Image

ബ്ലാക്ക് ഫംഗസ് ബാധ, മഹാരാഷ്ട്രയില്‍ 2 പേര്‍ മരിച്ചു

Published on 14 May, 2021
ബ്ലാക്ക് ഫംഗസ് ബാധ, മഹാരാഷ്ട്രയില്‍ 2 പേര്‍ മരിച്ചു
മുംബൈ: പ്രമേഹമുള്ള കോവിഡ് രോഗികളില്‍ ദീര്‍ഘമായ ഐസിയു വാസത്തെ തുടര്‍ന്നുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് എന്ന ഫംഗല്‍ അണുബാധ ശ്രദ്ധിക്കാതെ വിട്ടാല്‍ രോഗിയുടെ ജീവന്‍ അപഹരിക്കാമെന്ന് കേന്ദ്ര ഗവണ്‍മെന്റ്.

മ്യൂക്കോര്‍മിസെറ്റസ് എന്ന ഒരു തരം പൂപ്പല്‍ മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യുകോര്‍മൈകോസിസ്. കാഴ്ച നഷ്ടത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ഈ ഫംഗല്‍ ബാധയ്‌ക്കെതിരെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും പുറത്തിറക്കിയ ഉപദേശക രേഖയില്‍ പറയുന്നു.

ഫംഗസ് ബീജകോശങ്ങള്‍ ശ്വാസത്തിലൂടെ ഉള്ളിലേക്ക് കടക്കുന്നത് സൈനസിനെയും ശ്വാസകോശത്തെയും ബാധിക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കണ്ണിനും മൂക്കിനും ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസംമുട്ടല്‍, രക്തം ഛര്‍ദ്ദിക്കല്‍, മാനസികാവസ്ഥയില്‍ വ്യതിയാനം തുടങ്ങിയവയെല്ലാം ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.

അനിയന്ത്രിതമായ പ്രമേഹവും, കോവിഡ് ചികിത്സയ്ക്കായി കഴിക്കുന്ന സ്റ്റിറോയ്ഡുകള്‍ പ്രതിരോധ സംവിധാനത്തെ അമര്‍ച്ച ചെയ്യുന്നതും, ദീര്‍ഘകാല ഐസിയു വാസവുമെല്ലാം ഇതിലേക്ക് നയിക്കുന്നതായി ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. പ്രമേഹം നിയന്ത്രിച്ചും പ്രതിരോധ സംവിധാനത്തെ അമര്‍ച്ച ചെയ്യുന്ന  സ്റ്റിറോയ്ഡുകള്‍ കുറച്ചും ശരീരത്തിലെ നാശം സംഭവിച്ച കോശങ്ങളെ നീക്കം ചെയ്തുമൊക്കെയാണ് ബ്ലാക്ക് ഫംഗസ് ചികിത്സിക്കുന്നത്. ബ്ലാക്ക് ഫംഗസ് നിയന്ത്രണത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ  കാര്യങ്ങളും ഐസിഎംആര്‍ നിരത്തുന്നു.

അതിനിടെ, മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് രോഗം ബാധിച്ച് 52 പേര്‍ മരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍. മരിച്ചവര്‍ എല്ലാവരും കോവിഡ് രോഗമുക്തി നേടിയവരാണെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.  കഴിഞ്ഞദിവസം സംസ്ഥാനത്ത് 1500 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധയേറ്റതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പ് വ്യക്തമാക്കിയിരുന്നു. കോവിഡ് അതിതീവ്ര വ്യാപനത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധ പടരുന്നത് ആരോഗ്യമേഖലയില്‍ ആശങ്ക പരത്തുന്നുണ്ട്. പ്രമേഹരോഗികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കോവിഡാന്തരം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നവരെയാണ് ഇത് കാര്യമായി ബാധിച്ചത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക