്യ ചർച്ചയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. പ്രസിഡന്റ് ഡോ. മാത്യു വൈരമൺ അധ്യക്ഷത വഹിക്കും.
ഏപ്രിൽ 25, 2021 ഞായറാഴ്ച നടന്ന സമ്മേളനത്തിൽ ജോൺ തൊമ്മൻ “ഉറവൻ കള്ളൻ മാത്തുക്കുട്ടി ഉപദേശി” എന്ന ചെറുകഥ വായിക്കുകയുണ്ടായി. ഉപദേശിയെ എതിർക്കുകയും അയാൾക്കെതിരെ കെട്ടുകഥകൾ പ്രചരിപ്പിക്കുകയും ചെയ്തവർ അവസാനം ആ മനുഷ്യന്റെ സൽക്കർമ്മങ്ങളും മാതൃകാ ജീവിതവും മനസ്സിലാക്കി പശ്ചാത്തപിക്കുന്നതാണ് കഥ.
തുടർന്ന് ഈശോ ജേക്കബ് “അക്ഷരങ്ങൾ അപ്രസക്തമാകുന്നുവോ?’ എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തി. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ആവിര്ഭാവത്തോടു കൂടി എഴുത്തിന്റെ പ്രസക്തി എന്ത് എന്ന സമസ്യയാണ് അദ്ദേഹം വിശകലനം ചെയ്തത്. ഭാഷകളുടെ പരിണാമവും മാറ്റങ്ങളും നമ്മൾ പ്രതീക്ഷിക്കേണ്ടതാണ്, എങ്കിലും ഭാഷയും എഴുത്തും ഇല്ലാതാകുന്നില്ല എന്ന് സദസ്സ് വിലയിരുത്തി.
ജോൺ കുന്തറ തന്റെ “ബെഡ് ടൈം സ്റ്റോറീസ്” എന്ന പുസ്തകത്തിൽ നിന്നും കുട്ടികൾക്കുവേണ്ടിയുള്ള രണ്ടു കഥകൾ വായിച്ചു. “ക്രിസ്തുമസ് കേക്ക്” “ക്രിസ്തുമസ് ട്രീ” എന്നീ കഥകൾ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി ശയന കഥകളിലൂടെ ക്രിസ്തുമസ് സന്ദേശം കുഞ്ഞു മനസ്സുകൾക്ക് പകർന്നു കൊടുക്കുന്നതാണ് കഥകളുടെ ഉള്ളടക്കം.
സാഹിത്യ ചർച്ചയിൽ എ.സി. ജോർജ്, ജോൺ മാത്യു, മാത്യു നെല്ലിക്കുന്നു, ഈശോ ജേക്കബ്, ജോൺ കുന്തറ, ജോസഫ് തച്ചാറ, മാത്യു മത്തായി, ഡോ. മാത്യു വൈരമൺ, ജോൺ തൊമ്മൻ, ആൻ വര്ഗീസ് (ക്യാനഡാ), ഡോ വര്ഗീസ് (ക്യാനഡാ) മാത്യു കുറവക്കൽ, അബ്ദുൽ പുന്നയൂർക്കുളം (ഡിട്രോയ്റ്), ടി. എൻ. സാമുവേൽ, ജോസഫ് പൊന്നോലിഎന്നിവർ സജീവമായി പങ്കെടുത്തു. പ്രസിഡന്റ് ഡോ. മാത്യു വൈരമൺ അധ്യക്ഷത വഹിച്ചു. മാത്യു മത്തായി മോഡറേറ്റർ ആയിരുന്നു. അദ്ദേഹം തുടർന്ന് നന്ദി പ്രകാശനം നടത്തി.