Image

സത്യപ്രതിജ്ഞ നടത്തി കോവിഡ് പടര്‍ത്തരുതെന്ന് ഡോ. എസ്.എസ്. ലാല്‍

Published on 14 May, 2021
സത്യപ്രതിജ്ഞ നടത്തി കോവിഡ് പടര്‍ത്തരുതെന്ന്  ഡോ. എസ്.എസ്. ലാല്‍
തിരുവനന്തപുരം : സത്യപ്രതിജ്ഞ നടത്തി കോവിഡ് പടര്‍ത്തരുതെന്ന് കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. എസ്.എസ്. ലാല്‍. സംസ്ഥാനത്ത് ഭരണമാണ് വേണ്ടതെന്നും അതിന് ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം …………………………………….

സത്യപ്രതിജ്ഞ നടത്തി രോഗം പടര്‍ത്തരുത്

സംസ്ഥാനത്തെ ഭരണ സ്തംഭനം പരിഹരിക്കാന്‍ എത്രയും വേഗം പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യണം. ഭരണമാണ് വേണ്ടത്. അതിന് ലളിതമായ സത്യപ്രതിജ്ഞയാണ് വേണ്ടത്. രോഗം പടര്‍ത്തുന്ന ആഘോഷമല്ല.
സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആഘോഷമായി നടത്തരുത്. അതിനുള്ള ശ്രമങ്ങള്‍ ജനവിരുദ്ധമാണ്. കൊവിഡ് രോഗം വ്യാപകമായി പടര്‍ന്ന് എല്ലായിടത്തും മരണങ്ങള്‍ സംഭവിക്കുകയാണ്. ചികിത്സയ്ക്ക് ഐ.സി. യൂണിറ്റ് പോയിട്ട് കട്ടില്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഇനിയും രോഗികള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ കയറാനാകാതെ വഴിയില്‍ കിടന്ന് നമ്മള്‍ മരിച്ചെന്നു വരും.

തൊഴിലില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയാലാണ്. മരിച്ചവരുടെ ശരീരവുമായി ബന്ധുക്കള്‍ ശ്മശാനങ്ങളില്‍ കാത്തു നില്‍ക്കുകയാണ്. കേരളം ഒരു മരണ വീടാണ്. ഇവിടെ ആഘോഷം നടത്തരുത്.

സാംസ്കാരിക സാഹിത്യ നായകരെ ഇരുത്താന്‍ അവിടെ കസേര ഒരുക്കിയിട്ടുണ്ടെന്ന് വാര്‍ത്തയില്‍ കണ്ടു. ഈ നായകര്‍ക്ക് കടപ്പാട് അവരെ വളര്‍ത്തുന്ന നാട്ടുകാരോടാണെങ്കില്‍ ഈ ആഘോഷ ആഭാസത്തിന് കൂട്ടുനില്‍ക്കരുത്. അഥവാ കൂട്ടുനിന്ന് രോഗവ്യാപനം ഉണ്ടാക്കിയാല്‍ പിന്നീട് മരിച്ചവരുടെ പേരില്‍ കവിതയും കഥയും എഴുതി കരയാനും വായിച്ചു കേള്‍പ്പിക്കാനും വരരുത്.

അമ്മാവന് അടുപ്പിലും ആകാം എന്നത് ഈ കാലഘട്ടത്തിലെ കേരളത്തിന് ദൂഷണമല്ല. മുഖ്യമന്ത്രി തീരുമാനം തിരുത്തണം.

ഡോ: എസ്. എസ്. ലാല്‍


Dailyhunt



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക