Image

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 14 May, 2021
ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)
അവര്‍ എവിടെയും ഉണ്ട് മഹാമാരിയുടെ ഈ ശ്മശാന ദിനങ്ങളില്‍. ആശുപത്രികളില്‍, ഗവണ്‍മെന്റിന്റെ നയരൂപീകരണ കേന്ദ്രങ്ങളില്‍, വാക്‌സീന്‍ നിര്‍മ്മാണ വിതരണ ഫാക്ടറികളില്‍, ആഗോള വാണിജ്യ സംഘടനയുടെ ഉന്നതശ്രേണികളിലും അതിന്റെ അംഗരാജ്യങ്ങളുടെ കച്ചവടാസക്തിയിലും. ശവംതീനികഴുകന്മാര്‍ നിറഞ്ഞിരിക്കുകയാണെവിടെയും.

കേന്ദ്രഗവണ്‍മെന്റിന്റെ വാക്‌സീന്‍ പോളിസിയുടെ പരാജയവും പ്രാണവായു ലഭിക്കാതെ പിടഞ്ഞു മരിക്കുന്ന രോഗിയുടെ പോക്കറ്റടിക്കുന്ന സ്വകാര്യ ആശുപത്രിയുടെ കവച്ചവട താല്‍പര്യങ്ങളും ബൗദ്ധീക സ്വത്തവകാശ നിയമത്തിലുളള താല്‍ക്കാലിക ഇളവ് സംബന്ധിച്ച്ുള്ള ആഗോള വാണിജ്യ സംഘടനയുടെ ചാഞ്ചാട്ടവും മാരകമാവുകയാണ്. ഇന്‍ഡ്യ 93 രാജ്യങ്ങളിലേക്ക് കോടിക്കണക്കിന്, കോവിഡ് വാക്‌സീനുകള്‍ കയറ്റി അയച്ചുകൊണ്ട് വാക്‌സീന്‍ നയതന്ത്രം ആഘോഷിച്ചു. അതില്‍ 88 രാജ്യങ്ങളിലും കോവിഡ് വ്യാപനം ഇന്‍ഡ്യയേക്കാള്‍ കുറവ് ആയിരുന്നു. ഇന്നിതാ ഇന്‍ഡ്യ കോവിഡ് വാക്‌സീനായി നട്ടം തിരിയുകയാണ്. ഇവിടെ പ്രാണവായും ലഭ്യമല്ല. കോവിഡ് വാക്‌സീനും പ്രാണവായു നല്‍കുന്നതില്‍ കേന്ദ്രം ഭരണ-പ്രതിപക്ഷ ഭരണസംസ്ഥാനങ്ങളെ തമ്മില്‍ വിവേചിക്കുന്നുണ്ടെന്നും ആരോപണം ഉണ്ട്. കേന്ദ്രത്തിന്റെ പ്രാണവായു വിതരണ നയത്തില്‍ പിഴവ്ുകണ്ടുകൊണ്ട് സുപ്രീം കോടതി മെയ് എട്ടിന് വിദഗ്ധരുടെ ഒരു ദേശീയ ടാസ്‌ക്/ ഫോഴ്‌സ് രൂപീകരിച്ചു. ഈ ടാസ്‌ക് ഫോഴ്‌സ് ഒരു ആഴ്ചയ്ക്കുള്ളില്‍ ഓരോ സംസ്ഥാനത്തിന്റെയും യൂണിയന്‍ ടെറിട്ടറിയുടെയും ആവശ്യാനുസരണമുള്ള പ്രാണവായു എത്രയാണെന്ന് തിട്ടപ്പെടുത്തി നിശ്ചയിക്കും. ആറുമാസത്തിനുള്ളില്‍ കുറെക്കൂടെ വിപുലവും സുതാര്യവും ആയ ഒരു പ്രാണവായു വിതരണ പദ്ധതി രൂപീകരിച്ച് സുപ്രീംകോടതിക്ക് നല്‍കും. സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചപ്രകാരം പ്രതിപക്ഷം ഭരിക്കുന്ന ദല്‍ഹിക്ക് 700 മെട്രിക്ക് ടണ്‍ പ്രാണവായു നല്‍കുന്നില്ലെന്ന സംസ്ഥാനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് ഈ ഇടപെടല്‍. കോടതിയുടെ കോവിഡ് സംബന്ധിച്ചുള്ള ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ അത് കോടതി അലക്ഷ്യമായി കണക്കാക്കുമെന്ന കര്‍ശന താക്കീതും സുപ്രീംകോടതി കേന്ദ്രത്തിന് നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്‌സീന്‍ വിതരണം ചെയ്യുന്ന കാര്യത്തിലും ഭരണ-പ്രതിപക്ഷ വിവേചനം ഉണ്ടെന്നുള്ള ആരോപണവും വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന്റെ ഫലമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഢി ഒരു കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെടുകയുണ്ടായി കോവിഡ് വാക്‌സീന്‍ നിര്‍മ്മിക്കുവാനുള്ള സാങ്കേതിക വിദ്യ സംസ്ഥാനത്തിന് കൈമാറുവാന്‍ ഭാരത് ബൈയോടെക്കിനോട് ആവശ്യപ്പെടണമെന്ന്. പ്രാണവായുവിന്റെ കാര്യത്തിലും കോവിഡ് വാക്‌സീന്റെ കാര്യത്തിലുള്ള അത്രമാത്രം ദൗര്‍ലഭ്യം ആണ് സംസ്ഥാനങ്ങള്‍ നേരിടുന്നത്. ഒപ്പം വിവേചനവും.

കോവിഡ് പ്രതിസന്ധി സംബന്ധിച്ച് സുപ്രീംകോടതിയുടെ ഇടപെടല്‍ കേന്ദ്രത്തിന് ഒട്ടും സുഖിക്കുന്നില്ല. ഇത് വെളിപ്പെടുത്തുന്നതാണ് മെയ് പത്താം തീയതി കേന്ദ്രം സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിച്ച ഒരു കത്ത്. അത് ഒരു താക്കീത് ആയിരുന്നു. അത്യുത്സാഹപരമായ ജുഡീഷ്യല്‍ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലെന്ന് കേന്ദ്രം കോടതിയെ  അറിയിക്കുകയായിരുന്നു. ജഡ്ജിമാര്‍ക്ക്  ഈ വകകാര്യങ്ങളില്‍ വലിയ സാങ്കേതിക പരിജ്ഞാനം ഒന്നും ഇല്ല. അതുകൊണ്ട് എക്‌സിക്യൂട്ടീവ്-കേന്ദ്രവും സംസ്ഥാനങ്ങളും- വിദഗ്ധരുമായി കണ്‍സള്‍ട്ടേഷന്‍ നടത്തി ഇത് കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ യോഗ്യരാണ്. ജുഡീഷറിക്ക് ഇതില്‍ ഇടപെടുവാന്‍ ഇടം ഇല്ല. എക്‌സിക്യൂട്ടീവിന്റെ കാര്യപ്രാപ്്തിയെ ആണ് വിശ്വസിക്കണം ഇത്. ജുഡീഷറിയും എക്‌സിക്യൂട്ടീവും(കേന്ദ്രം) തമ്മിലുള്ള സംഘര്‍ഷം. പക്ഷേ, എവിടെ പ്രാണവായു? എവിടെ കോവിഡ് വാക്‌സീന്‍? കേന്ദ്രത്തിന് വ്യക്തമായ ഉത്തരം ഇല്ല. എന്തുകൊണ്ട്? എങ്ങനെ കോവിഡ് ഇങ്ങനെ രണ്ടാംഘട്ടത്തില്‍ പടര്‍ന്നു? ജനിതക മാറ്റമുണ്ടായ വൈറസിന്റെ വകഭേദത്തിന്റെ വ്യാപനം തീവ്രമാണെന്ന വാദം മാനിക്കുന്നു. മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും എന്ത് പ്രതിവിധികള്‍, കരുതല്‍ നടപടികള്‍ സ്വീകരിച്ചു? ബി.ജെ.പി. ഭരിക്കുന്ന ഉത്തരാഖണ്ഡ് ഗവണ്‍മെന്റ് ആണ് ലക്ഷങ്ങള്‍ തടിച്ചു കൂടുന്ന കുംഭമേളക്ക് ഹരിദ്വാറില്‍ അനുമതി നല്‍കിയത്. ആഭ്യന്തരമന്ത്രി അമിത്ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജനലക്ഷങ്ങളുടെ അകമ്പടിയോടെയും ചാനല്‍ ക്യാമറകളുടെ ദൃക്‌സാക്ഷിത്വത്തോടെയും ആണ് ഗംഗയില്‍ കുംഭസ്‌നാനം നടത്തിയത്. കോവിഡ് പടരുമോ ഈ രീതിയില്‍. 5 സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ഉത്സവം ആയിരുന്നു. അവ മാസങ്ങള്‍ നീണ്ടു നിന്നു. ബംഗാളില്‍ മോദിയും ഷായും ദീര്‍ഘമായ തെരഞ്ഞെടുപ്പ് പര്യടനങ്ങള്‍ നടത്തി. പ്രചരണ മാമാങ്കങ്ങള്‍ നടത്തി. ബംഗാളില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയിലെ ജനക്കൂട്ടം കണ്ട് മോദി കോരിത്തരിച്ചുകൊണ്ട് പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇത്ര വലിയ ഒരു ആള്‍ക്കൂട്ടം കണ്ടിട്ടില്ലെന്ന്. അപ്പോഴൊന്നും ആരും കോവിഡ് എന്ന മഹാമാരിയെകുറിച്ച് ഓര്‍മ്മിച്ചില്ലേ? ഉത്തര്‍പ്രദേശിലും ബീഹാറിലും ഗംഗയില്‍ നൂറോളം ശവങ്ങള്‍ പൊങ്ങി. സംസ്‌ക്കാരം ലഭിക്കാതെ പുഴയിലെറിയപ്പെട്ട കോവിഡ് രോഗികളുടെ പകുതികരിഞ്ഞതും അഴുകിയതുമായ ശവശരീരങ്ങള്‍. ആരാണ് ഇതിനുത്തരവാദികള്‍? ഇതിനൊക്കെ ഉത്തരവാദിത്വം പറയുവാന്‍ ഇവിടെ കേന്ദ്രത്തിലോ ഈ സംസ്ഥാനങ്ങളിലോ ഒരു ഗവണ്‍മെന്റ് ഉണ്ടോ? കോവിഡ് വന്നാല്‍ സ്വയം രക്ഷാമാര്‍ഗ്ഗം കണ്ടെത്തിക്കൊള്ളണം. മരിച്ചാലും അങ്ങനെയൊക്കെ തന്നെ! ആശുപത്രികളില്‍ ബെഡ് ഇല്ല. പ്രാണവായു ഇല്ല. വെന്റിലേറ്റര്‍ ഇല്ല. മരിച്ചാല്‍ മുഴവന്‍ ബില്ലും അടച്ചില്ലെങ്കില്‍ ശവശരീരം പിടിച്ചുവയ്ക്കും. പണം അടച്ച് ശവം രക്ഷിച്ചുകൊണ്ടുപോന്നാല്‍ ശ്മശാനത്തില്‍ ചിതയില്ല. ഗംഗയില്‍ ഒഴുകുന്ന, കരയ്ക്കടിയുന്ന ശവശരീരങ്ങളെ തള്ളി പരസ്പരം പഴിപറയുന്ന സംസ്ഥാനങ്ങള്‍. ആരുടേതുമല്ലാത്ത ശവങ്ങള്‍ ബന്ധുക്കളും ഉറ്റയവരും ഉടയോരും ഇല്ലാതെ സ്വയം സംസ്‌ക്കരണം തേടുന്നു. ജീവിതത്തിലും മരണത്തിലും സ്വന്തം വഴി, വിധി തേടുവാന്‍ കല്പിക്കുന്ന ഒരു ഭരണസംവിധാനം ആരുടേതാണ്? ആര്‍ക്കുള്ളതാണ്?

സ്വകാര്യ ആശുപത്രികളും വാഹന ഗതാഗത കച്ചവടക്കാരും കഴുകന്മാരെപോലെ ചുറ്റിലും ഉണ്ട്. ആംബുലന്‍സുകള്‍ ആവശ്യത്തിനു മാത്രം ഇല്ല. ഉണ്ടെങ്കില്‍ കൊള്ള. ചാണ്ടിഗഢില്‍ നിന്നും ദല്‍ഹിക്ക് സാധാരണ ഗതിയില്‍ പതിനയ്യായിരം രൂപയാണ് ആംബുലന്‍സിനുള്ള ചാര്‍ജ്ജ് എങ്കില്‍ കോവിഡുകാലത്ത് അത് 35,000 ആണ്. വേണ്ടത്ര സൗകര്യങ്ങള്‍ വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കരുത്. ഇനി ഹൈദ്രാബാദിലാണെങ്കില്‍ 5 ലിറ്റര്‍ ഇറക്കുമതി ചെയ്ത കോണ്‍സന്റ്രേറ്റ്ഡ് ഓക്‌സിജന്റെ വില 95,000 മുതല്‍ 1.2 ലക്ഷം വരെയാണ്. ഇതിന്റെ സാധാരണ വില 40,000 രൂപയാണ്. തീര്‍ന്നില്ല മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും ടോസിലിസുമാബ് എന്ന മരുന്നിന്റെ വില 1.2 ലക്ഷം രൂപയാണ്. സാധാരണ ഗതിയില്‍ ഇതിന്റെ വില 45,000 രൂപ മാത്രം ആണ്. നിസാരമായ ഓക്‌സിമീറ്ററിന്റെ വില ബീഹാറില്‍ 3,500 ആണ്. ഇത് കോവിഡ് കത്തിപടരുന്നതിനു മുമ്പ് 1,800 രൂപ ആയിരുന്നു. ഇതാണ് ഗതി എവിടെയും എ്തിനും. ശ്്മശാനത്തില്‍ വിറകിന്റെ വിലകുത്തനെ കുതിച്ചുയര്‍ന്നു. കരിഞ്ചന്തയിലും കിട്ടും. ഓക്‌സിജന്‍ സിലണ്ടര്‍ കണ്ടുകിട്ടാനില്ല. കിട്ടിയാല്‍ വില ബോംബിന്റേതാണ്. തീപ്പിടിച്ച വില കൊടുത്ത് ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങുവാനാകാതെ മരിച്ച രോഗികളും നിസഹായരായ അവരുടെ വേണ്ടപ്പെട്ടവരും ഉയര്‍ത്തുന്ന ചോദ്യം വലുതാണ്. ദഹിപ്പിക്കുവാന്‍ വിറകില്ലാതെ രാത്രിയുടെ മറവില്‍ പുഴയില്‍ എറിയപ്പെടുന്ന ശവശരീരങ്ങളുടെ കഥ വേറെ. കേരളത്തില്‍ ഒരു സ്വകാര്യ ആശുപത്രി കഞ്ഞിക്ക് ചുമത്തിയത് 1300 രൂപയാണ്. ഹാന്റ് സാനിറ്റെസേഴ്‌സിനും, മാസ്‌ക്കുകള്‍ക്കും, പഴസ് ഓക്‌സിമീറ്ററുകള്‍ക്കും തെര്‍മല്‍ സ്‌കാനേഴ്‌സിനും വില പല മടങ്ങ് വര്‍ദ്ധിച്ചു. കണ്ണില്‍ ചോരയില്ലാതെ യാണ് കഴുകന്മാര്‍ പ്രാണവായു ഉള്‍പ്പെടെ ഇവക്ക് വിലപേശുന്നത്. ഇതുപോലുള്ള ഒരു സമൂഹത്തില്‍ ജീവിച്ചിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ മരണം എന്നുവരെ ചോദ്യങ്ങള്‍ ഉയരുന്നു. കമ്പോളത്തില്‍ നിലവാരം കുറഞ്ഞ വ്യാജ ഉല്‍പന്നങ്ങളുടെ പ്രളയം വേറെ ഒരു കഥ. കൂടിയ വിലക്ക് വ്യാജനെ വാങ്ങിക്കുക, കബളിപ്പിക്കപ്പെടുക, മരിക്കുകയോ യാതന അനുഭവിക്കുകയോ ചെയ്യുക. ഇത് വാങ്ങുന്നവന്റെ വിധി. കോവിഡ് രോഗികളെ പിടിച്ച് കൊണ്ടുവരുവാന്‍ തെങ്കാശിയില്‍ സ്വകാര്യ ആശുപത്രിയില്‍ ദല്ലാളന്മാരെ വച്ചിട്ടുണ്ട്. ഒരു രോഗിക്ക് 10,000 മുതല്‍ 13,000 വരെ ദല്ലാളിന് ലഭിക്കും. പക്ഷേ, ആശുപത്രി ഒരു രോഗിയില്‍ നിന്നും 1.5 ലക്ഷം മുതല്‍ മുതലാക്കും. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വില്‍ക്കുവാനും വാടകക്കും ഉണ്ട്. നിര്‍ദ്ധനരായ കോവിഡ് രോഗികള്‍ വാടകയ്ക്ക് എടുക്കും, 22,000 രൂപ. കാരണം വിലക്ക് വാങ്ങിച്ചാല്‍ 90,000 രൂപയാണ്. പക്ഷേ, ശരിയായ വാടകവില 4,000 ആണ്. വില 45,000 രൂപയും. കൊലയും കൊള്ളയും ഒടുവില്‍ ദാരണമായ മരണവും ഇവിടെ അരങ്ങു തകര്‍ക്കുന്നു. കഴുകന്മാര്‍ കൂര്‍ത്തകണ്ണുമായി ജാഗ്രതയോടെ ചുറ്റും ഉണ്ട്. സൂക്ഷിക്കുക, കോവിഡ് കാലം ആണ്. രാജമഹേന്ദ്രവരം,(തമിഴ്‌നാട്) അവിടെ ഒരു ഓക്‌സിജന്‍ ബെഡിന് 2.5 ലക്ഷം രൂപയാണ് വില. നിവര്‍ത്തിയില്ലാത്തതുകൊണ്ട് അത് ഉപേക്ഷിച്ച് അടുത്ത ആശുപത്രിയില്‍ അഭയം തേടിയ പാവത്തിനോട് ചോദിച്ചത് 5 ലക്ഷം രൂപ. നിവര്‍ത്തിയില്ലാതെ അവിടെ കയറിക്കൂടി. ഇങ്ങനെ ലേലം കൊഴുക്കുന്നു. കഴുകന്‍മാര്‍ തിമര്‍ക്കുന്നു.

ഇതിനിടെയാണ് അന്താരാഷ്ട്ര കഴുകന്മാരുടെ തിമിര്‍ക്കല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്‍ഡ്യയും ദക്ഷിണാഫ്രിക്കയും ഒരുമിച്ച് ആഗോളവാണിജ്യ സംഘടനയുടെ മുമ്പാകെ ഒരു നിര്‍ദ്ദേശം വച്ചത്. കോവിഡ് വാക്‌സിനെ താല്‍ക്കാലികമായി ബൗദ്ധീക സ്വത്തവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കണം. അതിനുശേഷം ആഗോളതലത്തില്‍ വികസിത രാജ്യങ്ങളില്‍ അതിന്റെ ഉല്‍പാദനം തുടങ്ങിയാല്‍. ലോകമെമ്പാടും ഇതിന്റെ ലഭ്യത വര്‍ദ്ധിക്കും. സമ്പന്ന രാജ്യങ്ങള്‍ക്കൊപ്പം ദരിദ്രരാജ്യങ്ങള്‍ക്കും കോവിഡ് വാക്‌സീന്‍ അധികം കാലതാമസമില്ലാതെ ലഭ്യമാകും. ഇതാണ് ഇതുപോലുള്ള അസാധാരണ ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മാനവീകത. ബൗദ്ധീക സ്വത്തവകാശ നിയമവും അതോടൊപ്പമുള്ള ശതകോടി ഡോളറും തല്‍ക്കാലം മറക്കുക. തല്‍ക്കാലം എന്നത് വളരെ പ്രധാനം ആണ്. പക്ഷേ, ഇതിന് വലിയ സ്വീകാര്യത ഒന്നും ലഭിച്ചില്ല. ആഗോള വാണിജ്യ സംഘടനയില്‍ വോട്ടിംങ്ങിലൂടെ അല്ല ഒരു പ്രമേയം പാസാക്കുക. മറിച്ച് അഭിപ്രായത്തിലുള്ള ഒത്തൊരുമയിലൂടെ ആണ്(കണ്‍സന്‍സസ്). ഇത്ുവരെ സംഘടന ഇതില്‍ ഒരു തീരുമാനം എടുത്തിട്ടില്ല. ജൂണ്‍മാസത്തില്‍ സംഘടനയുടെ സമ്മേളനം ഉണ്ട്. അപ്പോള്‍ ഒരു തീരുമാനം ആകും. കോവിഡിന്റെ മാരകമായ വ്യാപനമോ മനുഷ്യജീവന്റെ വിലയോ ഒന്നും ഈ ധനികരാഷ്ട്രങ്ങള്‍ക്കോ അവരുടെ സംഘടനയ്‌ക്കോ വലിയ വിഷയം അല്ല. ഏതായാലും മടിച്ചു നിന്ന അമേരിക്ക ഇതിനെ പിന്താങ്ങിയതോടെ കാര്യങ്ങള്‍ ചൂടുപിടിച്ച് വരുന്നുണ്ട്. യൂറോപ്യന്‍ യൂണിയനും പ്രത്യേക സാഹചര്യവും അതിന്റെ ഗൗരവവും പരിഗണിച്ച് ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ ജര്‍മ്മനിയും സ്വറ്റ്‌സര്‍ലാന്റും, ബ്രിട്ടനും, ബ്രസീലും, ക്യാനഡയും ജപ്പാനും ഇതിനെ എതിര്‍ക്കുകയാണ്. റഷ്യയും കെനിയയും പാക്കിസ്ഥാനും ബൊളീവിയയും വെനേസ്വലയും സംബാവെയും ഈജിപ്തും ആഫ്രിക്കന്‍-എല്‍.ഡി.സി. ഗ്രൂപ്പുകളും ഇതിനെ പിന്തുണക്കുന്നു. ഈ വാര്‍ത്ത വന്നപ്പോള്‍ തന്നെ ഫാര്‍മ കമ്പനികളുടെ ഷെയര്‍ ഇടിഞ്ഞു. ഇതാണ് കോവിഡിന്റെ സാമ്പത്തീക ശാസ്ത്രം. ഫാര്‍മ കമ്പനികളുടെ തറവാട് എന്ന് അവകാശപ്പെടുന്ന യൂറോപ്പ് പറയുന്നത് ബൗദ്ധീക സ്വത്തവകാശ നിയമത്തില്‍ നിന്നും കോവിഡ് വാക്‌സീനുകളെ തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാക്കിയാല്‍ മരുന്നുകളുടെ ഗവേഷണത്തിനും വികസനത്തിനും കണ്ടുപിടുത്തത്തിനും ഉള്ള ഉത്സാഹം നഷ്ടപ്പെടുമെന്നാണഅ. ഇത് ഒരു ബില്യണ്‍ ഡോളര്‍ വിഷയം ആണ്.

 ഇതോടനുബന്ധിച്ചുള്ള സാങ്കേതിക വിദ്യ കൈമാറ്റത്തിനും ഈ രാജ്യങ്ങള്‍ അനുകൂലം അല്ല. ഇത് പ്രായോഗികം അല്ലെന്നാണ് ഇവരുടെ ഒരു വാദം. ഉദാഹരണമായി ഫിസര്‍(Pfizer) പറയുന്നു ഈ വാക്‌സീന്റെ നിര്‍മ്മാണത്തിന് 280 വസ്തുക്കള്‍ ആവശ്യമാണ്. ഇത് 86 വിതരണക്കാരില്‍ നിന്നും ലഭിക്കുന്നതാണ്. വളരെ പ്രത്യകതകളുള്ളതും പ്രാവീണ്യം സിദ്ധിച്ചതുമായ ഒരു ഉല്പാദന ഉപകരണവും ഇതിനാവശ്യമാണ്. ഈ ഫാമാ കമ്പനികളുടെ ലാഭ കണക്കുകളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ ഈ കഴുകന്മാരുടെ കണ്ണ് എവിടെ ആണെന്ന് മനസിലാക്കുവാന്‍ സാധിക്കും. കച്ചവട താല്‍പര്യങ്ങള്‍ വരുമ്പോള്‍ ഈ വന്‍ ഫാമാ വ്യാപാരികള്‍ ഒന്നാണ്. ഇവര്‍ ആപത്തുകളെ സാമൂഹ്യവല്‍ക്കരിക്കും, ലാഭത്തെയോ സ്വകാര്യവല്‍ക്കരിക്കും, ജീവദായകപ്രദങ്ങളായ മരുന്നുകള്‍ സമ്പന്നരാജ്യങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നത് മനുഷ്യ വര്‍ഗ്ഗത്തിനെതിരായ കുറ്റം ആണ്.

ഇന്‍ഡ്യ കോവിഡില്‍ കത്തി അമരുകയാണ്. ജനങ്ങള്‍ വലയുകയാണ്. വാക്‌സീന്‍ പോളിസി പാളി. ഭരണകര്‍ത്താക്കളുടെ കണ്ണുകള്‍ തെരഞ്ഞെടുപ്പുകളിലും മതാഘോഷങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ആണ്. ഇതിനിടെ ശവംതീനി കഴുകന്മാര്‍ പറന്നു നടക്കുന്നു. അഞ്ച് ട്രില്യണ്‍ ഡോളറിന്റെ ഇക്കോണമിയിലെ പൗരന്മാര്‍ പ്രാണവായുവിനായി പരക്കം പായുകയാണ്. ജീവിതമാര്‍ഗ്ഗം അവര്‍ക്കു മുമ്പില്‍ അടഞ്ഞുകിടക്കുകയാണ്. പ്രൗഢഗംഭീരമായ ക്ഷേത്രസമുച്ചയങ്ങളോ, അംബരചുംബികളായ പടുകൂറ്റന്‍ പ്രതികളോ ഇരുപതിനായിരം കോടിരൂപയുടെ ആഢംബര 'സെന്‍ട്രല്‍ വിസ്ത'യോ പ്രാണവായുവോ എന്താണ് ഒരു ശരാശരി ഇന്‍ഡ്യക്കാരന് വേണ്ടത് ? ദരിദ്രരാജ്യങ്ങളിലെ ജനങ്ങള്‍ പ്രാണവായു ലഭിക്കാതെ പിടഞ്ഞുമരിക്കുമ്പോള്‍ സമ്പന്നരാജ്യങ്ങളിലെ കുത്തക ഫാമ വ്യാപാരികള്‍ ബൗദ്ധീക സ്വത്തവകാശ നിയമത്തിന്റെ മറവില്‍ ആഗോള കൊള്ളയടിക്കുന്ന ഒരു വ്യവസ്ഥിതിയാണോ ലോകത്തിനു വേണ്ടത്? ഈ മഹാമാരി ഇതിനൊക്കെ ഉത്തരം നല്‍കട്ടെ. ഇതിലൂടെ ലോകം മാനവീയത എന്തെന്ന് അറിയട്ടെ. ഇന്‍ഡ്യയും ഒരു പുനര്‍ചിന്തനത്തിന് വിധേയമാകട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക