Image

ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?

ജോബിന്‍സ് തോമസ് Published on 15 May, 2021
ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?
സംസ്ഥാനത്ത് തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 750 ഓളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരത്ത് നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ശരിയാണ് ഭരണ തുടര്‍ച്ച എന്നത് സംസ്ഥാനത്ത് ചരിത്രസംഭവമാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും അതിന്റേതായ മോടി ഉണ്ടാവണമെന്ന ആവശ്യവും ആഗ്രഹവും തീര്‍ത്തും ന്യായമാണ്. പക്ഷെ ആളുകള്‍ ശ്വാസം കിട്ടാതെ പിടയുന്ന ഒരന്തരീക്ഷത്തില്‍, ആശുപത്രികള്‍ കൊവിഡ് രോഗികളാല്‍ നിറയുന്ന സാഹചര്യത്തില്‍ മോടി അല്പം കുറയ്ക്കുന്നതാണ് ഔചിത്യമെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. 

മുഖ്യമന്ത്രി പറഞ്ഞത് സത്യപ്രതിജ്ഞാ ദിവസം തിരുവനന്തപുരം നഗരത്തിലെ ക്രമീകരണങ്ങള്‍ ആലോചിച്ച് തീരുമാനിക്കും എന്നാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലാത്ത ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന ഒരു നഗരത്തില്‍ ഇനിയെന്ത് ആലോചനയാണ് വേണ്ടത്. ആലോചിക്കും എന്ന് പറയുമ്പോളും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കള്‍ പുരോഗമിക്കുകയാണ്.

ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം രണ്ടു മീറ്റര്‍ അകലത്തിലാണ് കസേരകള്‍ ക്രമീകരിക്കുന്നത്. ശരിയാണ് എന്നാല്‍ ക്ഷണിക്കപ്പെടാതെ അതിഥിയായി കൊറോണാ കടന്നുവന്നാല്‍ ഗേറ്റില്‍ നില്‍ക്കുന്ന പോലീസുകാരന് തടയാന്‍ കഴിയില്ല. ക്ഷണിക്കപ്പെട്ടവര്‍ എന്നു പറയുന്ന് ഈ 750 പേരും ജനപ്രതിനിധികളോ , അവരുടോ കുടുംബാംഗങ്ങളോ , മാധ്യമപ്രവര്‍ത്തകരോ, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖരോ ഒക്കെയാണ് അതോടൊപ്പം ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളുമായി ഏറെ ഇടപഴകുന്നവരുമാണ്. 

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തശേഷവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനള്‍ക്കായി ഇറങ്ങേണ്ടവരാണ്. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരും ഗവര്‍ണ്ണറും മറ്റ് അത്യാവശ്യ ഉദ്യോഗസ്ഥരേയും മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ വെറും കാഴ്ചക്കാര്‍ മാത്രമാണ്.  ഓണ്‍ലൈന്‍ വഴി എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്ന സൗകര്യത്തോടെ ലളിതമായി രാജ്ഭവനിലോ സെക്രട്ടേറിയറ്റിലോ വെച്ച് നടത്താവുന്ന ഒരു ചടങ്ങ് മാത്രമാണ് ഈ കൊറോണ സാഹചര്യത്തില്‍ ഇത്. 

വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങിയാല്‍ അറസ്റ്റുണ്ടാവുമെന്നും പറയുന്ന സാഹചര്യമുള്ള നാട്ടില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആളുകള്‍ തിരുവനന്തപുരം നഗരമധ്യത്തില്‍ ഇങ്ങനെ സമ്മേളിക്കുന്നത് തീര്‍ത്തും അനൗചിത്യവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. 

ലോക് ഡൗണിനോട് സഹകരിച്ച് അകത്തിരിക്കുന്ന സാധാരണക്കാരനോടുള്ള വെല്ലുവിളികൂടിയാണ് ഈ ചടങ്ങ് എന്നു പറയേണ്ടിവരും. ലക്ഷക്കണക്കിന് ദിവസവേതനക്കാരുള്ള നാടാണ് കേരളം. ജോലിക്ക് പോകാന്‍ കഴിയാതെ വീടുകളില്‍ ഇരിക്കുമ്പോള്‍ ആഹാരവും മരുന്നും സര്‍ക്കാര്‍ എത്തിക്കും. എന്നാല്‍ അത് മാത്രമല്ലല്ലോ ആവശ്യങ്ങള്‍. വീട്ട് വാടക, ബാങ്ക് ലോണ്‍, ടാക്‌സിയോടിക്കാന്‍ സിസിയിട്ടെടുത്ത വണ്ടിയുടെ ലോണ്‍, ഇവയുടെയൊക്ക പലിശ.. ഇങ്ങനെ നിരവധിയാവശ്യങ്ങല്‍ വേറയാണ്. ഇതെല്ലാം ഇരട്ടി ബാധ്യതകളായി മാറുകയാണ് ഓരോ തവണ മുടങ്ങുമ്പോഴും. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് കൊറോണയെന്ന മഹാമാരിയെ തടഞ്ഞുനിര്‍ത്താന്‍ ജനം സര്‍ക്കാരിനോട് സഹകരിക്കുന്നത്. 

ഒരു നിയന്ത്രണങ്ങളുമില്ലാതെ തെരഞ്ഞെടുപ്പുത്സവം നടത്തിയതിന്റെതിന്റെ കൂടി ഫലമാണ് ഇന്നനുഭവിക്കുന്നതെങ്കില്‍ ഇതു മനസ്സിലാക്കി ഇനിയെങ്കിലും മുന്നോട്ട് പോകാന്‍ അധികാരികള്‍ തയ്യാറാകണം. ലോക്ഡൗണിനോട് സഹകരിക്കുന്ന സാധാരണക്കാരനെ കൊഞ്ഞനം കുത്തി കാണിക്കരുത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക